ADVERTISEMENT

ഫെയ്‌സ്ബുക്കിന്റെയും ഗൂഗിളിന്റെയും ഡേറ്റാ ശേഖരണം കുപ്രസിദ്ധമാണ്. അവരുടെ വെബ്‌സൈറ്റില്‍ ഉപയോക്താക്കള്‍ എന്തു ചെയ്യുന്നു എന്നതുകൂടാതെ, സന്ദര്‍ശിക്കുന്ന മറ്റു വെബ്‌സൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങളടക്കം ഉപയോക്താക്കളെക്കുറിച്ചുള്ള കാര്യങ്ങള്‍ ശേഖരിക്കുകയും അത് ഉപയോക്താവിനായി പ്രത്യേകം സൃഷ്ടിച്ച പ്രൊഫൈലില്‍ സൂക്ഷിക്കുകയും ചെയ്യുന്നു എന്നാണ് പ്രധാന ആരോപണങ്ങളില്‍ ഒന്ന്. സാധാരണക്കാരായ ഉപയോക്താക്കള്‍ ഇതേക്കുറിച്ചൊന്നും അറിയുന്നുമില്ല. ഇനി തങ്ങളുടെ രാജ്യത്ത് ഉപയോക്താവിന്റെ സമ്മതമില്ലാതെ ഈ പണി തുടരാനാവില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന ചരിത്രപ്രധാനമായ വിധിയാണ് ജര്‍മ്മനി പുറപ്പെടുവിച്ചിരിക്കുന്നത്. അതുപോലെ ഫെയ്‌സ്ബുക്കിന്റെ അധീനതയിലുള്ള വാട്‌സാപ്, ഇന്‍സ്റ്റാഗ്രാം എന്നിവയിലെ ഡേറ്റ ഒരുമിപ്പിക്കാനും കമ്പനി തീരുമാനിച്ചിരുന്നു. ഇതിലൂടെയും ഉപയോക്താവിനെ കൂടുതല്‍ വ്യക്തമായി തിരിച്ചറിയാനാകും. ഇതും ഉപയോക്താവിന്റെ സമ്മതം വാങ്ങി മാത്രം ചെയ്താല്‍ മതിയെന്നും അവര്‍ വിധിച്ചിരിക്കുകയാണ്.

ജര്‍മ്മന്‍ പൗരന്മാരുടെ സ്വകാര്യതാ ബോധം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണര്‍ന്നിരിക്കുന്നു. നിര്‍ബാധം തുടരുന്ന  ഫെയ്‌സബുക്കിന്റെ ഡേറ്റാ ഖനനത്തിനെതിരെ മുന്നില്‍ നിലയുറപ്പിച്ചിരിക്കുന്ന രാജ്യമായി മാറിയിരിക്കുകയാണ് ജര്‍മ്മനി. കഴിഞ്ഞ വര്‍ഷം കേംബ്രിജ് അനലിറ്റിക്കാ വിവാദം ഉയര്‍ന്നതോടെ, ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കിനോടുള്ള ആവേശം പലരിലും തണുത്തിരുന്നു. ഉപയോക്താക്കളുടെ സമ്മതമില്ലാതെയാണ് ഡേറ്റാ എടുത്തത്. ജര്‍മ്മനിയുടെ ആന്റി ട്രസ്റ്റ് വോച്‌ഡോഗ്, തേഡ് പാര്‍ട്ടി ആപ്പുകളില്‍ നിന്ന്, വാടാസാപ്പും ഇന്‍സ്റ്റഗ്രാമും അടക്കമുളളവയില്‍ നിന്ന് ഡേറ്റാ ശേഖരിച്ച് ഫെയ്‌സ്ബുക് പ്രോഫൈലുകളില്‍ എത്തിക്കുന്ന രീതിയെ നിശിതമായി വിമര്‍ശിച്ചു. ഫെയ്‌സ്ബുക് അംഗങ്ങളല്ലാത്തവരുടെ ഡേറ്റാ പോലും കമ്പനി ശേഖരിക്കുന്നു എന്ന ആരോപണം പോലും ജര്‍മ്മന്‍ സുരക്ഷാ വിദഗ്ധര്‍ ശരിവച്ചു.

ഇപ്പോള്‍ ഫെയ്‌സ്ബുക് അടക്കമുള്ള കമ്പനികള്‍ ചെയ്യുന്ന പണി, ഒരു എഗ്രി (Agree) ബട്ടണ്‍ പിടിപ്പിക്കുക എന്നതാണ്. സേവനം ഉപയോഗിക്കണമെങ്കില്‍ ഉപയോക്താവിന് ഇത് സമ്മതിച്ചേ പറ്റൂ. ഭാവിയില്‍ ഇത്തരം കടിഞ്ഞാണില്ലാത്ത ഡേറ്റാ കളക്‌ഷന്‍ നടത്താന്‍ ഫെയ്‌സ്ബുക്കിന് അനുമതിയുണ്ടായിരിക്കുന്നതല്ലെന്നും വിധി പറയുന്നു. അതുപോലെ ഫെയ്‌സ്ബുക്കില്‍ ഉണ്ടാക്കപ്പെടുന്ന ഡേറ്റ അല്ലാതെയുള്ള വിവരങ്ങൾ ഫെയ്‌സ്ബുക്കുമായി ബന്ധിപ്പിക്കാനും പാടില്ല. ജര്‍മ്മനിയുടെ ഫെഡറല്‍ കാര്‍ടെല്‍ ഓഫിസ് മേധാവി ആന്‍ഡ്രിയാസ് മുന്‍ഡ്റ്റ് (Andreas Mundt ) പറഞ്ഞു. എന്നാല്‍ ഈ വിധിക്കെതിതരെ തങ്ങള്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ഫെയ്‌സ്ബുക് പ്രതികരിച്ചു. തങ്ങള്‍ നേരിടുന്ന ശക്തമായ മത്സരം പരിഗണിക്കാതെ നടത്തിയ വിധിയാണിതെന്ന് അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച വിധി പോലും മറികടക്കുന്നതാണ് പുതിയ നടപടിക്രമങ്ങളെന്നും അവര്‍ പറഞ്ഞു. അവരുടെ കണ്ടെത്തലുകളോട് ഞങ്ങള്‍ വിയോജിക്കുന്നു. തങ്ങള്‍ ഉപയോക്താക്കളോട് നേരിട്ടു സംസാരിക്കും. ഫെയ്‌സ്ബുക്കിന്റെ പൂര്‍ണ്ണമായ ഗുണം ലഭിക്കണമെങ്കില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നാണ് കമ്പനി പറഞ്ഞത്.

വാട്‌സാപ്, ഇന്‍സ്റ്റഗ്രാം ഡേറ്റ, ഫെയ്‌സ്ബുക്കുമായി ഒരുമിപ്പിക്കണമെങ്കില്‍ ഓരോ ഉപയോക്താവിന്റെയും അനുമതി വ്യക്തമായ രീതിയില്‍ വാങ്ങണം. ബ്രൗസിങ് ഹിസ്റ്ററിയും മറ്റും ശേഖരിച്ച് ഫെയ്‌സ്ബുക് അക്കൗണ്ടിനൊപ്പം ചേര്‍ക്കുന്നതിനും ഉപയോക്താവിന്റെ അനുമതി തേടണം. ഇതാണ് ഓര്‍ഡറില്‍ പറഞ്ഞരിക്കുന്നത്. ഉപയോക്താവ് സമ്മതപത്രം നല്‍കാതിരികക്കുകയോ, നല്‍കിയ ശേഷം തിരിച്ചെടുക്കുകയോ ചെയ്താല്‍ ഫെയ്‌സ്ബുക് ഡേറ്റാ ശേഖരണവും ഒരുമിപ്പിക്കലും നിർത്തണം. അടുത്ത 12 മാസത്തിനുള്ളില്‍ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഒരു മാസത്തിനുള്ളില്‍ ഫെയ്‌സ്ബുക്കിന് ഇതിനെതിരെ അപ്പീല്‍ നല്‍കാം. തങ്ങളുടെ നയം അനുസരിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ കമ്പനിയുടെ ആഗോള വാര്‍ഷിക വരുമാനത്തിന്റെ പത്തു ശതമാനം പിഴ ചുമത്തുമെന്നാണ് ജര്‍മ്മനി പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഫെയ്‌സ്ബുക്കിന്റെ വാര്‍ഷിക വരുമാനം 55.8 ബില്ല്യന്‍ ഡോളറായിരുന്നു. 

ഈ വിധിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് ആന്റിട്രസ്റ്റ് അഭിഭാഷകന്‍ തോമസ് വിഞ്‌ജെ പറഞ്ഞു. ഇതൊരു ചരിത്ര വിധിയാണ്. ജര്‍മ്മനിയില്‍ മാത്രമാണ് ഇതിപ്പോള്‍ ബാധകമെന്നു തോന്നാമെങ്കിലും മറ്റു രാജ്യങ്ങളും 'ഇറക്കുമതി' ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് ഫെയ്‌സ്ബുക് അനുവര്‍ത്തിച്ചുവരുന്ന ബിസിനസ് മാതൃകയ്ക്ക് കാര്യമായ ആഘാതം സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക് നല്‍കാനിരിക്കുന്ന അപ്പീലില്‍ കാര്‍ട്ടെലിന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് കോടതിയെ ബോധിപ്പിക്കല്‍ എളുപ്പമായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജര്‍മ്മന്‍ ജസ്റ്റിസ് മിനിസ്റ്റര്‍ കാറ്ററീന ബാര്‍ലി വിധിയെ സ്വാഗതം ചെയ്തു. ഉപയോക്താക്കള്‍ക്ക് മിക്കപ്പോഴും ഈ ഡേറ്റ ചോര്‍ത്തലിനെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരിക്കില്ല. കൂടാതെ അറിഞ്ഞാല്‍ പോലും അതു തടയാനുമാകില്ലെന്ന് അവര്‍ റോയിട്ടേഴ്‌സിനോടു പറഞ്ഞു. ഡേറ്റാ ശേഖരണത്തിലൂടെ ലഭിക്കുന്ന അധികാരത്തിനെതിരെ പോരാടാനാണ് ജര്‍മ്മനിയുടെ തീരുമാനം. രാജ്യങ്ങള്‍ക്കു പോലും ലഭിക്കാത്ത തരം ഡേറ്റയാണ് സ്വകാര്യകമ്പനികള്‍ ഖനനം ചെയ്യുന്നത്. ഒരോ രാജ്യത്തെയും നിയമങ്ങളെ നോക്കുകുത്തികളാക്കിയാണ് അവരിതു ചെയ്യുന്നതെന്നതും ഇതൊക്കെ മനസ്സിലാക്കാനുള്ള പ്രാപ്തിയുള്ള ഉപയോക്താക്കള്‍ കുറവാണെന്നതും പ്രശ്‌നം വഷളാക്കുന്നു. ഫെയ്‌സബുക്കിന്റെയും ഗൂഗിളിന്റെയും ഡേറ്റാ ഖനനത്തിനെതിരെ രാജ്യങ്ങള്‍ രംഗത്തിറങ്ങുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അത് ആദ്യമായി ചെയ്യുന്ന രാജ്യമായി തീര്‍ന്നിരിക്കുകയാണ് ജര്‍മ്മനി.

തമാശ: തങ്ങള്‍ അതിശക്തമായ മത്സരം നേരിടുന്നതായാണ് ഫെയ്‌സ്ബുക് പറഞ്ഞത്. ഫെയ്‌സബുക്കിന് ഏകദേശം 23 ദശലക്ഷം ഉപയോക്താക്കളാണ് ജര്‍മ്മനിയിലുള്ളത്. അതായത് സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 95 ശതമാനം പേരും ഫെയ്‌സ്ബുക് ഉപയോഗിക്കുന്നു. ആകെയുള്ള എതിരാളി ഗൂഗിള്‍ പ്ലസ് ആയിരുന്നു. അതു പൂട്ടിയും പോയി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com