ADVERTISEMENT

ഏറെ വിവാദങ്ങൾക്ക് ശേഷവും ചൈനീസ് ടിക് ടോക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. പ്ലേ സ്റ്റോറുകളിൽ നിന്ന് ദിവസങ്ങളോളം നീക്കം ചെയ്തെങ്കിലും തിരിച്ചുവരവിൽ വൻ മുന്നേറ്റമാണ് ടിക്ടോക് കാഴ്ചവെച്ചത്. അമേരിക്കയും ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കോടിക്കണക്കിന് ഉപയോക്താക്കളുമായി മുൻനിരയിലേക്കു കുതിക്കുന്ന സോഷ്യൽ നെറ്റ്‍വർക് ആപ്പായ ടിക്ടോക് സൃഷ്ടിക്കുന്ന തരംഗം വളർച്ചയിൽ മുൻനിര കമ്പനികൾ വിയർക്കുകയാണ്. 

 

ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഡൗൺലോഡിങ്ങിൽ ഫെയ്സ്ബുക്കിനെ കീഴടക്കി ടിക് ടോക് മുന്നിലെത്തി എന്നാണ്. ഈ വർഷം ആദ്യത്തെ മൂന്നു മാസങ്ങളിൽ ലോകത്ത് ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്തതും ടിക് ടോക് ആപ് ആണ്. മാർക്കറ്റ് ഇന്റലിജൻസ് കമ്പനി സെൻസർ ടവറിന്റെ റിപ്പോർട്ടിൽ ജനുവരി ഒന്നു മുതല്‍ മാർച്ച് 31 വരെ 18.8 കോടി പേരാണ് ടിക് ടോക് ഡൗൺലോഡ് ചെയ്തത്. 70 ശതമാനത്തിന്റെ മുന്നേറ്റമാണ് ഇത് കാണിക്കുന്നത്. ഇന്ത്യയില്‍ മാത്രം 8.86 കോടി പേർ ഡൗൺലോഡ് ചെയ്തു. എന്നാൽ ഇക്കാലയളവിൽ കേവലം 1.76 കോടി പേര്‍ മാത്രമാണ് ഫെയ്സ്ബുക് ഡൗൺലോഡ് ചെയ്തത്. ഇതില്‍ 21 ശതമാനവും ഇന്ത്യക്കാരാണ്.

 

ടിക് ടോകിന്റെ അതിവേഗ മുന്നേറ്റം ഫെയ്സ്ബുക്, ട്വിറ്റർ, സ്നാപ്ചാറ്റ് കമ്പനികളെ ആശങ്കയിലാഴ്‍ത്തി. മ്യൂസിക്കലി ഏറ്റെടുത്ത ശേഷം ഏറെ ശ്രദ്ധേയമയി മാറിയ ടിക്ടോക് 15 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോകളാണ് അവതരിപ്പിക്കുന്നത്. 

 

റിപ്പോർട്ടുകള്‍ പ്രകാരം പ്രമുഖ ഓണ്‍ലൈൻ സേവനങ്ങളായ സ്നാപ്ചാറ്റ്, ട്വിറ്റർ എന്നിവയെ ചൈനീസ് ആപ് ടിക് ടോക് മറികടന്നുവെന്നാണ്. എന്നാൽ ടിക് ടോക് മുന്നിലാണെന്ന വാദം മിക്ക ടെക് കമ്പനികളും സമ്മതിച്ചിട്ടില്ല. 2016 ൽ തുടങ്ങിയ ടിക് ടോക് അമേരിക്കയെ വരെ പിടിച്ചടക്കി കഴിഞ്ഞു. ടിക് ടോകിന് ഇന്ത്യയിൽ 20 കോടി സജീവ ഉപയോക്താക്കളുണ്ട്. ഫെയ്സ്ബുക്കിന് 30 കോടി പേരും. എന്നാൽ ഈ കണക്കുകൾ ഉടൻ തന്നെ ടിക് ടോക് മറികടക്കുമെന്നാണ് അറിയുന്നത്.

 

ലിപ്സിംക്  വിഡിയോകളും ഒറിജിനൽ വിഡിയോകളും എല്ലാം ഉൾപ്പെടുന്ന ടിക്ടോകിന്റെ ബിസിനസ് മോഡൽ അനുകരിച്ച് പുതിയൊരു ആപ്പ് ഉണ്ടാക്കി ഉപയോക്താക്കളെ കൂടെ നിർത്താനുള്ള ശ്രമത്തിലാണ് ഫെയ്സ്ബുക്. ഫെയ്സ്ബുക് മ്യൂസിക് സേവനങ്ങളും ലിപ്‍സിംക് ലൈവ് സംവിധാനവും പ്രയോജനപ്പെടുത്തിക്കൊണ്ട് കൗമാരക്കാരെ ആകർഷിക്കാനുള്ള പരിശ്രമമാണ് പുതിയ ആപും ഫെയ്സ്ബുക് അവതരിപ്പിച്ചിരുന്നു. 

 

ടിക്ടോകിനെ മറികടക്കാൻ ഫെയ്സ്ബുക് നിർമിച്ച ആപ്പാണ് ലാസ്സോ. വളർച്ചാനിരക്കിൽ വലിയ ഇടിവു നേരിടുന്ന ഫെയ്സ്ബുക്കിന് ടിക്ടോക് ഉൾപ്പെടെയുള്ള ആപ്പുകൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com