ADVERTISEMENT

കൊറോണാവൈറസിനെക്കുറിച്ച് ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും വ്യാപകമായി പ്രചരിക്കുന്ന ഇടമാണ് സമൂഹ മാധ്യമങ്ങള്‍. അവയില്‍ നിന്നുള്ള അടിസ്ഥാനരഹിതമായ പോസ്റ്റുകള്‍ വായിക്കേണ്ടി വരുന്ന ആളുകള്‍ തെറ്റിധരിപ്പിക്കപ്പെടുമെന്നതിനാല്‍ ഫെയ്‌സ്ബുക്കും ഗൂഗിളും അടക്കമുള്ള കമ്പനികള്‍ നിരവധി മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെങ്കിലും അവ ഇപ്പോഴും ഫലപ്രദമല്ല. ഒമ്പതു മണിക്കൂര്‍ ആശുപത്രി ഡ്യൂട്ടിക്കു പോകുന്നതിനു മുൻപും അതുകഴിഞ്ഞും മറ്റും ട്വിറ്ററില്‍ സ്വന്തം അറിവുകള്‍ പങ്കുവയ്ക്കാന്‍ ശ്രമിച്ചാണ് ചില ഡോക്ടര്‍മാര്‍ ഇതിനെതിരെ പോരാടാനിറങ്ങിയിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാസച്ചൂസിറ്റസ് ജനറല്‍ ഹോസ്പിറ്റലില്‍ വെടിയേറ്റവരുടെ മുറിവുകള്‍, കാലിന്റെ ഉളുക്ക്, ഹാര്‍ട്ട് അറ്റാക്ക് തുടങ്ങിയവയ്ക്ക് ചികിത്സ നല്‍കിവന്ന ഡോക്ടര്‍ അലി രാജ ഇപ്പോള്‍ കൂടിക്കൂടിവരുന്ന കൊറോണാവൈറസ് രോഗികളെയും ചികിത്സിക്കുന്നു. എന്നാല്‍, തന്റെ എമര്‍ജന്‍സി വാര്‍ഡിലെ ജോലി തുടങ്ങുന്നതിനും തീര്‍ന്നുകഴിഞ്ഞും അദ്ദേഹം അരമണിക്കൂര്‍ വീതം ട്വിറ്ററില്‍ ചെലവഴിക്കുന്നു. ദിവസം കുറഞ്ഞത് ഒരു മണിക്കൂറാണ് അദ്ദേഹം ട്വിറ്ററില്‍ തന്റെ അനുഭവസമ്പത്ത് പകുത്തു നല്‍കുന്നത്. https://twitter.com/AliRaja_MD ഡോക്ടര്‍മാര്‍ ഉപയോഗിക്കേണ്ട പ്രതിരോധച്ചട്ടകളെക്കുറിച്ചു മുതല്‍ സോഷ്യല്‍ ഡിസ്റ്റന്‍സിങിനെക്കുറിച്ചുവരെ അദ്ദേഹം എഴുതുന്നു.

ഈ സമയത്ത് ട്വിറ്ററാണ് മെഡിക്കല്‍ വിവരങ്ങള്‍ പുറത്തറിയിക്കാനുള്ള നല്ല വഴിയെന്നും രാജ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ ആര്‍ക്കും എന്തും എഴുതിവിടാമെന്നതിനാല്‍ അത് സമൂഹത്തില്‍ പരിഭ്രാന്തി പരത്തിയേക്കാം. ആളുകള്‍ ഭയപ്പെടാതിരിക്കാന്‍ കൂടി തങ്ങള്‍ നിരന്തരം ശ്രദ്ധാലുക്കളായിരിക്കണമെന്നും 57,000 ഫോളോവര്‍മാരുള്ള അദ്ദേഹം പറയുന്നു.

നമ്മുടെ കാലത്തിന്റെ പ്രത്യേകതയെന്നവണ്ണം രണ്ട് അങ്കക്കളങ്ങളിലാണ് ഡോക്ടര്‍മാര്‍ ഇന്ന് ഇറങ്ങി പോരാടേണ്ടി വരുന്നത്. നിറഞ്ഞു കവിയുന്ന ആശുപത്രികളിലും പിന്നെ സമൂഹമാധ്യമങ്ങളിലും. കൊറോണാ വൈറസിനെക്കുറിച്ച് പരക്കുന്ന വ്യാജവാര്‍ത്തകളെ ലോകാരോഗ്യ സംഘടന വിശേഷിപ്പിച്ചത് ഇന്‍ഫോഡെമിക് (വിവരവ്യാധി) എന്നാണ്. ഇതിനെതിരെ കൃത്യതയുള്ള വാര്‍ത്തകള്‍ നല്‍കി പ്രതിരോധിക്കണം എന്നാണ് അവര്‍ പറയുന്നത്. എന്നു പറഞ്ഞാല്‍, ഡോക്ടര്‍മാര്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സജീവമാകണം. പൊതുവേ പല ഡോക്ടര്‍മാരും സമൂഹ മാധ്യമങ്ങളില്‍ സമയം ചെലവിടാന്‍ വൈമുഖ്യം കാട്ടിവരികയായിരുന്നു.

സമൂഹ മാധ്യമങ്ങള്‍ തന്നെയാണ് അസുഖവും ചികിത്സയും. തെറ്റായ വാര്‍ത്തകള്‍ പരക്കെപ്പെടുന്നുണ്ടെങ്കില്‍ അതിനെതിരെ പ്രവര്‍ത്തിക്കണം എന്നാണ് ഫിലാഡെല്‍ഫിയയിലെ എമര്‍ജന്‍സി റൂം ഫിസിഷ്യനായ റിക് പെസ്‌കറ്റോര്‍ പറയുന്നത്. കോവിഡ്-19 തുടങ്ങിയതോടെ താന്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും സജീവമായെന്ന് അദ്ദേഹം പറയുന്നു.

ചെറുപ്പക്കാര്‍ ധാരാളമായി ഉപയോഗിക്കുന്ന ടിക്‌ടോക്കിലാണ് റജിസ്‌റ്റേഡ് നേഴ്‌സ് ആയ മികി റായി തന്റെ ചെറിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് https://bit.ly/345txiE. നിരവധിപ്പേര്‍ കണ്ട ഈ വിഡിയോയില്‍ തന്റെ കരചലനത്തിനൊപ്പം കൊറോണാവൈറസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്‌ക്രീനില്‍ ടെക്സ്റ്റ് ആയി വന്നുപോകുന്നതായും കാണിക്കുന്നു. ഡോക്ടര്‍ റോസ് ലെസ്‌ലിയും കൈ കഴുകുന്നതിനെക്കുറിച്ചും മറ്റുമുള്ള ടിക്‌ടോക് വിഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു വര്‍ഷമായി ടിക്‌ടോക് അക്കൗണ്ടിലൂടെ ജനങ്ങള്‍ക്ക് ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം കൊടുക്കുന്നതില്‍ അവര്‍ വ്യാപൃതയായിരുന്നു. കൊറോണാവൈറസ് വ്യാപകമായതോടെ, റെസിഡന്റ് ഫിസിഷ്യനായ ലെസ്‌ലി തന്റെ ശ്രദ്ധ ഈ രോഗത്തില്‍ ചെലുത്തുകയായിരുന്നു. വിരലുകള്‍ അടക്കം കഴുകി വൃത്തിയാക്കേണ്ടതിന്റെ ആവശ്യകതയും മറ്റും തന്റെ വിഡിയോയിലൂടെ പുറം ലോകത്തോട് പറഞ്ഞു കൊണ്ടിരിക്കുന്നു. കൊറോണാവൈറസിനെക്കുറിച്ചുള്ള കെട്ടുകഥകള്‍ നശിപ്പിച്ചുകളയാന്‍ ശ്രമിക്കുന്ന അവര്‍ക്കിന്ന് 500,000 ഫോളോവര്‍മാരാണ് ഉള്ളത്. https://bit.ly/3aI8eWU

@drleslie

BUSTING MYTHS ABOUT THE NOVEL CORONAVIRUS AKA COVID19. ##myth ##myths ##facts ##truth ##real ##stayhome

♬ original sound - ripdiknherspleen

ആളുകള്‍ക്ക് നിരവധി സംശയങ്ങളുണ്ട്. അവയുടെ നിവാരണത്തിന് ആരെ സമീപിക്കണം എന്നറിയാതെ കുഴങ്ങുകയാണവര്‍ എന്നും ലെസ്‌ലി പറയുന്നു. വിശ്വസനീയമായ സോഴ്‌സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമാണ് താന്‍ ഉപയോഗിക്കുന്നതെന്ന് അവര്‍ പറയുന്നു. പല ഡോക്ടര്‍മാര്‍ ചേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ കമ്യൂണിറ്റികള്‍ സൃഷ്ടിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. കൃത്യമായ അറിവുകള്‍, ചെറിയ സമയത്തിനുള്ളില്‍ ആളുകളിലെത്തിക്കാനുള്ള ശ്രമം നടത്താനാണ് ഉദ്ദേശം. പരസ്പരം സംസാരിച്ച ശേഷം പോസ്റ്റുകള്‍ നടത്താനും അവര്‍ക്ക് ഉദ്ദേശമുണ്ട്.

ഒരു തരത്തില്‍ പറഞ്ഞാല്‍ ട്വിറ്റര്‍ പോലെയുള്ള സമൂഹ മാധ്യമങ്ങളുടെ ഒരു തിരിച്ചുവരവാണിതെന്ന് വ്യാഖ്യാനിക്കുന്നവരും ഉണ്ട്. ഇക്കാലത്ത് എങ്ങനെ സുരക്ഷിതരായിരിക്കാം എന്നതിനെക്കുറിച്ചുള്ള അറിവു പകരുന്ന ഒരു കമ്യൂണിറ്റിയാണ് #MedTwitter. ഡോക്ടര്‍മാര്‍ മാത്രമല്ല ലോകാരോഗ്യ സംഘടന, ബ്രിട്ടിഷ് റെഡ് ക്രോസ്, ദി വേള്‍ഡ് ഇക്കണോമിക് ഫോറം തുടങ്ങിയവരും സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതില്‍ ശ്രദ്ധിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com