sections
MORE

ആമസോണിനും ഫ്ലിപ്കാർട്ടിനും വൻ വെല്ലുവിളി, ഓൺലൈൻ കച്ചവടം പിടിക്കാൻ മുകേഷ് അംബാനി

kirana-store
SHARE

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ(ആർഐഎൽ) ഡിജിറ്റൽ സേവന സ്ഥാപനമായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിൽ ഫെയ്സ്ബുക് നിക്ഷേപം നടത്തിയതോടെ ഇ കൊമേഴ്സ് രംഗത്ത് റിലയൻസ് വൻ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണെന്നാണ് വിലയിരുത്തൽ. ഇ–കൊമേഴ്സ് രംഗത്തെ പ്രമുഖരായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവർക്ക് വൻ ഭീഷണിയാകുന്ന നീക്കമാണിത്. ഓഹരി നിക്ഷേപത്തോടൊപ്പം ജിയോ പ്ലാറ്റ്ഫോംസ്, റിലയൻസ് റീട്ടെയിൽ ലിമിറ്റഡ്, വാട്സാപ് എന്നിവ തമ്മിലുള്ള വാണിജ്യ പങ്കാളിത്തത്തിനും കരാറായിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ സന്ദേശ ആപ്പ് ആയ വാട്സാപ് ഉപയോഗിച്ച്  ഇ കൊമേഴ്സ് വിഭാഗമായ ജിയോമാർട്ട് പ്ലാറ്റ്‌ഫോമിലൂടെയുള്ള റിലയൻസ് റീട്ടെയിലിന്റെ വാണിജ്യ ബിസിനസിനു കരുത്തുപകരുകയും ചെറുകിട വ്യാപാരസംരംഭങ്ങളെയും ഉപയോക്താക്കളെയും ഡിജിറ്റലായി ബന്ധിപ്പിക്കുകയുമാണ് ലക്ഷ്യം.

ജിയോ പ്ലാറ്റ്‌ഫോംസിന്റെ മൂല്യം 4.62 ലക്ഷം കോടി രൂപ എന്നു കണക്കാക്കിയാണ് ഫെയ്സ്ബുക്കുമായുള്ള ഓഹരി ഇടപാട്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനു കീഴിലുള്ള എല്ലാ ഡിജിറ്റൽ സേവനങ്ങളും ചേർത്ത് ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡ്(ജെപിഎൽ) രൂപീകരിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലാണ്. റിലയൻസിന്റെ മൊബൈൽ, ബ്രോഡ്ബാൻഡ്, വിവിധ ആപ്പുകൾ, നിർമിത ബുദ്ധി, ബിഗ് ഡേറ്റ, ഇന്റർനെറ്റ് ഓഫ് തിങ്സ് എന്നിവയ്ക്കു പുറമേ റിലയൻസിന് നിക്ഷേപമുള്ള ഡെൻ, ഹാത്‍‌വേ തുടങ്ങിയ കമ്പനികളും ജിയോ പ്ലാറ്റ്ഫോംസിന്റെ കുടക്കീഴിലുള്ളതാണ്. 

∙ ലക്ഷ്യം ചെറുകിട വ്യാപാരികളുടെ ശൃംഖല

റിലയൻസിന്റെ ഇ കൊമേഴ്സ് വിഭാഗമായ ജിയോ മാർട്ടും ഫെയ്സ്ബുക്കിന്റെ സന്ദേശ കൈമാറ്റ ആപ് ആയ വാട്സാപ്പും ചേർന്ന് ഉപഭോക്താക്കളെ സമീപത്തെ ചെറുകിട വ്യാപാരികളുമായി ബന്ധിപ്പിക്കുന്നതാണ് കരാറിന്റെ മുഖ്യ സവിശേഷതയെന്ന് റിലയൻസ് ഇൻഡസ്ട്രീസ് സിഇഒ മുകേഷ് അംബാനി പറഞ്ഞു. 

ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുമായും, പലചരക്കു കടകളുമായുമുള്ള പങ്കാളിത്തത്തോടെയാണ് ജിയോമാർട്ട് ഒരുങ്ങുന്നത്. ചെറുകിട പലചരക്കു കടഉടമകൾക്ക് അവരുടെ അടുത്തുള്ള ഉപയോക്താക്കളുമായി വാട്സാപ് വഴി ഓർഡർ എടുക്കാനും പണമിടപാട് നടത്താനും വീടുകളിലേക്ക് ഉൽ‌പന്നങ്ങളും സേവനങ്ങളും എത്തിക്കാനുമുള്ള സൗകര്യമാണ് ഒരുങ്ങുക.

∙ മറ്റു നിക്ഷേപം ആകാം

കരാർ നോൺ– എക്സ്ക്ലൂസീവ് ആയതിനാൽ ഫെയ്സ്ബുക്കിന്റെയോ ജിയോയുടേയോ മറ്റു കമ്പനിയുമായുള്ള ഇടപാടുകൾക്കോ സഹകരണത്തിനോ, ഓഹരി നിക്ഷേപത്തിനോ തടസ്സമില്ല. ഓഹരി വാങ്ങൽ മാർച്ച് 31ന് പൂർത്തിയാകേണ്ടതായിരുന്നെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ നീണ്ടുപോകുകയായിരുന്നു. 2014ൽ വാട്സാപ്പിനെ ഏറ്റെടുത്ത ശേഷം ഫെയ്സ്ബുക് നടത്തുന്ന ഏറ്റവും വലിയ ഇടപാടാണിത്.

∙ കട ബാധ്യത കുറയും

2021 മാർച്ചോടെ റിലയൻസ് ഇൻഡസ്ട്രീസിനെ കടബാധ്യതകളില്ലാത്ത കമ്പനിയാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി ചില ഓഹരികൾ വിൽക്കേണ്ടി വരുമെന്ന് ഓഗസ്റ്റിൽ തന്നെ മുകേഷ് അംബാനി സൂചന നൽകിയിരുന്നു. അതിലേക്കുള്ള വഴിതുറക്കലാണ് ഫെയ്സ്ബുക്കിന്റെ നിക്ഷേപം. 2019 ഡിസംബറിലെ കണക്കു പ്രകാരം കമ്പനിയുടെ  കടം 1.53 ലക്ഷം കോടിയാണ്. 

∙ റിലയൻസ് ഓഹരി കുതിച്ചു

മുംബൈ∙ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിൽ(ജെപിഎൽ) ഫെയ്സ്ബുക് നിക്ഷേപം നടത്തിയതിന്റെ പശ്ചാത്തലത്തിൽ റിലയൻസ് ഇൻ‍‍‍‍‍ഡസ്ട്രീസ് ലിമിറ്റഡിന്റെ(ആർഐഎൽ) ഓഹരി വില 10 ശതമാനത്തിലേറെ ഉയർന്നു. ഇത് ഓഹരി വിപണിക്കു നേട്ടമായി. സെൻസെക്സ് 742.84 പോയിന്റ് ഉയർന്ന് 31,379.55ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 205.85 ഉയർന്ന് 9,187.30ലും ക്ലോസ് ചെയ്തു. 

ബിഎസ്ഇയിൽ റിലയൻസ് ഇൻ‍‍സ്ട്രീസിന്റെ ഓഹരി വില 10.30 ശതമാനം ഉയർന്ന് 1,363.35 രൂപയിലെത്തി. വ്യാപാരത്തിനിടെ ഇത് 12 ശതമാനം വരെ ഉയർന്നിരുന്നു.

എൻഎസ്ഇയിൽ ആർഐഎൽ ഓഹരിവില 9.83ശതമാനം ഉയർന്ന് 1359ലാണ് ക്ലോസ് ചെയ്തത്. റിലയൻസിന്റെ 6.5 കോടി ഓഹരികളാണ് ശുഭവാർത്തയ്ക്കിടെ വ്യാപാരം ചെയ്യപ്പെട്ടത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 8.64 ലക്ഷം കോടിയായും ഉയർന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA