sections
MORE

സൂക്ഷിക്കുക! ഫെയ്സ്ബുക്കാണ് വലിയ ശവക്കോട്ട, മരിച്ചവന് ഇവിടെ മരണമില്ല

Graveyard
SHARE

മാര്‍ക്ക് ഏലിയട്ട് സക്കര്‍ബര്‍ഗ് എന്ന 24-കാരന്‍ 2004ല്‍ ഹാര്‍വര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ തന്റെ പൊതുശയന മുറിയിലിരുന്ന്, ഫോട്ടോഷെയറിങ്ങിനും മറ്റുമായി അവതരിപ്പിച്ചതാണ് ഫെയ്‌സ്ബുക്, അല്ലെങ്കില്‍ ഇതിന്റെ ആദിമ രൂപം. ഇതിന്റെ പ്രധാന ആകര്‍ഷണീയതയും സ്ഥായിഭാവവും നിത്യ യുവത്വമാണെന്ന് അന്നും ഇന്നും തോന്നിച്ചിരുന്നു. യുവത്വം ഒട്ടും കെടാതെ, തുടക്ക വര്‍ഷങ്ങള്‍ക്കു ശേഷം അത് ആഗോള തലത്തില്‍ വാണിജ്യപരമായ വന്‍ വിജയമായി. എന്നാല്‍ ഓക്‌സഫെഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടും യൂണിവേഴ്‌സിറ്റി ഓഫ് ഓക്‌സ്‌ഫെഡും ചേര്‍ന്നു നടത്തിയ ഒരു പഠനം കണ്ടെത്തിയത് അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഫെയ്‌സബുക്കില്‍ ജീവിച്ചിരിക്കുന്നവരെക്കാള്‍ മരിച്ചവര്‍ കൂടുതലായിരിക്കാനുള്ള സാധ്യത വളരെയധികമാണ് എന്നാണ്. എന്നു പറഞ്ഞാല്‍ യുവത്വത്തിന്റെ പര്യായമായ ഫെയ്‌സ്ബുക് ഒരു ഡിജിറ്റല്‍ ശ്മശാനമാകാന്‍ പോകുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.

രണ്ടു പരിഗണനകളാണ് അവര്‍ നല്‍കിയത്. ഒന്ന് 2018നു ശേഷം ഫെയ്‌സ്ബുക്കില്‍ ആരും പുതിയതായി അംഗത്വമെടുക്കുന്നില്ല. രണ്ട്, ഇന്നത്തെതു പോലെ ആഗോള തലത്തില്‍ പ്രതിവര്‍ഷം 13 ശതമാനം വര്‍ച്ച കാണിക്കുന്നു. അവര്‍ പറയുന്നത് യാഥാർഥ്യം ഈ രണ്ടു സാധ്യതകള്‍ക്കിടിയില്‍ എവിടെയങ്കിലും ആയിരിക്കുമെന്നാണ്.

ആദ്യ അനുമാനമാണു ശരിയെങ്കില്‍ 2100നു മുൻപായി കുറഞ്ഞത് 1.4 ബില്ല്യന്‍ ഉപയോക്താക്കള്‍ മരിക്കും. അങ്ങനെ വന്നാല്‍ 2070തോടെ ഫെയ്ബുക്കില്‍ മരിച്ചവര്‍ ജീവിച്ചിരിക്കുന്നവരെക്കാള്‍ കൂടുതലാകും. എന്നാല്‍, ഫെയ്‌സ്ബുക്കിലേക്ക് ഇന്നത്തെ തോതില്‍ പുതിയ സബ്‌സ്‌ക്രൈബര്‍മാര്‍ വന്നുകൊണ്ടിരുന്നാല്‍ മരിച്ചവരുടെ എണ്ണം ഈ നൂറ്റാണ്ടു തീരുന്നതിനു മുൻപ് 4.9 ബില്ല്യന്‍ ആയേക്കാമെന്ന് പറയുന്നു. ഇതെല്ലാം നമ്മുടെ ഡിജിറ്റല്‍ ആശ്രമത്തെ എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ശക്തമായ മുന്നറിയിപ്പാണു നല്‍കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

ഈ കണക്കുകള്‍ മുന്നോട്ടുവയ്ക്കുന്ന ചില ചോദ്യങ്ങളുണ്ട്. ഈ ഡേറ്റയുടെ എല്ലാം അവകാശി ആരായിരിക്കും? മരിച്ച വ്യക്തിയുടെ കുടുംബത്തിന്റെയും കൂട്ടുകാരുടെയും താത്പര്യത്തിനനുസരിച്ച് ഇത് എങ്ങനെ സംരക്ഷിക്കാം? ഭാവിയിലെ ചരിത്രകാരന്മാര്‍ ഈ ഡേറ്റ എന്തെല്ലാം കാര്യങ്ങള്‍ പഠിക്കാനായി ഉപയോഗിക്കും? ഒരു സമൂഹമെന്ന നിലയില്‍ നാം ഈ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയിട്ടേയുള്ളു. നമുക്ക് ഇതേപ്പറ്റി ഒരുപാടു ചിന്തിക്കാനുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും തങ്ങളുടെ ഡേറ്റാ മരണശേഷം എങ്ങനെ ഉപയോഗിക്കപ്പെടും എന്നതിനെപ്പറ്റി ഉത്കണ്ഠവേണം. കാരണം നാമെല്ലാം ഒരിക്കല്‍ മരിച്ചുപോകും. ഫെയ്‌സ്ബുക്കില്‍ കുമിഞ്ഞുകൂടിക്കൊണ്ടിരിക്കുന്ന ഡേറ്റയുടെ കൂന ഓരോ വ്യക്തിയുടെ ഡേറ്റയെക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ്. അതു നമ്മളുടെ ആഗോള ഡിജിറ്റല്‍ പൈതൃക സ്വത്താകാന്‍ പോകുകയാണ്. വാട്‌സാപും ഇന്‍സ്റ്റഗ്രാമും സ്വന്തമാക്കിയ ഫെയ്‌സ്ബുക് ആണ് ലോകത്തെ ഏറ്റവും വലിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം. ഉപയോക്തതാക്കളില്‍ ഒരാള്‍ മരിച്ചാല്‍ എന്തു ചെയ്യണം എന്നതിനെപ്പറ്റി ഫെയ്‌സ്ബുക്കിന് ചില നിബന്ധനകളുണ്ട്. മരിച്ച ഉപയോക്താവിന്റെ വേണ്ടപ്പെട്ടവര്‍ക്ക് ഇതൊരു സ്മാരകമായി നിലനിര്‍ത്താം. എന്നാല്‍, ഇത് തുടര്‍ന്ന് ഉപയോഗിക്കരുതെന്നാണ് പറയുന്നത്. ഇത്തരം സ്മാരകങ്ങളും തങ്ങള്‍ക്ക് പൈസയുണ്ടാക്കിത്തരുമെന്ന് അവര്‍ക്കറിയാം. 

അടുത്ത കാലത്ത് കമ്പനി പുറത്തുവിട്ട കണക്കനുസരിച്ച് പ്രതിമാസം 300 കോടി പേര്‍ സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നുവെന്നാണ് പറയുന്നത്. ഈ ഗവേഷക പ്രബന്ധത്തിലെ ഒരു രചയിതാവായ ഡേവിഡ് വോട്‌സണ്‍ പറയുന്നത് ഇങ്ങനെ ആഗോളതലത്തില്‍ ഉപയോക്താക്കളുള്ള എല്ലാ സമൂഹമാധ്യമങ്ങളുടെയും ഗതി ഇതായിരിക്കുമെന്നാണ്. അദ്ദേഹം പറയുന്നത് ചരിത്രകാരന്മാര്‍ക്കും രേഖകള്‍ സൂക്ഷിക്കുന്നവര്‍ക്കും പുരാവസ്തു ഗവേഷകര്‍ക്കും സാന്മാര്‍ഗ്ഗികമായ പഠനങ്ങള്‍ നടത്തുന്നവര്‍ക്കുമെല്ലാമായി നാം മിരിക്കുമ്പോള്‍ ബാക്കിയാക്കി പോകുന്ന ഡേറ്റ പരിശോധിക്കാന്‍ അനുമതി നല്‍കണമെന്നാണ്.

ചരിത്രത്തില്‍ മുൻപൊരിക്കലും ലഭ്യമല്ലാത്ത രീതിയില്‍ മനുഷ്യരെക്കുറിച്ചുള്ള അവര്‍ തന്നെ സൃഷ്ടിച്ച രേഖകള്‍ കുമിഞ്ഞുകൂടുന്ന സ്ഥലമാണ് ഫെയ്‌സ്ബുക്. ഇതു നിയന്ത്രിക്കുക എന്നു പറഞ്ഞാല്‍ ഇക്കാലത്തെ ചരിത്രം നിയന്ത്രിക്കുക എന്നതിനു സമാനമാണെന്നും ഗവേഷകന്‍ പറയുന്നു. വരും വര്‍ഷങ്ങള്‍ക്കു മാത്രമല്ല ഇത് ഉപകരിക്കുക. പല പതിറ്റാണ്ടുകളിലേക്ക് പ്രയോജനപ്പെടുത്താമെന്നും അദ്ദേഹം പറയുന്നു.

ഇതാദ്യമായി അല്ല ഇത്തരം മുന്നറിയിപ്പുകള്‍ കിട്ടുന്നത്. ഫെയ്‌സ്ബുക് പോസ്റ്റുകള്‍ ഡിലീറ്റു ചെയ്താലും അതൊന്നും കമ്പനിയുടെ സെര്‍വറുകളില്‍ നിന്നു പോകില്ല. നിങ്ങള്‍ ആരായിരുന്നു എന്നതിന് ശക്തവും നിഷേധിക്കാനാകാത്തതുമായ തെളിവുകളാണ് ഓരോ ഉപയോക്താവും നല്‍കിക്കൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്കായി ഭൂമിയില്‍ പണിയപ്പെട്ടേക്കാവുന്ന ഏറ്റവും വലിയ സ്മാരകത്തിന്റെ ഇഷ്ടികളാണ് നിങ്ങള്‍ ഫെയ്‌സ്ബുക്കിലും മറ്റും നടത്തുന്ന ഓരോ പോസ്റ്റും. ഓരോരുത്തരുടെയും ഭാവി തലമുറകളെ പോലും ഇത് ബാധിക്കാം. അവര്‍ അഭിമാനം കൊള്ളുകയോ, അപമാനത്താല്‍ തല ഉയര്‍ത്താനാകാതെ നില്‍ക്കുകയോ ചെയ്യാം.

ഇപ്പോള്‍ തന്നെ ഒരു പ്രമുഖന്‍ മരിച്ചാല്‍ അയാളുടെ ഫെയ്‌സ്ബുക് പേജിലേക്ക് ആളുകള്‍ ഇരച്ചു കയറുമെന്നാണ് പറയുന്നുത്. തുടര്‍ന്നും അയാളുടെ ആത്മാവിനെത്തേടി പ്രൊഫൈല്‍ പേജില്‍ ചുറ്റിപ്പറ്റി നടക്കുന്നവരും ഉണ്ടത്രെ. ഒരു പരിധി വരെ 'നമുക്കു നാമെ പണിവതു നാകം, നരകവുമതു പോലെ', എന്ന കവി വാക്യവും ശരിയാകുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA