ADVERTISEMENT

ഇന്ത്യന്‍ വ്യവസായ രംഗത്ത് വന്‍ ചലനങ്ങളുണ്ടാക്കിയേക്കാവുന്ന ഒരു നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബില്ല്യന്‍ ഡോളര്‍ മുടക്കി ഫെയ്‌സ്ബുക്, ജിയോയുടെ ഓഹരി എടുക്കാനൊരുങ്ങുകയാണെന്നാണ് വാര്‍ത്ത. ഇതേ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ ഓഹരി വില 10 ശതമാനം ഉയര്‍ന്നിരിക്കുകയാണ്. കേവലം ഒരു ദിവസം കൊണ്ട് തന്നെ കോടികളുടെ നേട്ടമാണ് ഓഹരി വിപണിയിൽ നിന്ന് റിലയൻസ് സ്വന്തമാക്കിയത്. കൊറോണ വൈറസ് ഭീതിക്കിടെ വിപണികളെല്ലാം തകർന്നിരിക്കുന്ന സമയത്താണ് റിലയന്‍സ് വൻ മുന്നേറ്റം നടത്തിയത്.

 

ബിഎസ്ഇയില്‍ ഓഹരി 9.74 ശതമാനമാണ് ഉയര്‍ന്നത്. ഒരു ഷെയറിന് 1035 രൂപ വരെ എത്തിയിരുന്നു. ഈ ഉയര്‍ച്ചയ്ക്കിടയില്‍ കമ്പനി ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിനും മുന്നിലെത്തിയിരിക്കുകയാണ്. റിലയന്‍സിന്റെ ഓഹരി മൂല്യം ഇപ്പോള്‍ 6.51 ലക്ഷം കോടിയാണെങ്കില്‍ ടിസിഎസിന്റെത് 6.45 ലക്ഷം കോടിയാണ്. ഇന്നു രാവിലെ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഒന്നിലേറെ ബില്ല്യന്‍ ഡോളര്‍ ജിയോയില്‍ മുടക്കാന്‍ ഫെയ്‌സ്ബുക്ക് താത്പര്യം കാണിക്കുന്നതായുള്ള വാര്‍ത്ത പുറത്തുവിട്ടത്. ജിയോയുടെ 10 ശതമാനം ഓഹരി സ്വന്തമാക്കാനാണ് ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്.

 

ഈ ഇടപാട് നടക്കാതെ പോയത് കൊറോണാവൈറസ് മൂലമുള്ള യാത്രാ വിലക്കു കാരണമാണെന്നു പറയുന്നു. ഇരു കമ്പനികളും തമ്മിലുള്ള ഇടപാട് നടന്നാല്‍, ഇന്ത്യന്‍ ബിസിനസ് രംഗത്ത് വന്‍ ചലനങ്ങള്‍ ഉണ്ടാക്കിയേക്കാം. ടെലികോം രംഗത്ത് ഇപ്പോള്‍ ജിയോയ്ക്കുള്ള മേല്‍ക്കോയ്മ ഒന്നുകൂടെ അരക്കിട്ടുറപ്പിക്കുമെന്നത് കൂടാതെ ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ ചുവടുറപ്പിക്കാനുള്ള അവസരവും ഒരുങ്ങും. ആമസോണ്‍, വാള്‍മാര്‍ട്ട്  ഫ്ലിപ്കാര്‍ട്ട് വാങ്ങിയത് തുടങ്ങിയവയേക്കാളേറെ മാനങ്ങളുള്ള ഇടപാടാകാനുള്ള സാധ്യതയുണ്ട്. ആളുകളുടെ സ്വകാര്യതയ്ക്ക് വില കല്‍പ്പിക്കാത്ത കമ്പനിയെന്ന ആരോപണമുള്ള ഫെയ്‌സ്ബുക്ക് ജിയോയ്‌ക്കൊപ്പം ചേരുമ്പോള്‍ എന്തെല്ലാം മാറ്റങ്ങളായിരിക്കാം വരിക എന്ന കാര്യത്തിലും സംശയമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com