ADVERTISEMENT

ഒരു ഗ്രൂപ്പ് കോളിൽ കൂടുതൽ ഉപയോക്താക്കളെ പങ്കെടുപ്പിക്കാനുള്ള ഫീച്ചറിൽ വാ‍ട്സാപ് പരിഷ്കാരം കൊണ്ടുവരുന്നു. നിലവിലെ പരിധി നാല് പേരാണ്. ഈ എണ്ണം ഭാവിയിൽ വർധിപ്പിക്കുമെന്നാണ് വാട്സാപ്പിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റാ പിതിപ്പ് സൂചന നൽകുന്നത്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ലോകമെമ്പാടുമുള്ള ആളുകൾ സാമൂഹിക അകലം പാലിക്കുമ്പോൾ ഒരേ സമയം ഡസൻ ആളുകളുമായി വിഡിയോ കോളിങ് അനുവദിക്കുന്ന സൂം, ഗൂഗിൾ ഡ്യുവോ പോലുള്ള അപ്ലിക്കേഷനുകൾ ജനപ്രിയമായിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കുന്ന ഈ സമയങ്ങളിൽ ഗ്രൂപ്പ് കോളുകളിലെ കൂടുതൽ ഉപയോക്താക്കളെ കൊണ്ടുവരാൻ തന്നെയാണ് വാട്സാപ്പിന്റെയും ശ്രമം.

വരാനിരിക്കുന്ന വാട്സാപ് ഫീച്ചറുകൾ ആദ്യം പുറത്തുവിടുന്ന വാബീറ്റാഇൻഫോ ആണ് ഇക്കാര്യവും വെളിപ്പെടുത്തിയത്. വാട്സാപ് v2.20.128 ബീറ്റ, v2.20.129 ബീറ്റ എന്നീ ആൻഡ്രോയിഡ് പതിപ്പുകളിലാണ് പുതിയ മാറ്റം കണ്ടെത്തിയത്. ആൻഡ്രോയിഡ് അപ്‌ഡേറ്റിനായുള്ള വാട്സാപ് v2.20.128 ബീറ്റയിൽ വിപുലീകരിച്ച ഗ്രൂപ്പ് കോൾ പരിധി നിർദ്ദേശിക്കുന്ന സ്‌ട്രിംഗുകളുണ്ട്.

എന്നാൽ, ഫീച്ചർ ഇതുവരെയും പ്രവർത്തനക്ഷമമാക്കിയിട്ടില്ല, ഇതിനാൽ ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റു ചെയ്‌തതിനുശേഷവും ഇത് കാണാൻ കഴിയില്ല. സൂചിപ്പിച്ചതു പോലെ, നിലവിലെ ഗ്രൂപ്പ് കോൾ പരിധി നാല് പേരാണ്. എന്നാൽ വരാനിരിക്കുന്ന പതിപ്പിൽ എത്ര പേർക്ക് ഒന്നിച്ച് ഗ്രൂപ്പ് കോളിൽ പങ്കെടുക്കാമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. കൂടുതൽ പേരെ ഉൾപ്പെടുത്തുന്നതിന് ഗ്രൂപ്പ് കോളിലെ എല്ലാവരും വാട്സാപ് അപ്‌ഡേറ്റ് ചെയ്യേണ്ടി വരും.

ഈ ഫീച്ചർ വാണിജ്യപരമായി എന്ന് പുറത്തിറങ്ങുമെന്നതിനെക്കുറിച്ച് റിപ്പോർട്ടുകളില്ല. ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റ് ഗ്രൂപ്പ് കോൾ സവിശേഷതയിൽ കുറച്ച് പ്രശ്‌നങ്ങൾ കൊണ്ടുവരുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗ്രൂപ്പ് കോളിങ് ഉപയോക്താവ് കൂടുതൽ ഉപയോഗിക്കുന്ന ഫീച്ചറാണെങ്കിൽ ഈ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യരുതെന്നാണ് ഉപദേശം. IOS- നായുള്ള വാട്സാപ് v2.20.50.23 ബീറ്റയിൽ ഈ ഫീച്ചർ നേരത്തെ കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com