ADVERTISEMENT

ഒരു ഗ്രൂപ്പിന്റെ പേരിലെന്തിരിക്കുന്നു? എന്ന ചോദ്യം വാട്‌സാപ്പിനോടാണെങ്കില്‍ പേര് ശരിയല്ലെങ്കില്‍ നിങ്ങളെ വാട്‌സാപ് ആജീവനാന്തകാലത്തേക്ക് പിടിച്ച് പുറത്താക്കുമെന്നാകും ഉത്തരം. ടെക്‌നോളജി വെബ്‌സൈറ്റായ WABetaInfo ആണ് വാട്‌സാപ്പിന്റെ പുതിയ രീതി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. വാട്‌സാപ് ഉപയോക്താക്കളുടെ പരാതികള്‍ പരിശോധിച്ച ശേഷമാണ് WABetaInfo ഇത് കണ്ടെത്തിയത്. 

 

ഏതൊക്കെ വാട്‌സാപ് ഗ്രൂപ്പുകളിലാണ് അംഗമായിട്ടുള്ളതെന്ന് പോലും പലരും ഓര്‍ക്കാത്ത കാലമാണിത്. എന്നാല്‍ ഗ്രൂപ്പുകളെക്കുറിച്ച് മാത്രമല്ല ഗ്രൂപ്പുകളുടെ പേരുകളെക്കുറിച്ചും വ്യക്തമായ ധാരണ ഉണ്ടാകണമെന്നാണ് വാട്‌സാപ് ഈ പ്രവര്‍ത്തിയിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. 

 

WABetaInfoയുടെ റിപ്പോര്‍ട്ട് പ്രകാരം റെഡിറ്റിലെ Mowe11 എന്ന യൂസര്‍ വഴിയാണ് ഇക്കാര്യം ശ്രദ്ധയില്‍ പെട്ടത്. ഒരു പ്രത്യേക വാട്‌സാപ് ഗ്രൂപ്പിലെ താന്‍ ഉള്‍പ്പെടുന്ന എല്ലാവരെയും വാട്‌സാപ് ആജീവനാന്ത കാലത്തേക്ക് വിലക്കിയെന്നാണ് Mowe11 പറഞ്ഞത്. നിയമപരമല്ലാത്ത ഒരു പേര് ഗ്രൂപ്പിന് ഇട്ടതിന് പിന്നാലെയാണ് വാട്‌സാപ് ഈ നീക്കം നടത്തിയത്. റെഡിറ്റിലെ PiTiXX എന്ന യൂസറും ഇതേ അനുഭവമുണ്ടായെന്ന് വ്യക്തമാക്കി.

 

ഇത്തരത്തില്‍ വിലക്ക് ലഭിച്ച പല യൂസര്‍മാരും വാട്‌സാപ്പുമായി ഔദ്യോഗികമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ഇവര്‍ക്കെല്ലാം ഒരേ അച്ചില്‍ തീര്‍ത്ത ഓട്ടോമാറ്റിക് മറുപടിയാണ് ലഭിച്ചത്. വാട്‌സാപ്പിന്റെ ടേംസ് ആന്റ് കണ്ടീഷന്‍സ് ലംഘിച്ചതിനെ തുടര്‍ന്നാണ് വിലയക്കിയത് എന്നായിരുന്നു മറുപടി.

 

തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ഗ്രൂപ്പുകളുടെ പേരുകളും വിവരണവും കൂടി വാട്‌സാപ് കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നാണ് ഈ നീക്കത്തില്‍ നിന്നും വ്യക്തമാകുന്നത്. പല വാട്‌സാപ് ഗ്രൂപ്പുകള്‍ക്കും സ്ഥിരമായി ഒരു പേരുപോലും ഉണ്ടാകാറില്ല. ഗ്രൂപ്പിലെ അംഗങ്ങള്‍ പല തരത്തിലും പേരുകളിൽ മാറ്റം വരുത്താറുണ്ട്. എന്തെങ്കിലും പ്രത്യേക സാഹചര്യമോ തമാശയോ എല്ലാമായിരിക്കാം കാരണം. ഇത്തരം തമാശകള്‍ കാര്യമായി തന്നെയാണ് വാട്‌സാപ് കരുതുന്നതെന്നാണ് ഈ നീക്കം വെളിപ്പെടുത്തുന്നത്. 

 

വാട്‌സാപ് അഡ്മിനുകള്‍ ഗ്രൂപ്പുകളുടെ പേര് മാറ്റാനുള്ള അധികാരം അഡ്മിനുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയാണ് ഇത്തരം സാഹചര്യത്തെ നേരിടാനുള്ള ഒരു പോംവഴി. സൂക്ഷിച്ചില്ലെങ്കില്‍ ആരെങ്കിലും ഗ്രൂപ്പിന്റെ പേര് മാറ്റിയെന്ന കാരണത്താല്‍ ഗ്രൂപ്പിലുള്ള എല്ലാവര്‍ക്കും വാട്‌സാപ്പിന്റെ ആജീവനാന്ത വിലക്ക് ലഭിക്കുമെന്ന നിലയിലേക്കാണ് പുതിയ പരിഷ്‌ക്കാരം എത്തിച്ചിരിക്കുന്നത്.

English Summary: Why some accounts are getting banned for ‘suspicious’ group names on WhatsApp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com