ADVERTISEMENT

വിവിധ സ്മാർട് ഫോൺ ആപ്പുകൾ ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ ഫെയ്‌സ് ബുക്കിനു നൽകുന്നുവെന്ന വെളിപ്പെടുത്തലിനു പിന്നാലെ, ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുവാമോ സമൂഹമാധ്യമ ഭീമനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ഫെയ്‌സ് ബുക്കിൽ അംഗങ്ങളാത്തവരുടെ വരെ ആർത്തവചക്രം മുതലുള്ള ആരോഗ്യവിവരങ്ങൾ അടക്കം നിർണായക സ്വകാര്യവിവരങ്ങൾ ചോർത്തുന്നുവെന്നാണു യുഎസ് ദിനപത്രമായ വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത്.

രക്തസമ്മർദം, ശരീരഭാരം, ആർത്തവചക്രം, ഗർഭസ്ഥിതി, വീട്ടു ഷോപ്പിങ് തുടങ്ങിയ ഏറ്റവും സ്വകാര്യമായ വിവരങ്ങളാണ് ആപ്പുകൾ ശേഖരിക്കുന്നത്. ഈ വിവരങ്ങൾ വ്യക്തികളുടെ അറിവോ സമ്മതമോ ഇല്ലാതെയാണു ഫെയ്‌സ് ബുക് ചോർത്തുന്നത്. ഫെയ്സ്ബുക് അംഗങ്ങളല്ലാത്തവരുടെയും വ്യക്തിവിവരങ്ങൾ സമൂഹമാധ്യമം സ്വന്തമാക്കുന്നു. പരസ്യ ആവശ്യത്തിനായി ശേഖരിക്കുന്ന വ്യക്തിവിവരങ്ങൾ പങ്കുവയ്ക്കുന്നതു അംഗീകൃത രീതിയാണെന്നാണു ഫെയ്‌സ് ബുക്കിന്റെ നിലപാട്.

എന്നാൽ, റിപ്പോർട്ട് വിവാദമായതോടെ ആപ്പുകളോടു ഇത്തരം വ്യക്തിവിവരങ്ങൾ തങ്ങൾക്കു നൽകരുതെന്നു ആവശ്യപ്പെട്ടതായി കമ്പനിയുടെ വക്താവ് നിസ ആങ്കിൾസാരിയ പറ‍ഞ്ഞു. ‘പങ്കുവയ്ക്കപ്പെടാൻ പാടില്ലാത്ത വ്യക്തിവിവരങ്ങൾ കണ്ടെത്തി നീക്കം ചെയ്യാനും നടപടികളെടുത്തിട്ടുണ്ട്’. ന്യൂയോർക്ക് അധികൃതരുടെ അന്വേഷണത്തോടു സഹകരിക്കുമെന്നും വ്യക്തമാക്കി.

ഫെയ്‌സ്ബുക്കിന്റെ രഹസ്യവും ചോർത്തി

ഫെയ്‌സ് ബുക് സിഇഒ മാർക് സക്കർബർഗും കമ്പനിയുടെ മറ്റ് എക്സിക്യൂട്ടീവുമാരും തമ്മിൽ നടത്തിയ ആഭ്യന്തര സംഭാഷണങ്ങൾ ചോർന്നു. നയപരമായ വിവരങ്ങൾ വിശദീകരിക്കുന്ന കമ്പനിയുടെ അതീവ രഹസ്യമായ 2012 ലെ രേഖ അടക്കമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.

നിശ്ചയിച്ച തീയതിക്കു മുൻപേ സമൂഹമാധ്യമത്തിന്റെ വരുമാന വിവരങ്ങൾ പുറത്തായതുമായി ബന്ധപ്പെട്ട് തേഡ് പാർട്ടി ആപ്പുമായുള്ള കേസുകാര്യങ്ങൾ സിഇഒയും എക്സിക്യൂട്ടീവുമാരും ചർച്ച ചെയ്യുന്ന 60 പേജ് രേഖകളാണ് ഇന്റർനെറ്റിൽ പരസ്യമായത്. ഇതോടൊപ്പം ആഗോള പൊതുനയം സംബന്ധിച്ച 2012 ൽ ഫെയ്സ് ബുക് വൈസ് പ്രസിഡന്റ് നൽകിയ 8 പേജ് മെമ്മോയും പരസ്യമായി. ആൻഡ്രോയിഡ് ആപ്പുകളിൽ നിന്നുള്ള വ്യക്തിവിവര ശേഖരണം, ലോകത്തെമ്പാടും രാഷ്ട്രീയക്കാരെ സ്വാധീനിച്ചു നിർത്തേണ്ടതിന്റെ ആവശ്യം തുടങ്ങിയ വിവരങ്ങളും രേഖകളിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com