ADVERTISEMENT

ലോകമെമ്പാടുമുള്ള ചരിത്ര കുതുകികളുടെയും പുരാവസ്തു ഗവേഷകരുടെയും പ്രിയപ്പെട്ട രാജ്യമാണ് ഈജിപ്ത്. ലോകത്തെ അമ്പരപ്പിച്ച പിരമിഡുകൾ തലയുയർത്തി നിൽക്കുന്ന രാജ്യം. തൂത്തൻ ഖാമുൻ, റാംസെസ്, തുത്‌മോസ് തുടങ്ങി ഈജിപ്തിലെ ഒട്ടേറെ രാജാക്കൻമാരുടെ കല്ലറകളും പിരമിഡുകളുമൊക്കെ പുരാതനകാലത്തെക്കുറിച്ചുള്ള ഒട്ടേറെ അറിവുകൾ മനുഷ്യരാശിക്കു നൽകിയവയാണ്.

ഈജിപ്തിലെ വിഖ്യാതമായ ഗിസ പിരമിഡ് സ്ഥിതി ചെയ്യുന്നതിനു സമീപമുള്ള മേഖലയിൽ എൽ ആകൃതിയിൽ ദുരൂഹഘടന കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പ്രഭുക്കൻമാരുടെ വിശ്രമസ്ഥലം എന്നറിയപ്പെടുന്ന ഇവിടം നൈൽ നദീതീരത്തെ ഒരു ശവമടക്കൽ സ്ഥലമാണ്. പൗരാണിക ഈജിപ്ഷ്യൻ സമൂഹത്തിൽ ഉന്നതസ്ഥാനം വഹിച്ചവരെയാണ് ഇവിടെ അടക്കിയിട്ടുള്ളത്. പിരമിഡ് നിർമാണത്തിൽ ഏർപ്പെട്ടവരുടെയും അന്ത്യവിശ്രമ കേന്ദ്രങ്ങൾ ഇവിടെയുണ്ട്.

റെസിസ്റ്റിവിറ്റി ടോമോഗ്രഫി എന്ന സാങ്കേതികവിദ്യയുപയോഗിച്ചുള്ള ഗവേഷണത്തിലാണ് പുതിയ ഘടന കണ്ടെത്തിയത്. ഭൗമോപരിതലത്തിൽ നിന്ന് 6.5 അടി താഴെയായാണ് ഇതു കണ്ടെത്തിയത്. ഇത് പ്രകൃതിദത്തമായി ഉണ്ടായതല്ലെന്ന് ഗവേഷകർക്കിടയിൽ അനുമാനമുണ്ട്.

giza-new1 - 1
Image Credit: Canva

 ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ

പിരമിഡുകളിൽ ഏറ്റവും പ്രശസ്തമായ ഒന്നാണു ഗിസയിലേത്. ഗ്രേറ്റ് പിരമിഡ് ഓഫ് ഗിസ എന്ന് ഇതറിയപ്പെടുന്നു. ഈജിപ്തിൽ ബിസി 2551 മുതൽ 2528 വരെ അധികാരത്തിലിരുന്ന ഫറവോയായിരുന്ന കുഫുവിന്റെ അന്ത്യവിശ്രമകേന്ദ്രം എന്ന നിലയ്ക്കാണ് ഇതു നിർമിച്ചത്. പൗരാണിക ഈജിപ്തിൽ നിർമിച്ചവയിൽ വച്ച് ഏറ്റവും വലുപ്പമുള്ള പിരമിഡാണ് ഗിസയിലേത്. പുരാതന കാലത്തെ ഏഴ് അത്ഭുതങ്ങളിൽ ഇന്നും നില നിൽക്കുന്ന ഒരേയൊരു അത്ഭുതവും ഈ പിരമിഡാണ്.

എന്നാൽ ഗിസ പിരമിഡിനെക്കുറിച്ച് ഒട്ടേറെ ദുരൂഹതകളുണ്ട്. ഇതിലൊന്ന് രഹസ്യ അറകളാണ്. ഇവ അറകൾ തന്നെയോ എന്ന് ഉറപ്പിക്കാൻ ഇപ്പോൾ ആയിട്ടില്ല. പിരമിഡിനുള്ളിലെ പൊത്തുകളോ പൊള്ളയായ ഭാഗമോ ആണ്. 1960 മുതൽ തന്നെ ഗിസ പിരമിഡിലെ ഘടനകൾ പരിശോധിക്കാനും വിലയിരുത്താനും ശാസ്ത്രജ്ഞർ വിവിധ ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിരുന്നു.

giza-new2 - 1
Image Credit: Canva

മ്യൂയോൺ ടോമോഗ്രഫി എന്ന അതിനൂതന സാങ്കേതികവിദ്യ

2016–17 കാലഘട്ടത്തിൽ നടത്തിയ സ്കാൻ പിരമിഡ്  എന്ന സർവേയാണ് ഇതിനുള്ളിൽ വലിയ ഒരു പൊള്ളയായ ഭാഗമുണ്ടെന്നു കണ്ടെത്തിയത്. ഈ ഗവേഷണഫലം നേച്ചർ എന്ന ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു ചരിത്ര കണ്ടെത്തലായിട്ടാണു ഇതു കണക്കാക്കപ്പെടുന്നത്.

മ്യൂയോൺ ടോമോഗ്രഫി എന്ന അതിനൂതന സാങ്കേതികവിദ്യയുപയോഗിച്ച് ഗിസയിലെ പിരമിഡ് പരിശോധിക്കാൻ പദ്ധതിയുണ്ട്. പ്രപഞ്ചത്തിൽ നിന്നുള്ള അതീവ ഊർജ രശ്മികളായ കോസ്മിക് കിരണങ്ങൾ ഭൂമിയിൽ പതിക്കുമ്പോഴാണു മ്യൂയോണുകളുണ്ടാകുന്നത്. ഇവയുടെ തോത് ഉപയോഗിച്ചുള്ള ഇമേജിങ് വിദ്യയാണു മ്യൂയോൺ ടോമോഗ്രഫി. ഇതുപയോഗിച്ച് ഇമേജിങ് ചെയ്യുമ്പോൾ മറ്റ് രീതികളെക്കാൾ 100 മടങ്ങ് മിഴിവോടെ ഘടന വെളിവാക്കപ്പെടുമെന്നാണു ശാസ്ത്രജ്ഞർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com