sections
MORE

വാട്‌സാപ്പിന്റെ പ്രതിരോധ പൂട്ട് ‘പുഷ്പം പോലെ’ തകര്‍ത്ത് രാഷ്ട്രീയ നേതാക്കൾ

socialmedia
SHARE

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന ആയുധങ്ങളില്‍ ഒന്നായിരുന്നു വാട്‌സാപ്. എന്നാൽ ഇത്തവണ അത്തരം വ്യാപ്തിയില്‍ സന്ദേശങ്ങള്‍ അയയ്ക്കാനാവില്ല എന്നായിരുന്നു വാട്സാപ്പിന്റെ വാദം. ഇത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയൊരു വെല്ലുവിളിയാകുമെന്നായിരുന്നു സാങ്കേതിക വിദഗ്ധര്‍ പറഞ്ഞിരുന്നത്. എന്നാൽ വാട്‌സാപ്പിന്റെ പ്രതിരോധങ്ങളെ 'പുഷ്പം പോലെ' തകര്‍ത്തെറിഞ്ഞായിരുന്നു കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യന്‍ രാഷ്ട്രീയക്കാര്‍ കളം നിറഞ്ഞത്. 

ഏകദേശം 1,000 രൂപ വിലയ്ക്കു വില്‍ക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് മുൻനിര പാർട്ടികൾ വാട്സാപ്പിന്റെ പ്രതിരോധം തകര്‍ത്തത്. ഇക്കാര്യത്തില്‍ ഒരു പാർട്ടിയും പിന്നിലായിരുന്നില്ല എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒറ്റയടിക്ക് നിരവധി സന്ദേശങ്ങള്‍ അയയ്ക്കാനാവാത്ത വിധത്തില്‍, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സാപ്പിനു പൂട്ടിട്ടിരുന്നു.

വാട്‌സാപ്പിലൂടെ യഥേഷ്ടം പ്രചരിച്ച സന്ദേശങ്ങളിലൂടെ കലാപങ്ങൾ പോലും അരങ്ങേറിയപ്പോഴാണ് അയയ്ക്കാവുന്ന സന്ദേശങ്ങളുടെ എണ്ണം കുറച്ചത്. എന്നാല്‍, അതെല്ലാം നിഷ്പ്രയാസം ഭേദിക്കുന്ന കാഴ്ചയാണ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കാണാനായത്. പ്രചാരണം കൊഴുത്തത്തോടെ വാട്‌സാപ് ക്രാക്കു ചെയ്യാനുള്ള ടൂളുകള്‍ക്ക് ആവശ്യക്കാര്‍ കൂടി വരുന്നതും കാണാനായി. ഒരേസമയം ആയിരക്കണക്കിന് നമ്പറുകളിലേക്ക് സന്ദേശങ്ങള്‍ കൈമാറാനുളള ശേഷിയാണ് ഭേദിച്ച വാട്‌സാപ് ടൂളുകള്‍ക്കു ലഭിച്ചത്. ഇതേപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ കൈമാറാനുള്ള അഭ്യര്‍ഥന കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ മേധാവി ദിവ്യ സ്പന്ദനയോ, ബിജെപിയുടെ ഐടി തലവന്‍ അമിത് മാളവ്യയോ മാനിച്ചില്ല.

തുടര്‍ന്നുളള അന്വേഷണങ്ങളിലെ ചില കണ്ടെത്തലുകള്‍: ഡല്‍ഹിയിലെ ജനവാസം കൂടുതലുള്ള ഒരു പ്രദേശത്ത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിൽ ഏര്‍പ്പെട്ടിരിക്കുന്ന റോഹിതാഷ് റെപ്‌വാളിനെ കണ്ടുമുട്ടിയത്. കേവലം 1,000 രൂപ വിലയുള്ള ഒരു സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് കഴിഞ്ഞ മാസങ്ങളില്‍ 24 മണിക്കൂറും അദ്ദേഹം സന്ദേശങ്ങള്‍ അയച്ചത്. ഒരു ദിവസം രണ്ടു നേതാക്കള്‍ക്കു വേണ്ടി 100,000 സന്ദേശങ്ങള്‍ വച്ചാണ് അദ്ദേഹം അയച്ചു കൊണ്ടിരുന്നത്. വാട്‌സാപ് എന്തു പ്രതിരോധം ചമച്ചാലും അതെല്ലാം തകര്‍ക്കാമെന്നാണ് അദ്ദേഹം പറഞ്ഞത്.

മൂന്നു രീതിയിലെങ്കിലും ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് കാലത്ത് വാട്‌സാപ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. വാട്‌സാപ്പിന്റെ ഫ്രീ ആയിട്ടുള്ള ക്ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ചാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തങ്ങള്‍ക്കു കിട്ടുന്ന സന്ദേശങ്ങള്‍ ആയിരക്കണക്കിനു അനുഭാവികളിലേക്ക് എത്തിച്ചുകൊണ്ടിരുന്നത്. രണ്ടാമതായി വാട്‌സാപ്പിനൊപ്പം പ്രവര്‍ത്തക്കുന്ന ചില സോഫ്റ്റ്‌വെയര്‍ ടൂളുകളുണ്ട്. ഇവയ ഉപയോഗിച്ച് നിരവധി സന്ദേശങ്ങള്‍ ഒരു സമയത്ത് അയയ്ക്കാന്‍ സാധിക്കും. മൂന്നാമതായി, ചില കമ്പനികള്‍ വെബ്‌സൈറ്റുകളില്‍ എത്തിയാല്‍ യഥേഷ്ടം സന്ദേശമയയ്ക്കാനുള്ള അവസരമൊരുക്കി നല്‍കിയിരുന്നു. ഇത്തരം മറ്റു രീതികളും നിലവിലുണ്ട്. ഇവയെപ്പറ്റി പ്രതികരിക്കാന്‍ വാട്‌സാപ് വിസമ്മതിച്ചു. എന്നാല്‍, തങ്ങള്‍ പ്രതിരോധം കൂട്ടാന്‍ പരമാവധി ശ്രമിക്കുകയാണെന്ന് അവര്‍ പറയുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വാട്‌സാപ്പില്‍ അനുവദനീയമല്ല. അങ്ങനെ ചെയ്യുന്നവരെ ബാന്‍ ചെയ്യുകയാണ് കമ്പനി ചെയ്യുന്നതത്രെ.

ക്ലോണുകള്‍

പ്രധാന ആപ്പുകളുടെയൊക്കെ തന്നെ ക്ലോണ്‍ വേര്‍ഷനുകള്‍ ഇന്നു ലഭ്യമാണ്. ആപ് നിര്‍മാണ കമ്പനിക്കാര്‍ ഇവയെ റിവേഴ്‌സ് എൻജിനീയറിങ് നടത്തിയാണ് തന്നിഷ്ടത്തിനു പ്രവര്‍ത്തിപ്പിക്കുന്നത്. ഇത്തരം ആപ്പുകളെക്കുറിച്ചുള്ള പരസ്യങ്ങള്‍ ഇന്തൊനീഷ്യയിലും നൈജീരിയയിലും പ്രചാരത്തിലുണ്ട്. രണ്ടു രാജ്യങ്ങളിലും ഈ വര്‍ഷം തിരഞ്ഞെടുപ്പു നടന്നു. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ സ്മാര്‍ട് ഫോണ്‍ വഴി ഉപയോക്താക്കളിലേക്ക് എത്തിച്ചേരാന്‍ ഇന്ത്യയിലെ രാഷ്ട്ര‌ീയക്കാരുടെ ഇഷ്ട സേവനങ്ങള്‍ വാട്‌സാപ്പും ഫെയ്‌സ്ബുക്കും ട്വിറ്ററുമാണ്. ജിബിവാട്‌സാപ്, ജെടിവാട്‌സാപ് തുടങ്ങിയ ക്ലോണ്‍ ആപ്പുകള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉപയോഗിച്ചതായി മുന്‍നിര പാർട്ടികളുടെ നേതാക്കള്‍ പറഞ്ഞു. 

വാട്‌സാപ്പിനോടു സമാനതകളുള്ളതാണ് ഇവയുടെ ഇന്റര്‍ഫെയ്‌സ്. ഇവ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. ഇത്തരം ആപ്പുകളെക്കുറിച്ച് വാട്‌സാപ് പറഞ്ഞത് അവ ഉപയോഗിക്കുന്നവരെ ബാന്‍ ചെയ്യുകയാണ് പതിവെന്നാണ്. 'വാട്‌സാപ് ചിലപ്പോള്‍ ഇത്തരം ആപ്പുകള്‍ ഉപയോഗിക്കുന്നവരെ ബന്‍ ചെയ്യും. പക്ഷേ, തങ്ങളുടെ പ്രവര്‍ത്തകര്‍ പുതിയ സിം വാങ്ങിയിട്ട് പണി തുടരും,' ഒരു നേതാവ് പറഞ്ഞു. മുംബൈലുള്ള നേതാവ് പറഞ്ഞത് ജെബിവാട്‌സാപില്‍ ഒരു പരിധിയുമില്ലാത്തതിനാല്‍ തങ്ങള്‍ക്ക് പ്രതിദിനം 6,000 സന്ദേശങ്ങള്‍ അയയ്ക്കാനാകുന്നുണ്ട് എന്നാണ്. ഇതൊടോപ്പം വിഡിയോ കണ്ടന്റും പ്രചരിപ്പിക്കും. ഇവ വാട്‌സാപ് അനുവദിച്ചിരിക്കുന്ന സൈസിനേക്കാള്‍ വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA