ADVERTISEMENT

സൂര്യഗ്രഹണ സമയത്തു മുട്ട വീഴാതെ കുത്തനെ നിൽക്കുമെന്ന് ചില രാജ്യങ്ങളിൽ ഒരു വിശ്വാസമുണ്ട്. ശാസ്ത്രീയമായ അടിസ്ഥാനമൊന്നുമില്ലാത്ത ഒരു വിശ്വാസമാണ് ഇതെങ്കിലും ചില ആളുകൾ ശാസ്ത്രീയവാദം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട്. സൂര്യഗ്രഹണ സമയത്ത് ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരുന്നതിനാൽ ഗുരുത്വാകർഷണത്തിൽ മാറ്റമുണ്ടാകുമെന്നും ഇതാണ് മുട്ട കുത്തിനിൽക്കാൻ കാരണമെന്നും ഇടയ്ക്കൊരു വാദമുണ്ടായിരുന്നു. എന്നാൽ ഇതിൽ കഴമ്പില്ലെന്നു പിന്നീട് തെളിഞ്ഞു.

എന്നാൽ ഇതെല്ലാമുള്ളപ്പോഴും 2019ൽ നടന്ന ഒരു സൂര്യഗ്രഹണത്തിൽ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ ശാസ്ത്രാന്വേഷകർ ഇതു സംബന്ധിച്ച പരീക്ഷണം നടത്തിനോക്കി.മലേഷ്യയിലും ഇന്തൊനീഷ്യയിലുമാണ് ഇതു നടന്നത്. നടപ്പാതയിലും റോഡിലും മുട്ടകൾ നിരത്തിനിർത്തി പരീക്ഷണം നടത്തി. പലമുട്ടകളും കുത്തനെ നിൽക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

AI Generated Image Canva
AI Generated Image Canva

എന്നാൽ ഇതു വയ്ക്കുന്ന പ്രതലത്തിന്റെയും വച്ച രീതിയുടെയും ഗുണമാണെന്നാണ് ശാസ്ത്രജ്ഞർ പറഞ്ഞത്. സൂര്യഗ്രഹണമല്ലാത്ത ദിവസങ്ങളിലും ഇതു സാധ്യമാണത്രേ. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിശ്വാസങ്ങളുണ്ടായിരുന്നു. ഇതിൽ വളരെ ശ്രദ്ധേയമാണ് മായൻമാരുടേത്.

പ്രാചീനലോകത്തെ പ്രബലമായ നാഗരിതകകളിലൊന്നായിരുന്നു മായൻ സംസ്കാരം. ഇന്നത്തെകാലത്തെ ഗ്വാട്ടിമാലയിലെ താഴ്‌വരകൾ, യൂക്കാട്ടൻ ഉപദ്വീപ്, ബെലൈസ്, മെക്സിക്കോയുടെയും ഹോണ്ടുറസിന്റെയും ഭാഗങ്ങൾ എന്നിവിടങ്ങളിലായാണു മായൻ മേഖല പരന്നുകിടന്നത്. എ ഡി ആറാം നൂറ്റാണ്ടിൽ ഇവർ ഏറ്റവും ശക്തമായ നിലയിലെത്തി. കൃഷി, കരകൗശല നിർമാണം, ഗണിതം, വാസ്തുവിദ്യ എന്നീ മേഖലകളിൽ മികച്ചു നിന്ന മായൻമാർ സ്വന്തമായി ഒരു ഗ്ലിഫ് ലിപി രൂപപ്പെടുത്തിയിരുന്നു.

മായൻ നാഗരികതയുടെ ഏറ്റവും പ്രൗഢമായ ചിഹ്നങ്ങളിലൊന്നായിരുന്നു അവർ തയാറാക്കിയ കലണ്ടർ. ഹാബ് എന്ന പൊതു കലണ്ടറും സോൽകീൻ എന്ന ദിവ്യമായി കരുതിപ്പോന്ന കലണ്ടറും ഇതിന്റെ ഭാഗങ്ങളാണ്. ഭാവിയിലേക്കുള്ള സമയക്രമത്തിനായി ലോങ് കൗണ്ട് കലണ്ടർ എന്നൊരു വകഭേദവും അവർ രൂപകൽപന ചെയ്തു. 

അപ്പോകാലിപ്റ്റോ എന്ന വിഖ്യാത ഹോളിവുഡ് സിനിമയിൽ നായക കഥാപാത്രത്തെ ബലി കൊടുക്കാനായി മായൻ രാജ്യത്തേക്കു കൊണ്ടുപോകുന്ന ഒരു സീനുണ്ട്. ബലികൊടുക്കാറാകുമ്പോൾ സൂര്യഗ്രഹണമുണ്ടാകുകയും നായകനെ ബലിയിൽ നിന്നു മുക്തരാക്കാൻ നിർദേശം കൊടുക്കുകയും ചെയ്യുന്നതാണ് ആ പ്രശസ്ത സീൻ.

മായൻ സമൂഹങ്ങളിൽ സൂര്യഗ്രഹണത്തെ അത്ര നല്ലൊരു കാര്യമായിട്ടല്ല കണ്ടിരുന്നത്. സൂര്യൻ അവരുടെ പ്രാധാന്യമുള്ള ഒരു ദേവതയായിരുന്നു. സൂര്യന്റെ ശക്തി ക്ഷയിക്കുന്നതായാണ് സൂര്യഗ്രഹണത്തെ മായൻ സമൂഹം കണക്കാക്കിയത്. അതിനാൽ തന്നെ സൂര്യനു ശക്തി പകരാനായി മായൻ പ്രഭുക്കൾ തങ്ങളുടെ ശരീരത്തിൽ മുറിവേൽപിച്ച് രക്തം വരുത്തിയിരുന്നു.ഇത്തവണ ഏപ്രിൽ 8ന് സൂര്യഗ്രഹണം നടക്കും. എന്നാൽ ഇന്ത്യയിൽ അതു ദൃശ്യമാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com