ADVERTISEMENT

യുവാക്കളുടെ ഹരമായി മാറിയ ചൈനീസ് ടിക്ക് ടോക്കിനെ വാങ്ങാനും ദൗത്യം നടക്കാതെ വന്നപ്പോൾ നേരിടാനും രംഗത്തിറങ്ങിയ ടെക്കിയാണ് ഫെയ്സ്ബുക് മേധാവി മാർക്ക് സക്കർബർഗ്. എന്നാൽ സക്കർബർഗിന് ടിക് ടോക്കിൽ രഹസ്യ അക്കൗണ്ട് ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്. വിഡിയോകളൊന്നും പോസ്റ്റ് ചെയ്തിട്ടില്ലാത്ത അക്കൗണ്ട് എന്തിനാണ് സക്കർബര്‍ഗ് ഉണ്ടാക്കിയതെന്നാണ് സോഷ്യൽമീഡിയക്കാർ ചോദിക്കുന്നത്.

 

അമേരിക്കയെ പോലും കീഴടക്കിയ ടിക് ടോക്ക് ഫെയ്സ്ബുക്കിന് വൻ വെല്ലുവിളിയാണ്. ടിക് ടോക്കിലെ സക്കർബർഗിന്റെ അക്കൗണ്ട് ഇതുവരെയും വിഡിയോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ചിട്ടില്ലെങ്കിലും അക്കൗണ്ടിൽ 4,055 പേർ പിന്തുടരുന്നുണ്ട്. അക്കൗണ്ടിൽ നിലവിൽ അരിയാന ഗ്രാൻഡെ, സെലീന ഗോമസ് എന്നിവരെ പോലുള്ള 61 സെലിബ്രിറ്റികളെയാണ് സക്കർബർഗ് പിന്തുടരുന്നത്. ടിക് ടോക്ക് സൂപ്പർതാരങ്ങളായ ലോറൻ ഗ്രേ, ജേക്കബ് സാർട്ടോറിയസ് എന്നിവരെയും പിന്തുടരുന്നു.

 

2016 ൽ സക്കർബർഗ് മ്യൂസിക്കൽ.ലി കമ്പനി മേധാവി അലക്സ് ഷുവിനെ കാലിഫോർണിയയിലെ ഫെയ്സ്ബുക്കിന്റെ മെൻലോ പാർക്ക് ആസ്ഥാനത്തേക്ക് ക്ഷണിച്ചെങ്കിലും ചർച്ച ഫലവത്തായില്ലെന്നാണ് അറിയുന്നത്. 2017 ൽ ബൈറ്റ്ഡാൻസ് 800 മില്യൺ ഡോളറിന് മ്യൂസിക്കൽ.ലി വാങ്ങി. ഇതിന്റെ വിഡിയോ ആപ്ലിക്കേഷനായ ഡൗയിനുമായി ലയിപ്പിച്ചാണ് ടിക് ടോക്ക് ആപ് അവതരിപ്പിച്ചത്. ടിക് ടോക്കിന് ഇന്ന് ആഗോളതലത്തിൽ 80 കോടിയിലധികം ഉപയോക്താക്കളുണ്ട്. ഇന്ത്യയിൽ മാത്രം 20 കോടി പേരുണ്ട്.

 

ഇന്ത്യയിൽ ടിക് ടോക്ക് ഇൻസ്റ്റാഗ്രാമിനെക്കാൾ മുന്നിലാണെന്ന് സക്കർബർഗ് തന്നെ അടുത്തിടെ പറഞ്ഞിരുന്നു. ഇൻസ്റ്റാഗ്രാമിന്റെ എക്സ്പ്ലോർ സവിശേഷത പോലെ ടിക് ടോക്ക് പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പരാമർശിച്ചു. ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിലെ ടിക് ടോക്കിൽ നിന്ന് ശക്തമായ മത്സരം നേരിടുന്നു. ആപ്ലിക്കേഷൻ നിരോധിക്കാനുള്ള ആഹ്വാനമുണ്ടായിട്ടും ടിക് ടോക്ക് ഉടമ ഇപ്പോൾ ഒരു ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്.

English Summary:  Mark Zuckerberg's secret TikTok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com