ADVERTISEMENT

ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശി ഗോപിചന്ദ് തോട്ടക്കുറ (30). ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ സഞ്ചാരി 1984 ൽ ഈ നേട്ടം കൈവരിച്ച റിട്ട. വിങ് കമാൻഡർ രാകേഷ് ശർമയാണ്. ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വിനോദസ‍ഞ്ചാരിയെന്ന പേരും ഇതോടൊപ്പം ഗോപിചന്ദിനായി.

gopi-thotakura - 1
ഗോപിചന്ദ് തോട്ടക്കുറ

ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തി നിർവചനമായ കാർമൻ ലൈൻ കടന്നാണ് ദൗത്യം വെന്നിക്കൊടി പാറിച്ചത്. തോട്ടക്കുറയ്ക്കൊപ്പം 90 വയസ്സുള്ള എഡ് ഡ്വൈറ്റ്, മേസൺ ഏഞ്ജൽ, സിൽവിയൻ ഷിറോൺ, കെന്നത്ത് എൽ. ഹെസ്, കാരൾ ഷാലർ എന്നീ 5 യാത്രികരും ദൗത്യത്തിലുണ്ടായിരുന്നു.

'ഡ്രൈവ് ചെയ്യാൻ പഠിക്കുന്നതിനു മുൻപേ വിമാനം പറപ്പിക്കാൻ പഠിച്ചയാൾ' 

പൈലറ്റും യുഎസ് അറ്റ്ലാന്റയിലെ സുഖചികിത്സാ സംരംഭമായ പ്രിസർവ് ലൈഫ് കോറിന്റെ സ്ഥാപകനുമാണ്. യുഎസ് ഫ്ലോറിഡയിലെ എംബ്രി–റിഡിൽ സർവകലാശാലയിൽ നിന്ന് എയ്റോനോട്ടിക്കൽ സയൻസിൽ ബിരുദമെടുത്ത അദ്ദേഹം  ഇന്ത്യയിൽ എയർ ആംബുലൻസ് സർവീസും നടത്തിയിരുന്നു. ഡ്രൈവ് ചെയ്യാൻ പഠിക്കുന്നതിനു മുൻപേ വിമാനം പറപ്പിക്കാൻ പഠിച്ചയാൾ എന്നാണ് ഗോപിചന്ദിനെപ്പറ്റി ബ്ലൂ ഒറിജിൻ വെബ്സൈറ്റ് പറയുന്നത്.

വിവിധ തരം വിമാനങ്ങളും ബലൂണുകളും ഗ്ലൈഡറുമൊക്കെ പറപ്പിക്കാൻ ഇദ്ദേഹത്തിനു വൈദഗ്ധ്യമുണ്ട്. പറക്കൽപ്രേമം അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്നെ പ്രകടമാണ്. വിവിധതരം വിമാനങ്ങളുടെ ചിത്രങ്ങളാണ് അതു മുഴുവൻ.ഇതോടൊപ്പം തന്നെ നല്ലൊരു സഞ്ചാരിയും സാഹസികനുമാണ്, ആഫ്രിക്കയിലെ കിളിമ‍ഞ്ചാരോ കൊടുമുടി അദ്ദേഹം കീഴടക്കിയിരുന്നു.

Photo Credit : NASA
Photo Credit : NASA

 കൽപന ചൗള, സുനിത വില്യംസ്, രാജ ചാരി...

ഇന്ത്യൻ വംശജരായ കൽപന ചൗള, സുനിത വില്യംസ്, രാജ ചാരി എന്നിവർ നാസ യാത്രികരായി ബഹിരാകാശം താണ്ടിയിട്ടുണ്ട്. റിച്ചഡ് ബ്രാൻസന്റെ ഉടമസ്ഥതയിലുള്ള വെർജിൻ ഗലാക്റ്റിക് എന്ന കമ്പനിയുടെ പേടകമായ വിഎസ്എസ് യൂണിറ്റിയിലേറി  സിരിഷ ബാൻഡ്‌ല എന്ന ഇന്ത്യക്കാരിയും ബഹിരാകാശ യാത്ര ചെയ്തിരുന്നു. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്നുള്ള സിരിഷ പിന്നീട് വളർന്നതും പഠിച്ചതുമെല്ലാം യുഎസിലെ ടെക്‌സസിലുള്ള ഹൂസ്റ്റണിലാണ്.

sirisha-bandla
സിരിഷ

യുഎസിലെ പർഡ്യൂ സർവകലാശാലയിൽ നിന്നു ബിരുദവും ജോർജ്ടൗൺ സർവകലാശാലയിൽ നിന്നു മാനേജ്‌മെന്‌റ് ബിരുദാനന്തര ബിരുദവും സിരിഷ നേടിയിയിരുന്നു. തുടർന്ന് ടെക്‌സസിൽ എയ്‌റോസ്‌പേസ് എൻജിനീയറായും പിന്നീട് കമേഴ്‌സ്യൽ സ്‌പേസ് ഫ്‌ളൈറ്റ് ഫെഡറേഷനിൽ സ്‌പേസ് പോളിസി വിദഗ്ധയായും ജോലി നോക്കി.2015 ൽ ആണ് സിരിഷ വെർജിൻ ഗലാക്റ്റിക് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്.

sirisha

വിഎസ്എസ് യൂണിറ്റിയിൽ യുഎസിലെ ന്യൂമെക്‌സിക്കോയിലെ വെർജിൻ ഗലാറ്റിക് സ്റ്റേഷനിൽ നിന്നു സിരിഷ യാത്ര ചെയ്തെങ്കിലും ഇതൊരു പൂർണ ബഹിരാകാശ യാത്രയായല്ല മറിച്ച് സബ്ഓർബിറ്റൽ തലം തൊട്ട യാത്രായായാണ് പരിഗണിക്കപ്പെടുന്നത്.ആമസോൺ സ്ഥാപകൻ, ലോകത്തെ മുൻനിര ധനികൻ തുടങ്ങിയ നിലകളിൽ  ബെസോസിന്‌റെ ബഹിരാകാശ മേഖലയിലെ കമ്പനിയാണ് ബ്ലൂ ഒറിജിൻ. ന്യൂ ഷെപേഡ് എന്ന ബ്ലൂ ഒറിജിന്റെ വാഹനത്തിൽ ബെസോസും 2021ൽ ബഹിരാകാശത്തേക്കു ആദ്യ യാത്ര നടത്തിയതോടെ കമ്പനി ശ്രദ്ധേയമായി.

 ന്യൂ ഷെപേഡ് പേടകം

ബഹിരാകാശത്തെത്തിയ ആദ്യ അമേരിക്കക്കാരനായ അലൻ ഷെപേഡിന്റെ സ്മരണാർഥമാണു പേടകത്തിനു പേരു നൽകിയത്. റൺവേയിൽ ഓടേണ്ട ആവശ്യമില്ലാത്ത വെർട്ടിക്കൽ ടേക്ക് ഓഫ്, വെർട്ടിക്കൽ ലാൻഡിങ് സാങ്കേതികവിദ്യകളിലാണു ന്യൂഷെപേഡ് പേടകം പ്രവർത്തിച്ചത്. ഒരു ക്രൂ ക്യാപ്‌സ്യൂളും ബൂസ്റ്റർ റോക്കറ്റുമടങ്ങിയതാണ് ന്യൂ ഷെപേഡ്.

ക്രൂ മൊഡ്യൂളിലാണു യാത്രക്കാർ ഇരിക്കുക. പരമാവധി 6 പേർക്ക് ഇരിക്കാം. എല്ലാ യാത്രക്കാർക്കും നിരീക്ഷണത്തിനായി വലിയ ജാലകങ്ങൾ സീറ്റിനഭിമുഖമായുണ്ട്. ബഹിരാകാശത്തെ കാഴ്ചകൾ ഇതിലൂടെ കാണാം, ആസ്വദിക്കാം, പഠനങ്ങൾ നടത്താം. 2021ൽ ഷെപ്പാഡിന്റെ മകളായ 74 വയസ്സുകാരി ലോറയും ഈ പേടകത്തിൽ യാത്ര ചെയ്തത് ശ്രദ്ധേയമായി.

വെസ്റ്റ് ടെക്‌സസിലെ സ്‌പേസ്‌പോർട്ടിൽ നിന്നാണു ന്യൂഷെപാഡിന്റെ യാത്രകൾ.11 മിനിറ്റ് നീണ്ടുനിൽക്കുന്ന യാത്രയിൽ ഭൗമനിരപ്പിൽ നിന്നു നൂറിലധികം കിലോമീറ്റർ ഉയരത്തിൽ ക്രൂമൊഡ്യൂൾ എത്ത‌ും. ബഹിരാകാശത്തിന്റെ പരമ്പരാഗത അതിർത്തി നിർവചനമായ കാർമൻ രേഖ പിന്നിട്ടുള്ള യാത്ര. ഏതാനും മിനിറ്റുകൾ കൂടി ബഹിരാകാശത്തു നിന്ന ശേഷം ക്രൂമൊഡ്യൂൾ തിരിച്ചിറങ്ങി ഭൗമോപരിതലത്തിലേക്ക് എത്തും. തുടർന്നു പാരഷൂട്ടുകളുടെയും ലാൻഡിങ് റോക്കറ്റുകളുടെയും സഹായത്തോടെ ലാൻഡ് ചെയ്യും. ആദ്യത്തെ യാത്രയിൽ ബെസോസിനൊപ്പം സഹോദരൻ മാർക്, പതിനെട്ടു വയസ്സുകാരനായ ഒലിവർ ഡീമൻ, 82 വയസ്സുകാരിയായ വാലി ഫങ്ക് എന്നിവരും ഉണ്ടായിരുന്നു.

English Summary:

Who Is Gopichand Thotakura? India's First Space Tourist To Fly On Jeff Bezos's Blue Origin Flight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com