ADVERTISEMENT

അമേരിക്കൻ സൈന്യം വധിച്ച ഇറാന്റെ മേജര്‍ ജനറലായിരുന്ന കാസിം സുലൈമാനിയെക്കുറിച്ച് മോശമായി അല്ലാതെ എന്തെങ്കിലും കുറിച്ചിട്ടാല്‍ ഫെയ്‌സ്ബുക് നീക്കം ചെയ്യുന്നുവെന്നത് നിഷ്പക്ഷരായ പശ്ചാത്യരെ പോലും അരിശംകൊള്ളിച്ചിരിക്കുകയാണ്. സുലൈമാനി എങ്ങനെയാണ് തീവ്രവാദത്തെ തുരത്തിയിരുന്നത് എന്നതിനെക്കുറിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്ത വിഡിയോ നീക്കം ചെയ്തതു കൂടാതെ അതു പോസ്റ്റ് ചെയ്ത അക്കൗണ്ട് പണമുണ്ടാക്കുന്നതു തടയുകയും ചെയ്തു. ഇക്കാര്യം ഇപ്പോൾ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

 

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ ഡാന്‍ കോഹന്‍ന്റെ ഫെയ്‌സ്ബുക് പേജിലെ 'ഇന്‍ ദ നൗ' ('In the Now') വിഭാഗത്തിലെ വിഡിയോയാണ് നീക്കം ചെയ്തത്. 'നല്ല മനുഷ്യനായ' സുലൈമാനി അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് 'മോശം മനുഷ്യനായത്' എന്ന വിഡിയോയാണ് എടുത്തുമാറ്റിയത്. ഫെയ്‌സ്ബുക് ഇതിനു കാരണായി പറഞ്ഞരിക്കുന്നത് കമ്യൂണിറ്റി നിയമങ്ങള്‍ ലംഘിച്ചാണ് വിഡിയോ പോസ്റ്റ് എന്നാണ്. എന്നാല്‍, എന്താണ് ഈ നിയമങ്ങള്‍ എന്ന് പറയുന്നുമില്ല. അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ നടത്തുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുന്നുവെന്ന ആരോപണം കൊടുമ്പിരിക്കൊണ്ടു നില്‍ക്കുമ്പോഴാണ് വിഡിയോ നീക്കം ചെയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, ഫെയ്‌സ്ബുക് മാത്രമല്ല മറ്റ് അമേരിക്കന്‍ കമ്പനികളും ഇതൊക്കെ തന്നെയാണ് ചെയ്യുന്നതെന്ന് വാദിക്കുന്നവരും ഉണ്ട്.

 

വിഡിയോ പോസ്റ്റു ചെയ്തിരുന്ന ഡാന്‍ കോഹന്‍ പറയുന്നത് ഒരു ശതമാനം പോലും യാഥാര്‍ഥ്യത്തെ വളച്ചൊടിക്കാത്തതായിരുന്നു തന്റെ വിഡിയോ എന്നാണ്. സുലൈമാനിയായിരുന്നു ഇസ്‌ലാമിക് സ്റ്റേറ്റിനെതിരെ യുദ്ധം നയിച്ചിരുന്നത് എന്നും കോഹന്‍ പറയുന്നു.

 

നീക്കം ചെയ്ത വിഡിയോ അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നതിന്റെ ലിങ്കും അടങ്ങുന്നതാണ് ട്വീറ്റ്. തത്കാലത്തേക്ക് ഇതു ട്വിറ്ററിലുണ്ടാകുമെന്നും അദ്ദേഹം പറയുന്നു. ഇറാനെ എങ്ങനെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കയ്യില്‍ പെടാതെ സുലൈമാനി സംരക്ഷിച്ചു നിർത്തി എന്നത് ശാന്തമായി വിശദീകരിക്കുന്ന ഒന്നാണ് കോഹന്റെ വിഡിയോ. അമേരിക്കയ്ക്കും കുര്‍ദ് സഖ്യത്തിനുമൊപ്പം നിന്ന സുലൈമാനി മരണശേഷം എങ്ങനെയാണ് പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്ക് പെട്ടെന്ന് 'അമേരിക്കക്കാരെ കൊല്ലാനിറങ്ങിയ ഒരു ഭയങ്കര ഭീകരനും പൊട്ടാനിരുന്ന ബോംബും' ആയി മാറിയതെന്നു വിശദീകരിക്കുന്നതാണ് കോഹന്റെ വിഡിയോ. സുലൈമാനിയെ ഇപ്പോള്‍ പിശാചിന്റെ അവതാരമായി അവതരിപ്പിക്കുന്ന ചിലര്‍ അദ്ദേഹത്തെ കുറച്ചു നാളുകള്‍ക്കു മുൻപ് അദ്ദേഹത്തെ പ്രശംസിക്കുന്നതിന്റെ വിഡിയോ അടക്കമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

 

ഇന്‍ ദ നൗ ഷോ അവതരിപ്പിക്കുന്ന റാണിയ ഖാലേക്കും ഫെയ്‌സ്ബുക്കിന്റെ നടപടിയില്‍ ദുഃഖിതയാണ്. കമ്പനി അമേരിക്കന്‍ സർക്കാരിന്റെ ഇഷ്ടം നടപ്പാക്കുയാണെന്ന് റാണിയ ആരോപിക്കുന്നു. ഫെയ്‌സ്ബുക്കും കീഴിലുള്ള ഇന്‍സ്റ്റഗ്രാമും ഇപ്പോള്‍ എടുക്കുന്ന നിലപാടുകൾ സ്വതന്ത്ര ജേണലിസ്റ്റുകളെയും ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റ്‌സ് പോലെയുള്ള സംഘടനകളെയും രോഷാകുലരാക്കിയിരിക്കുകയാണ്. അമേരിക്കന്‍ ആക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടതിനു ശേഷം അദ്ദേഹത്തിനു പിന്തുണ അറിയിക്കുന്ന പോസ്റ്റുകളെല്ലാം നശിപ്പിക്കുന്നു എന്നാണ് അവര്‍ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍, ഫെയ്‌സ്ബുക് പറയുന്നത് അമേരിക്ക ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം, ഇസ്‌ലാമിക് റവലൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് ( Islamic Revolutionary Guard Corps) എന്ന സംഘടനയെ തീവ്രവാദികളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കാതിരിക്കാന്‍ തങ്ങള്‍ക്കാവില്ല എന്നാണ്. എന്നാല്‍, ഇക്കാര്യത്തില്‍ സിഎന്‍എന്‍ അഭിപ്രായം ചോദിച്ച അഭിഭാഷകര്‍ പോലും പറയുന്നത് ആ ചിന്ത ശരയല്ല എന്നാണ്.

 

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും അമേരിക്കന്‍ ഉപരോധമുള്ളയാളുകളുടെ അക്കൗണ്ടുകള്‍ നീക്കംചെയ്യുകയും അത്തരം വ്യക്തികളെ പുകഴ്ത്തുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യുകയും ചെയ്യുന്നുവെന്നും ആരോപണമുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ അമേരിക്കന്‍ നയത്തോട് എതിര്‍പ്പുള്ളവരുടെ പോസ്റ്റുകളെ നിന്ദയാണെന്നു പറഞ്ഞാണ് നീക്കം ചെയ്യുന്നത്.

 

സുലൈമാനിയുടെ വധത്തിനു ശേഷം ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകര്‍, രാജ്യത്തിന്റെ മാധ്യമങ്ങള്‍, സാധാരണക്കാര്‍ തുടങ്ങിയവരുടെ എല്ലാം പോസ്റ്റുകളും ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും നീക്കം ചെയ്തുവെന്നും ആരോപണമുണ്ട്. ചിലരുടെ അക്കൗണ്ടുകള്‍ പൂര്‍ണ്ണമായും നീക്കം ചെയ്തത്രെ. പല പോസ്റ്റുകളും കണ്ടെത്തുന്നത് മെഷീന്‍ ലേണിങ് ഉപയോഗിച്ചാണ് എന്നതിനാൽ അതിനെ പറ്റിക്കാനായി ഒരു ലെബനീസ് മാധ്യമപ്രവര്‍ത്തകന്‍ ക്രിസ്ത്യാനികളെ ഇസ്‌ലാമിക് സ്റ്റേറ്റിൽ നിന്നും അല്‍ഖയ്ദയില്‍ നിന്നും സംരക്ഷിച്ചു നിർത്തിയിരുന്ന സുലൈമാനിയെ പ്രകീര്‍ത്തിക്കാന്‍ ഇട്ട ഫെയ്‌സ്ബുക് പോസ്റ്റില്‍ പേര് എഴുതിയത് ഇങ്ങനെയാണ്- 'Q*ssem S*leim*ni'.

 

ഫെയ്‌സ്ബുക്കിന്റെ ഈ നീക്കം സുലൈമാനിയുടെ വധത്തിലുള്ള തങ്ങളുടെ സങ്കടം പങ്കുവയ്ക്കാന്‍ പോലും ഇറാന്‍കാരെ അനുവദിച്ചില്ലെന്നും പറയുന്നു. എന്നാല്‍, ഫെയ്‌സ്ബുക് മാത്രമല്ല അമേരിക്കന്‍ വിരുദ്ധ വികാരം പകരാതിരിക്കാന്‍ ശ്രദ്ധിക്കുന്നത്. യുട്യൂബില്‍നിന്ന് പ്രസ്ടിവിയുടെ (PressTV) അക്കൗണ്ട് നീക്കം ചെയ്തിരുന്നു. എന്നാല്‍, അതു പിന്നീട് പുനഃസ്ഥാപിച്ചു. ട്വിറ്ററും ഇത്തരം ചില നീക്കങ്ങള്‍ നടത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com