ADVERTISEMENT

ഫെയ്സ്ബുക്, വാട്സാപ് ഉൾപ്പടെയുള്ള എല്ലാ സമൂഹ മാധ്യമങ്ങളിലെ ഉപയോക്താക്കളുടെയും ആക്ടീവായ മൊബൈല്‍ നമ്പര്‍ ശേഖരിച്ച് സൂക്ഷിക്കണമെന്ന നിബന്ധന നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐടി) മന്ത്രാലയം. പുതിയ നിര്‍ദ്ദശങ്ങള്‍ പ്രകാരം, ഈ നമ്പറുകള്‍ ഉപയോക്താക്കള്‍ ആരാണെന്ന് വ്യക്തമായി അറിയാനായി ഉപയോഗിക്കാം. നിലവില്‍ പല ഉപയോക്താക്കളും ആളറിയാന്‍ പാടില്ലാത്ത തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിലസുണ്ടെന്ന തോന്നലാണ് പുതിയ നിബന്ധനയ്ക്കു പിന്നില്‍. നിലവിലുള്ള ഐടി നിയമങ്ങള്‍ പരിഷ്‌കരിക്കുമ്പോള്‍ ഈ നിര്‍ദ്ദേശവും ഉള്‍പ്പെടുത്തിയേക്കും.

 

അരക്കോടിയിലധികം ഉപയോക്താക്കളുള്ള സമൂഹ മാധ്യമങ്ങളെ വമ്പന്‍ സേവനങ്ങളുടെ ലിസ്റ്റില്‍ പെടുത്താനും മന്ത്രാലയം ഉദ്ദേശിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ഇത്തരം കമ്പനികള്‍ക്ക് കൂടുതല്‍ കടുത്ത നിബന്ധനകള്‍ പാലിക്കേണ്ടയായി വരും. അവയുടെ ഉപയോക്താക്കളെയും ഒരു പോസ്റ്റ് ആരു നടത്തി എന്ന വിവരവും അധികാരികള്‍ ചോദിക്കുമ്പോള്‍ നല്‍കേണ്ടതായി വരുന്ന രീതിയിലായിരിക്കാം നിയമ പരിഷ്‌കരണം. ആദ്യമായാണ് സമൂഹ മാധ്യമങ്ങള്‍ക്കെതിരെ ചില കടുത്ത നിയമങ്ങള്‍ കൊണ്ടുവരാന്‍ പോകുന്നത്. പരിഷ്കരിച്ച നിയമങ്ങള്‍ വിദഗ്ധരുടെ അഭിപ്രായം ആരായാനായി അയച്ചിരിക്കുകയാണ് മന്ത്രാലയം.

 

പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍ ഉപയോക്താക്കളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ സൂക്ഷിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ബാധ്യതയുണ്ടായിരിക്കും. രാജ്യത്ത് ഉടനെ നടപ്പാക്കാന്‍ പോകുന്ന പേഴ്‌സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്ലിലെ വ്യവസ്ഥകളോട് ഒത്തുപോകും വിധമാണ് ഇവയും അവതരിപ്പിച്ചിരിക്കുന്നത്. ആള്‍മാറാട്ടം നടത്തുന്നയാളുകള്‍ വമ്പന്‍ സമൂഹ മാധ്യമങ്ങളിലാണ് ഉള്ളത്. ഇടത്തരം കമ്പനികളുടെ സേവനങ്ങളല്ല അവര്‍ ഉപയോഗിക്കുന്നത്. ഇതിനാല്‍ എല്ലാ കമ്പനികള്‍ക്കും തങ്ങളുടെ ഉപയോക്താക്കളുടെ കാര്യത്തില്‍ ഉത്തരവാദിത്വം വേണമെന്നും വമ്പന്‍ കമ്പനികള്‍ക്ക് അതു കൂടുതലായിരിക്കണമെന്നുമാണ് മന്ത്രാലയം പറയാന്‍ ആഗ്രഹിക്കുന്നത്.

 

മന്ത്രാലയം ആദ്യം തയാറാക്കിയ കരടു രേഖയില്‍ ഇത്തരത്തില്‍ മൊബൈല്‍ നമ്പറുകള്‍ ശേഖരിച്ചു സൂക്ഷിക്കണമെന്ന പരാമര്‍ശം ഉണ്ടായിരുന്നില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. ആദ്യ രേഖയില്‍ സ്വീകാര്യമല്ലാത്ത പോസ്റ്റുകള്‍ വന്നാല്‍ അവ സമൂഹ മാധ്യമങ്ങള്‍ നീക്കം ചെയ്യണമെന്നായിരുന്നു നിബന്ധന. പൊതുജനം കണ്ടാല്‍ പ്രശ്‌നമുള്ള പോസ്റ്റുകള്‍, നിയമപരമാല്ലാത്ത പോസ്റ്റുകള്‍ തുടങ്ങിയവ നീക്കം ചെയ്യിപ്പിക്കുക എന്ന ലക്ഷ്യത്തിനായിരുന്നു ആദ്യം ഊന്നല്‍. ഇതിനായി വെബ്‌സൈറ്റുകളില്‍ ഓട്ടോമേറ്റു ചെയ്ത ടൂളുകള്‍ ഉപയോഗിക്കണമെന്നായിരുന്നു നിബന്ധന. എന്നാല്‍, ഇനി ഇത്തരം ഓട്ടോമേറ്റഡ് ടൂളുകള്‍ വേണ്ടിവന്നേക്കില്ല. കാരണം ഏതു മൊബൈല്‍ ഫോണ്‍ നമ്പറുകാരനാണ് പോസ്റ്റ് ഇട്ടിരിക്കുന്നതെന്ന കാര്യം വ്യക്തമായിരിക്കുമല്ലോ.

 

എന്നാല്‍, പുതിയ നിയമങ്ങൾ സമൂഹ മാധ്യമങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും ഉത്തരവാദിത്വം വര്‍ധിപ്പിക്കും. വ്യാജ വാര്‍ത്തകള്‍, അശ്ലീലം തുടങ്ങിയവ പ്രചിരിക്കുന്നതിന് കടിഞ്ഞാണിടാനാണ് ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com