ADVERTISEMENT

മാമ്മോത്തുകളെ തിരികെ ഭൂമിയിൽ കൊണ്ടുവരാനുള്ള വിവാദപദ്ധതിക്ക് ഒരു നാഴികക്കല്ല്. ഏഷ്യൻ ആനകളിൽ നിന്നും ശേഖരിച്ച വിത്തുകോശങ്ങൾ പ്രോഗ്രാം ചെയ്യാൻ സാധിച്ചതായി ശാസ്ത്രജ്ഞർ അറിയിച്ചു. തിരിച്ചുകൊണ്ടുവരാൻ ഉദ്ദേശിക്കുന്ന മാമ്മോത്ത്- ആന സങ്കരജീവിക്ക് മാമ്മോത്തിനെപ്പോലെ കട്ടി രോമക്കുപ്പായവും മറ്റു സവിശേഷതകളും നൽകാൻ ഇതിലൂടെ സാധിക്കും.ചരിത്രാതീതകാലത്ത് മൺമറഞ്ഞു പോയ വമ്പൻ ജീവികളാണ് മാമ്മോത്തുകൾ. 13 അടി വരെ പൊക്കവും 8000 കിലോ ഭാരവും വലിയ കൊമ്പുകളും തുമ്പിക്കൈകളുമുള്ള ഇവ ആനകളുടെ കുടുംബത്തിൽ പെട്ടവയുമാണ്.  

11,000 വർഷം മുൻപ് അവസാനിച്ച പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ പ്രബലജീവികളായ ഇവ ഓസ്‌ട്രേലിയയും തെക്കേ അമേരിക്കയും ഒഴിച്ച് എല്ലാ ഭൂഖണ്ഡങ്ങളിലും ഉണ്ടായിരുന്നു. എന്നാൽ സൈബീരിയയിലും മറ്റ് ഉത്തരധ്രുവ-സമീപ മേഖലകകളിലുമുണ്ടായിരുന്നു വൂളി മാമ്മത്തുകളാണ് ഈ വൻജീവികളിൽ ഏറെ പ്രശസ്തം. ഒട്ടേറെ നോവലുകളിലും ഐസ് ഏജ് പരമ്പര ഉൾപ്പെടെയുള്ള ചലച്ചിത്രങ്ങളിലും മാമ്മോത്തുകൾ കഥാപാത്രങ്ങളായി.മാമ്മോത്തുകൾ പിൽക്കാലത്ത് വംശനാശം വന്ന് ഭൂമിയിൽ നിന്നു തുടച്ചുനീക്കപ്പെടുകയായിരുന്നു. ഇവയുടെ വംശനാശത്തിന് ഭക്ഷണദൗർലഭ്യം, കാലാവസ്ഥാ വ്യതിയാനം, മനുഷ്യരുടെ അമിതമായ വേട്ടയാടൽ തുടങ്ങി പല കാരണങ്ങൾ പറയപ്പെടുന്നു.

Image Credit:Canva
Image Credit:Canva

ഒന്നരക്കോടി യുഎസ് ഡോളർ 

റഷ്യയിൽ ആർട്ടിക് സമുദ്രവുമായി തീരം പങ്കിടുന്ന വ്രാൻഗൽ ദ്വീപിലായിരുന്നു ലോകത്തിലെ അവസാനത്തെ മാമ്മോത്തുകൾ ഉണ്ടായിരുന്നത്. 4000 വർഷങ്ങൾക്കു മുൻപ് ഇവയും ചത്തൊടുങ്ങിയതോടെ ഭൂമിയിലെ മാമ്മോത്ത് യുഗത്തിന് അന്ത്യമായി.കൊളോസൽ എന്ന പേരിലുള്ള സ്റ്റാർട്ടപ്പാണ് മാമ്മോത്തുകളെ തിരികെക്കൊണ്ടുവരാനുള്ള പദ്ധതിക്കു പിന്നിൽ. ഒന്നരക്കോടി യുഎസ് ഡോളർ ചെലവഴിച്ചാണു ഗവേഷണം. ഏഷ്യൻ ആനകൾക്കും മാമ്മോത്തുകൾക്കും ഒരേ മുൻഗാമിയാണ് ഉണ്ടായിരുന്നത്.

ആഫ്രിക്കൻ ആനകൾ ഇക്കൂട്ടത്തിൽ വരില്ല. ഇടക്കാലത്ത്, സൈബീരിയയിലെ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളിയിൽ നിന്നും ഒരു മാമ്മോത്തിന്റെ നശിക്കാത്ത ശവം കണ്ടെത്തുകയും അതിന്റെ ജനിതകഘടന വേർതിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ ജനിതകഘടനയിൽ ക്രിസ്പർ-കാസ് 9 ജീൻ എഡിറ്റിങ് വഴി മാറ്റങൾ വരുത്തി ഗവേഷണം പൂർത്തീകരിക്കാനാണു ശാസ്ത്രജ്ഞരുടെ ലക്ഷ്യം.

ഇങ്ങനെ സൃഷ്ടിക്കുന്ന മാമ്മോത്ത് ആനകളെ ഉത്തരധ്രുവ മേഖലയിൽ വിട്ടാൽ അവ കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിലും പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിക്കുന്നതിനും കാരണമാകുമെന്നാണു ശാസ്ത്രജ്ഞരുടെ വാദം.ഒരുകാലത്ത് ആർട്ടിക് മേഖലയിൽ പുൽമേടുകൾ സുലഭമായിരുന്നു. മഞ്ഞിൽ പുതഞ്ഞുള്ള ഈ പുൽമേടുകൾ മാമ്മോത്തുകളുടെ പ്രധാന ഭക്ഷണശ്രോതസ്സായിരുന്നു. ഇവ പെർമഫ്രോസ്റ്റിനെ സംരക്ഷിച്ചുനിർത്തുകയും അന്തരീക്ഷകാർബണിനെ സംഭരിച്ച് ബഹിർഗമനത്തോത് കുറയ്ക്കുകയും ചെയ്തു. എന്നാൽ മാമ്മോത്തുകൾ അപ്രത്യക്ഷമായതോടെ പുൽമേടുകൾ നശിക്കുകയും ഇവയുടെ ഭാഗത്ത് പായലുകളും മറ്റും വളരുകയും ചെയ്തു. 

Photo: Explode | Shutterstock
Photo: Explode | Shutterstock

ഗവേഷണത്തിനെതിരെ വൻ വിമർശനവും 

പുതിയ മാമ്മോത്ത് ആനകൾ വരുന്നതോടെ പുൽമേടുകളും തിരിച്ചുവരുമെന്ന് പറയപ്പെടുന്നു. ഇക്കോ എൻജിനീയറിങ്ങിലെ റീവൈൽഡിങ് എന്ന പ്രക്രിയയാണ് ഇത്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഗവേഷണത്തിനെതിരെ വൻ വിമർശനവും ഉയർന്നു തുടങ്ങിയിട്ടുണ്ട്. ഭൂമിയിൽ ഒട്ടേറെ ജീവികൾ വംശനാശഭീഷണി നേരിടുന്നുണ്ടെന്നും അവയെ രക്ഷിക്കാൻ ശ്രമിക്കാതെ ചരിത്രാതീത കാലത്തു മൺമറഞ്ഞ ഒരു ജീവിയെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുന്നത് അനാവശ്യമാണെന്നും ഇതിനെ പ്രതികൂലിക്കുന്നവർ വാദമുയർത്തുന്നു. 

Representative image. Photo Credits; peterschreiber.media/ Shutterstock.com
Representative image. Photo Credits; peterschreiber.media/ Shutterstock.com

ഏഷ്യൻ ആനകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞിരിക്കുകയാണെന്നും ഈ ഗവേഷണത്തിനു വേണ്ട പണം ഉപയോഗിച്ച് അവയുടെ സംരക്ഷണത്തിന് ഒരുക്കങ്ങൾ ചെയ്തുകൂടേയെന്നും ഇവരിൽ ചിലർ ചോദിക്കുന്നു. ഗവേഷത്തിന്റെ ഫലപ്രാപ്തിയിലും ചില ശാസ്ത്രജ്ഞർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

നാലായിരം വർഷങ്ങൾ മുൻപ് മാമ്മോത്തുകൾ ഭൂമിയിൽ നിന്നു മറഞ്ഞ കാലത്തെ പരിതസ്ഥിതിയല്ല ഇപ്പോൾ ആർട്ടിക്കിലുള്ളത്. ഈയവസ്ഥയിൽ മാമ്മോത്തുകൾ തിരിച്ചു വന്നാലും വലിയ പ്രയോജനമുണ്ടാകില്ലെന്നും ആർട്ടിക് സാഹചര്യങ്ങളോട് പിടിച്ചു നിൽക്കാൻ കഴിയാതെ ഇവ നശിച്ചുപോയേക്കാമെന്നും ഇവർ മുന്നറിയിപ്പു നൽകുന്നു.

English Summary:

Scientists Are Reincarnating the Woolly Mammoth to Return in 4 Years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com