ADVERTISEMENT

സമൂഹ മാധ്യമങ്ങളിലെ തെറിവിളി അടക്കമുളള കാര്യങ്ങള്‍ നടക്കുന്നത് അവയ്ക്ക് നിയമ പരിരക്ഷ ഉള്ളതു കൊണ്ടാണ്. സോഷ്യല്‍ മീഡിയയുടെ വന്‍ പങ്കും അമേരിക്കയില്‍ നിന്നുള്ളവയാണ്. ആ രാജ്യത്തെ കമ്യൂണിക്കേഷന്‍സ് ഡീസന്‍സി ആക്ട് 1996 ന്റെ 230-ാം വകുപ്പാണ് സമൂഹ മാധ്യമങ്ങള്‍ക്ക് നിയമ പരിരക്ഷ നല്‍കുന്നത്. ഉപയോക്താക്കളുടെ പോസ്റ്റുകള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉത്തരവാദികളല്ല എന്നാണ് നിലവിലുള്ള നിയമം പറയുന്നത്. (മറ്റു രാജ്യങ്ങള്‍ക്കും സ്വന്തമായി നിയമ നിര്‍മാണം നടത്താം. എന്നാല്‍, ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങള്‍ താരതമ്യേന പുതിയതായതിനാല്‍ പലയിടത്തും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടു പോലുമില്ല.) എന്നാല്‍, ഇത്തരം കാര്യങ്ങള്‍ ശരിക്കും ഇരുതല വാളാണ് എന്നതാണ് പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്.

 

പോസ്റ്റുകള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്വമില്ല എന്ന വകുപ്പ് എടുത്തു കളയുകയോ തിരുത്തുകയോ ചെയ്യണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉപയോക്താക്കള്‍ പോസ്റ്റു ചെയ്യുന്ന തോന്ന്യാസങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടെത്തിയാല്‍ ഉത്തരവാദിത്വം കമ്പനികള്‍ ഏറ്റെടുക്കേണ്ടിവരുമെന്നാണ് ഇതിനര്‍ഥം. ഇത് സമൂഹ മാധ്യമങ്ങളുടെ നടുവൊടിച്ചേക്കും. ട്രംപിന്റെ ആഗ്രഹം നടന്നാല്‍ അടി കൂടാനും തെറിവിളിക്കാനും അധിക്ഷേപിക്കാനും പ്ലാറ്റ്‌ഫോം ഒരുക്കിക്കൊടുത്ത് ഒന്നും അറിയാത്ത രീതിയില്‍ മാറിനിന്ന് ഇത്തരം കണ്ടെന്റിലൂടെ പോലും കാശുണ്ടാക്കുന്ന രീതിക്ക് അറുതി വരാം. മറ്റൊരു പ്രശ്‌നവും ഉണ്ട്- തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ചിലരുടെ പോസ്റ്റുകള്‍ നീക്കം ചെയ്യാനും കമ്പനികള്‍ക്ക് കഴിയും. കമ്പനികളെ നിയന്ത്രിക്കാനായി ട്രംപ് ഒരു എക്‌സിക്യൂട്ടിവ് ഓര്‍ഡറില്‍ ഒപ്പുവച്ചുകഴിഞ്ഞു. കൊമേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത് ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മിഷന്‍ അഥവാ എഫ്‌സിസിയോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസിഡന്റ്. ഈ നിയമം തിരുത്തുക എന്നത് അടുത്തു അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ ശ്രമിക്കുന്ന പല സ്ഥാനാര്‍ഥികളും പറഞ്ഞിട്ടുള്ള കാര്യമാണ്. പക്ഷേ, അതു നടപ്പാക്കുക എളുപ്പമല്ല എന്നാണ് മനസിലാക്കുന്നത്.

 

എഫ്‌സിസിയുടെ ചെയര്‍മാന്‍ അജിത് പൈ ട്രംപിന്റെ അഭിപ്രായത്തെ പിന്തുണച്ചില്ല എന്നുള്ളതു തന്നെയാണ് ആദ്യത്തെ കടമ്പ. സമൂഹ മാധ്യമ കമ്പനികള്‍ എന്തു ചെയ്യുന്നു എന്നു നോക്കിയിരിക്കാനൊന്നും വയ്യെന്ന് എഫ്‌സിസി മുന്‍ വര്‍ഷങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്. എന്നാല്‍, പൈ പറഞ്ഞത് ട്രംപ് തുടങ്ങിവച്ച ഈ ചര്‍ച്ച സുപ്രധാനമായ ഒന്നാണെന്ന് സമ്മതിക്കുകയും ചെയ്തു. പുതിയ നിയമനിര്‍മാണത്തിനുള്ള സാധ്യത എഫ്‌സിസി ജാഗ്രതയോടെ പരിശോധിക്കുമെന്നും അറിയിച്ചു. ഈ പ്രശ്‌നം 2018ല്‍ ഉയര്‍ത്തിയപ്പോള്‍ പൈ പറഞ്ഞത് കമ്പനികള്‍ സംഭാഷണ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ്. എന്നാല്‍, ഇവയെ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്ന കാര്യമൊന്നും പരിഗണനയിലില്ലെന്ന നിലപാടും സ്വീകരിച്ചു. ഫെയ്‌സ്ബുക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളുടെ ചെയ്തികളാണ് പരിശോധിക്കേണ്ടിയിരിക്കുന്നത്. പൈ നേരത്തെ പറഞ്ഞത് അവയെ നിയന്ത്രിക്കില്ല എന്നാണ്. ഈ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കലല്ല സർക്കാരിന്റെ ജോലി. മാത്രമല്ല, തങ്ങള്‍ക്ക് അതിനുള്ള അധികാരവുമില്ല എന്ന വാദമാണ് പൈ ഉയര്‍ത്തിയത്.

 

∙ ഇരുതല വാള്‍

 

ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന മൈക് ഓറിലി പറയുന്നത് താന്‍ ഭരണ ഘടനയുടെ ആദ്യ ഭേദഗതിയെ പിന്തുണയ്ക്കുന്നു എന്നാണ്. സമൂഹ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കങ്ങള്‍ അവസാനം ചെന്നെത്തുക അമേരിക്കന്‍ ഭരണഘടനയുടെ ആദ്യ ഭേദഗതിയിലാണ്. ഇതാണ് അമേരിക്കന്‍ പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്നത്. ഇതില്‍ ഭേദഗതി വരുത്തി സമൂഹ മാധ്യമങ്ങളെ വരുതിക്കു നിർത്തിയാല്‍ അത് അമേരിക്കന്‍ ജനതയ്ക്ക് വന്‍ വിപത്തായി തീരാനാണ് വഴി. ആര്‍ക്കെതിരെയും ഒരു അഭിപ്രായവവും പറയാന്‍ പാടില്ലാത്ത നിലയിലേക്ക് എത്തപ്പെടാം. എലിയെ കൊല്ലാന്‍ ഇല്ലം ചുടേണ്ട കാര്യമില്ല എന്നാണ് പലരുടെയും അഭിപ്രായം.

 

ബോസ്റ്റണ്‍ കോളജിലെ നിയമ പ്രൊഫസറായ ഡാനിയല്‍ ലിയോണ്‍സ് പറയുന്നത് എഫ്‌സിസി ട്രംപിന്റെ നീക്കത്തെ പിന്തുണയ്‌ക്കേണ്ട കാര്യമില്ല എന്നാണ്. ജനങ്ങള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യം നല്‍കുന്ന അമേരിക്കന്‍ ഭരണഘടനയുടെ അതിശക്തമായ ആദ്യ ഭേദഗതിക്ക് ട്രംപിന്റെ അഭ്യര്‍ഥന എതിരാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം പറയുന്നത് 1996 ല്‍ നിയമം ഉണ്ടാക്കിയവര്‍ പറഞ്ഞത് ഇന്റര്‍നെറ്റിനെ നോക്കിനടത്താനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒരു പടയെ നിയമിക്കേണ്ട കാര്യമില്ല എന്നു നിരീക്ഷിച്ചതും അദ്ദേഹം എടുത്തു പറഞ്ഞു.

 

എന്തായാലും, എഫ്‌സിസി ട്രംപിന്റെ ആവശ്യത്തിന്റെ ഗുണദോഷങ്ങള്‍ അടുത്ത മാസങ്ങളില്‍ പരിശോധിക്കും. ഇനി നിയമ നിര്‍മാണം നടത്തേണ്ടിവന്നാല്‍ പൊതുജനാഭിപ്രായം ആരായുകയും ചെയ്‌തേക്കും. എന്നാല്‍, ഇതിനെല്ലാമായി കുറഞ്ഞത് ഒരു വര്‍ഷം വേണ്ടിവരും. ചുരുക്കി പറഞ്ഞാല്‍ ട്രംപിന്റെ ഭാവി നിശ്ചയിക്കാന്‍ പോകുന്ന നവംബര്‍ തിരഞ്ഞെടുപ്പു കഴിഞ്ഞേ ഇക്കാര്യത്തില്‍ തരീരുമാനമുണ്ടാകാന്‍ പോകുന്നുള്ളു. സെക്ക്ഷന്‍ 230 പ്രകാരം, ഉപയോക്താക്കള്‍ നടത്തുന്ന നിയമപരമല്ലാത്ത പോസ്റ്റുകള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ ഉത്തരവാദികളല്ല. അതേസമയം, നിയമപരമായ പോസ്റ്റുകളാണെങ്കില്‍ പോലും വിരുദ്ധാഭിപ്രായം പ്രകടിപ്പിക്കുന്നവയാണെങ്കില്‍ അവ നീക്കം ചെയ്യാനുള്ള അധികാരവും നല്‍കുന്നു. എത്രയും വേഗം ഇതിനൊരു പരിഹാരം കാണമെന്നാണ് ട്രംപ് എഫ്‌സിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. സെക്ഷന്‍ 230 എടുത്തുകളയണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

 

ചരിത്രപ്രധാനമായ ഒരു നിയമം എടുത്തുകളയുക വഴി ഓണ്‍ലൈനില്‍ ആളുകളുടെ സംഭാഷണ സ്വാതന്ത്ര്യം ഇല്ലാതാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ട്വിറ്റര്‍ പ്രതികരിച്ചത്. ഇതു ഭരണഘടനയുടെ ലംഘനവും 20 വര്‍ഷമായി നിലനില്‍ക്കുന്ന നിയമത്തിനെതിരെയുള്ള വെല്ലുവിളിയുമാണെന്ന് പ്രതികരിച്ചവരും ഉണ്ട്. എന്തായാലും, പൊതുജനാഭിപ്രായം കൂടി പരിഗണിച്ച ശേഷമായിരിക്കും മാറ്റങ്ങള്‍ വരിക എന്നാണ് ഇപ്പോള്‍ കരുതുന്നത്.

English Summary: Trump signs order that could punish social media companies for how they police content, drawing criticism and doubts of legality

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com