ADVERTISEMENT

കൊറോണാ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പല രാജ്യങ്ങളിലും ലോക്ഡൗണ്‍ ആണ്. ഈ സമയത്ത് ആളുകള്‍ പരസ്പരം ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നത് ഗ്രൂപ് വിഡിയോ കോളുകളാണ്. ഇതില്‍ മുന്നിൽ നിൽക്കുന്ന സേവനമാണ് സൂം. സൂം ആപ്പിന്റെ പ്രശസ്തിയും മികവും ഉപയോഗപ്പെടുത്താനാണ് ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ തീരുമാനിച്ചത്. എന്നാല്‍, സൂമിനെതിരെ നിരവധി ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. കോളിനിടയില്‍ പോണോഗ്രഫി, വംശീയാധിക്ഷേപം, തെറിവിളി തുടങ്ങിയവ കടന്നുവരുന്നു എന്നു ചിലര്‍ പറയുന്നു.

 

എല്ലാം ഫെയ്‌സ്ബുക്കിന് എത്തിച്ചു നല്‍കുന്നു

 

ഇതോടൊപ്പം, സൂമിന്റെ ഐഒഎസ് ആപ് ഡേറ്റാ ദാഹിയായ ഫെയ്‌സ്ബുക് അടക്കമുള്ള കമ്പനികള്‍ക്ക് ഉപയോക്താക്കളുടെ ഡേറ്റാ ചോര്‍ത്തി നല്‍കുന്നതായും ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഫെയ്‌സ്ബുക് അക്കൗണ്ട് ഇല്ലാത്ത ഉപയോക്താവ് പോലും എന്തു ചെയ്യുന്നുവെന്ന് ഫെയ്‌സ്ബുക്കിന് വിവരം നല്‍കിക്കൊണ്ടിരിക്കുന്നു എന്നാണ് പറയുന്നത്. ഉപയോക്താവ് എപ്പോഴാണ് ആപ് തുറന്നത്, അയാള്‍ ഏത് ഡിവൈസ് ആണ് ഉപയോഗിക്കുന്നത്, ടൈം സോണ്‍ ഏതാണ്, ഏതു നഗരത്തിലാണ്, ഇന്റര്‍നെറ്റ് സേവനദാതാവാരാണ് തുടങ്ങിയവ കൂടാതെ ഒരാളുടെ ഡിവൈസില്‍ നിന്ന് സൃഷ്ടിച്ചെടുക്കുന്ന യൂണീക് അഡ്വര്‍ട്ടൈസര്‍ ഐഡന്റിഫയര്‍ വരെ ഫെയ്‌സ്ബുക്കിന് എത്തിച്ചു നല്‍കുന്നു എന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം.

 

സ്‌ക്രീനില്‍ പോണ്‍

 

സൂമിന്റെ പ്രൈവസി പോളിസിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. സൂംബോംബിങ് ('zoombombing') എന്ന ആപ് ഉപയോഗിച്ച് ഉപയോക്താക്കളുടെ വിഡിയോ കോള്‍ സ്‌ക്രീനിലേക്ക് പോണോഗ്രാഫി കണ്ടെന്റ് പെട്ടെന്ന് കടന്നുവരുന്നതായി നിരവധി ഉപയോക്താക്കളാണ് സോഷ്യല്‍ മീഡിയ വഴി പരാതി അറിയിച്ചിരിക്കുന്നത്. സൂമിലൂടെ നടത്തുന്ന കോളുകള്‍ക്കിടയ്ക്ക് അപരിചിതര്‍ കടന്നുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ പാട്ടുകാരനായ ലവുമായി (Lauv) നടത്തിയ പബ്ലിക് ഇന്റര്‍വ്യൂവിനിടയിലേക്ക് പോണ്‍ കടന്നുവന്നതിനാല്‍ അത് നിറുത്തിവയ്‌ക്കേണ്ടിവന്നു. മാസച്ചൂസിറ്റസ്ഹൈസ്‌കൂള്‍ നടത്തിവന്ന വിഡിയോ ക്ലാസിനിടയിലേക്ക് ഒരു അപരിചിതന്‍ കടന്നുവന്ന് ടീച്ചറെ തെറിപറയുകയും മറ്റും ഉണ്ടായി.

 

സൂം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ അനുവദിക്കുന്നു

 

ഏതാനും ആളുകള്‍ തമ്മില്‍ നടത്തുന്ന കോളിനിടിയലേക്ക് മറ്റാളുകള്‍ കടന്നുവരാന്‍ അനുവദിക്കാതിരിക്കേണ്ട കാര്യം ആതിഥേയര്‍ എന്ന നിലയില്‍ തങ്ങള്‍ക്കില്ല എന്നാണ് സൂം പറയുന്നത്. എന്നാല്‍, കോള്‍ നടത്തുന്നവര്‍ക്ക് ഇത് ചെയ്യാനുള്ള സൗകര്യം ഉണ്ടുതാനും. സെറ്റിങ്‌സില്‍ ഇതു ചെയ്യാം. അഡ്മിന് ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാം. കോള്‍ തുടങ്ങുന്നതിനു മുൻപോ, കോള്‍ നടക്കുമ്പോഴോ ഇത്തരം കാര്യങ്ങള്‍ ചെയ്യാം.

 

ന്യൂ യോര്‍ക്ക് നഗരത്തിന്റെ അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് കമ്പനിയോട് അതിന്റ സ്വകാര്യതാ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പല വിഡിയോ കോളുകള്‍ക്ക് ഇടയിലേക്കും പോണോഗ്രാഫിയും, തെറിവിളിയും, ഭീഷണിയും ഒക്കെ കടന്നുവന്നതിനു ശേഷം എഫ്ബിഐയും ഇക്കാര്യത്തില്‍ സൂമിന് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.

 

കുട്ടികളുടെ പോണോഗ്രാഫിയുടെ നെറ്റ്ഫ്‌ളിക്‌സ്

 

എന്നാല്‍, ഇത്തരം ആരോപണങ്ങളൊന്നും സൂമിന് പുത്തരിയല്ല. 2015ല്‍ ഒരു പെന്‍സില്‍വേനിയക്കാരന്‍ ആറുവയസുകാരെയെ ബലാല്‍സംഗം ചെയ്യുന്നത് സൂമിലൂടെ പ്രക്ഷേപണം ചെയ്ത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇയാള്‍ക്ക് കടുത്ത ശിക്ഷ ലഭിച്ചുവെങ്കിലും ഫെഡറല്‍ പ്രോസിക്യൂട്ടര്‍ സൂമിനെ വിളിച്ചത് കുട്ടികളുടെ പോണോഗ്രാഫിയുടെ നെറ്റ്ഫ്‌ളിക്‌സ് എന്നാണ്. തീര്‍ത്തും സ്വകാര്യത ഇല്ലാത്ത ആപ്പായ സൂമിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്ലാസുകള്‍ നടത്തിയാല്‍ അതു കുട്ടികള്‍ക്കു ഭീഷണിയാകുമോ എന്നു ഭയക്കുന്നവരും ഉണ്ട്.

 

എന്‍ഡ-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ല

 

സൂം ആപ്പിന് എന്‍ഡ-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ ഇല്ല. ഉണ്ടെന്നൊക്കെയാണ് കമ്പനി നടത്തുന്ന ആവകാശവാദം. അങ്ങനെയാണെങ്കില്‍ അതിലൂടെ നടത്തുന്ന കോളുകള്‍ ആര്‍ക്കും, സൂമിനു പോലും അറിയാനാവില്ല. തങ്ങളുടെ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ സൂം ചോര്‍ത്തി നല്‍കിയതായി വൈസ് (Vice) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ പഠനത്തിനായി ആപ് ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ സ്വകാര്യതാ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുന്നുവെന്നും വിമര്‍ശനമുയരുന്നു. എഫ്ബിഐ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com