sections
MORE

വാട്സാപ്പിന്റെ കാര്യം ത്രിശങ്കുവില്‍, മെസേജുകൾ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച് സൂക്ഷിക്കും

whatsapp-pay
SHARE

ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള വാട്‌സാപ് ലാഭമുണ്ടാക്കുന്നില്ലെന്ന് മാർക് സക്കർബർഗ് പലതവണ പറഞ്ഞു കഴിഞ്ഞു. എന്നാല്‍, അതു പഴങ്കഥയാക്കാനുള്ള ഒരുക്കത്തിലുമാണ് ഫൈയ്‌സ്ബുക്. വാട്‌സാപ്പിലൂടെ പണമിടപാടുകള്‍ ഇന്ത്യയില്‍ തന്നെ ആദ്യം അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. രാജ്യത്ത് 40 കോടിയോളം ഉപയോക്താക്കളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവരെല്ലാം പണം കൈമാറല്‍, പരസ്പരം സന്ദേശമയയ്ക്കുന്ന ലാഘവത്തോടെ ചെയ്യാന്‍ തുടങ്ങിയാല്‍ കമ്പനിക്കു താമസിയാതെ ലാഭത്തിലാകാം. ചൈനയില്‍ വീചാറ്റ്‌പേയ്ക്കും മറ്റും കിട്ടിയിരിക്കുന്ന സ്വീകാര്യത ഇന്ത്യയില്‍വാട്‌സാപിനു കിട്ടാതിരിക്കാനുള്ള ഒരു സാധ്യതയുമില്ല. എന്നാൽ വാട്സാപ്പിന്റെ സുരക്ഷാ വീഴ്ചകളെ കുറിച്ച് രാജ്യത്ത് വൻ ചർച്ചയാണ് നടക്കുന്നത്. വാട്സാപ് പെയ്മന്റ് രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളെ ഒന്നടങ്കം തകർക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

കഴിഞ്ഞയാഴ്ച ഫെയ്‌സ്ബുക്കിന്റെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗ് പറഞഞത് താമസിയാതെ ഇന്ത്യയില്‍ വാട്‌സാപിന് പണം കൈമാറ്റം തുടങ്ങാനായേക്കുമെന്നാണ്. ഇക്കാര്യം ഇന്ത്യയുടെ റിസര്‍വ് ബാങ്കിന്റെ പരിഗണനയിലാണ്. ഏതുസമയത്തും ഉത്തരവിറങ്ങാം. എന്നാല്‍ സക്കര്‍ബര്‍ഗിന്റെ പ്രസ്താവനയ്ക്കു ശേഷമാണ് വാട്‌സാപ്പിൽ സ്‌പൈവെയര്‍ ആക്രമണം ഉണ്ടായ വാര്‍ത്ത പുറത്തുവന്നത്. ഇത് സാഹചര്യത്തെ അടിമുടി മാറ്റിയിരിക്കുകയാണ്. ഇനി പുതിയ സാഹചര്യം പഠിച്ച ശേഷമായിരിക്കും റിസര്‍വ് ബാങ്കും നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷനും വാട്‌സാപ്പിന് പണമിടപാടു നടത്താനുള്ള അനുമതി നല്‍കണോ വേണ്ടയോ എന്നു തീരുമാനിക്കുക. ഇത് കമ്പനിക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്.

തങ്ങളുടെ പണം കൈമാറ്റ പദ്ധതി വാട്‌സാപ് രാജ്യത്തെ പത്ത് ലക്ഷത്തോളം പേർക്കിടയില്‍ ഒരു വര്‍ഷമായി പരീക്ഷിച്ചുവരികയായിരുന്നു. അത്രയും പേരില്‍ മാത്രം ടെസ്റ്റു ചെയ്തു നോക്കാനാണ് അവര്‍ക്ക് അനുമതി ലഭിച്ചിരുന്നത്. ഇതില്‍ നിന്ന് ഏതു നിമിഷവും 40 കോടി ആളുകള്‍ ഉപയോഗിക്കുന്ന പണംകൈമാറ്റ സംവിധാനമായി തീരാനുള്ള സാധ്യത നിലനില്‍ക്കുകയായിരുന്നു. അതോടെ ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ ആപ്പുകള്‍ക്ക് വന്‍ ഭീഷണിയായി തീര്‍ന്നേക്കാവുന്ന നിലയിലായിരുന്ന വാട്‌സാപ് പെയ്മെന്റ്. എന്നാൽ സ്‌പൈവെയര്‍ ആക്രമണം നടന്നുവെന്ന വെളിപ്പെടുത്തല്‍ വന്നതോടെ ഇനി കാര്യങ്ങള്‍ എളുപ്പമാകില്ല.

സുരക്ഷാ ഭീതി അവരുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ടാകാമെന്നാണ് പറയുന്നത്. അടുത്തിടെ നടന്ന സ്‌പൈവെയര്‍ ആക്രമണത്തില്‍ ലോകമെമ്പാടുമുള്ള 1,400 പേരാണ് പെട്ടത്. ഇന്ത്യയില്‍ നിന്നുള്ള 21 പേര്‍ക്കെതിരെയും ആക്രമണം നടന്നിട്ടുണ്ട്. ഇവരില്‍ പലരും മാധ്യമപ്രവര്‍ത്തകരും, സന്നദ്ധപ്രവര്‍ത്തകരുമാണ്. ഇസ്രയേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ് ആണ് ആക്രമണത്തിനു പിന്നിലെന്നാണ് കരുതുന്നത്.

ഫെയ്‌സ്ബുക് അധികാരികൾ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വന്‍ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കേസ് നല്‍കാന്‍ തുടങ്ങുകയാണ്. എന്‍എസ്ഒയുടെ കുപ്രസിദ്ധമായ പെഗാസസ് സോഫ്റ്റ്‌വെയറാണ് വാട്‌സാപ്പില്‍ പ്രവേശിച്ച് ചാരപ്പണി നടത്തിക്കൊണ്ടിരുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഉപയോഗിച്ചിരുന്ന ആളുകളുടെ ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കാനാണ് കമ്പനി ശ്രമിച്ചിരിക്കുന്നത്. ഈ ഫോണുകളുടെ മൈക്രോഫോണും ക്യാമറകളും അടക്കമുള്ള സജ്ജീകരണങ്ങള്‍ ഉപയോഗിച്ചു പോലും ഉപയോക്താവിനെ നിരീക്ഷിച്ചുകൊണ്ടിരുന്നു എന്നാണ് ആരോപണം.

വാട്‌സാപ് പറയുന്നത് ഇക്കാര്യത്തില്‍ തങ്ങള്‍ രണ്ടുതവണ സർക്കാരിനു മുന്നറിയിപ്പു നല്‍കിയിരുന്നു എന്നാണ്. മെയ് മാസത്തിലും സെപ്റ്റംബറിലും. എന്നാല്‍, ഐടി കാര്യാലയം പറയുന്നത് അവര്‍ നല്‍കിയ വിശദാംശങ്ങള്‍ കൂടുതല്‍ നടപടിക്രമങ്ങളിലേക്ക് കടക്കാന്‍ അപര്യാപ്തമായിരുന്നു എന്നാണ്.

പുതിയ നിയന്ത്രണങ്ങള്‍ വരുന്നു

വിദേശ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട പുതിയ നിയമങ്ങല്‍ ജനുവരി 2020ല്‍ എങ്കിലും പുറത്തിറക്കണെന്നാണ് സുപ്രീം കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ നേരത്തെ നടന്നതു പോലെയുള്ള സ്‌പൈവെയര്‍ ആക്രണണമുണ്ടായാല്‍ അതില്‍ വാട്‌സാപ് പോലെയുള്ള കമ്പനികള്‍ക്ക് എന്ത് ഉത്തരവാദിത്വം ഉണ്ടെന്നതിനെക്കുറിച്ച് കൂടുതല്‍ തീര്‍ച്ചയുണ്ടാകും. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ സോഷ്യല്‍ മീഡിയ ആപ്പുകളെ പണം കൈമാറ്റത്തിന് ഇടനിലക്കാരാക്കണോ എന്ന കാര്യത്തിലും വ്യക്തമായ നിലപാടും എടുത്തേക്കും.

വാട്‌സാപ്പിന്റെ സുപ്രധാന ഫീച്ചറായ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്റെ കാര്യത്തിലും ഒരു തീരുമാനമാകുമെന്നാണ് കരുതുന്നത്. ഇതോടെ വാട്‌സാപില്‍ ഒരു സന്ദേശം ആദ്യമായി പോസ്റ്റ് ചെയ്തത് ആരാണെന്ന് വെളിവാക്കപ്പെടും. ഇത്രയും കാലം അതു സാധ്യമല്ലെന്ന നിലപാടാണ് വാട്‌സാപ് സ്വീകരിച്ചുവന്നത്. അതോടെ ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണ്ണമായും ഇല്ലാതാകുമെന്നാണ് വാട്‌സാപിന്റെ നിലപാട്. എന്നാല്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന്റെ മൊബൈല്‍ ഫോണ്‍ നമ്പറുമായി ബന്ധപ്പെടുത്തി സൂക്ഷിക്കണമെന്നും പിന്നെ ആവശ്യം വന്നാല്‍ തങ്ങള്‍ക്കു കൈമാറണമെന്നുമുള്ള നിലപാടാണ് സർക്കാർ പരിഗണിക്കുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

English Summary: WhatsApp spyware hack raises security concerns around its upcoming payments service

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA