ADVERTISEMENT

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഉണ്ടാക്കുന്ന അക്കൗണ്ട് വിവിധ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലുള്ള വാട്സാപ്പിൽ ഉപയോഗിക്കാൻ വഴിതുറക്കുന്ന മൾട്ടി പ്ലാറ്റ്ഫോം സംവിധാനത്തിലേക്കു മാറാൻ വാട്സാപ് തയാറെടുക്കുന്നു. നിലവിൽ, ഒന്നിലേറെ ഫോണുകൾ ഉപയോഗിക്കുന്നവർ എല്ലാ ഫോണിലും വാട്സാപ് ഉപയോഗിക്കാൻ ഈ നമ്പറുകളിലെല്ലാം വെവ്വേറെ വാട്സാപ് അക്കൗണ്ടുകളുണ്ടാക്കേണ്ടതുണ്ട്. ആശയവിനിമയം സങ്കീർണമാക്കുന്ന ഈ പ്രക്രിയ പലർക്കും വലിയ ബുദ്ധിമുട്ടാണ്. 

 

ഐഫോണിലും ആൻഡ്രോയ്ഡിലുമൊക്കെ പ്രവർത്തിക്കുന്ന വാട്സാപ് ഒന്നു തന്നെയാണെങ്കിലും ആപ്പിന്റെ ഘടന വ്യത്യസ്തമാണെന്നതു കൊണ്ടാണ് ഓരോ പ്ലാറ്റ്ഫോമിനും ഓരോ വാട്സാപ്പും ഓരോ അക്കൗണ്ടും വേണ്ടിവരുന്നത്. ജിമെയിൽ പോലെ, ഒറ്റ അക്കൗണ്ട് കൊണ്ട് എല്ലാ പ്ലാറ്റ്ഫോമിലും പ്രവർത്തിക്കുന്ന മൾട്ടി പ്ലാറ്റ്ഫോം സംവിധാനത്തിലേക്കു വാട്സാപ് മാറണമെന്നത് ഉപയോക്താക്കളുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഒടുവിൽ ആ ആവശ്യം വാട്സാപ് യാഥാർഥ്യമാക്കുകയാണ്. ഒറ്റ നമ്പറിൽ വെരിഫൈ ചെയ്താൽ വിവിധ പ്ലാറ്റ്ഫോമുകളിലും ഉപകരണങ്ങളിലും ഉപയോഗിക്കാൻ ഏറെ കാത്തിരിക്കേണ്ടി വരില്ല. 

 

നിലവിൽ ഐഫോണിൽ ഉപയോഗിക്കുന്ന നമ്പർ ഉപയോഗിച്ച് ആൻഡ്രോയ്ഡ് ഫോണിൽ ലോഗിൻ ചെയ്താൽ ഐഫോണിലെ വാട്സാപ് ലോഗൗട്ട് ആകും. അതായത് ഒരേ സമയം ഒരു പ്ലാറ്റ്ഫോമിൽ മാത്രമേ ആപ്പ് പ്രവർത്തിക്കുകയുള്ളൂ. ഫോണിൽ നിന്ന് ക്യൂആർ കോഡ് സ്കാൻ ചെയ്ത് വെബ് ബ്രൗസറിലും കൂടി ഉപയോഗിക്കാൻ കഴിയുന്ന വാട്സാപ് വെബ് മാത്രമാണ് ഇതിനൊരപവാദം. അപ്പോഴും ഫോൺ അരികിലുണ്ടാകണം. മൾട്ടി പ്ലാറ്റ്ഫോം സംവിധാനത്തിലേക്കു മാറുന്നതോടെ ഒരു അക്കൗണ്ട് വഴി ഫോൺ നമ്പർ വെരിഫിക്കേഷൻ ഇല്ലാതെ വിവിധ പ്ലാറ്റ്ഫോമുകളിൽ വാട്സാപ് ഉപയോഗിക്കാനാവും. 

 

വിൻഡോസ്, മാക് എന്നിവയുൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിലും ഫോണിലെ വാട്സാപ് ലോഗൗട്ട് ചെയ്യാതെ തന്നെ വാട്സാപ് ഉപയോഗിക്കാനാവും. ആൻഡ്രോയ്ഡിനും ഐഫോണിനും വെവ്വേറെ അക്കൗണ്ടുകളും വേണ്ടിവരില്ല. ജിയോ ഫോൺ പ്രവർത്തിക്കുന്ന കയ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ വാട്സാപ് കഴിഞ്ഞയാഴ്ച റിലീസ് ചെയ്തത് മാറ്റത്തിന്റെ തുടക്കമാണ്. ജിയോ ഫോണിൽ നേരത്തെ തന്നെ വാട്സാപ് ലഭ്യമാണെങ്കിലും കയ് സ്റ്റോറിൽ കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇതോടെ നോക്കിയ ബനാന ഫോൺ ഉൾപ്പെടെ കയ് ഒഎസിൽ പ്രവർത്തിക്കുന്ന ഫോണുകളിലും വാട്സാപ് ഉപയോഗിക്കാനാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com