sections
MORE

ഫെയ്സ്ബുക് പണത്തിനെതിരെ വികസിത രാജ്യങ്ങൾ, ഇന്ത്യയുടെ നിലപാട് നിർണായകം

libra
SHARE

∙  ഫെയ്സ്ബുക്കിന്റെ ഡിജിറ്റൽ കറൻസി (ക്രിപ്റ്റോകറൻസി) പദ്ധതിയായ ലിബ്രയ്ക്കെതിരെ ജി–7 രാജ്യങ്ങൾ രംഗത്ത്. നിയമപരമായ നിയന്ത്രണത്തിനും ദുരുപയോഗം തടയാനുമുള്ള സംവിധാനങ്ങളുമില്ലാതെ പദ്ധതി അനുവദിക്കരുതെന്ന് രാജ്യാന്തര നാണ്യ നിധിയുടെയും ലോക ബാങ്കിന്റെയും വാർഷിക കൂട്ടായ്മയിൽ ജി–7 ധനമന്ത്രിമാർ വ്യക്തമാക്കി.

∙ വിഷയം സാമ്പത്തിക പ്രശ്നം മാത്രമല്ല, രാജ്യങ്ങളുടെ ജനാധിപത്യവും പരമാധികാരവും സംബന്ധിച്ചതുമാണെന്ന് ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലു മേ. അദ്ദേഹം ഉന്നയിക്കുന്ന പ്രശ്നങ്ങൾ: കറൻസി വിനിമയ നിരക്കുകളിൽ രാജ്യങ്ങൾക്കുള്ള നിയന്ത്രണം നഷ്ടപ്പെടാം;  കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിനു സാമ്പത്തിക സഹായം നൽകാനുമായി പദ്ധതി ഉപയോഗിക്കപ്പെടാം.

∙ ബിറ്റ്കോയിൻ, റിപ്പിൾ, ഇഥേറിയം എന്നിവയുൾപ്പെടെ 2116  ക്രിപ്റ്റോകറൻസികളെങ്കിലും നിലവിലുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ ഫെബ്രുവരിയിലെ പഠനത്തിൽ പറയുന്നത്. ബിറ്റ്കോയിനെ പേയ്മെന്റ് സംവിധാനത്തിന്റെ ഭാഗമായി ജപ്പാൻ അംഗീകരിച്ചിട്ടുണ്ട്. ക്രിപ്റ്റോകറൻസികളെ നിയമപരമായ ഇടപാടിനുള്ള കറൻസിയായി ഒരു രാജ്യവും അംഗീകരിച്ചിട്ടില്ല.

∙ പദ്ധതിയുടെ നടത്തിപ്പുകാരായ ലിബ്ര അസോസിയേഷന്റെ ഭരണ സംവിധാനത്തിന് കഴിഞ്ഞയാഴ്ച ജനീവയിൽ രൂപം കൊടുത്തിരുന്നു. എന്നാൽ, മാസ്റ്റർകാർഡ്, വീസ, പേപാൽ, ഇപേ തുടങ്ങി പല പ്രമുഖ സ്ഥാപനങ്ങളും പദ്ധതിയിൽനിന്നു പിൻമാറി. ഏകദേശം 1600 സ്ഥാപനങ്ങൾ പദ്ധതിയുമായി സഹകരിക്കാൻ ആദ്യം താൽപര്യം വ്യക്തമാക്കിയിരുന്നു. 100 ബാങ്കിങ്, ധനകാര്യ സ്ഥാപനങ്ങളെയെങ്കിലും ഉൾപ്പെടുത്തി അടുത്ത ജൂണിൽ പദ്ധതി തുടങ്ങാനാണ് ഫെയ്സ്ബുക്കിന്റെ തീരുമാനം. വോഡഫോൺ, യൂബർ, സ്പോട്ടിഫൈ തുടങ്ങിയവയാണ് പദ്ധതിയുമായി ഇപ്പോൾ സഹകരിക്കുന്നത്.

ഇന്ത്യയുടെ നിലപാട്

∙ ക്രിപ്റ്റോകറൻസി  അംഗീകരിക്കാനാവില്ലെന്നും  അതിനെ പേയ്മെന്റ് സംവിധാനമാക്കുന്നത് തടയുമെന്നുമാണ് 2018ലെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി വ്യക്തമാക്കിയത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തുന്നത് കഴിഞ്ഞ ഏപ്രിലിൽ റിസർവ് ബാങ്ക് നിരോധിച്ചു. ഇതിനെതിരെയുള്ള ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

∙ ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറി അധ്യക്ഷനായി രൂപീകരിച്ച സമിതി കഴിഞ്ഞ ഫെബ്രുവരിയിൽ നൽകിയ റിപ്പോർട്ടിൽ, ഒൗദ്യോഗികമായി ഡിജിറ്റൽ കറൻസി കൊണ്ടുവരുന്ന കാര്യത്തിൽ തുറന്ന സമീപനം വേണമെന്ന് ശുപാർശ ചെയ്തു. നിലവിൽ നിയമപരമായ കറൻസി നോട്ടിനുള്ളതുപോലെ ഡിജിറ്റൽ കറൻസിയുടെ നിയന്ത്രണവും റിസർവ് ബാങ്കിനായിരിക്കണമെന്നും. സ്വകാര്യ ക്രിപ്റ്റോകറൻസികൾ നിരോധിക്കുന്നതിനും ഒൗദ്യോഗിക ഡിജിറ്റൽ കറൻസിക്കുമുള്ള കരട് ബില്ലും സമിതി തയാറാക്കി. ബിൽ പൊതു ചർച്ചയ്ക്കായി പരസ്യപ്പെടുത്തിയിരുന്നു. സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഡിജിറ്റൽ കറൻസി സംവിധാനം സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമെന്നാണ് ഇപ്പോൾ ധനമന്ത്രാലയം സൂചിപ്പിക്കുന്നത്.

ഡോളർ ക്ഷീണിക്കുമോ

∙ ഫെയ്സ്ബുക് മാത്രമല്ല, മറ്റു സ്വകാര്യ കമ്പനികളും ഡിജിറ്റൽ കറൻസിയിലൂടെ പേയ്മെന്റ് സംവിധാനത്തിന്റെ നിയന്ത്രണം കൈക്കലാക്കുമെന്ന് യുഎസിന് ആശങ്കയുണ്ട്. ഫെയ്സ്ബുക് മേധാവി മാർക്ക് സുക്കർബർഗ് യുഎസ് കോൺഗ്രസ് സാമ്പത്തിക സേവന സമിതി മുൻപാകെ ഈയാഴ്ച ഹാജരായി ലിബ്രയെക്കുറിച്ച്  വിശദീകരിക്കും. രാജ്യത്തിനു സ്വന്തം ഡിജിറ്റൽ കറൻസി വേണമെന്ന് യുഎസ് ഫെഡറൽ റിസർവിൽ അഭിപ്രായമുയർന്നു.

∙ ചൈന 2 വർഷം മുൻപ് ക്രിപ്റ്റോകറൻസി നിരോധിച്ചിരുന്നു. സ്വന്തമായി ഡിജിറ്റൽ പണം രംഗത്തിറക്കാനാണ് ചൈനയുടെ നീക്കം. ഡിജിറ്റൽ കറൻസിയിറക്കാൻ സ്വീഡനും ആലോചിക്കുന്നു. കേന്ദ്ര ബാങ്കുകൾ ഡിജിറ്റൽ കറൻസി ശൃംഖലയുണ്ടാക്കി കരുതൽ കറൻസിയെന്ന നിലയിൽ ഡോളറിനുള്ള മേൽക്കോയ്മ അവസാനിപ്പിക്കണമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലപാട്. ചൈനയും മറ്റും ഒൗദ്യോഗിക ഡിജിറ്റൽ കറൻസി ഇറക്കിയാൽ ഡോളറിന്റെ മേൽക്കോയ്മ നഷ്ടപ്പെടുമെന്ന് യുഎസിന് ആശങ്കയുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA