ഡ്രാക്കുളയുടെ സാൻവിച്ച്, കോഴിക്കാൽ; ബഹിരാകാശത്തെ ഇരട്ടപ്പേരുകൾ!

Mail This Article
ഡ്രാക്കുളാസ് ഷിവിറ്റോ(Dracula's Chivito)... ആകാശത്ത് കണ്ടെത്തിയ ഒരു അപൂർവരൂപമുള്ള നക്ഷത്രത്തിനു ശാസ്ത്രജ്ഞർ നൽകിയ പേര് ഇങ്ങനെയാണ്. പേര് കേട്ടിട്ടു പ്രേതബാധയുള്ളതോ രക്തം കുടിക്കുന്നതോ ആയ നക്ഷത്രമൊന്നുമല്ല. തെക്കൻ അമേരിക്കൻ രാജ്യമായ യുറഗ്വായിൽ പ്രചാരത്തിലുള്ള ഒരു സാൻവിച്ചാണ് ഡ്രാക്കുളാസ് ഷിവിറ്റോ. ഇതുമായി രൂപത്തിൽ സാമ്യമുള്ളതിനാലാണ് ഈ നക്ഷത്രത്തിനു ഈ പേര് തന്നെയിട്ടിരിക്കുന്നത്.

ഇതാദ്യമായല്ല ഭക്ഷണസാധനം വച്ചിട്ട് ഒരു നക്ഷത്രത്തിനു പേര് കിട്ടുന്നത്. ഗോമസ് ഹാംബർഗർ എന്ന പേരിലും ഒരു നക്ഷത്രമുണ്ട്.നടുക്ക് മാംസക്കക്ഷണവുമായുള്ള ഒരു ഹാംബർഗർ പലഹാരത്തെ അനുസ്മരിപ്പിക്കുന്ന രൂപമാണിതിന്. 1985ൽ ആർടൂറോ ഗോമസ് എന്ന വ്യക്തിയെടുത്ത ചിത്രങ്ങളിൽ നിന്നാണ് ഈ നക്ഷത്രം വെളിപ്പെട്ടത്. അതിനാൽ ഗോമസ് ഹാംബർഗർ എന്നു പേരും നൽകി. ഗോമസ് ഹംബർഗർ കണ്ടെത്തി 39 വർഷം കഴിഞ്ഞശേഷമാണ് സമാന രൂപമുള്ള ഡ്രാക്കുളാസ് ഷിവിറ്റോ കണ്ടെത്തിയതെന്നതു ശ്രദ്ധേയം.
∙ സൗരയൂഥത്തിലെ കോഴിക്കാൽ
വളരെ വിചിത്രമായ രൂപവും ഘടനയുമൊക്കെയുള്ള അനേകം വസ്തുക്കൾ സൗരയൂഥത്തിലുമുണ്ട്. ഇക്കൂട്ടത്തിൽ വളരെ വിചിത്രമായ രൂപമുള്ള ഒരു പാറയാണ് അറോക്കോത്ത്. ഒരു 'ചിക്കൻ കാൽ' ഒഴുകി നടക്കുന്ന പോലെയിരിക്കും ഇതിനെ കണ്ടാൽ. സൗരയൂഥത്തിൽ നെപ്ട്യൂൺ കഴിഞ്ഞിട്ടുള്ള മേഖലയിൽ ഭ്രമണം ചെയ്യുന്ന പാറക്കഷ്ണമാണ് അറോക്കോത്ത്. ഹബ്ബിൾ ബഹിരാകാശ ടെലിസ്കോപ് ഉപയോഗിച്ചാണ് ഇതു കണ്ടെത്തിയത്. 2014 എംയു69 എന്ന് ആദ്യം പേര് നൽകി. അൾട്ടിമ തൂലെ എന്ന് പിന്നീട് നാമകരണം ചെയ്തു. ഒടുവിൽ അറോക്കോത്ത് എന്നാക്കി മാറ്റി ഇതിനെ വിളിക്കുന്ന പേര്. പൗഹാട്ടൻ ഭാഷയിൽ അറോക്കോത്ത് എന്നാൽ ആകാശമെന്നാണ് അർഥം.

നെപ്റ്റ്യൂൺ കൈപർ ബെൽറ്റ് എന്നറിയപ്പെടുന്ന മേഖലിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. ഭൂമിയിൽ നിന്ന് 660 കോടി കിലോമീറ്റർ അകലെ. അറോക്കോത്തിനൊരു പ്രത്യേകതയുണ്ട്. ഇത്രയും ദൂരത്തു സ്ഥിതി ചെയ്തിട്ടും ഈ പാറയിൽ ഒരു ബഹിരാകാശപേടകം പര്യവേക്ഷണം നടത്തി. നാസ വിക്ഷേപിച്ച ന്യൂ ഹൊറൈസൻസ് എന്ന പേടകമാണ് അറോക്കോത്തിനെ തെന്നിപ്പറന്ന് പര്യവേക്ഷണം നടത്തിയത്. ബാൾട്ടിമോറിലെ സ്പേസ് ടെലിസ്കോപ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടാണ് ദൗത്യത്തെ നിയന്ത്രിച്ചത്. മനുഷ്യനിർമിതമായ ഒരു പേടകം പര്യവേക്ഷണം നടത്തിയ ഏറ്റവും ദൂരത്തുള്ള വസ്തു എന്ന റെക്കോർഡ് ഇതോടെ അറോക്കോത്തിനായി.
400 കോടി വർഷങ്ങൾ പഴക്കമുള്ളതാണ് അറോക്കോത്തെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്. സൗരയൂഥത്തിന്റെ ആരംഭകാലം മുതൽ അറോക്കോത്ത് സ്ഥിതി ചെയ്യുന്നുണ്ടെന്ന് മറ്റു ചില ശാസ്ത്രജ്ഞരും പറയുന്നു. കാലങ്ങളിത്ര കഴിഞ്ഞിട്ടും അറോക്കോത്തിന്റെ ഘടനയ്ക്കു കാര്യമായി മാറ്റങ്ങളും വന്നിട്ടില്ലെന്നാണ് അവരുടെ അഭിപ്രായം. അതിനാൽ തന്നെ ഇതിൽ നടത്തുന്ന പഠനങ്ങൾ സൗരയൂഥത്തിന്റെ ആദ്യകാലങ്ങളെ പറ്റി വിവരങ്ങൾ നൽകുമെന്ന് അവർ വിശ്വസിക്കുന്നു.രണ്ട് ഭാഗങ്ങൾ കൂട്ടിച്ചേർന്നാണ് അറോക്കോത്ത് രൂപപ്പെട്ടത്. ഇതിൽ പൊടിപടലങ്ങളും തീരെ കുറവാണ്.