ADVERTISEMENT

ലോക ടെക്‌നോളജി രംഗത്തെ ഭീമന്മാരായ ആപ്പിളും ഫെയ്‌സ്ബുക്കും തമ്മില്‍ വീണ്ടും സംഘര്‍ഷം. കഴിഞ്ഞ മാസം പെട്ടെന്നാണ് ആയിരക്കണക്കിന് ഫെയ്‌സ്ബുക് ജോലിക്കാര്‍ക്ക് ഐഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്ന അവരുടെ ഗവേഷണ ആപ് പ്രവര്‍ത്തനരഹിതമായത്. ആപ്പിളിന്റെ ഡെവലപ്പര്‍ക്കുളള നയം ലംഘിക്കപ്പെട്ടതിനാലാണ് ആപ്പിള്‍ ഇത് പ്രവര്‍ത്തിക്കാതാക്കിയത്. ആപ്പിളിന്റെ സമ്മതത്തോടെ, ഡേറ്റ ശേഖരിക്കാന്‍ ഫെയ്‌സ്ബുക്കിന്റെ ജോലിക്കാര്‍ കമ്പനിക്കുള്ളില്‍ ഉപയോഗിച്ചിരുന്ന ആപ്പാണിത്. ആപ്പിളിന്റെ ആപ് സ്റ്റോറിനു വെളിയില്‍, 'സ്‌പെഷ്യല്‍ എന്റര്‍പ്രൈസ് പ്രോഗ്രാമില്‍' ഉള്‍പ്പെടുത്തി ഫെയ്‌സ്ബുക്കിന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്ന ഈ ആപ്പിന്റെ സുരക്ഷാ സര്‍ട്ടിഫിക്കറ്റ് ആപ്പിള്‍ പിന്‍വലിച്ചതിനാലാണ് ആപ്പിന്റെ പ്രവര്‍ത്തനം നിലച്ചത.്

 

ആപ്പിളിന്റെ ഈ നീക്കത്തോടെ ഫെയ്‌സ്ബുക് കമ്പനിക്കുള്ളില്‍ ഉപയോഗിച്ചിരുന്ന ആപ്പിന്റെ പ്രവര്‍ത്തനം പാടേ നിലച്ചു. ഈ വിഷമം പിടിച്ച സാഹചര്യത്തെ ഫെയ്‌സ്ബുക് ഒരു 'ഗുരുതരമായ പ്രശ്‌നം' എന്നാണ് വിശേഷിപ്പിച്ചത്. ജോലിക്കാരുടെ യാത്രയ്ക്കുള്ള ക്രമീകരണങ്ങള്‍, മധ്യാഹ്ന ഭക്ഷണത്തിന്റെ മെന്യു തുടങ്ങിയവ മുതല്‍ മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയുടെ ബീറ്റാ വേര്‍ഷനുകള്‍ അടക്കമുള്ള പ്രോഗ്രാമുകളെല്ലാം നിശ്ചലമാകുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍ ഇത് ഓഫിസര്‍മാരുടെ ജോലി തടസ്സപ്പെടുത്തിയെങ്കിലും ഫെയ്‌സ്ബുക്കിന്റെ സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് ഒരു പ്രശ്‌നവുമുണ്ടാക്കിയില്ല.

 

ഇതിനു മുൻപു ഈ രണ്ടു കമ്പനികളും ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും പുതിയ സാഹചര്യത്തിനു വഴിവച്ചത്, 'ഫെയ്‌സ്ബുക് റിസേര്‍ച്' എന്നൊരു ആപ് ഫെയ്‌സ്ബുക്കിനു വെളിയില്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ട് വന്നതിനു ശേഷമാണ്. ഈ ആപ്പിലൂടെ ഉപയോക്താക്കളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം ട്രാക്കു ചെയ്യുകയായിരുന്നു ഫെയ്‌സ്ബുക് ചെയ്തിരുന്നത്. ആളുകള്‍ ഫോണുകളില്‍ എന്തു ചെയ്തിരുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ മുഴുവന്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി തിരഞ്ഞെടുത്തിരുന്ന ഉപയോക്താക്കള്‍ക്കു അവര്‍ പൈസയും നല്‍കിയിരുന്നു. ഉപയോക്താക്കളുടെ ഇന്റര്‍നെറ്റ് ഉപയോഗം അടക്കം അവര്‍ ഫോണുകളില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം അറിയുക എന്നതായിരുന്നു കമ്പനിയുടെ ലക്ഷ്യം. 'പ്രൊജക്ട് അറ്റ്‌ലസ്' എന്ന പേരില്‍ ഫെയ്‌സ്ബുക്കിനുള്ളില്‍ അറിയപ്പെട്ടിരുന്ന ഗവേഷണ പ്രോഗ്രാം ഇന്‍സ്‌റ്റാള്‍ ചെയ്യുന്നതിന് അവര്‍ ടീനേജര്‍മാര്‍ അടക്കമുള്ളവര്‍ക്ക് പ്രതിമാസം 20 ഡോളര്‍ വരെ നല്‍കിയിരുന്നു. ഈ പ്രോഗ്രാമില്‍ ചേരുന്നവര്‍ ഒരു വിപിഎന്‍ തങ്ങളുടെ സ്മാര്‍ട് ഫോണുകളില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യേണ്ടിയിരുന്നു. ഇത് ഉപയോക്താവിനും ഫെയ്‌സ്ബുക്കിനുമിടയില്‍ ഒരു മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കും. പതിമൂന്നു മുതല്‍ പതിനേഴു വയസുവരെ പ്രായമുള്ളവരടക്കമുള്ളവര്‍ പോലും ഈ പ്രോഗ്രാമില്‍ ചേര്‍ന്നിരുന്നു. അവരുടെ സ്മാര്‍ട് ഫോണ്‍ ഉപയോഗത്തിന്റെ ഡേറ്റ മുഴുവന്‍ ലഭിക്കുക എന്നത് ഒരു അക്ഷയഖനി പോലെയായിരുന്നു ഫെയ്‌സ്ബുക്കിന്. (ടെക് ഭീമന്മാര്‍ക്ക് ഡേറ്റ എത്ര അത്യാവശ്യമുള്ള ഒന്നാണ് എന്നതിന്റെ പ്രത്യക്ഷ തെളിവാണിത്.) ടീനേജര്‍മാരുടെ ഡേറ്റ എടുക്കാന്‍ മാതാപിതാക്കളുടെ സമ്മതവും വാങ്ങിയിരുന്നു. 

 

ആപ്പിള്‍ പിന്നീട് ഇത്തരം ഡേറ്റ ശേഖരണ ആപ്പുകള്‍ ബാന്‍ ചെയ്യുകയായിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക് വളഞ്ഞ വഴിയിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനായി. തങ്ങള്‍ക്ക് ഓഫിസിനുള്ളില്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്ന പ്രോഗ്രാം, സമ്മതം വാങ്ങിയിരുന്ന ഉപയോക്താക്കളുടെ ഫോണുകളില്‍ ഇന്‍സ്‌റ്റാള്‍ ചെയ്ത് ഡേറ്റാ ഖനനം തുടരുകയായിരുന്നു. ആപ്പിളിനു നല്‍കിയിരുന്ന പ്രതിജ്ഞാ പത്രത്തിന്റെ നഗ്നമായ ലംഘനമായിരുന്നു ഇത്. കമ്പനിക്കുള്ളില്‍ ജോലിക്കാര്‍ മാത്രമെ ഇത് ഉപയോഗിക്കാവൂ എന്നായിരുന്നു ആപ്പിളിനു നല്‍കിയിരുന്ന ഉറപ്പ്. ഫെയ്‌സ്ബുക്കിന്റെ പ്രോഗ്രാമില്‍ ചേര്‍ന്നിരുന്ന ഉപയോക്താക്കളുടെ ഫോണുകളല്‍ കമ്പനിക്കുള്ളില്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്ന ആപ് സൈഡ്‌ലോഡ് ചെയ്താണ് കമ്പനി ആപ്പിളിനെ പറ്റിച്ചുകൊണ്ടിരുന്നത്. അങ്ങനെ സൈഡ് ലോഡു ചെയ്ത ഫോണുകളില്‍ ആപ്പിളിന്റെ ആപ് സ്റ്റോറിനു വെളിയിലുള്ള ആപ്പുകളും ഇന്‍സ്റ്റാള്‍ ചെയ്യാം.

 

ഈ പ്രവര്‍ത്തി കൈയ്യോടെ പിടികൂടിയപ്പോള്‍, ഫെയ്‌സ്ബുക് തങ്ങള്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ഡേറ്റാ ഖനനം തുടരുമെന്നും പറഞ്ഞിരുന്നെങ്കിലും പിന്നീട് തങ്ങളുടെ ഐഒഎസ് ആപ് പിന്‍വലിക്കുകയാണ‌െന്ന് കമ്പനി പ്രസ്താവന ഇറക്കി. പക്ഷേ, മണിക്കൂറുകള്‍ക്കുള്ളില്‍ ആപ്പിളിന്റെ പ്രതികരണം വന്നു. ഫെയ്‌സ്ബുക് പിന്‍വലിച്ചതല്ല മറിച്ച് കമ്പനിക്കുള്ളില്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്ന പ്രത്യേക അനുമതിപത്രം ആപ്പിള്‍ റദ്ദു ചെയ്തതു മൂലമാണ് ആപ് പ്രവര്‍ത്തനരഹിതമായതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഇത്. എന്നാല്‍, ഉപയോക്താക്കളുടെ ഫോണുകളില്‍ ഇന്‍സ്‌റ്റാള്‍ ചെയ്ത് ഡേറ്റ ഊറ്റുന്ന പ്രോഗ്രാം അത്ര രഹസ്യമൊന്നുമല്ലായിരുന്നു എന്നാണ് ഫെയ്‌സ്ബുക് പ്രതികരിച്ചത്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇപ്പോഴും ഗവേഷണം തുടരുന്നുണ്ട്.

 

എന്നാല്‍ ഇത് ഇരു കമ്പനികളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിച്ചിരിക്കുന്നു. ആപ്പിള്‍ ഒരു കംപ്യൂട്ടര്‍ കമ്പനിയാണ്. ഫെയ്‌സ്ബുക്കാകട്ടെ ഇന്റര്‍നെറ്റില്‍ കുരുത്ത കമ്പനിയും. തങ്ങളുടെ ഉപയോക്താക്കളുടെ ഡേറ്റ ഒരിക്കലും എടുക്കില്ലെന്ന് നാഴികയ്ക്കു നാലുവട്ടം ആണയിടുന്ന കമ്പനിയാണ് ആപ്പിള്‍. (ഇത് കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വികസനത്തെയും മറ്റും പിന്നോട്ടടിക്കുന്നുവെന്നു വാദിക്കുന്നവരുമുണ്ട്.) പക്ഷേ, ഫെയ്‌സ്ബുക് ആകട്ടെ ഉപയോക്താക്കളുടെ ഡേറ്റ എടുക്കുന്നതില്‍ ഒരു വിഷമവും ഇല്ലാത്ത കമ്പനിയുമാണ്. അവര്‍ സ്വകാര്യ ഡേറ്റ ശേഖരിച്ചു വയ്ക്കുന്നുവെന്നും ഗവേഷണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നും മറ്റു കമ്പനികള്‍ക്ക് വില്‍ക്കുന്നു എന്നുമെല്ലാം ആരോപണങ്ങളുണ്ട്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും സ്വകാര്യത പൗരന്മാരുടെ മൗലികാവകാശമാണെങ്കിലും പല ഇന്റര്‍നെറ്റ് കമ്പനികളും ഡേറ്റ ഖനനം നിര്‍ബാധം തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com