ADVERTISEMENT

സ്റ്റാർഷിപ് വെറുമൊരു റോക്കറ്റല്ല. അതിന്റെ ചിറകുകൾക്ക് മാനവരാശിയുടെ പ്രതീക്ഷകളുടെ ഭാരം കൂടിയുണ്ട്. കാരണം ഭാവിയിൽ ചന്ദ്രനിലും ചൊവ്വയിലും വിവിധ സൗരയൂഥ ഇടങ്ങളിലുമൊക്കെ മനുഷ്യരാശിയെ ഈ റോക്കറ്റ് കൊണ്ടുപോകുമെന്നാണു മനുഷ്യരുടെ പ്രതീക്ഷ. എന്നാൽ സ്പേസ് എക്സ് സ്റ്റാർഷിപ് ബഹിരാകാശപേടകത്തിന്റെ മൂന്നാം പരീക്ഷണവും കഴിഞ്ഞദിവസം പരാജയപ്പെട്ടു.

ടെക്സസിലെ ബോക്ക ചിക്കയിലുള്ള സ്പേസ്എക്സ് കേന്ദ്രത്തിൽനിന്നുള്ള വിക്ഷേപണം വിജയകരമായിരുന്നുവെങ്കിലും ബഹിരാകാശത്തുനിന്നു ഭൗമാന്തരീഷത്തിലേക്കു തിരികെപ്രവേശിക്കവേ റോക്കറ്റ് കത്തിയമർന്നു.സ്റ്റാർഷിപ്പിന്റെ മുൻപു നടത്തിയ 2 പരീക്ഷണവും പരാജയമായിരുന്നു. എന്നാൽ ഇത്തവണത്തെ വിക്ഷേപണം കുറച്ചുകൂടി ആത്മവിശ്വാസം സ്പേസ് എക്സിനു നൽകുന്നുണ്ട്.

നാലാം വ്യാവസായിക വിപ്ലവത്തിലെ ബഹിരാകാശമേഖലയുടെ  ശ്രദ്ധേയമായ ഏടാണ് സ്പേസ് എക്സ് സ്റ്റാർഷിപ് ഭൂമിയും മറ്റു ഗ്രഹങ്ങളും തമ്മിൽ ഗതാഗതബന്ധം സാധ്യമാക്കുന്ന ഇന്റർപ്ലാനറ്ററി ട്രാൻസ്‌പോർട്ട് സിസ്റ്റംസ് എന്ന സ്വപ്നപദ്ധതി മനസ്സിൽ സൂക്ഷിക്കുന്ന കമ്പനിയാണു സ്പേസ് എക്സ്. കമ്പനിയുടെ സ്ഥാപകനായ ഇലോൺ മസ്കിന്റെ ഒരു കിറുക്കൻ സ്വപ്നമായിട്ടാണ് ആദ്യകാലത്ത് ഈ പദ്ധതി പരിഗണിക്കപ്പെട്ടതെങ്കിലും ഇപ്പോൾ സ്പേസ് എക്സ് തങ്ങളുടെ പ്രവർത്തനത്തിൽ ബഹുദൂരം മുന്നേറിയിട്ടുണ്ട്.

space-2 - 1
spacex

ചൊവ്വാക്കോളനി

ഇതിന്റെ ആദ്യപടിയായി മനുഷ്യരെ ചൊവ്വയിൽ എത്തിക്കാനും തുടർന്ന് ചൊവ്വാക്കോളനി രൂപീകരിക്കാനുമൊക്കെ സ്പേസ് എക്സിനു സ്വപ്നങ്ങളുണ്ട്. ഇതിനായി അവർ വിശ്വാസമുറപ്പിക്കുന്ന ബഹിരാകാശവാഹനമാണു സ്റ്റാർഷിപ്. പുതിയ ലോകം കണ്ടെത്താൻ ക്രിസ്റ്റഫർ കൊളംബസിനു തുണയായ സാന്താ മരിയ പോലെയും മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യങ്ങളെ വഹിച്ച സാറ്റേൺ ഫൈവ് റോക്കറ്റ് പോലെയും ചരിത്രപരമായ ലക്ഷ്യങ്ങളുള്ള ഒരു റോക്കറ്റ്. ബിഗ് ഫാൽക്കൺ റോക്കറ്റ് എന്നായിരുന്നു ആദ്യ കാലത്ത് ഇതിനു നൽകിയിരുന്ന പേര്. പിന്നീട് സ്റ്റാർഷിപ് എന്നു പുനർനാമകരണം ചെയ്തു.

250 ടൺ വഹിക്കാനുള്ള ശേഷി സ്റ്റാർഷിപ്പിനെ ഇതുവരെയുള്ള റോക്കറ്റുകളിൽ ഏറ്റവും കരുത്തുറ്റതാക്കുന്നു. ഐഎസ്ആർഒയുടെ ഏറ്റവും വലിയ റോക്കറ്റായ ജിഎസ്എൽവി എംകെ ത്രീയുടെ ഭാരവാഹകശേഷി 10 ടൺ മാത്രമാണ്. മറ്റുള്ള റോക്കറ്റുകളെക്കാൾ പല മടങ്ങ് ഇരട്ടി ഭാരം ഇതിനു വഹിക്കാൻ കഴിയുമെന്ന് സാരം. സ്പേസ് എക്സിന്റെ തന്നെ ഹെവി ഡ്യൂട്ടി റോക്കറ്റായ ഫാൽക്കൺ ഹെവിക്കുപോലും 70 ടൺ വഹിക്കാനുള്ള ശേഷി മാത്രമാണുള്ളത്.

ഒരു ഫൈവ്സ്റ്റാർ റോക്കറ്റ്

106 മീറ്ററാണ് സ്റ്റാർഷിപ്പിന്റെ ഉയരം (ബൂസ്റ്ററുൾപ്പെടെ), ഏകദേശം ഒരു 34 നില കെട്ടിടത്തിന്റെ പൊക്കം കണക്കുകൂട്ടാം. 85 ടൺ ഭാര വരും .റോക്കറ്റിന്റെ മുകളിലുള്ള പേയ്ലോഡ് ബേയിലാണു ബഹിരാകാശത്തേക്കുള്ള യാത്രികർ, ഉപഗ്രഹങ്ങൾ, യാത്രികരുടെ ലഗേജ് ഒക്കെ വഹിക്കുന്നത് . എട്ടുനില കെട്ടിടത്തിന്റെ പൊക്കമുണ്ട് ഈ സ്ഥലത്തിന്. 40 കാബിനുകൾ അടങ്ങുന്ന ബേ പരമാവധി 120 യാത്രികരെ വഹിക്കും. ഇതോടൊപ്പം പൊതു ഇടങ്ങൾ, വലിയ അടുക്കള, സാധനങ്ങൾ സൂക്ഷിക്കാനുള്ള മുറി, സൗരവാതത്തിൽനിന്നു രക്ഷനേടാനുള്ള 'ഷെൽറ്റർ' തുടങ്ങിയവയൊക്കെയുണ്ട്.മൊത്തത്തിൽ ഒരു ഫൈവ്സ്റ്റാർ റോക്കറ്റ്.

space-1 - 1
Ship in space

240 ടൺ മീഥെയ്നും 860 ടൺ ദ്രവീകൃത ഓക്സിജനുമാണ് സ്റ്റാർഷിപ് സ്പെയ്സ് ക്രാഫ്റ്റിന്റെ വമ്പൻ ഇന്ധനടാങ്കുകളിൽ സൂക്ഷിക്കാനാകുന്നത്. ചന്ദ്രനിലേക്കോ ചൊവ്വയിലേക്കോ പോയാൽപ്പോലും ലാൻഡിങ് ഘട്ടത്തിൽ സ്റ്റാർഷിപ് പതറാനുള്ള സാധ്യത പൂജ്യമാണെന്നാണു മസ്ക് പറയുന്നത്.ലാൻഡിങ്ങാണ് അന്യഗ്രഹങ്ങളിൽ ബഹിരാകാശ വാഹനങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളി.ചന്ദ്രനിലേക്ക് യാത്ര പോകുന്ന സ്റ്റാർഷിപ്പിന് അവിടെ നിന്നു റിട്ടേൺ യാത്ര നടത്താനുള്ള കഴിവുമുണ്ടാകും.

ഭൂരിഭാഗം വിക്ഷേപണ വാഹനങ്ങളും ഒറ്റത്തവണത്തെ ഉപയോഗത്തിനുള്ളതാണെങ്കിൽ സ്റ്റാർഷിപ്പിന്റെ ഓരോ ഭാഗവും, ഭൂമിയിൽ നിന്നുള്ള ആദ്യത്രസ്റ്റ് കൊടുക്കുന്ന ബൂസ്റ്റർ റോക്കറ്റുകളാകട്ടെ, ചൊവ്വയിലേക്കു കടക്കുന്ന ബഹിരാകാശ വാഹനമാണെങ്കിലും, പലതവണ ഉപയോഗിക്കാൻ കഴിയും. ആദ്യഘട്ട നിർമാണച്ചെലവു കൂടുതലാണെങ്കിലും വിക്ഷേപണങ്ങൾ വർധിക്കുന്നതോടെ സ്റ്റാർഷിപ് വലിയ ലാഭത്തിലേക്കു നയിക്കുമെന്നാണു സ്പെയ്സ് എക്സ് പ്രതീക്ഷിക്കുന്നത്. ബഹിരാകാശത്ത് കറങ്ങിനടക്കുന്ന സ്പേസ് ഡെബ്രിസ് അവശിഷ്ടങ്ങൾ വൃത്തിയാക്കുന്നതിലും സ്റ്റാർഷിപ് വലിയ പങ്കുവഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com