sections
MORE

വിഡിയോയിൽ ലാദന്റെ ചിത്രം: ഫെറോസയോട് മാപ്പു പറഞ്ഞ് ചൈനീസ് ടിക് ടോക് തടിയൂരി

feroza
SHARE

ചൈനീസ് കമ്പനികളുടെ അമേരിക്കയിലെ പ്രവൃത്തനങ്ങള്‍ നിരോധിക്കാന്‍ ഒരു കാരണം നോക്കിയിരിക്കുകയാണ് ട്രംപ്. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഒരാളായ വാവെയ് ട്രംപ് ഭരണകൂടത്തിന്റെ ദേഷ്യമറിഞ്ഞ ചൈനീസ് കമ്പനിയാണ്. എന്നാല്‍, രാജ്യത്തെ ടീനേജര്‍മാര്‍ക്കിടയല്‍ ഹരമായി തീര്‍ന്ന ചൈനീസ് ആപ്പായ ടിക്‌ടോക് കഴിഞ്ഞ ദിവസം ഒരു അബദ്ധം കാണിച്ചതിലൂടെ അമേരിക്കയിലെ നിലനില്‍പ്പും പ്രശ്‌നത്തിലാക്കിയിരിക്കുകയാണ്. യുവതിയുടെ അക്കൗണ്ട് ബ്ലോക്കു ചെയ്ത ശേഷം ടിക്‌ടോക് അത് തിരിച്ചു നല്‍കുകയും ക്ഷമാപണം നടത്തുകയും ചെയ്തുവെങ്കിലും ഈ ആപ്പും ചൈനാ സർക്കാരിന്റെ ആജ്ഞാനുവര്‍ത്തിയാണോ എന്ന സംശയം വര്‍ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.

ഉയിഗുര്‍ വിഷയം ഉയര്‍ത്തിക്കാട്ടി

അമേരിക്കന്‍ പൗരത്വമുളള ഫെറോസാ അസീസ് എന്ന പതിനേഴുകാരിയാണ് ചൈനയിലെ ഉയിഗുര്‍ മുസ്‌ലിങ്ങള്‍ നേരിടുന്ന പീഡനത്തിനെതിരെ ടിക്‌ടോകിലൂടെ ശബ്ദമുയര്‍ത്തിയത്. ഇതോടെ അവരുടെ അക്കൗണ്ട് ടിക്‌ടോക് ബ്ലോക് ചെയ്യുകയായിരുന്നു. എന്നാല്‍, പിന്നീട് ഈ അക്കൗണ്ട് പുനഃസ്ഥാപിക്കുകയും ആപ്പിലൂടെയുള്ള ഉള്ളടക്കത്തിന് ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ പുനഃപരിശോദിക്കുമെന്ന് അറിയിക്കുകയുമാണ് ടിക്‌ടോക് ചെയ്തിരിക്കുന്നത്. എന്നാല്‍ അക്കൗണ്ട് ബ്ലോക്കു ചെയ്ത നീക്കത്തിലൂടെ ടിക്‌ടോക് തങ്ങളുടെ നില പരുങ്ങലിലാക്കിയിരിക്കാം എന്നാണ് വിലയിരുത്തല്‍.

ബ്ലോക്കു ചെയ്യപ്പെട്ട അക്കൗണ്ടിന്റെ ഉടമയായ ഫെറോസ, @getmefamousplzsir എന്നൊരു അക്കൗണ്ട് ഉപയോഗിച്ചിരുന്നുവെന്നും, ഇതിലൂടെ യുവതി ഒസാമ ബിന്‍ ലാദന്റെ ചിത്രം പ്രദര്‍ശിപ്പിച്ചുവെന്നും, ഭീകര പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ടിക്‌ടോക് അനുവദിക്കുന്നില്ലെന്നുമാണ് കമ്പനി പറഞ്ഞത്. എന്നാല്‍, ബാന്‍ ചെയ്യപ്പെട്ട അക്കൗണ്ടുകളുമായി ബന്ധമുള്ള 2,406 അക്കൗണ്ടുകള്‍ക്കു കൂടെ തങ്ങള്‍ വിലക്കേര്‍പ്പെടുത്തിയെന്നും ഫെറോസയുടെ പുതിയ അക്കൗണ്ടായ (@getmefamouspartthree അക്കൂട്ടത്തില്‍ നിരോധിക്കപ്പെട്ടു പോയതാണെന്നും ടിക്‌ടോക് അറിയിച്ചു. ഈ അക്കൗണ്ടിലൂടെയാണ് ഫെറോസ ഉയിഗുര്‍ മുസ്‌ലിങ്ങള്‍ ചൈനയില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കു തെറ്റുപറ്റിയെന്ന് ടിക്‌ടോക് സമ്മതിച്ചു. അക്കൗണ്ടുകള്‍ പരിശോദിക്കുന്നവരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണിതെന്നും അവര്‍ അറിയിച്ചു.

എന്തായാലും ഈ സംഭവം വീണ്ടും അമേരിക്ക-ചൈന ബന്ധത്തെ വഷളാക്കുമെന്നാണ് കരുതുന്നത്. അക്കൗണ്ട് ബാന്‍ ചെയ്തതിലൂടെ ടിക്‌ടോകിന്റെ ഉടമ ബൈറ്റ്ഡാന്‍സിന് ചൈനാ സർക്കാരുമായുള്ള ബന്ധത്തിന്റെ വ്യക്തമായ സൂചനയാണ് പുറത്തുവരുന്നതെന്ന നിലപാടിലാണ് ചില അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. അമേരിക്ക തങ്ങളുടെ പൗരന്മാരുടെ ഡേറ്റ ടിക്‌ടോക് എന്തു ചെയ്യുന്നു എന്നതിനെക്കുറിച്ച് ഒരു അന്വേഷണം തുടങ്ങിയിരുന്നു. ചൈനാ സർക്കാരിനെതിരയെയുള്ള ഉള്ളടക്കമുള്ള പോസ്റ്റുകള്‍ ടിക്‌ടോക് നിരോധിക്കുന്നുണ്ടോ എന്നും അന്വേഷിച്ചു വരികയായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥര്‍. എന്നാല്‍ ഇത്തരം ആരോപണങ്ങളെ ടിക്‌ടോക് പാടേ തള്ളിക്കളഞ്ഞിരുന്നു. തങ്ങളോട് ഏതെങ്കിലും കണ്ടെന്റ് നീക്കം ചെയ്യാന്‍ ചൈനാ സർക്കാർ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല എന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ ആവശ്യപ്പെട്ടാല്‍ പോലും തങ്ങള്‍ അതു ചെയ്യുകയും ഇല്ലെന്ന നിലപാടാണ് ടിക്‌ടോക് സ്വീകരിച്ചത്.

എന്നാല്‍, തന്റെ അക്കൗണ്ട് ബ്ലോക്കു ചെയ്തതോടെ ഫെറോസ ട്വിറ്ററിലൂടെ ടിക്‌ടോകിന്റെ അവകാശവാദങ്ങളെ വിമര്‍ശിച്ചിരുന്നു. എന്തായാലും തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കുമെന്നാണ് ടിക്‌ടോക് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം പ്രചാരം നേടിയ ചൈനീസ് ആപ്പാണ് ടിക്‌ടോക്. ഫെയ്‌സ്ബുക് അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് ടിക് ടോകിന് കടിഞ്ഞാണ്‍ വീണു കാണാന്‍ ആഗ്രഹമുണ്ട്. കുറിയ വിഡിയോ പോസ്റ്റു ചെയ്യുന്നതിലൂടെ കോടിക്കണക്കിന് ഉപയോക്താക്കളെ, പ്രത്യേകിച്ചും യുവതീയുവാക്കളെ, ആകര്‍ഷിക്കാനായ ഈ ആപ് ടെക്‌നോളജിയുടെ ലോകത്ത് പുതുമ പകര്‍ന്നിരുന്നു. ഇന്ത്യയിലും ആപ് നിരോധിക്കാന്‍ ശ്രമം നടന്നിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA