ADVERTISEMENT

ഞായറാഴ്ച രാജ്യത്ത് നടന്ന ജനതാ കര്‍ഫ്യുനിടയ്ക്ക് ആളുകള്‍ ബാല്‍ക്കണികളിലേക്കും പുല്‍മേടുകളിലേക്കും ഇറങ്ങിവന്ന് പാത്രങ്ങളിൽ മുട്ടി ശബ്ദമുണ്ടാക്കുകയും മണികള്‍ മുഴക്കുകയും കൈ കൊട്ടുകയും ഒക്കെ ചെയ്തതിന്റെ ഭാഗമായി കൊറോണാവൈറസ് പിന്തിരിഞ്ഞോടിയെന്നൊരു വ്യാജ വാട്‌സാപ് സന്ദേശം പ്രചരിക്കുന്നുണ്ട്. തുടര്‍ന്ന് അത് ഒന്നു കൂടെ പരിഷ്‌കരിച്ച് കൂടുതല്‍ ആധികാരികതയുമായി എത്തി. പുതിയ സന്ദേശം പറയുന്നത്, നാസാ സാറ്റലൈറ്റ് വിഡിയോ ടെലികാസ്റ്റില്‍ കൊറോണാവൈറസ് പിന്തിരിഞ്ഞോടുന്നത് കാണാനായി എന്നാണ്. ഇത് മാര്‍ച്ച് 22ന് വൈകിട്ട് 5 ന് ആളുകള്‍ നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് എന്നാണ് പുതിയ സന്ദേശം അവകാശപ്പെട്ടത്.

ഇതൊരു വ്യാജ സന്ദേശമാണ്. കുസൃതിയൊപ്പിക്കാന്‍ ശ്രമിച്ചയാരോ സൃഷ്ടിച്ചതുമാകണം. എന്നാല്‍, ഇത്തരം സന്ദേശങ്ങള്‍ കൊറോണാവൈറസ് പോലെയുള്ള മഹാമാരിക്കെതിരെ പോരാടുന്ന സമയത്ത് അത്ര നല്ലതല്ല. ഇന്ത്യയിലെ ജനങ്ങളിലേക്ക് ഈ രോഗത്തെക്കുറിച്ചുള്ള അവബോധം എങ്ങനെയും എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയ്ക്കാണ് ഇത്തരം വ്യജ കുറിപ്പുകളെത്തുന്നത് എന്നതാണ് പേടിപ്പിക്കുന്ന കാര്യം. അധികാരികള്‍ നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ മാത്രമായിരിക്കണം ആളുകള്‍ പെരുമാറേണ്ടത്. വൈറസ് ശരിക്കുമുള്ളതാണ്. അത് എങ്ങോട്ടും ഓടിപ്പോയിട്ടില്ല. ഒരു ശബ്ദത്തിനും അതിനെ ഓടിച്ചുവിടാനുമാകില്ല.

ഇന്ത്യക്കാരുടെ കൂട്ടായ പരിശ്രമം മൂലം സൃഷ്ടിക്കപ്പെട്ട പ്രാപഞ്ചിക തലത്തിലുള്ള (cosmic level) ശബ്ദം നാസയുടെ എസ്ഡി 13 തരംഗ ഡിറ്റെക്ടര്‍ തിരിച്ചറിയുകയുണ്ടായി എന്നാണ് വാട്‌സാപ് സന്ദേശം പറയുന്നത്. അടുത്തിടെ വിക്ഷേപിച്ച ബയോ-സാറ്റലൈറ്റ് ഡേറ്റ പ്രകാരം കോവിഡ്-19 കുറഞ്ഞുവരുന്നതും അതിന്റെ ശക്തി പോയി ശോഷിക്കുന്നതും കാണിച്ചു തരുന്നു! ഇവിടുത്തെ പ്രശ്‌നമെന്താണെന്നു ചോദിച്ചാല്‍ നാസയ്ക്ക് എസ്ഡി13 എന്നൊരു തരംഗ ഡിറ്റെക്ടര്‍ ഉണ്ടോ എന്നതിന് ഒരു തെളിവുമില്ല. സന്ദേശം അവകാശപ്പെടുന്ന തരത്തില്‍ 5 മണിക്കുണ്ടാക്കിയ ശബ്ദം കേട്ട് കൊറോണാവൈറസ് മറ്റെന്തെങ്കിലുമോ പിന്തിരിഞ്ഞോടി എന്നും മറ്റും പറഞ്ഞ് ഒരു പത്രക്കുറിപ്പും നാസ ഇറക്കിയിട്ടില്ല. കൂടുതല്‍ കൃത്യമായി പറഞ്ഞാല്‍ കൈകൊട്ടിനെപ്പറ്റി നാസ തങ്ങളുടെ സമൂഹമാധ്യമ വെബ്‌സൈറ്റിലോ മറ്റെവിടെയെങ്കിലുമോ ഒരു പരാമര്‍ശം പോലും നടത്തിയിട്ടുമില്ല.

രണ്ടാമതായി, ബയോ-സാറ്റലൈറ്റ് വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രവര്‍ത്തിക്കുന്നതല്ല. ബഹിരാകാശത്തുള്ള ഒരു സാറ്റലൈറ്റിനും മൈക്രോബുകള്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് മനസ്സിലാക്കാനാകില്ല. സ്‌പെയ്‌സ് ഫ്ലൈറ്റുകള്‍ ബയളോജിക്കല്‍ സിസ്റ്റങ്ങളിലുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചു പഠിക്കുക എന്നതാണ് ബയോ-സാറ്റലൈറ്റിന്റെ കര്‍ത്തവ്യം.

രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ, പ്രധാനമന്ത്രി നരേന്ദ്ര മോദി വൈദ്യശാസ്ത്ര രംഗത്തു പ്രവര്‍ത്തിക്കുന്നവരും ശുചിത്വം ഉറപ്പാക്കുന്നവരും എയര്‍ലൈനുകളിലെ ജോലിക്കാരും വിതരണക്കാരും മാധ്യമപ്രവര്‍ത്തകരും അടക്കമുള്ളവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു. ഇവരോടെല്ലാം തങ്ങളുടെ നന്ദി അറിയിക്കാന്‍ ജനങ്ങളോട് വൈകീട്ട് 5 മണിക്ക് അഞ്ചു മിനിറ്റു നേരത്തേക്ക് എഴുന്നേറ്റു നിന്ന് കൈകൊട്ടിയും പാത്രങ്ങളില്‍ തട്ടിയും മണിമുഴക്കിയുമൊക്കെ ശബ്ദമുണ്ടാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

കൊറോണാവൈറസ് മൂലം ലോകമെമ്പാടുമുള്ള ജനങ്ങള്‍ സ്വയം തടങ്കലില്‍ പാര്‍ക്കുകയാണ്. അവരില്‍ പലരും ബാല്‍ക്കണികളിലേക്ക് ഇറങ്ങിവന്ന് പാട്ടുപാടിയും മണിമുഴക്കിയുമൊക്കെയായി തങ്ങളെപോലെയുള്ളവരുടെ ഉത്സാഹം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു. തങ്ങള്‍ക്ക് സേവനം നല്‍കുന്നവരോട് നന്ദി അറിയിക്കാനും കൂടെയാണിത്. ഇത്തരമൊരു ആവശ്യത്തിനാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശം വച്ചത്.

എന്നാല്‍, കൈകൊട്ടി കൊറോണാവൈറസിനെ ഓടിക്കുന്നു എന്നതു പോലെയുള്ള, ബോധമില്ലാതെ ഇറക്കുന്ന വാട്‌സാപ് സന്ദേശങ്ങള്‍ ഇന്ത്യയിലും ലോകത്തെ ചില രാജ്യങ്ങളിലും ആളുകളുടെ ദിശാബോധം ഇല്ലാതാക്കുന്നതായും പരിഭ്രാന്തി പരത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ കൊറോണാവൈറസ് അല്ലെങ്കില്‍ കോവിഡ്-19നെക്കുറിച്ച് പ്രചരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് സർക്കാർ ഫെയസ്ബുക്, യുട്യൂബ്, ടിക്‌ടോക്, ഷെയര്‍ചാറ്റ്, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാര്‍ച്ച് 20ന് അയച്ച നിര്‍ദ്ദേശത്തില്‍ സർക്കാർ പറഞ്ഞിരിക്കുന്നത് വ്യാജ സന്ദേശങ്ങള്‍ തടയുന്നതു കൂടാതെ, അവബോധം സൃഷ്ടിക്കുന്ന സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ വിവരങ്ങള്‍ എടുത്തു മാറ്റാനും ഇത്തരം കമ്പനികളോട് ആവശ്യപ്പെട്ടുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com