ADVERTISEMENT

യൂറോപ്യന്‍ യൂണിയന്‍ (ഇയു) പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ചയ്‌ക്കെത്തിയിരിക്കുകയാണ് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇയുവിന്റെ നിയമ നിര്‍മ്മാതാക്കളുമായി അദ്ദേഹം ബ്രസല്‍സില്‍ വച്ചാണ് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുക. നിര്‍ബന്ധബുദ്ധിക്കാരിയായ കോംപറ്റീഷന്‍ കമ്മിഷണര്‍ മാര്‍ഗരറ്റ വെസ്റ്റഗര്‍, ഇന്റേണല്‍ മാര്‍ക്കറ്റ് കമ്മിഷണര്‍ തിയറി ബ്രെട്ടണ്‍ തുടങ്ങിയവരെയും അദ്ദേഹം നേരില്‍ കാണും. ലോകത്തെ ഏറ്റവും ശക്തരായ ആന്റിട്രസ്റ്റ് നിയന്ത്രാക്കളില്‍ ഒരാളായാണ് ആളുകള്‍ വെസ്റ്റഗറിനെ കാണുന്നത്. ഗൂഗിള്‍, ഫെയ്‌സ്ബുക്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ക്ക് ദശലക്ഷക്കണക്കിനു ഡോളറാണ് അവര്‍ ഇതുവരെ പിഴയിട്ടിരിക്കുന്നത്. വാട്‌സാപ് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താത്തതില്‍ അരിശംപൂണ്ട് ഇയു ഫെയ്‌സ്ബുക്കിന് 2017ല്‍ 110 ദശലക്ഷം യൂറോ പിഴയിട്ടിരുന്നു. തന്റെ സന്ദര്‍ശനത്തില്‍ സക്കര്‍ബര്‍ഗ് ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ സമ്മിശ്ര ഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. 

 

പുതിയ നിയന്ത്രണങ്ങള്‍ വരുന്നു

 

വെസ്റ്റഗറും ബ്രെട്ടണും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം യൂറോപ്യന്‍ യൂണിയനു മുന്നില്‍ പരിഗണനയ്ക്കു വയ്ക്കാനിരിക്കെയാണ് സക്കര്‍ബര്‍ഗിന്റെ സന്ദര്‍ശനം. 'ഒറ്റ യൂറോപ്യന്‍ ഡേറ്റാ മാര്‍ക്കറ്റ്' (single European data market) എന്ന ആശയമാണ് അവര്‍ മുന്നോട്ടുവയ്ക്കുന്നത്. ഇതിലൂടെ ആധിപത്യം സ്ഥാപിച്ച അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരായ ഫെയ്‌സ്ബുക്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ക്കു മുന്നില്‍ ചില പ്രതിബന്ധങ്ങളുയര്‍ത്താനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഫേഷ്യല്‍ റെക്കഗ്നിഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയവ ഉപയോഗിക്കുന്ന കാര്യത്തിലും ഇയു പുതിയ നിയമങ്ങള്‍ കൊണ്ടുവന്നേക്കും. സ്വകാര്യ കമ്പനികള്‍ തങ്ങളുടെ സേവനങ്ങള്‍ ഫ്രീ ആയി നല്‍കുന്നുവെന്നു ഭാവിച്ച് രാജ്യങ്ങളുടെയും വ്യക്തികളുടെയും സ്വകാര്യതയിലേക്ക് കടന്നു കയറുന്ന രീതിക്കെതിരെ ഏറ്റവും വലിയ നീക്കം നടക്കുന്നത് യൂറോപ്യന്‍ യൂണിയനിലാണ്. കൂടുതല്‍ സങ്കീര്‍ണ്ണമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഫേഷ്യല്‍ റെക്കഗ്നിഷന്‍ തുടങ്ങിയ സാങ്കേതികവിദ്യകളും സ്വകാര്യ കമ്പനികള്‍ക്ക് യഥേഷ്ടം ഉപയോഗിക്കാന്‍ അനുവദിക്കണോ എന്ന കാര്യത്തില്‍ ലോകമെമ്പാടുമുള്ള വിവിധ സർക്കാരുകള്‍ പരിഗണിക്കുകയാണ്.

 

ഫെയ്‌സ്ബുക്കിനെ നിയന്ത്രിക്കൂ എന്ന് സക്കര്‍ബര്‍ഗ്

 

യൂറോപ്യന്‍ പര്യടനം തുടങ്ങുന്നതിനു മുൻപ് സക്കര്‍ബര്‍ഗ് എഴുതിയ ലേഖനത്തില്‍ പറയുന്നത് തന്റെ കമ്പനിക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ്. അത് തങ്ങളുടെ ബിസിനസ് മാതൃകയെ ബാധിച്ചേക്കാമെങ്കില്‍ കൂടി അതിലൂടെ മാത്രമെ തന്റെ കമ്പനിക്കു നഷ്ടപ്പെട്ട പേര് തിരിച്ചെടുക്കാനും ആളുകളുടെ വിശ്വാസമാര്‍ജ്ജിക്കാനും സാധിക്കൂ എന്നാണ് അദ്ദേഹം പറയുന്നത്. ലോകമെമ്പാടുമുള്ള നിയന്ത്രാക്കള്‍ ഫെയ്‌സ്ബുക്കിന്റെ രീതിയിലുള്ള ബിസിനസ് മാതൃകയ്ക്ക് എതിരാണ്.

 

സമൂഹ മാധ്യമങ്ങള്‍ ജനാധിപത്യം ഇല്ലാതാക്കി

 

ഇതുവരെ സക്കര്‍ബര്‍ഗിനെ കണ്ടവരില്‍ ഒരാള്‍ യൂറോപ്യന്‍ പീപ്പിൾസ് പാര്‍ട്ടിയുടെ തലവന്‍ മാന്‍ഫ്രെഡ് വെബറാണ്. ഫെയ്‌സ്ബുക് എല്ലാ രാജ്യങ്ങളിലെയും ജനാധിപത്യ പ്രക്രിയയ്ക്ക് ഏല്‍പ്പിച്ചിരിക്കുന്ന ആഘാതത്തെക്കുറിച്ചാണ് സക്കര്‍ബര്‍ഗിനോട് സംസാരിച്ചത്. സക്കര്‍ബര്‍ഗുമായി താന്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് അദ്ദേഹത്തിന്റെ പരസ്യപ്രതികരണത്തില്‍ പറഞ്ഞത് ഇടപെടല്‍ നന്നായിരുന്നു എന്നാണ്. പക്ഷേ, ഒരു വക്താവ് പറഞ്ഞത് വെബര്‍ ജനാധിപത്യം നശിക്കുന്നതിനെക്കുറിച്ചുള്ള തന്റെ വേദനയും രോഷവുമാണ് അദ്ദേഹം പങ്കുവച്ചതെന്നാണ്. തങ്ങള്‍ കാട്ടിക്കൂട്ടുന്ന കാര്യങ്ങള്‍ക്ക് ഫെയ്‌സ്ബുക് വേണ്ടത്ര ഉത്തരവാദിത്വം എടുക്കുന്നില്ല എന്നതാണ് വെബര്‍ ഉയര്‍ത്തിയ പ്രധാന ആരോപണം എന്നാണ് പറയുന്നത്. വ്യാജ വാര്‍ത്ത ഞൊടിയിടയില്‍ പരത്തുന്നതിനും ഫെയ്‌സ്ബുക്കിന് പങ്കുണ്ടെന്നും അദ്ദേഹം പറയുന്നു. കൊറൊണാവൈറസിനെ കുറിച്ചു പോലും തെറ്റായവാര്‍ത്ത ഫെയ്‌സ്ബുക് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതായി വെബര്‍ പറയുന്നു. യാഥാര്‍ഥ്യം മനസ്സിലാക്കാതെയാണ് ഫെയ്‌സ്ബുക് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഇന്റര്‍നെറ്റും സമൂഹ മാധ്യമങ്ങളും ഭരണാധികാരികള്‍ക്ക് തലവേദനയാകുകയാണ് എന്നാണ് വെബര്‍ പറയുന്നത്.

 

കണ്ടെന്റ് മോഡറേഷന്‍

 

തങ്ങള്‍ കണ്ടെന്റ് മോഡറേഷന്‍ നടത്തി ശുദ്ധികലശം നടത്താമെന്ന ഫെയ്‌സ്ബുക്കിന്റെ നിര്‍ദ്ദേശത്തൊട് ബ്രെട്ടണ്‍ അനുകൂലമായല്ല പ്രതികരിച്ചത്. അതൊന്നും പോര. അതു വളരെ പതുക്കെയുള്ള പ്രവൃത്തിയാണ്. അത് ശക്തികുറഞ്ഞ ഇടപെടലാണ്. ഫെയ്‌സ്ബുക് കൂടുതല്‍ ഉത്തരവാദിത്വം എടുക്കണമെന്നാണ് അദ്ദേഹം പറയുന്നത്.

 

ഫെയ്‌സ്ബുക്കിന്റെ അല്‍ഗോറിതങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടണമെന്നാണ് ഉയര്‍ന്ന മറ്റൊരു ആവശ്യം. ഫെയ്‌സ്ബുക് പോലെയുള്ള കമ്പനികള്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് വിവിധ രാജ്യങ്ങളിലെ ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാണ് ആവശ്യം. ഇതിനായി ഫെയ്‌സ്ബുക്കിന്റെ പ്രവര്‍ത്തന രീതി വെളിവാക്കണമെന്നു പറയുന്നു.

 

വാര്‍ത്താ മാധ്യമങ്ങള്‍ പല കാര്യങ്ങള്‍ പരിഗണിച്ച ശേഷമാണ് ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതെങ്കില്‍ ഫെയ്‌സ്ബുക് പോലെയുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ച് ആര്‍ക്കും തോന്യവാസങ്ങള്‍ എഴുതിവിടാം. ഇത് പ്രചരിക്കപ്പെട്ടാല്‍ കലാപങ്ങള്‍ പോലും നിസാര സമയം കൊണ്ട് പൊട്ടിപ്പുറപ്പെടാം. ഇന്ത്യയും ഫെയ്‌സബുക്കിനും വാട്‌സാപിനും മറ്റും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com