ADVERTISEMENT

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. വീടിനകത്ത് തന്നെ തുടരാനും സാമൂഹിക അകലം പാലിക്കാനും കോവിഡ്-19 നിർബന്ധിക്കുന്നു. ജോലിസ്ഥലങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഇതോടെ വീട്ടിലിരുന്നും ജോലി ചെയ്യാനുള്ള വഴികൾ തേടുകയായിരുന്നു വാണിജ്യ കമ്പനികൾ. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ കമ്പനിയാണ് സൂം വിഡിയോ ആപ്ലിക്കേഷൻ. നിരവധി ആരോപണങ്ങളും പരാതികളും ഉയരുന്നുണ്ടെങ്കിലും കഴിഞ്ഞ മൂന്നു മാസം കൊണ്ട് സൂം നേടിയത് ഞെട്ടിക്കുന്ന നേട്ടമാണ്.

 

ടീം അംഗങ്ങളെല്ലാം സൈൻ അപ്പ് ചെയ്യാതെയും എവിടെയും ലോഗിൻ ചെയ്യാതെയും കോളിൽ വിളിക്കാൻ അനുവദിക്കുന്ന വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ ആണ് സൂം. മാർച്ച് മാസത്തിൽ വെറും ഒരാഴ്ചയ്ക്കുള്ളിൽ 6.2 കോടിയിലധികം ഡൗൺലോഡുകളാണ് ആപ്ലിക്കേഷനു ലഭിച്ചത്. ഡൗൺ‌ലോഡുകൾ‌ കുത്തനെ കൂടിയതോടെ വരുമാനവും കൂടി. ഇതിന്റെ കണക്കുകളാണ് സൂം തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

 

ഹ്യൂറൻ റിപ്പോർട്ട് പ്രകാരം, യുഎസ് ആസ്ഥാനമായുള്ള വിഡിയോ കോൺഫറൻസിങ് ആപ്പിന്റെ സ്ഥാപകനും സിഇഒയുമായ എറിക് യുവാൻ തന്റെ മൊത്തം മൂല്യം 3.5 ബില്യൺ യുഎസ് ഡോളറിൽ നിന്ന് 8 ബില്യൺ യുഎസ് ഡോളറായി വർധിച്ചു എന്നാണ്. ഇത് ഏകദേശം 77 ശതമാനം മുന്നേറ്റമാണ് കാണിക്കുന്നത്.

 

2019 ഡിസംബറിൽ ഏകദേശം ഒരു കോടി സജീവ ഉപയോക്താക്കളാണ് ആപ്ലിക്കേഷനുണ്ടായിരുന്നത്. 2020 മാർച്ചിൽ ഈ എണ്ണം 20 കോടിയായി ഉയർന്നു. വ‍ിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷന് തുടക്കം മുതൽ തന്നെ അതിന്റെ സ്വകാര്യതാ ആശങ്കകൾ ഉണ്ടായിരുന്നിട്ടുമാണ് ഇത് സംഭവിച്ചതെന്നത് ശ്രദ്ധേയമാണ്. കുറച്ച് ആഴ്ചകൾക്ക് മുൻപ്, വിഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ ഉപയോക്താവിന്റെ സമ്മതമില്ലാതെ ഫ‍െയ്സ്ബുക്കിലേക്ക് ഡേറ്റ അയച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഒരാൾക്ക് ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലെങ്കിൽ പോലും ഡേറ്റ ചോർത്തി.

 

സൂമിന്റെ iOS ആപ്ലിക്കേഷനിൽ ഈ പ്രശ്‌നം പ്രത്യേകമായി കാണാം. ആരെങ്കിലും അപ്ലിക്കേഷൻ തുറക്കുമ്പോഴെല്ലാം അത് ഉപയോക്തൃ ഡേറ്റ ഫെയ്‌സ്ബുക്കിലേക്ക് അയയ്‌ക്കും. ഈ ഡേറ്റയിൽ ഉപയോക്താവ് ഉപയോഗിക്കുന്ന ഉപകരണം, നെറ്റ്‌വർക്ക് സേവന ദാതാവ്, സമയ മേഖല, നഗരം, പരസ്യങ്ങൾ ടാർഗെറ്റുചെയ്യുന്നതിനുള്ള ഉപകരണ ഐഡന്റിഫയർ എന്നിവ ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com