ADVERTISEMENT

വിചിത്രമാണ് ശതകോടീശ്വരന്മാരുടെ കാര്യങ്ങള്‍. താനുണ്ടാക്കുന്ന പണമെല്ലാം തനിക്കും വേണ്ടപ്പെട്ടവര്‍ക്കും മാത്രമെന്ന രീതി അനുവര്‍ത്തിച്ചു വരുന്നവരെയാണ് നമുക്കു പരിചയം. എന്നാല്‍, ജാപ്പനീസ് കോടീശ്വരൻ യുസാക്കു മാസവായെ (Yusaku Maezawa) പോലെയുള്ള കാശുകാര്‍ ഇനിയും ധാരാളമുണ്ടാകട്ടെ എന്ന് ആഗ്രഹിക്കുകയാണ് അദ്ദേഹത്തെക്കുറിച്ച് അറിഞ്ഞവരൊക്കെ. തന്റെ 1,000 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് 9,000 ഡോളര്‍ (ഏകദേശം 6.38 ലക്ഷം രൂപ) വീതം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് മുതലാളി. ആകെ 90 ലക്ഷം ഡോളറാണ് (ഏകദേശം 63.8 കോടി രൂപ) ഇങ്ങനെ വിതരണം ചെയ്യുന്നത്.

നേരത്തെ ഒരു പെയ്ന്റിങ് വാങ്ങാന്‍ 57.2 ദശലക്ഷം ഡോളര്‍ മുടക്കിയും ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്‌സ് എക്‌സിന്റെ, ആദ്യ ചന്ദ്രയാത്രയിലെ എല്ലാ സീറ്റുകളും ബുക്ക് ചെയ്തും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. 44 വയസ്സുള്ള അദ്ദേഹവും കന്നിപ്പറക്കലില്‍ സ്‌പെയ്‌സ് എക്‌സില്‍ കയറിയേക്കുമെന്നും പറയുന്നു. ഓണ്‍ലൈന്‍ വില്‍പനയിലൂടെയാണ് അദ്ദേഹം ലോകത്തെ കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം നേടിയത്.

ട്വിറ്റര്‍ ഫോളോവര്‍മാരെ എങ്ങനെ തിരഞ്ഞെടുക്കും? 

അദ്ദേഹം ജനുവരി 1നു നടത്തിയ ട്വീറ്റ്, റീട്വീറ്റ് ചെയ്ത 1,000 പേര്‍ക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. താന്‍ സമൂഹത്തിലൊരു ഗൗരവത്തിലുള്ള പരീക്ഷണത്തിനു മുതിരുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇന്ന് ലോകത്ത് ഉയര്‍ന്നുവരുന്ന വിചാരധാരകളിലൊന്നാണ് എല്ലാവര്‍ക്കും അടിസ്ഥാനവരുമാനം ഉറപ്പാക്കുക (universal basic income) എന്നത്. ഇതിന്റെ ഭാഗമായാണ് പണം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ക്ക് ജീവിച്ചിരിക്കാനായി പണം നല്‍കുന്ന പദ്ധതിയെയാണ് യൂണിവേഴ്‌സല്‍ ബേസിക് ഇൻകം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ ആശയം 2020 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകാന്‍ ശ്രമിക്കുന്ന ആന്‍ഡ്രൂ യാങ് പ്രചരിപ്പിച്ചു തുടങ്ങിയതാണ്. താന്‍ അധികാരത്തിലെത്തിയാല്‍, പ്രായപൂര്‍ത്തിയായ (18 വയസ്സു പൂര്‍ത്തിയായ) ഓരോ അമേരിക്കക്കാരനും പ്രതിമാസം 1,000 ഡോളര്‍ വീതം നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം.

ഫോളോവർമാർക്കു പണം വാഗ്ദാനം ചെയ്ത യുസാക്കു പറയുന്നത്, ആ പണം അവര്‍ക്ക് ഗുണം ചെയ്‌തോ എന്ന കാര്യം താന്‍ അന്വേഷിച്ചുകൊണ്ടിരിക്കുമെന്നാണ്.

Yusaku-elon

ആദ്യമായല്ല യുസാക്കു ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് പണം വെറുതേ കൊടുക്കുന്നത്. തന്റെ 100 ട്വിറ്റര്‍ ഫോളോവര്‍മാര്‍ക്ക് 2019 ല്‍ അദ്ദേഹം 917,000 ഡോളര്‍ വീതിച്ചു നല്‍കിയിരുന്നു. ഇതിന്റെ ഗുണഭോക്താക്കളോട്, ‘നിങ്ങള്‍ക്കു ഞാന്‍ പണം നല്‍കാന്‍ പോകുന്നു’ എന്ന് അദ്ദേഹം നേരിട്ട് ട്വിറ്ററിലൂടെ തന്നെ അറിയിക്കുകയായിരുന്നു. തന്റെ ഓണ്‍ലൈന്‍ ഫാഷന്‍ ബിസിനസ് വിറ്റ് 9000 ദശലക്ഷം ഡോളര്‍ ലഭിച്ചതിന്റെ ഭാഗമായാണ് പണം നല്‍കുന്നത്. എന്നാല്‍, ഇത് ബേസിക് ഇൻകത്തിന്റെ പരിധിയില്‍ വരില്ല എന്നാണ് വിദഗ്ധർ പറയുന്നത്. കാരണം അടിസ്ഥാന വരുമാനം എന്നാല്‍ സ്ഥിരമായി ഒരു നിശ്ചിത തുക ആളുകളിലെത്തിക്കുക എന്നതാണ്. പക്ഷേ യുസാക്കു ഒറ്റത്തവണ മാത്രമാണ് പണം നൽകുന്നത്.

പണം നൽകുന്നതിന് യുസാക്കുവിനു പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ല, മാത്രമല്ല, ആ പണം എങ്ങനെവേണമെങ്കിലും ചെലവാക്കുകയും ചെയ്യാം. കലിഫോര്‍ണിയയിലെ സ്‌റ്റോക്ട്റ്റണില്‍, 125 പേര്‍ക്ക് പ്രതിമാസം 500 ഡോളര്‍ വീതം നല്‍കുന്നുണ്ട്. എന്നാല്‍, ആ പദ്ധതിയിലേക്കു പരിഗണിക്കണമെങ്കില്‍ ആ നഗരത്തില്‍ വസിക്കുന്നയാളും നഗരവാസികളുടെ ശരാശരി പ്രതിവര്‍ഷ വരുമാനമായ 46,033 ഡോളറോ അതില്‍ താഴെയോ വരുമാനമുള്ള ആളുമായിരിക്കണം എന്നതാണ് മാനദണ്ഡം. ആന്‍ഡ്രൂ യാങിന്റെ ലക്ഷ്യം നിറവേറ്റപ്പെട്ടാല്‍ ചില അമേരിക്കക്കാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്‌റ്റൈപ്പെന്‍ഡ് ഇല്ലാതായേക്കും. എന്നാല്‍, വിരമിക്കല്‍ സഹായധനവും മറ്റും നിലനിര്‍ത്തുകയും ചെയ്യും. പണം നല്‍കിയാല്‍ സന്തോഷം വര്‍ധിക്കുമോ എന്നറിയാന്‍ പരീക്ഷണം നടത്തിയ മറ്റു രാജ്യങ്ങളിലൊന്ന് ഫിന്‍ലന്‍ഡ് ആണ്. അവിടെ ഗുണഭോക്താക്കള്‍ക്ക് പ്രതിമാസം 640 ഡോളറാണ് നല്‍കിയത്.

അടിസ്ഥാന വരുമാനം സന്തോഷം വര്‍ധിപ്പിക്കുമോ?

ഫിന്‍ലൻഡിന്റെ പരീക്ഷണം പരാജയമായിരുന്നു എന്നാണ് കരുതുന്നത്. എന്നാല്‍, അതില്‍ നിന്നുള്ള ഗുണപാഠങ്ങളില്‍‌നിന്ന് പഠിക്കാനുമുണ്ട്. സഹായ ധനം ലഭിച്ചവരില്‍ പലരും തങ്ങള്‍ സന്തുഷ്ടരും ആരോഗ്യവാന്മാരുമായി എന്നാണ് പ്രതികരിച്ചിരിക്കുന്നത്. പണംകൊണ്ട് സന്തോഷം വാങ്ങാനാകുമോ എന്ന ചോദ്യത്തിന് ഉത്തരമാണ് യുസാക്കു അന്വേഷിക്കുന്നത്. പണം കുറയുന്നത് വിഷമതകള്‍ വര്‍ധിപ്പിക്കും എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. ധാരാളം വരുമാനമുള്ള അമേരിക്കക്കാരെ ചെറിയ പ്രശ്‌നങ്ങളൊന്നും അലട്ടുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍, ഇങ്ങനെ ബേസിക് ഇൻകം നല്‍കുന്ന രീതിയെ രൂക്ഷമായി വിമര്‍ശിക്കുന്നവരും ഉണ്ട്. തൊഴിൽ കണ്ടെത്താന്‍ ശ്രമിക്കുന്നവരുടെ എണ്ണം കുറയുമെന്നാണ് അവര്‍ വാദിക്കുന്നത്. എന്നാല്‍, താന്‍ പണം നല്‍കികുന്നത് ബേസിക് ഇൻകം എന്ന ആശയം ജപ്പാനില്‍ കൂടുതല്‍ ചര്‍ച്ചയാവാൻ വേണ്ടിയാണെന്നാണ് യുസാക്കുവിന്റെ വാദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com