ADVERTISEMENT

ട്രാക്ക് ചെയ്യരുതെന്ന് പറയുന്ന ഉപയോക്താക്കളെ വരെ ട്രാക്കു ചെയ്യാനാകുമെന്ന് അമേരിക്കന്‍ സെനറ്റര്‍മാരോട് തുറന്നു സമ്മതിച്ചിരിക്കുകയാണ് ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമം എന്നറിയപ്പെടുന്ന ഫെയ്‌സ്ബുക്. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഫെയ്‌സ്ബുക്കിനും ഗൂഗിളിനും കടിഞ്ഞാണിടാനുള്ള ശ്രമവുമായി മുന്നോട്ടു നീങ്ങുന്നതിനിടയിലാണ് പുതിയ വെളിപ്പെടുത്തല്‍. 

 

തങ്ങള്‍ക്ക് ഏതെല്ലാം രീതിയല്‍ ഒരു ഉപയോക്താവ് എവിടെ നില്‍ക്കുന്നു എന്നറിയാമെന്നതിനെപ്പറ്റി ഫെയ്‌സ്ബുക് ഒരു വിശദീകരണം തന്നെ നല്‍കിയിട്ടുണ്ട്. തങ്ങളുടെ കയ്യിലുള്ള ഡേറ്റ ഉപയോഗിച്ച് വളരെ കൃത്യായ രീതിയില്‍ തന്നെ ഓരോരുത്തരെയും തിരച്ചറിയാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. രണ്ട് അമേരിക്കന്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഫെയ്‌സ്ബുക് ഇക്കാര്യം വെളിപ്പെടുത്താന്‍ നിര്‍ബന്ധിതരായത്. അവര്‍ക്ക് ഉചിതമായ പരസ്യങ്ങള്‍ കാണിക്കുവാനും അവരെ ഹാക്കര്‍മാരില്‍ നിന്നു രക്ഷിക്കാനുമാണ് ട്രാക്ക് ചെയ്യരുതെന്ന് ആവശ്യപ്പെടുന്നവരെയും ട്രാക്കു ചെയ്യുന്നത് എന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

 

ആരും ട്രാക്ക് ചെയ്യപ്പെടാതിരിക്കില്ല. നിങ്ങളുടെ സ്വകാര്യ കാര്യങ്ങള്‍ക്കുമേല്‍ നിങ്ങള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോഷ് ഹാവ്‌ളി പറഞ്ഞു. അതാണ് വന്‍ ടെക്‌നോളജി കമ്പനികളുടെ രീതി. അതുകൊണ്ടാണ് അമേരിക്കന്‍ കോണ്‍ഗ്രസ് അവയ്‌ക്കെതിരെ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം തുടര്‍ന്നു. 

 

ഒരു പ്രത്യേക സ്ഥലത്തുവച്ച് ഫോട്ടോ ടാഗു ചെയ്യുമ്പോഴും ഒരു ഹോട്ടലില്‍ കൂട്ടുകാരുമൊത്ത് ഒത്തു ചേരുമ്പോഴും മറ്റും തങ്ങള്‍ക്ക് ലൊക്കേഷന്‍ അറിയാനാകുമെന്ന് ഫെയ്‌സ്ബുക് പറഞ്ഞു. ഉപയോഗിക്കുന്ന ഡിവൈസിന്റെ ഐപി അഡ്രസ് പിന്തുടര്‍ന്നും ആളുകള്‍ എവിടെ നില്‍ക്കുന്നുവെന്ന് എളുപ്പം മനസ്സിലാക്കാം. ഇതെല്ലാം ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ എവിടെയെല്ലാം പോകുന്നു എന്നതിനെപ്പറ്റിയൊക്കെ വ്യക്തമായ ധാരണ കമ്പനിക്കു ലഭിക്കാന്‍ ഇടവരുത്തുന്നു. ഇത് മിക്കവാറും എല്ലാ രാജ്യങ്ങളുടെയും നിയമങ്ങള്‍ക്ക് എതിരാണ്. എന്നാല്‍, തങ്ങള്‍ ചില രീതിയില്‍ ഉപയോക്തക്കളെ സംരക്ഷിക്കുകയാണ് എന്നാണ് കമ്പനി ഭാവിക്കുന്നത്.

 

എന്തായാലും, അമേരിക്കയില്‍ ആദ്യമായി ടെക് ഭീമന്മാര്‍ക്കെതിരെ അതിശക്തമായ നടപിടിയുമായി ഇറങ്ങുന്നത് കാലിഫോര്‍ണിയാ സ്റ്റേറ്റ് ആണ്. ഫെയ്‌സ്ബുക്കിന്റെ ആസ്ഥാനം നിലനില്‍ക്കുന്നത് കാലിഫോര്‍ണിയിലാണ്. അടുത്ത വര്‍ഷം നിലവില്‍ വരുന്ന കാലിഫോര്‍ണിയ കണ്‍സ്യൂമര്‍ പ്രൈവസി ആക്ട് (California Consumer Privacy Act (CCPA) പ്രകാരം ടെക് കമ്പനികള്‍ അവരെക്കുറിച്ചു ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ അവര്‍ക്ക് കാണാന്‍ സാധിക്കണം എന്നാണ് പറയുന്നത്.

 

ഫെയ്‌സ്ബുക്കിനും ഗൂഗിളിനുമെതിരെ ബ്രിട്ടൻ

 

പരസ്യങ്ങളില്‍ നിന്ന് ഉണ്ടാക്കുന്ന വരുമാനമാണ് ഫെയ്‌സ്ബുക്കിനെയും ഗൂഗിളിനെയും ടെക് കമ്പനികളുടെ മുന്‍പന്തിയില്‍ നിറുത്തുന്നത്. ബ്രിട്ടനിന്റെ കോംപറ്റീഷന്‍ ആന്‍ഡ് മാര്‍ക്കറ്റ്‌സ് അതോറിറ്റി (സിഎംഎ) പറയുന്നത് ഇരു കമ്പനികളും സ്വീകരിക്കുന്ന സങ്കീര്‍ണ്ണമായ ഡിജിറ്റല്‍ പരസ്യ മേഖലയെക്കുറിച്ച് തങ്ങള്‍ പഠിച്ചു വരികയാണ് എന്നാണ്. ഇരു കമ്പനികള്‍ക്കുമെതിരെ കൂടുതല്‍ കടുത്ത നടപടികള്‍ സ്വീകരിക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

 

ജപ്പാനും നിലപാടു കടുപ്പിക്കുന്നു

 

ടെക് ഭീമന്മാരായ ഗൂഗിള്‍, ഫെയ്‌സ്ബുക്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ കസ്റ്റമര്‍മാരുമായി ഉണ്ടാക്കിയിരിക്കുന്ന കരാര്‍ എന്താണെന്ന് വെളിപ്പെടുത്തണമെന്നാണ് ജപ്പാനിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കമ്പനികള്‍ തങ്ങളുടെ അപാര ശക്തി ഉപയോഗിപ്പിച്ച് ചെറിയ കമ്പനികളുടെ വളര്‍ച്ചെയെ മുരടിപ്പിക്കുന്നു എന്ന ആരോപണത്തിനെതിരെയും പുതിയ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് ജപ്പാന്‍. 

 

ജപ്പാനിലെ നീക്കങ്ങള്‍ ലോകവ്യാപകമായി ടെക് ഭീമന്മാര്‍ക്കെതിരെ ഉയര്‍ന്നുവരുന്ന നടപടികള്‍ക്ക് ചേര്‍ന്ന വിധമാണെന്നാണ് വിലയിരുത്തല്‍. അമേരിക്കയും യൂറോപ്പും ഇന്ത്യയും ഓസ്‌ട്രേലിയും ടെക് കമ്പനികള്‍ക്ക് മൂക്കുകയറിടാന്‍ ഒരുങ്ങുകയാണ്. വ്യാജ വാര്‍ത്ത വ്യാപിപ്പിക്കുന്നതിനെതിരെയും ഗൂഗിളിനും ഫെയ്‌സ്ബുക്കിനും എതിരെ നടപടി ആലോചിക്കുന്നുണ്ട്. ഇരു കമ്പനികളും ഈ നീക്കത്തെ എതിര്‍ക്കുന്നുവെങ്കിലും, പരമ്പരാഗത മീഡിയയുടെ പ്രതിനിധിയായ റൂപ്പര്‍ട്ട് മര്‍ഡോക് ഇതിനെ സ്വാഗതം ചെയ്തു. ഈ കമ്പനികളില്‍ നിന്ന് വ്യക്തികളുടെ ഡേറ്റ സംരക്ഷിക്കാനും ജപ്പാന്‍ നിയമം ഭേദഗതി ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com