sections
MORE

ഇന്ത്യയിലെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു പിന്നിലാര്? കലാപത്തിന് വാട്സാപിന്റെ പങ്കെന്ത്?

delhi-attack
SHARE

ഏറ്റവും അവസാനമായി, രാജ്യത്തെ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലും ഗ്രാമങ്ങളിലും നടന്ന ചില ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കു പിന്നില്‍ വാട്‌സാപ് ആണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഡൽഹിയിൽ വാട്സാപ് വഴി പ്രചരിച്ച ചില വ്യാജ റിപ്പോർട്ടുകളാണ് കലാപത്തിലേക്ക് നയിച്ചത്. ഇതിനാല്‍ തന്നെ അപകടകാരിയായ സന്ദേശം ആരാണ് ആദ്യം അയച്ചതെന്ന് തങ്ങള്‍ക്ക് അറിഞ്ഞേ മതിയാകൂ എന്ന നിലപാടിലാണ് സർക്കാർ. അടുത്തിറങ്ങാന്‍ പോകുന്ന നിയമാവലിയില്‍ ഇത്തരം ഒരാവശ്യം ഉള്‍പ്പെടുത്താനാണ് സാധ്യത. ശരിക്കും വാട്‌സാപ്പിലൂടെ സന്ദേശം പ്രരിപ്പിച്ച് കൊലപാതകം നടക്കാറുണ്ടോ? ജൂലൈ 13, 2018ന് സംഭവിച്ച കാര്യം നോക്കാം:

സലാം അല്‍-ഖുബാസി, മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് അസം, അഫ്രോസ് നൂര്‍ മുഹമ്മദ്, എന്നീ സുഹൃത്തുക്കള്‍ കര്‍ണ്ണാകടയിലെ ഹന്ദികേര (Handikera) ഗ്രാമത്തിലൂടെ തങ്ങളുടെ കാറില്‍ പിക്‌നിക്കിനു പോകുകയായിരുന്നു. സ്‌കൂളിലെ ക്ലാസു കഴിഞ്ഞ് പുറത്തേക്കുവരുന്ന കുട്ടികളെ അവര്‍ കാണുകയും കാറില്‍ ഉണ്ടായിരുന്ന ചോക്ലേറ്റ് അവര്‍ക്കു നല്‍കുകയും ചെയ്തു. ഖുബാസി ഖത്തറില്‍ നിന്നു വന്നയാളാണ്. ഇന്ത്യയിലേക്ക് വന്ന സമയത്ത് കൊണ്ടുവന്നതാണ് ചോക്ലേറ്റ്.

കൂട്ടുകാര്‍ക്ക് ഈ സ്ഥലത്ത് അടുത്തകാലത്തായി കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ടു നടന്നിരുന്ന വാട്‌സാപ് പ്രചാരണങ്ങളെക്കുറിച്ച് തീരെ അറിവില്ലായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അപരിചിതരെക്കുറിച്ച് മാതാപിതാക്കളുടെയും മറ്റും സംശയം വളര്‍ത്താന്‍ ഉതകുമെന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും ഗ്രാമീണ മേഖലകളിൽ ഇത്തരം പ്രചാരണങ്ങള്‍ ഗൗരവത്തില്‍ തന്നെ എടുക്കുകയും ചെയ്യും.

തെലങ്കാനയിലെ ജില്ലാ പൊലീസ് മേധാവിയായ രമാ രാജേശ്വരി ഈ കേസുമായി ബന്ധപ്പെട്ടയാളാണ്. പ്രാദേശികവാസികളെ വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്ന ബോധവല്‍ക്കരണം നടത്താനും അവര്‍ മുന്നോട്ടുവന്നിരുന്നു. വിദേശത്തു നിന്നു വരുന്നവര്‍ കുറച്ചു ചോക്ലേറ്റ് കൊണ്ടുവരിക എന്നു പറയുന്നതില്‍ അസ്വാഭാവികതയൊന്നുമില്ലെന്ന് രാജേശ്വരി പറയുന്നു.

അന്നു നടന്ന സംവങ്ങളുടെ നിജസ്ഥിതി അറിയാനായി എത്തിയ വാര്‍ത്താ സംഘം കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കി. കുട്ടികള്‍ക്ക് ചോക്ലേറ്റ് നല്‍കുന്ന അപരിചിതരെ കണ്ടതും പാടത്തും മറ്റും പണിയെടുക്കുന്നവര്‍ സംശയാലുക്കളായി. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ വന്നവരാണെന്നു കരുതി ഗ്രാമീണര്‍ കാറിനടുത്തേക്ക് പാഞ്ഞടുത്ത് ടയറുകള്‍ പഞ്ചറാക്കാന്‍ ശ്രമിച്ചു. തങ്ങള്‍ അപകടത്തിലാണെന്നു മനസ്സിലായതോടെ ഖുബാസി, സല്‍മാന്‍, അസം എന്നിവര്‍ കാറില്‍ കയറി ഓടിച്ചു പോയി. അഫ്രോസും, മുഹമ്മദും ഗ്രാമീണര്‍ക്കിടയില്‍ കുരുങ്ങി.

മൂന്നു പേര്‍ രക്ഷപെടുന്നതിന്റെ വിഡിയോ ഗ്രാമീണര്‍ പകര്‍ത്തുകയും അവ അടുത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വാട്‌സാപ് ഗ്രൂപ്പിലൂടെ അയച്ചുകൊടുക്കുകയും ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ എന്ന ആരോപണത്തോടെയാണ് വിഡിയോ അയച്ചത്. അടുത്ത ഗ്രാമമായ മൂര്‍ക്കിയിലുള്ളവര്‍ക്കടക്കമാണ് (Murki) സഹായമഭ്യര്‍ഥ്യച്ചുള്ള വിഡിയോ കിട്ടിയത്. മൂര്‍ക്കിയിലുള്ളവര്‍ അതിവേഗം റോഡ് ബ്ലോക്കു ചെയ്ത് കാര്‍ നിർത്തിച്ചു. നൂറു കണക്കിന് ആളുകളടങ്ങുന്ന കൂട്ടം കാറിലുണ്ടായിരുന്നവരെ വലിച്ചിഴച്ച് കൊണ്ടുപോയി തല്ലി നിരപ്പാക്കി. പൊലീസിനെ വിളിച്ചുവെങ്കിലും ഇത്രവലിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടായിരുന്നില്ല.

ഈ ആക്രമണത്തില്‍ അസം (32) മരിക്കുകയും മറ്റു രണ്ടുപേര്‍ക്കും സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍, അസം ഇത്തരത്തില്‍ വാട്‌സാപ് പ്രചാരണത്തിലൂടെ കൊലചെയ്യപ്പെടുന്ന രാജ്യത്തെ കുറ്റവാളിയല്ലാത്ത ആദ്യ ആളല്ല. 2018ന്റെ ആദ്യ പകുതിയില്‍ മാത്രം ഏകദേശം 24 പേര്‍ ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലായി കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ഇന്ത്യയിലാണ് വാട്‌സാപ് ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഏകദേശം 40 കോടി പേര്‍. ലോകത്തില്‍ മൊത്തം ഏകദേശം 200 കോടി ആളുകള്‍ വാട്‌സാപ് ഉപയോഗിക്കുന്നു എന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ‘വാട്‌സാപ് കൊലപാതകങ്ങള്‍’ നടന്ന വര്‍ഷം 2018 തന്നെയാണ്. വാട്‌സാപ്പിന്റെ ഒരു പ്രശ്‌നം ആരാണ് കൊലപാതകത്തിലേക്ക് നയിച്ച വിഡിയോ അയച്ചതെന്ന് കണ്ടുപിടിക്കാനെളുപ്പമല്ല എന്നതാണ്. ഇതിനി തുടരാന്‍ പറ്റില്ലെന്നാണ് കേന്ദ്രം പറയുന്നത്. ആരോപണങ്ങളെത്തുടര്‍ന്ന് വാട്‌സാപ് ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും സർക്കാരിന് ഇപ്പോഴും തൃപ്തിയില്ല. പലരും ആദ്യമായി ഇന്റര്‍നെറ്റും സ്മാര്‍ട് ഫോണും ഉപയോഗിക്കുന്നവരാണ്. അവര്‍ക്ക് ഇതിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങളുടെ ശരിയും തെറ്റും തിരിച്ചറിയാനാവുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നങ്ങളിലൊന്ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
FROM ONMANORAMA