sections
MORE

‘പോസ്റ്റ് തലവേദനകൾ’ ഒഴിവാക്കാൻ ജഡ്ജിമാരും നൊബേൽ ജേതാക്കളും ഫെയ്സ്ബുക്കിലേക്ക്

zuckerberg-1
SHARE

ലോകത്തെ ഏറ്റവും വലിയ സമൂഹ മാധ്യമ വെബ്സൈറ്റായ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്യുന്ന കണ്ടെന്റ് പലപ്പോഴും വിവാദമാകാറുണ്ട്. ഇതില്‍ അക്രമവും അശ്ലീലവും എല്ലാം കാണിക്കുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാഹായം പ്രയോജനപ്പെടുത്തുന്നതു കൂടാതെ, കമ്പനി ആയിരക്കണക്കിന് ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. എന്നാല്‍, ഇങ്ങനെ നീക്കം ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുന്ന ചില പോസ്റ്റുകൾ വിവാദത്തിനും വഴിവയ്ക്കാറുണ്ട്. ചിലപ്പോള്‍ നഗ്നതയും മറ്റും കാണിക്കുന്നത് കലയാണെന്നു വാദിക്കുന്നവരുമുണ്ട്. അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്താല്‍ കലാകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈവച്ചുവെന്ന് പറഞ്ഞ് ബഹളമുണ്ടാകും. കാണിച്ചുകൂടാത്ത ചില വിവാദ പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ കടന്നുകൂടാറുമുണ്ട്.

ഈ സാഹചര്യത്തില്‍ ഏതു കണ്ടെന്റ് ഫെയ്‌സ്ബുക്കില്‍ കാണണം, ഏതു കാണരുതെന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൊബേല്‍ സമ്മാന ജേതാക്കളും ജഡ്ജിമാരുമടങ്ങുന്ന ഒരു ബോര്‍ഡിനെ നിയോഗിക്കാനൊരുങ്ങുകയാണ് ഫെയ്‌സ്ബുക്. ഇക്കാര്യത്തില്‍ കടലാസിലെങ്കിലും ഈ ബോര്‍ഡിന് കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെക്കാള്‍ അധികാരവുമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരമൊരു ബോര്‍ഡ് നടത്തിക്കൊണ്ടു പോകുന്നതിന്റെ ചെലവിലേക്കായി ആദ്യ ഇന്‍സ്റ്റാള്‍മെന്റായി 130 ദശലക്ഷം ഡോളര്‍ കമ്പനി അനുവദിച്ചും കഴിഞ്ഞു. എന്നാല്‍, നേരത്തെ പ്രഖ്യാപിച്ചിരുന്നതു പോലെ ഈ ബോര്‍ഡ് 2019ല്‍ നിലവില്‍ വരില്ല.

ബോര്‍ഡംഗങ്ങളെ ജനുവരി 2020നു ശേഷമായിരിക്കും തിരഞ്ഞെടുക്കുക. ഇത്തരമൊരു ബോര്‍ഡിനെ തിരഞ്ഞെടുക്കാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ മാത്രമാണ് അത് എത്ര സങ്കീര്‍ണ്ണമായ കാര്യമാണെന്നു മനസ്സിലായതെന്ന് കമ്പനിയുടെ പ്രതിനിധി ബ്രെന്റ് ഹാരിസ് പറഞ്ഞു. ഇക്കാര്യത്തില്‍ വേണ്ട സുതാര്യതയ്ക്കും കമ്പനി പ്രാധാന്യം കൊടുക്കുന്നു. ഇപ്പോള്‍ ഏകദേശം 1,000 പേരുകളാണ് പരിഗണിക്കുന്നത്. ഇവരില്‍ നിന്ന് ഏകദേശം 40 പേരടങ്ങുന്ന കമ്മറ്റിയായിരിക്കും അന്തിമമായി നിയമിക്കുക.

ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പേരുകള്‍ ആഗോളതലത്തില്‍ 88 രാജ്യങ്ങളില്‍ നടത്തിയ കൂടിയാലോചനകളുടെ ഫലമായും ഓണ്‍ലൈനിലൂടെ ക്ഷണിച്ച നിര്‍ദ്ദേശങ്ങള്‍ വഴിയും ലഭിച്ചവയാണ്. ഇവരില്‍ പ്രധാനമന്ത്രിമാരും നോബല്‍ സമ്മാന ജേതാക്കളും പ്രാദേശിക ജഡ്ജിമാരും വരെയുണ്ട് എന്നാണ് കമ്പനി പറയുന്നത്. ബോര്‍ഡിന് മൂന്നു സഹ അധ്യക്ഷന്മാരെ വരെ പരിഗണിക്കുന്നുണ്ട്. ജനുവരിക്കു ശേഷം ബോര്‍ഡിലെ ഇരുപതോളം മെംപര്‍മാരെ ആദ്യ ഘട്ടമായി പ്രഖ്യാപിക്കാനാണ് കമ്പനി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

വിവാദ ഉള്ളടക്കം കണ്ടെത്തിയാല്‍ കമ്പനിക്കു നേരിട്ടും ഫെയ്‌സ്ബുക് ഉപയോഗിക്കുന്നവര്‍ക്കും ബോര്‍ഡിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാം. ഇക്കാര്യത്തില്‍ അവര്‍ എടുക്കുന്ന തീരുമാനം ഫെയ്‌സ്ബുക് പരസ്യമാക്കുകയും ചെയ്യും. ഈ ബോര്‍ഡിനെ ഒരു സ്വതന്ത്ര സ്ഥാപനമാക്കി നിലനിര്‍ത്താനാണ് കമ്പനി ഉദ്ദേശിക്കുന്നത്. അത്തരമൊരു സ്ഥാപനത്തിനു വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയ ശേഷമായിരിക്കും അതു പ്രവര്‍ത്തനമാരംഭിക്കുക. അവര്‍ക്ക് നിയമജ്ഞരുടെ സഹായവും നല്‍കും. ഇതിന്റെ അടുത്ത ആറു വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി മാത്രമാണ് 130 ദശലക്ഷം ഡോളര്‍ മാറ്റിവച്ചിരിക്കുന്നത്.

അനുവദിച്ചിരിക്കുന്ന തുക കൊളളാമെങ്കിലും നടപ്പില്‍ വരുത്താനുള്ള കാലതാമസം നിരാശാജനകമാണെന്നാണ് സെയ്ന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറായ കെയ്റ്റ്ക്ലോണിക് പറഞ്ഞത്. ബോര്‍ഡ് യാഥാര്‍ഥ്യമാക്കുന്ന കാര്യങ്ങള്‍ നേരിട്ടു കാണാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. ഇത്രയധികം പണം ഫെയ്‌സ്ബുക് നീക്കിവച്ചുവെന്നത് അവര്‍ ഇതിനെ എത്ര പ്രാധന്യത്തോടെ കാണുന്നു എന്നതിന്റെ തെളിവാണെന്ന് കെയ്റ്റ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA