ADVERTISEMENT

സോഷ്യൽമീഡിയ കമ്പനിയായ ഫെയ്സ്ബുക്കിന്റെ കീഴിലുള്ള വാട്സാപ്പിലെ പുതിയ പെയ്മെന്റ് ഫീച്ചർ 30 കോടി ഇന്ത്യക്കാർക്ക് ഉടൻ തന്നെ ലഭിക്കും. നേരത്തെ തന്നെ പരീക്ഷണം തുടങ്ങിയ വാട്സാപ് പെയ്മെന്റ് ഫീച്ചർ 30 കോടി ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ഫെയ്സ്ബുക് അധികൃതർ അറിയിച്ചു കഴിഞ്ഞു.

 

യുപിഐ പെയ്മെന്റ് സംവിധാനം അടിസ്ഥാനമാക്കിയാണ് വാട്സാപ് പേ പ്രവർത്തിക്കുക. പേടിഎം, ഗൂഗിൾ പേ, ആമസോൺ പേ, ഫോൺ പേ തുടങ്ങിയ കമ്പനികൾക്ക് വൻ വെല്ലുവിളിയുമായാണ് വാട്സാപ് പേ എത്തുന്നത്. ഇ–പെയ്മെന്റിൽ വിവിധ കമ്പനികൾ തമ്മിൽ മല്‍സരം കൂടുന്നതോടെ നേട്ടം ഉപഭോക്താക്കൾക്കാണ്. വരിക്കാരെ പിടിച്ചുനിർത്താൻ വൻ ഓഫറുകളാണ് മുൻനിര പെയ്മെന്റ് കമ്പനികൾ മുന്നോട്ടുവയ്ക്കുന്നത്.

 

ഫോട്ടോ, വിഡിയോ, മറ്റു മെസേജുകൾ അയക്കുന്ന പോലെ തന്നെ വാട്സാപ് വഴി പെയ്മെന്റ് നടത്താനാകും. ഏറ്റവും ലളിതമായ രീതിയിലാണ് വാട്സാപ് പെയ്മെന്റ് ഫീച്ചർ സംവിധാനം ചെയ്തിരിക്കുന്നത്. വാട്സാപ് ഉപയോഗിക്കുന്നവർക്ക് മാത്രമാണ് വാട്സാപ് പേയും ഉപയോഗിക്കാൻ കഴിയുക. ബാങ്കുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിലെ വാട്സാപ് അക്കൗണ്ടിലാണ്​ സേവനം ലഭ്യമാവുക. ഇടപാടുകൾക്ക് യുപിഐ പിൻ ഉപയോഗിക്കേണ്ടതുണ്ട്.

 

മാസങ്ങൾക്ക് മുൻപെ തുടങ്ങിയ പരീക്ഷണം അവസാന ഘട്ടത്തിലാണ്. ചില നിയമപ്രശ്നങ്ങൾ കൂടി പരിഹരിക്കുന്നതോടെ പൂർണ്ണ രീതിയിലുള്ള വാട്സാപ് പേ ജൂണിൽ തന്നെ ആരംഭിക്കുമെന്നാണ് അറിയുന്നത്. വാട്സാപ് പേ ഇടപാടുകളുടെ ഡേറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്നതടക്കമുള്ള കർശന നിബന്ധനകളോടെയാണ് കമ്പനി ഇന്ത്യയിൽ സേവനം തുടങ്ങുന്നത്​.

 

ഇന്ത്യയിലെ മുൻനിര ബാങ്കുകളായ എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവരുമായി ചേര്‍ന്നാണ് വാട്സാപ് പെയ്മെന്റ്സ് നടപ്പിലാക്കുന്നത്. നേരത്തെ പത്ത് ലക്ഷം പേർക്കാണ് വാട്സാപ് പെയ്മെന്റ്സ് ഫീച്ചർ നൽകിയിരുന്നത്. ഇവരിൽ നിന്ന് ഇൻവിറ്റേഷൻ ലഭിക്കുന്നവർക്കാണ് വാട്സാപ് പെയ്മെന്റ്സ് അംഗത്വം ലഭിക്കുക. വാട്സാപ് വഴിയുള്ള പണമിടപാടിന് നാഷനൽ പെയ്മെന്റ്സ് കോർപറേഷൻ (എൻപിസിഐ) നേരത്തെ തന്നെ അംഗീകാരം നൽകിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com