ADVERTISEMENT

2004ൽ ആണ് അപോഫിസ് ഛിന്നഗ്രഹത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഭൂമിയുമായി കൂട്ടിയിടിക്കാൻ ഏറെ സാധ്യത കൽപിക്കപ്പെട്ട ഈ ഛിന്നഗ്രഹം അന്നുമുതൽ വാർത്തകളിലും ചർച്ചകളിലും നിറഞ്ഞുനിന്നു. അതിനാൽ തന്നെ കണ്ടെത്തിയ നാളുകൾ മുതൽ ഇതിനെ ശാസ്ത്രജ്ഞർ  നിരീക്ഷിച്ചുവരികയായിരുന്നു. 335 മീറ്റർ വീതിയുള്ള ഈ ഭീമൻ പാറ 2029 ൽ ഭൂമിക്കരികിലെത്തുമെന്ന വാർത്ത വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഭൂമിക്ക് 37399 കിലോമീറ്റർ സാമീപ്യത്തിലാണ് ഇത് അന്ന് എത്തുക. എന്നാൽ ഛിന്നഗ്രഹത്തിന്‌റെ പഥത്തിൽ പ്രവചന സ്വഭാവമുള്ള പഠനങ്ങൾ നടത്തിയ ശാസ്ത്രജ്ഞർ അങ്ങനെയൊരു സാധ്യത തള്ളി. 2036ലും ഇത്തരമൊരു സമീപസഞ്ചാരം ഛിന്നഗ്രഹം നടത്തുമെങ്കിലും അതും പ്രശ്‌നകരമല്ലെന്ന് ഗവേഷകർ അറിയിച്ചിരുന്നു.

എന്നാൽ മറ്റൊരു വാദം അപ്പോൾ തലപൊക്കി. ഛിന്നഗ്രഹം അതിന്‌റെ സ്വന്തം നിലയിൽ ഭൂമിയെ ഇടിക്കില്ലെന്നു വയ്ക്കാം. മറ്റൊരു ഛിന്നഗ്രഹവുമായി അപോഫിസ് കൂട്ടിയിടിച്ച് അതിന്‌റെ പഥം മാറി ഭൂമിയിലേക്ക് അതു വഴിതെറ്റി വന്നാലോ. ഇത്രയും സമീപത്തെത്തുന്നതു കൊണ്ട് അത്തരമൊരു സാഹചര്യത്തിനും സാധ്യതയുണ്ട്.എന്നാൽ ഇപ്പോൾ വാട്ടർലൂ സർവകലാശാലയിലെ ശാസ്ത്രജ്ഞർ നടത്തിയ കംപ്യൂട്ടർ അധിഷ്ഠിത പ്രവചന പഠനത്തിൽ ഇതിനും സാധ്യതയില്ലെന്നു തെളിഞ്ഞിരിക്കുകയാണ്. ഇതിനായി സൗരയൂഥത്തിൽ ഭൂമിക്ക് സമീപമുള്ള 13 ലക്ഷം ഛിന്നഗ്രഹങ്ങളെ ഇവർ വിലയിരുത്തി. ഈ ഛിന്നഗ്രഹങ്ങൾ അപോഫിസുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വിരളമാണെന്ന് പഠനത്തിൽ തെളിഞ്ഞു. ഒരു രീതിയിലും അപോഫിസ് ഭൂമിയെ അടുത്തകാലത്തൊന്നും ആക്രമിക്കില്ലെന്നാണ് പുതിയ പഠനം വെളിവാക്കുന്നത്.

ഭൂമിയോട് അടുത്തു സ്ഥിതി ചെയ്യുന്ന നീയർ എർത്ത് ആസ്റ്ററോയ്ഡ്‌സ് എന്ന ഗണത്തിൽപെടുന്നവയാണ് അപോഫിസ്.ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ഛിന്നഗ്രഹങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്നത് മനുഷ്യരാശി കുറെക്കാലമായി ആലോചിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിനായി പ്ലാനറ്ററി ഡിഫൻസ് എന്നൊരു ബഹിരാകാശ പ്രതിരോധ ശാഖയും സജീവമാണ്. ഇതിന്റെ ആദ്യ ദൗത്യമായ ഡാർട്ട്  ഒരു ഛിന്നഗ്രഹത്തിൽ ഇടിച്ചത് വലിയ വാർത്തയായിരുന്നു.

നാസ വിക്ഷേപിച്ച ഡാർട്ട് പേടകം ഡൈമോർഫസ് എന്ന ചെറുഛിന്നഗ്രഹത്തിലേക്ക് ഇടിച്ചിറങ്ങുകയാണുണ്ടായത്. ഡിഡീമോസ് എന്ന വലിയ ഛിന്നഗ്രഹത്തെ ചുറ്റിക്കറങ്ങുന്ന ഛിന്നഗ്രഹമാണ് ഡൈമോർഫസ്. ഇതിന്റെ ഭ്രമണപഥത്തിൽ വ്യതിയാനമുണ്ടാക്കുകയാണ് ഡാർട്ടിന്റെ (ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ്) ലക്ഷ്യം. ഈ ലക്ഷ്യം സാധിച്ചു.

ഛിന്നഗ്രഹ അപകടങ്ങൾ

ഛിന്നഗ്രഹ അപകടങ്ങളിൽ ഏറ്റവും മാരകം 6.6 കോടി വർഷം മുൻപ് ക്രെറ്റേഷ്യസ് കാലഘട്ടത്തിൽ നടന്ന ചിക്‌സുലബ് ഛിന്നഗ്രഹ പതനമാണ്. 10- 15 കിലോമീറ്റർ വരെ വലുപ്പമുള്ള വമ്പൻ ഛിന്നഗ്രഹം മെക്‌സിക്കോയിലെ യൂക്കാട്ടാനിൽ വീണു. ഇതിന്റെ ആഘാതം മൂലമുണ്ടായ പരിസ്ഥിതി മാറ്റങ്ങളിൽ ദിനോസറുകൾക്കു വംശനാശം വന്നു.ഭൂമിയിൽ അന്നുണ്ടായിരുന്ന ജീവിവർഗങ്ങളുടെ മുക്കാൽഭാഗവും നശിച്ചു.

1908 ൽ റഷ്യയിലെ സൈബീരിയയിലുള്ള ടുംഗുസ്‌ക വനമേഖലയിൽ ഛിന്നഗ്രഹമെന്നു കരുതപ്പെടുന്ന ഒരു ബഹിരാകാശ വസ്തു പൊട്ടിത്തെറിച്ച് 5 ലക്ഷം ഏക്കർ വനഭൂമി കത്തിനശിച്ചു. ആളുകൾ താമസിക്കാത്ത മേഖലയായതിനാൽ മരണങ്ങളുണ്ടായില്ല. 8 കോടിയോളം മരങ്ങൾ തോലുരിഞ്ഞ്, ടെലിഫോൺ പോസ്റ്റുകൾ പോലെ നിന്നു.


2013 ൽ ഒരു ടെന്നിസ് കോർട്ടിന്റെ വലുപ്പമുള്ള പാറക്കഷണം റഷ്യയിലെ ചെല്യബിൻസ്‌കിയുടെ ആകാശത്ത് പൊട്ടിത്തെറിച്ചു. ഹിരോഷിമയിലെ അണുവിസ്‌ഫോടനത്തിന്റെ മൂന്നിരട്ടി തീവ്രതയായിരുന്നു ഇതിന്. ഒട്ടേറെ വീടുകൾ നശിക്കുകയും 1600 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

English Summary:

Asteroid Apophis will swing past Earth in 2029

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com