sections
MORE

തമോഗര്‍ത്ത ഗവേഷകയ്‌ക്കെതിരെ ലിംഗവിവേചന ഗൂഢാലോചന, പിന്നിൽ യുട്യൂബും

Katie-Bouman-at-laptop
SHARE

ഗൂഗിളിന്റെയും യുട്യൂബിന്റെയും സേര്‍ച്ചുകളെ കണ്ണടച്ചു വിശ്വസിക്കരുതെന്നാണ് പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കാര്യം പരിശോധിച്ചു തുടങ്ങാം. ഗൂഗിളിന്റെ സേര്‍ച്ച് ഫലങ്ങള്‍ കൃത്രിമാമായി സൃഷ്ടിക്കുന്നതാണ് എന്നായിരുന്നു അദ്ദേഹം അവകാശപ്പെട്ടത്. അദ്ദേഹത്തിന്റെ അവകാശവാദം ശരിയാണെന്ന് നമുക്കും തോന്നാം. കാരണം ഒരിടയ്ക്ക് അമേരിക്കയില്‍ 'ഇഡിയറ്റ്' (മൂഢന്‍) എന്നു ഗൂഗിള്‍ ഇമേജസില്‍ സേര്‍ച്ചു ചെയ്താല്‍ ട്രംപിന്റെ പടമായിരുന്നു മുന്നില്‍ വന്നിരുന്നത്! അല്‍ഗോറിതങ്ങളുടെ പിഴവാണിതെന്ന് ഗൂഗിള്‍ വിശദീകരണം നല്‍കിയെങ്കിലും അതില്‍ എത്ര വിശ്വാസ്യത ഉണ്ടാകാമെന്ന് ആലോചിച്ചു നോക്കാവുന്ന കാര്യമാണ്. അക്കാലത്തെ് വെറുതെ 'ട്രംപ്' എന്നു മാത്രം സേര്‍ച്ചു ചെയ്താല്‍ കിട്ടുന്ന റിസള്‍ട്ടുകളില്‍ പലതും അദ്ദേഹത്തെക്കുറിച്ച് മോശം അഭിപ്രായം തോന്നിക്കത്തരത്തിലുളളവയാണെന്നും ആരോപണമുയര്‍ന്നിരുന്നു. അദ്ദേഹവും ടെക് കമ്പനികളും തമ്മിലുള്ള ബന്ധം വഷളാക്കിയതിനു പിന്നില്‍ ഈ സംഭവവും വലിയ പങ്കുവഹിച്ചു. ഗൂഗിള്‍, അല്‍ഗോറിതങ്ങളെ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ മാറ്റി മറിക്കുന്നുവെന്ന് ചില ടെക് വിദഗ്ധര്‍ അന്നേ ചൂണ്ടിക്കാണിച്ചിരുന്നു.

ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബാണ് ഇപ്പോള്‍ ആരോപണ വിധേയം. തമോഗര്‍ത്ത ഗവേഷക ഡോക്ടര്‍ കാറ്റി ബോമന് (Katie Bouman) ചീത്തപ്പേരു സമ്പാദിച്ചു നല്‍കാന്‍ യുട്യൂബ് അമിതോത്സാഹം കാണിച്ചു എന്നാണ് പുതിയ ആരോപണം. കഴിഞ്ഞയാഴ്ച തമോഗര്‍ത്തത്തിന്റെ ആദ്യ ചിത്രം പുറത്തിറക്കി ലോക ശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് കാറ്റി. എന്നാല്‍, ഒരു കൂട്ടം ആളുകള്‍ കാറ്റിക്കെതിരെ ആരോപണമുയര്‍ത്തി വിഡിയോ പുറത്തിറക്കി. ഇതാകട്ടെ ലിംഗവിവേചനം പ്രോത്സാഹിപ്പിക്കുന്നുവെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. കാറ്റിയുടെ വിമര്‍ശകര്‍ പുറത്തിറക്കിയ വിഡിയോ പറയുന്നത് ടീമിലുണ്ടായിരുന്ന ഒരു പുരുഷന്‍ ചെയ്ത ജോലിയുടെ കീര്‍ത്തി കാറ്റി തട്ടിയെടുക്കുകയായിരുന്നു എന്നാണ്. അവര്‍ ഇറക്കിയ വിഡിയോ ആദ്യം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. പിന്നീടത് യുട്യൂബിലും എത്തി. യുട്യൂബില്‍ കാറ്റി ബോമന്‍ എന്നോ, ബോമന്‍ എന്നോ എല്ലാം സേര്‍ച്ചു ചെയ്താലും മിസ്റ്റര്‍ ഒബ്‌വിയസ് ( Mr. Obviosu എന്ന പേരില്‍ ചെയ്തിട്ട വിഡിയൊ ആദ്യ റിസള്‍ട്ടായി പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

വിഡിയോയുടെ വിവരണത്തില്‍ തന്നെ പറയുന്നത്, ജോലിയൂടെ 6 ശതമാനം മാത്രം ചെയ്ത പെണ്ണ് നൂറു ശതമാനം അംഗീകാരം അടിച്ചെടുത്തുവെന്നാണ്. ഇവന്റ് ഹൊറൈസണിന്റെ പ്രൊജക്ടില്‍, ആന്‍ഡ്രൂ ചായല്‍ (Andrew Chael) എന്ന വ്യക്തിയാണ് തമോഗര്‍ത്ത ചിത്രം സൃഷ്ടിക്കുന്നതിനു വേണ്ട 850,000 ലൈന്‍ കോഡുകളും എഴുതിയത്. കാറ്റിയാകട്ടെ ഏതാനും ആയിരം കോഡുകള്‍ മാത്രമാണ് എഴുതിയത്. ഈ വിഡിയോ ടാഗു ചെയ്തിരിക്കുന്ന പദാവലിയും ശ്രദ്ധേയമാണ്. പ്രോഗ്രസീവ് അജണ്ട, ക്രെഡിറ്റു തട്ടിയെടുത്തു, ഒരു പെണ്ണിനെക്കുറിച്ചുള്ള സത്യം, തുടങ്ങിയവയാണ്. വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ ചായല്‍ തന്നെ രംഗത്തെത്തി ട്വിറ്ററില്‍ ഇതു ശരിയല്ലെന്നു വിശദീകരിയ്ക്കുകയും ചെയ്തു.

ഇതിനു ശേഷം മണിക്കൂറുകള്‍ കഴിഞ്ഞും യുട്യൂബ് സേര്‍ച്ചില്‍ മിസ്റ്റര്‍ ഒബ്‌വിയസിന്റെ വിഡിയോ പ്രഥമസ്ഥാനത്തെത്തി എന്നതാണ് ടെക് ലോകത്ത് രോഷം പടര്‍ത്തിയത്. പിന്നീട് മിസ്റ്റര്‍ ഒബ്‌വിയസ് തന്നെ രംഗത്തെത്തി തന്റെ വിഡിയോയിലെ വിവേചനത്തല്‍ കഴമ്പില്ലെന്നു സമ്മതിക്കുകയും ചെയ്തു. ചായല്‍ 850,000 വരികള്‍ എഴുതിയില്ലെന്ന് അദ്ദേഹം സമ്മതിക്കുകയും, കാറ്റി എന്തുമാത്രം പണി ചെയ്തുവെന്നു തനിക്കറിയില്ലെന്നു പരസ്യമായി സമ്മതിക്കുകയും ചെയ്തു. എന്നാല്‍, ലിംഗവിവേചനത്തെ കൈയ്യൊഴിയാന്‍ കക്ഷി തയാറായില്ല. ഗവേഷണ ടീമില്‍ 80 ശതമാനവും പുരുഷന്മാരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാലും താന്‍ തെറ്റുതിരുത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. അതുകഴിഞ്ഞും വിഡിയോ യുട്യൂബില്‍ കാറ്റി ബോമനെക്കുറിച്ചു സേര്‍ച്ചു ചെയ്യുമ്പോള്‍ ഒന്നാം സ്ഥാനത്തെത്തി.

ഏപ്രില്‍ 12 മുതല്‍ ചില ട്വിറ്റര്‍ ഉപയോക്താക്കളാണ് യുട്യൂബിനെതിരെ മിസ്റ്റര്‍ ഒബ്‌വിയസ് വിഡിയൊയുടെ കാര്യം പറഞ്ഞ് വിമര്‍ശനമുന്നയിച്ചു തുടങ്ങിയത്. അവസാനം അത് റിസള്‍ട്ടുകളില്‍ കാണിക്കാതെയായി. യുട്യൂബ് നല്‍കിയ വിശദീകരണത്തില്‍ പറയുന്നത് ആദ്യ റിസള്‍ട്ടുകളില്‍ ഇനി തങ്ങള്‍ യാഥാര്‍ഥ്യമാണെന്നു തിട്ടപ്പെടുത്തിയ റിസള്‍ട്ടുകള്‍ക്കു പ്രാധാന്യം നല്‍കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ്. പ്രത്യേകിച്ചും വാര്‍ത്താ കേന്ദ്രീകൃതമായ സേര്‍ച്ചുകളില്‍ മിസ്റ്റര്‍ ഒബ്‌വിയസിന്റെതു പോലെയുളള വിഡിയോയ്ക്ക് കുറച്ചു പ്രാധാന്യം മാത്രം നല്‍കുമെന്നാണ് അവര്‍ പറയുന്നത്.

വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ സേര്‍ച്ചു ചെയ്യുമ്പോള്‍ പ്രാന്തപ്രദേശത്തുള്ള വിഡിയോകള്‍ പൊങ്ങി വരാതിരിക്കാനും തങ്ങള്‍ ശ്രദ്ധിക്കുമെന്ന് അവര്‍ പറഞ്ഞു. ഇത്തരം വിഡിയോകള്‍ യാഥാര്‍ഥ്യമാണെന്ന രീതിയില്‍ പ്രാധാന്യം നേടുന്നതു കുറയ്ക്കുമെന്നാണ് അവര്‍ പറയുന്നത്. യാഥാര്‍ഥ്യം മനസ്സിലാക്കാനുള്ള ശ്രമവും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അവര്‍ പറയുന്നു. ഇതിനെല്ലമായി അര്‍ഥവത്തായ നീക്കങ്ങള്‍ പ്രതീക്ഷിക്കാമെന്ന് പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA