അപൂർവ മൃഗങ്ങൾ മുതൽ ഏലിയൻസ് വരെ..;നിഗൂഢത ഒളിഞ്ഞിരിക്കുന്ന വിചിത്ര ഗുഹകൾ
Mail This Article
ഗുണ കേവും മഞ്ഞുമ്മൽ ബോയ്സുമാണ് ഇപ്പോൾ വൈറൽ. അതോടൊപ്പം ഗുഹകളെപ്പറ്റി അറിയാനം ആളുകളിൽ കൗതുകം നാമ്പെടുത്തിരിക്കുന്നു. ചിത്രങ്ങളും വിചിത്ര മൃഗങ്ങളും തുടങ്ങി ഉള്ളറകളിൽ അദ്ഭുതങ്ങളുമായി കൺവെട്ടത്തും കാണാമറയത്തുമൊക്കെ ഭൂമിയിലെമ്പാടും പല മേഖലകളിലായി ഗുഹകളുണ്ട്. ഗുഹകൾ സംബന്ധിച്ച ശാസ്ത്രീയ പഠനം സ്പീലിയോളജി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഗുഹകൾ ആദിമ മനുഷ്യരുടെയും മറ്റും ആവാസവ്യവസ്ഥയുടെ ഭാഗമായതിനാൽ ഇവയിൽ നിന്ന് പല വിവരങ്ങളും ലഭിക്കും. ഗുഹാചിത്രങ്ങളും മറ്റും ഇത്തരത്തിൽ വലിയ വിവരങ്ങൾ നൽകാറുണ്ട്.
ഛത്തീസ്ഗഡ് സംസ്ഥാനത്തെ കാൻകർ ജില്ല ദണ്ഡകാരണ്യ മേഖലയിൽപെട്ടതാണ്. കാൻകറിലെ ചരാമ മേഖലകളിലെ ഗുഹകൾ പുരാവസ്തു ഗവേഷകർക്കും നരവംശശാസ്ത്രജ്ഞർക്കുമിടയിൽ വളരെ പ്രശസ്തവും ശ്രദ്ധേയവുമാണ്. സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ കാൻകറിൽ മനുഷ്യവാസമുണ്ടായിരുന്നെന്നും ആദിമ സമൂഹങ്ങൾ ഇവിടെ ഉടലെടുത്തിരുന്നു എന്നുമാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരിൽ നിന്നു 130 കിലോമീറ്റർ അകലെ ചണ്ഡേലി ഗ്രാമത്തിലാണ് ചരാമ ഗുഹകൾ.വിചിത്രമായ കുറേയേറെ ഗുഹാചിത്രങ്ങൾ ഇവിടെ നിന്നു കണ്ടെടുത്തിരുന്നു.
ഗവേഷകരെ അമ്പരപ്പിച്ച ആ ചിത്രങ്ങൾ!
ഒട്ടേറെ ഗുഹാചിത്രങ്ങൾ ഛത്തീസ്ഗഡിൽ നിന്നു മുൻപും കിട്ടിയിട്ടുണ്ട്. ഇവയിൽ പലതും നിഗൂഢമായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാണപ്പെടാത്ത ജീവികളായ കംഗാരു, ജിറാഫ് തുടങ്ങിയവയെയും മത്സ്യവും മനുഷ്യനും കൂടിച്ചേർന്നതുപോലെ ആകാരമുള്ള സത്വങ്ങളെയുമൊക്കെ ഇവിടത്തെ ഗുഹാചിത്രങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.എന്നാൽ ചരാമ ഗുഹകളിലൊന്നിൽ നിന്നു 2014ൽ കണ്ടെത്തപ്പെട്ട ഒരു ഗുഹാചിത്രം ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ്.
വിചിത്ര രൂപമുള്ള ആ ജീവികൾ!
പതിനായിരം വർഷം പഴക്കമുള്ള ആ ചിത്രത്തിൽ കാണിച്ചിരിക്കുന്നത് അൽപം വിചിത്രരൂപമുള്ള കുറച്ചു ജീവികളെയാണ്. ഇവർ ആകാശത്തു നിന്ന് എത്തിയവരെന്ന നിലയിൽ വരച്ചിരിക്കുന്നു. ഇന്നത്തെക്കാലത്തെ സ്പേസ് സ്യൂട്ട് പോലുള്ള അംഗവസ്ത്രങ്ങൾ അവർക്കുണ്ട്, തലയിൽ ആന്റിനകൾ ഘടിപ്പിച്ച ഹെൽമെറ്റും. മൂക്കോ വായയോ ഇവരുടെ മുഖത്ത് കാണാനില്ല.
പ്രകൃതിപരമായ നിറക്കൂട്ടുകളുപയോഗിച്ചാണ് ഈ ഗുഹാചിത്രങ്ങൾ വരച്ചതെന്ന് പിന്നീട് നടത്തിയ ഗവേഷണങ്ങൾ വെളിവാക്കി.ജീവികൾ നിൽക്കുന്നതിനടുത്തായി പറക്കും തളികയിലുള്ള ഒരു വാഹനവും വരച്ചുചേർത്തിരിക്കുന്നു. മൂന്നു കാലുകളുള്ള ഒരു സ്റ്റാൻഡിൽ വിശ്രമിക്കുന്ന രീതിയിലായിരുന്നു ഈ വാഹനം, ഇന്നത്തെ കാലത്ത് കാമറകൾ വയ്ക്കാൻ ഉപയോഗിക്കുന്ന ട്രൈപ്പോഡുകളുടെ ഏകദേശ ആകൃതിയിൽ.ഇന്നു ഹോളിവുഡ് ചിത്രങ്ങളിലൂടെയൊക്കെ നമുക്ക് പരിചിതമായ വേംഹോളുകളെപ്പോലെയുള്ള ഒരു ഘടനയും ചിത്രത്തിലുണ്ട്.
രൊഹേല എന്ന ഭീതി
ഇതിനോട് ചേർത്തു പറയാൻ മറ്റൊരു കാര്യവുമുണ്ടായിരുന്നു. കാൻകറിലും ചരാമയിലും ഇന്നു ജീവിക്കുന്ന ചില ഗോത്ര സമൂഹങ്ങളുടെ നാടൻകഥകളിൽ പരാമർശിക്കുന്ന ഒരു വിഭാഗം വിചിത്രമായ ആളുകളെപ്പറ്റിയാണത്. രൊഹേല എന്നാണ് ഈ ആളുകളെ ഗോത്രകഥകൾ വിളിക്കുന്നത്. മനുഷ്യരെക്കാൾ വളരെക്കുറഞ്ഞ ശരീരവലുപ്പമുള്ള ഈ രൊഹേല ജീവികൾ പറക്കുന്ന തളികപോലുള്ള വാഹനങ്ങളിൽ ആകാശത്തു നിന്നെത്തുമെന്നും പ്രദേശവാസികളിൽ ഒന്നുരണ്ടുപേരെ ഓരോ വരവിനും പിടിച്ചുകൊണ്ടുപോകുമെന്നും കഥകൾ പറയുന്നു. കാൻകർ സംഭവം ചുരുളഴിയാതെ നിൽക്കുന്നു.
ഹരിയാനയിലെ ഫരീദാബാദിലുള്ള മാൻഗർ ബനി ഗുഹകളിലും വിചിത്ര ചിഹ്നങ്ങൾ കണ്ടെത്തിയിരുന്നു. ഈ ഗുഹകൾ ഒരു ലക്ഷം വർഷം വരെ പഴക്കമുള്ളതാണ്.ഗുഹാപാളികളിൽ ചുവപ്പും മറ്റുനിറങ്ങളിലും കോറിയിട്ട വിചിത്ര ചിഹ്നങ്ങളുടെ രൂപത്തിലായിരുന്നു ചിത്രങ്ങൾ. ആരവല്ലി നിരകളിൽ ദീർഘകാലമായി ഹർസാന ജൈവസമ്പത്തിനെപ്പറ്റി നിരവധി ഗവേഷണങ്ങൾ നടത്തുന്നുണ്ടായിരുന്നു.ഇതിനിടയിലാണു ചിത്രങ്ങൾ കണ്ടെത്തിയത്. തുടർന്ന്
വാൻഡ്ജിനയുടെ രഹസ്യം
ഓസ്‌ട്രേലിയ പഴയകാലത്ത് ബ്രിട്ടന്‌റെ കോളനിയായിരുന്നു.ഈ രാജ്യത്ത് വസിച്ച ആദിമനിവാസികൾ അബോറിജിനൽസ് എന്നറിയപ്പെടുന്നു.ഓസ്‌ട്രേലിയയിലെ കിംബർലി മേഖലയിൽ സ്ഥിതി ചെയ്യുന്ന 2 ലക്ഷം ചതുരശ്രകിലോമീറ്റർ വിസ്തീർണമുള്ള മേഖലയാണ് വാൻഡ്ജിന. 60000 വർഷത്തോളം പഴക്കമുള്ള തുടർച്ചയായ സംസ്‌കാരം ഈ മേഖലയിലുണ്ട്.
വൊറോറ, ഗാരിനിയിൻ, വുനുംബുൽ എന്നിങ്ങനെ 3 ഗോത്രങ്ങളിലുള്ളവരാണ് വാൻഡ്ജിനയിലുള്ളത്. ഈ മേഖലയിൽ ഗുഹകളിലും പാറകളിലുമായി ധാരാളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. വാൻഡ്ജിന ഫിഗറ്റേറ്റീവ് ആർട്ട് എന്നാണ് ഇവ അറിയപ്പെടുന്നത്.
ഈചിത്രങ്ങളിൽ കുറേ വെളുത്ത മുഖങ്ങൾ കാണാം. വായില്ലാത്ത, വലിയ കണ്ണുള്ള മുഖങ്ങൾ. ഹെൽമറ്റു പോലെയുള്ള ഏതോ ഒരു ഘടനയും ഈ മുഖങ്ങൾക്കു ചുറ്റുമുണ്ട്.സ്വാഭാവികമായും ഈ ചിത്രങ്ങൾ ഗവേഷകരിലും കലാകുതുകികളിലും വലിയ താൽപര്യം ഉണർത്തി.പണ്ടത്തെ ആളുകളെ വരച്ചതാണെന്നും മൂങ്ങകളെവരച്ചതാണെന്നുമൊക്കെ വിവിധ വിശദീകരണങ്ങൾ ഇവയ്ക്കു കണ്ടെത്താൻ പലരും ശ്രമിച്ചു.
ആകാശത്തെ അമാനുഷർ!
ഈ വിശദീകരണങ്ങളിൽ വലിയ കൗതുകമുയർത്തിയ ഒന്നാണ്, ഇത് അന്യഗ്രഹജീവികളുടെ ചിത്രങ്ങളാണെന്ന വാദം. ഈ മേഖലയിലെ ആദിമ നിവാസികളെ പണ്ട് അന്യഗ്രഹജീവികൾ സന്ദർശിച്ചെന്നും അവരുടെ ചിത്രങ്ങളാണ് ഗുഹാചിത്രങ്ങളിലുള്ളതെന്നുമായിരുന്നു വാദം.
വാൻഡ്ജിനയിൽ മാത്രമല്ല, പണ്ട് ഭൂമിയിലുണ്ടായിരുന്ന പല ആദിമസമൂഹങ്ങളിലും അന്യഗ്രഹജീവികൾ സന്ദർശിച്ചെന്നും വാദിക്കുന്നവരുണ്ട്.വാൻഡ്ജിന എന്നുതന്നെയാണ് ഈ ജീവികൾഅറിയപ്പെടുന്നത്. ഇവയെപ്പറ്റി ആദിമനിവാസികൾക്കിടയിലുള്ള കഥയും വ്യത്യസ്തമാണ്. അവരുടെ വിശ്വാസപ്രകാരം വാൻഡ്ജിന ആകാശത്തു നിന്നെത്തിയ ജീവികളാണ്. ആകാശഗംഗയിലെവിടെനിന്നോ ആണത്രേ ഇവയെത്തിയത്.
ഭൂമിയും അതിലെ ജീവജാലങ്ങളുമൊക്കെ സൃഷ്ടിച്ചത് വാൻഡ്ജിനകളാണ്. ഇന്നും അവ ഭൂമിയെ നിയന്ത്രിക്കുന്നെന്ന് ആദിമനിവാസികൾ വിശ്വസിക്കുന്നു.എന്നാൽ ഇതൊക്കെ ഐതിഹ്യങ്ങളാണെന്നാണ് ഗവേഷകരുടെ അഭിപ്രായം. എന്നാൽ ഗൂഢവാദങ്ങളിൽ വിശ്വസിക്കുന്നവർ വാൻഡ്ജിനകൾ അന്യഗ്രഹജീവികളാണെന്ന വാദത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.