ADVERTISEMENT

പാക്കിസ്ഥാൻ ബന്ധം ആരോപിക്കപ്പെട്ടിരുന്ന മിത്രോം ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ നീക്കം ചെയ്തു. ടിക് ടോക്കിന്റെ ഇന്ത്യൻ പതിപ്പായാണ് മിത്രോം അറിയപ്പെട്ടിരുന്നത്. എന്നാൽ, ആപ്പില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സ്പാമും പ്രവർത്തന നയങ്ങളും ലംഘിച്ചുവെന്നാരോപിച്ചാണ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആപ് നീക്കം ചെയ്തിരിക്കുന്നത്.

 

ഗൂഗിളിന്റെ നയമനുസരിച്ച് ഒരു ആപ്ലിക്കേഷൻ മറ്റൊന്നിന്റെ പകർപ്പാകരുത്. ഇതോടൊപ്പം തന്നെ ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകുകയും വേണം. ടിക് ടോക്കിന്റെ തനിപകർപ്പാണ് മിത്രോം ആപ്ലിക്കേഷൻ എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ആപ് നീക്കം ചെയ്തത്.

 

ഹ്രസ്വ വിഡിയോകൾ നിർമിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്ലിക്കേഷന് പാക്കിസ്ഥാൻ ബന്ധം ഉള്ളതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആപ്ലിക്കേഷന്റെ സോഴ്സ് കോഡ് യഥാർഥത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള ഡെവലപ്പർമാരാണ് നിർമിച്ചത്. മിത്രോം ആപ് ഇതിനകം തന്നെ 50 ലക്ഷത്തോളം പേർ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഇവരോടെല്ലാം ഫോണിൽ നിന്ന് ആപ് ഉടൻ നീക്കം ചെയ്യാനും നിർദ്ദേശിച്ചിട്ടുണ്ട്.

 

ടിക്ടിക് ആപ്ലിക്കേഷൻ നിർമിച്ച ക്യുബോക്സസിന്റെ സ്ഥാപകനും സിഇഒയുമായ ഇർഫാൻ ഷെയ്ഖ് ആണ് മിത്രോം ആപ്പിന്റെ പാക്ക് ബന്ധം വെളിപ്പെടുത്തിയത്. ടിക്ടിക് ആപ്ലിക്കേഷന്റെ സോഴ്സ് കോഡ് മിത്രോമിന്റെ നിർമാതാവിന് 34 ഡോളറിന് (ഏകദേശം 2500 രൂപ) വിറ്റു. തന്റെ കമ്പനിയാണ് മിത്രോമിന് വേണ്ട സോഴ്‌സ് കോഡ് വിറ്റതെന്ന് ഷെയ്ഖ് ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു. മിത്രോം ഡെവലപ്പർ ഇങ്ങനെ ചെയ്തതിൽ ഒരു പ്രശ്നവുമില്ല. അദ്ദേഹം സ്‌ക്രിപ്റ്റിന് പണം നൽകി ഉപയോഗിച്ചു, അത് കുഴപ്പമില്ല. പക്ഷേ, ആളുകൾ ഇതിനെ ഒരു ഇന്ത്യൻ നിർമിത ആപ്ലിക്കേഷൻ എന്ന് പരാമർശിക്കുന്നതാണ് പ്രശ്‌നം, പ്രത്യേകിച്ചും അവർ ഒരു മാറ്റവും വരുത്താത്തതിനാൽ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

 

മിത്രോം ആപ്പിന്റെ നിർമാതാവിന്റെ ഐഡന്റിറ്റി ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ഐ‌ഐ‌ടി റൂർക്കിയിലെ വിദ്യാർഥിയാണ് ഇത് നിർമിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ആപ്ലിക്കേഷന് ഒരു സ്വകാര്യതാ നയവുമില്ല, ഇതിനാൽ ഉപയോക്താക്കൾക്ക്, സൈൻ അപ്പ് ചെയ്ത് വിഡിയോകൾ അപ്‌ലോഡുചെയ്യുന്ന ആളുകൾക്ക്, അവരുടെ ഡേറ്റ ഉപയോഗിച്ച് എന്താണ് ചെയ്യുന്നതെന്ന് അറിയില്ല എന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

 

English Summary: Mitron App Is Actually a Repackaged App From Pakistan Called TicTic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com