sections
MORE

സെക്സ്, ലഹരി, ആഭാസ ഡാൻസ്... ചൈനീസ് ടിക് ടോക് വേണ്ടെന്ന് ഹൈക്കോടതി

tik-tok
SHARE

ചൈനീസ് ഷോർട് വിഡിയോ ആപ്ലിക്കേഷൻ ടിക് ടോക് അടിയന്തരമായി നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോടു മദ്രാസ് ഹൈക്കോടതി. സെക്സ്, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളെ ഉൾപ്പെടുത്തിയുള്ള പോണോഗ്രഫി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ആപ് നിരോധിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ടിക് ടോകിലെ ആഭാസ വിഡിയോകൾ പ്രദർശിപ്പിക്കുന്നതിന് മാധ്യമങ്ങൾക്കും ഹൈക്കോടതി നിയന്ത്രണമേർപ്പെടുത്തി.

മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് ഉത്തരവ്. ജസ്റ്റിസ് എൻ. കൃപാകരൻ, എസ്.എസ്. സുന്ദർ എന്നിവരടങ്ങിയ ബഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്. ഇത് സംബന്ധിച്ച ഏപ്രിൽ പതിനാറാം തീയതിക്കകം തീരുമാനം അറിയിക്കാനാണ് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുള്ളത്.

മധുര സ്വദേശിയും സാമൂഹികപ്രവർത്തകനുമായ അഡ്വ. മുത്തുകുമാർ നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിച്ചാണ് കോടതിയുടെ നിർദ്ദേശം. രാജ്യത്ത് കഴിഞ്ഞ കുറച്ചു മാസങ്ങളായി സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനു ടിക് ടോക് കാരണമാകുന്നുണ്ടെന്നും ആപ്പിന് വിലക്കേർപ്പെടുത്തണം എന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. 

കുട്ടികളാണ് ടിക്ക് ടോക്ക് കൂടുതലായി ഉപയോഗിക്കുന്നതെന്നും ഇത്തരം വിഡിയോകൾ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്. അമേരിക്കയും ഇന്തൊനീഷ്യയും സ്വകാര്യത മുൻനിർത്തി ടിക് ടോക്കിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഈ രാജ്യങ്ങളെ ഇന്ത്യ മാതൃകയാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. കേസ് ഏപ്രിൽ 16നു വീണ്ടും പരിഗണിക്കും.

നാട്ടിൽ എന്താണു സംഭവിക്കുന്നത്?

ചെറിയ വിഡിയോ ക്ലിപ്പുകളോട് കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഇടയില്‍ ഉടലെടുത്ത സമീപകാല ജ്വരം മുതലെടുക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് വിഡിയോ ആപ്പുകളെന്നു കാണാം. യുട്യൂബ് പോലത്തെ വിഡിയോ സര്‍വീസുകളില്‍ അപ്‌ലോഡു ചെയ്താല്‍ പിടിക്കപ്പെട്ടേക്കാമെന്നു കരുതി മാറ്റിവച്ച ക്ലിപ്പുകള്‍ പോലും ചൈനീസ് ആപ്പുകളില്‍ അപ്‌ലോഡു ചെയ്യപ്പെടുന്നുണ്ടെന്നും ഇതൊക്കെ ടീനേജിലെത്താത്ത കുട്ടികള്‍ പോലും കണ്ടേക്കാമെന്നും പറയപ്പെടുന്നു. അതിലേറെ ഇത്തരം വിഡിയോകള്‍ അപ്‌ലോഡു ചെയ്യുന്നവരുടെ മുതലെടുപ്പിനും കുട്ടികളും മറ്റും ഇരയായേക്കാമെന്നും വാദമുണ്ട്. ഈ പ്ലാറ്റ്‌ഫോമുകളിലുള്ള പ്രായപൂര്‍ത്തിയായവര്‍ക്കുള്ള ഉള്ളടക്കം നിയമലംഘനമായി കാണാമെന്നും വിദഗ്ധര്‍ പറയുന്നു. സെക്സ്, മദ്യപാനം, കഞ്ചാവ് പുകയ്ക്കല്‍, അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി വിഡിയോകൾ ഇത്തരം ആപ്പുകളിൽ കാണാം. യുട്യൂബിൽ ബ്ലോക്ക് ചെയ്യുന്ന ഇത്തരം ഭീകര ദൃശ്യങ്ങള്‍ ഒരു നിയന്ത്രണവും കൂടാതെയാണ് ടിക് ടോക് പോലുള്ള ആപ്പുകളിൽ പോസ്റ്റ് ചെയ്യാൻ അനുവദിക്കുന്നത്. ഇത്തരം വിഡിയോകൾ റിപ്പോർട്ട് ചെയ്യാനോ നീക്കം ചെയ്യാനോ വേണ്ടത്ര അവസരവും ഈ ആപ്പുകളിൽ ഇല്ല.

ഇവയെല്ലാം ഇന്ത്യയിലെ ഇടത്തരം നഗരങ്ങളില്‍ തരംഗം തീര്‍ക്കുകയാണെന്നാണ് കണ്ടെത്തല്‍. ഇക്കിളിപ്പെടുത്തുന്ന വിഡിയോകള്‍, അര്‍ഥഗര്‍ഭമായ നോട്ടിഫിക്കേഷന്‍സ്, ദ്വയാര്‍ഥമടങ്ങുന്ന തമാശകള്‍ തുടങ്ങി പച്ചയായ ആഭാസം വരെ ഇവയിലൂടെ പ്രചരിപ്പിക്കപ്പെടുന്നുവെന്നാണ് ആരോപണം.

ടിക്‌ടോക്കിലെ 15 സെക്കന്‍ഡ് വിഡിയോകള്‍ പരിശോധിച്ചാല്‍ മനസിലാകുന്നത് അവയില്‍ നിഷ്‌കളങ്കമായ ക്ലിപ്പുകള്‍ മുതല്‍ ആഭാസത്തരങ്ങള്‍ വരെ ഉണ്ടെന്നാണ്. ഏതു യൂസറെയാണ് ഫോളോ ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചാണിത്. അനുദിനം പ്രചാരമേറുന്ന ഈ ആപ്പിന് ഇന്ത്യയിൽ രണ്ടു കോടി ഉപയോക്താക്കളുണ്ട്‍.

ചൈനീസ് വിഡിയോ ആപ്പുകള്‍ക്ക് പ്രാദേശിക സ്റ്റാറുകളുമുണ്ട്. ടിക്‌ ടോക്കിന്റെ Awez Darbar ഒരു ഉദാഹരണമാണ്. ഈ യൂസര്‍ക്ക് ഇപ്പോള്‍ 42 ലക്ഷം ഫോളോവര്‍മാരാണുള്ളത്. ഇത്തരം പ്ലാറ്റ്‌ഫോമുകളെല്ലാം എഴുതി കാണിക്കുന്നത് ഇത് കുട്ടികള്‍ക്കുള്ളതല്ല എന്നാണെങ്കിലും ഇവയുടെ കാഴ്ചക്കാരിലേറെയും ടീനേജിലോ, അതിലും കുറവോ പ്രായമുള്ളവരാണ് എന്നതാണ് ഏറ്റവും പ്രശ്‌നമുള്ള കാര്യമായി പറയപ്പെടുന്നത്. ഇത്തരം ആപ്പുകള്‍ ഉപയോഗിക്കണമെങ്കില്‍ മാതാപിതാക്കളുടെ അനുവാദം വേണമെന്ന നിബന്ധനയൊന്നും ഒരു ആപ്പിലുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ദേശീയ സുരക്ഷയുടെ വീക്ഷണകോണില്‍ നിന്നു നോക്കിയാല്‍ കുട്ടികളെ സെന്‍സിറ്റീവ് ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിയമം ഈ ആപ്പുകള്‍ക്കെതിരെ വാളോങ്ങുന്നില്ലെന്ന് ഒരാള്‍ ചൂണ്ടിക്കാണിക്കുന്നു.

ഐടി നിയമപ്രകാരവും ഇവയ്‌ക്കെതിരെ നടപടിയെടുക്കാവുന്നതാണ്. ടിക്‌ ടോക്കിലും, ക്വായിലും, ലൈക്കിലുമൊക്കെ ധാരാളം കൊച്ചു പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ടീനേജ് എത്താത്ത കുട്ടികളുടെയും പ്രൊഫൈലുകള്‍ കാണാമെന്നാണ് മറ്റൊരു നിരീക്ഷണം.

ഈ ആപ്പുകളില്‍ പലതും ഇന്ത്യന്‍ ഭാഷകളിൽ ലഭ്യമാണെന്നതും അവയെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാമിനെക്കാൾ പ്രിയങ്കരമാക്കുന്നു. എന്നാല്‍, അവരുടെ സ്വകാര്യതാ നയം ഈ ഭാഷകളിലില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. അനുദിനം പ്രചാരമേറുകയാണെങ്കിലും ഇതുവരെ ടിക്‌ടോക് ഇന്ത്യയില്‍ പ്രശ്‌ന പരിഹാരത്തിനായി ആരെയും നിയമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഉപയോക്താക്കള്‍ പരാതി നല്‍കിയാല്‍ മാത്രമായിരിക്കും അധികാരികള്‍ നടപടികള്‍ സ്വീകരിക്കാന്‍ വഴിയുള്ളുവെന്നും പറയുന്നു. ആരെങ്കിലുമൊക്കെ ഇത്തരം കേസുകള്‍ നല്‍കിത്തുടങ്ങിയില്ലെങ്കില്‍ ഒന്നും ചെയ്യാനാവില്ല എന്നാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഇതൊന്നും കൂടാതെയാണ് ചൈനീസ് കമ്പനികള്‍ ചോർത്തുന്ന ഇന്ത്യന്‍ ഡേറ്റ. ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ലൊക്കേഷന്‍, കോണ്ടാക്ട്‌സ്, വിഡിയോയും, ഓഡിയോയും റെക്കോർഡു ചെയ്യാനുള്ള അനുവാദം, നെറ്റ്‌വര്‍ക്കിലേക്കു കടക്കാനുള്ള അനുവാദം ഇവയെല്ലാം വാങ്ങിയാണ് ഫോണുകളില്‍ ഇവ പതുങ്ങിക്കിടിക്കുന്നത്.

ടിക്‌ടോക്കിനെ ചില രാജ്യങ്ങള്‍ താത്കാലികമായി ബാന്‍ ചെയ്തിരുന്നു. പത്തു വയസില്‍ താഴെയുള്ള കുട്ടികളുടെ പോലും സ്വകാര്യത സംരക്ഷിക്കാത്ത ആപ് എന്ന നിലയില്‍ ടിക്ടോക് ഹോങ്കോങ്ങില്‍ നിയമക്കുരുക്കില്‍ പെട്ടിട്ടുണ്ട്. ആപ്പിലൂടെ കടന്നുവരുന്ന ജനങ്ങളുടെ വിവരം മുഴുവന്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്നും ടിക് ടോക് പറഞ്ഞിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA