രണ്ടു വയസുകാരി മുതൽ എഴുപത്തിമൂന്നുകാരന് വരെ; ലിക്വിഡ് നൈട്രജന്‍ സിലിണ്ടറിൽ കഴിയുന്നവർ

Mail This Article
മരിച്ചുപോയ പ്രിയപ്പെട്ടവരെ ജീവനോടെ കാണാന്‍ ഇനി എന്തെങ്കിലും വഴിയുണ്ടോ എന്ന് ചിന്തിക്കാത്തവരുണ്ടാവില്ല. അങ്ങനെ ചിന്തിക്കുന്നവര്‍ക്കു മുന്നില്‍ മരിച്ചവരെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരാനാവുമെന്ന വാഗ്ദാനം നല്‍കിയാണ് അല്‍കോര്‍ ലൈഫ് എക്സ്റ്റെന്ഷന് ഫൗണ്ടേഷന് ശ്രദ്ധ നേടിയത്. അരിസോണയിലെ സ്കോട്ട്സ്ഡേലിലുള്ള അല്‍കോറിന്റെ താവളത്തില്‍ ഇന്നുവരെ 227 മനുഷ്യരാണ് മരണശേഷവും തിരിച്ചുവരവ് കാത്തു കിടക്കുന്നത്.
എല്ലാ ശരീരങ്ങളും കൊടും തണുപ്പിലാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ലിക്വിഡ് നൈട്രജന്‍ നിറച്ച സിലിണ്ടര്‍ ആകൃതിയിലുള്ള ടാങ്കുകളിലാണ് ഈ മനുഷ്യ ശരീരങ്ങള്‍ കഴിയുന്നത്. മനുഷ്യര്‍ക്കു പുറമേ വളര്‍ത്തു മൃഗങ്ങളേയും അല്‍കോര്‍ ഇങ്ങനെ തണുപ്പിച്ചു സൂക്ഷിക്കുന്നുണ്ട്. ഭാവിയില്‍ വൈദ്യശാസ്ത്രം പുരോഗമിക്കുന്നതോടെ ഇവര്‍ക്ക് വീണ്ടും ആരോഗ്യത്തോടെ തിരിച്ചുവരാനാവുമെന്ന പ്രതീക്ഷയാണ് അല്‍ക്കോര്‍ നല്‍കുന്നത്.
മരണം ഉറപ്പിക്കുമ്പോള്‍ മുതല്‍ നടപടിക്രമങ്ങള്‍
അല്‍കോറിന്റെ വെബ് സൈറ്റില്‍ ക്രയോപ്രിസര്വേഷന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ചു പറയുന്നുണ്ട്. നിയമപരമായി മരണം ഉറപ്പിക്കുമ്പോള്‍ മുതല്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. ഇത് പരമാവധി നല്ല നിലയില്‍ അവയവങ്ങള്‍ ലഭിക്കുന്നുവെന്ന് ഉറപ്പിക്കാന്‍ സഹായിക്കും. ഐസ് ബാത്ത് നടത്തിയശേഷം മരണമടഞ്ഞയാളുടെ ശരീരത്തിലെ രക്തം മാറ്റി അവയവങ്ങളെ സംരക്ഷിക്കുന്ന പ്രത്യേക ലായനി നിറക്കും. പിന്നീട് 320.8 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ താഴ്ന്ന താപനിലയിലേക്ക് ശരീരം ലിക്വിഡ് നൈട്രജന്റെ സഹായത്തില്‍ മാറ്റും.

ഈ കാലഘട്ടത്തിൽ ചികിത്സയില്ലാത്ത രോഗങ്ങള്‍ ബാധിച്ചു മരിച്ചവരെ ഭാവിയില്‍ ജീവിതത്തിലേക്കു കൊണ്ടുവരാനാവുമെന്ന വിചിത്ര വാദമാണ് അല്‍കോര്‍ മുന്‍ സിഇഒ മാക്സ് മോര് മുന്നോട്ടുവെക്കുന്നത്. 'മനുഷ്യരെ സംസ്കരിക്കുന്നതിനു പകരം ഞങ്ങള്‍ക്കു തരിക. ഞങ്ങള്‍ അവരെ പരമാവധി കാലം സൂക്ഷിക്കാം. സാങ്കേതികവിദ്യയും വൈദ്യശാസ്ത്രവും പുരോഗമിക്കുന്ന കാലത്ത് അവര്‍ക്ക് ജീവിതത്തിലേക്കു തിരിച്ചുവരാനും ജീവിക്കാനും സാധിക്കും' മാക്സ് മോര് പറയുന്നു. അതേസമയം ക്രയോപ്രിസര്‍വേഷന്‍ എന്നു വിളിക്കുന്ന ഈ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വൈദ്യശാസ്ത്ര രംഗത്തേയും നിയമ രംഗത്തേയും പലരും അവിശ്വാസം രേഖപ്പെടുത്തുന്നുണ്ട്.

'പ്രതീക്ഷയില്ലാത്ത ഒരു ആഗ്രഹം'
പ്രതീക്ഷയില്ലാത്ത ഒരു ആഗ്രഹമാണിതെന്നാണ് ഇംഗ്ലണ്ടിലെ കിങ്സ് കോളജ് ലണ്ടനിലെ ന്യൂറോ സയന്റിസ്റ്റ് ലൗറി ക്ലാര്‍ക്ക് പറഞ്ഞത്. മരിച്ചെന്ന് വൈദ്യശാസ്ത്രം ഉറപ്പിച്ചയാളെ എങ്ങനെ ജീവിതത്തിലേക്കു കൊണ്ടുവരുമെന്നതാണ് പ്രധാന ചോദ്യം. 'അത് സാധ്യമാണെന്ന ആത്മവിശ്വാസമുണ്ടെന്നു' മാത്രമാണ് അല്‍കോര്‍ വെബ് സൈറ്റു പോലും പറയുന്നത്.
1972ല്‍ സ്ഥാപിതമായ അല്‍കോര്‍ 1976ലാണ് ആദ്യമായി മനുഷ്യരെ ശീതീകരിച്ചു സൂക്ഷിച്ചു തുടങ്ങിയത്. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി മനുഷ്യനെ മരണ ശേഷം ശീതീകരിച്ചു സൂക്ഷിച്ചത് 1967ലായിരുന്നു. 73ാം വയസില്‍ കിഡ്നി ക്യാന്‍സര്‍ വന്നു മരിച്ച സൈക്കോളജിസ്റ്റ് ജെയിംസ് എച്ച് ബെഡ്ഫോര്ഡായിരുന്നു ഇത്. ഇന്ന് അല്‍കോറിന്റെ ടാങ്കുകളിലൊന്നില്‍ ജെയിംസ് എച്ച് ബെഡ്ഫോര്‍ഡിന്റെ ശീതീകരിച്ച ശരീരം കഴിയുന്നുണ്ട്.
രണ്ടു വയസുകാരി മാതറിനാണ് അല്‍കോര്‍ ശരീരം ശീതീകരിച്ചു സൂക്ഷിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍. 2015ല്‍ മസ്തിഷ്കത്തില്‍ അര്‍ബുദം ബാധിച്ചാണ് തായ് സ്വദേശിയായ മാതറിന് മരിച്ചത്. മാതറിന്റെ മാതാപിതാക്കള്‍ ഡോക്ടര്‍മാരായിരുന്നു. രണ്ടു ശസ്ത്രക്രിയ നടത്തിയെങ്കിലും ഇവര്‍ക്ക് കുട്ടിയുടെ ജീവന് രക്ഷിക്കാനായിരുന്നില്ല. ബിറ്റ്കോയിന് വികസിപ്പിച്ചെടുത്തവരില്‍ ഒരാളായ ഹാല് ഫിന്നി, ബേസ്ബോള്‍ കളിക്കാരന് ടെഡ് വില്യംസ് എന്നിവരും അല്‍കോറിന്റെ സിലിണ്ടറുകളില്‍ കഴിയുന്നുണ്ട്.