ADVERTISEMENT

സ്വതന്ത്ര സൈബര്‍ സുരക്ഷാ വിദഗ്ധനായ അതുല്‍ ജയറാം പറയുന്നത് പല വാട്‌സാപ് നമ്പറുകളും ലളിതമായ ഒരു ഗൂഗിള്‍ സേര്‍ച്ചിലൂടെ കണ്ടെത്താമെന്നാണ്. താന്‍ നടത്തിയ പരിശ്രമത്തില്‍ 300000ത്തോളം വാട്‌സാപ് നമ്പറുകള്‍ ടെക്സ്റ്റായി തന്നെ കണ്ടെത്താനായെന്നാണ് അദ്ദേഹം പറഞ്ഞത്. താന്‍ കണ്ട നമ്പറുകളില്‍ ഇന്ത്യ, അമേരിക്ക, ബ്രിട്ടൻ തുടങ്ങി മിക്ക രാജങ്ങളില്‍ നിന്നുള്ള ഉപയോക്താക്കള്‍ ഉള്‍പ്പെടുമെന്നാണ് അതുല്‍ പറഞ്ഞത്. ഈ ഡേറ്റ തേടി ഡാര്‍ക്‌നെറ്റിലേക്കൊന്നും പോകേണ്ട, സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഇന്റര്‍നെറ്റില്‍ തന്നെ ലഭ്യമാണ് എന്നാണ് ഗവേഷകര്‍ പറയുന്നത്. ഇക്കാര്യം അതുല്‍ വാട്‌സാപിന്റെ ഉടമയായ ഫെയ്‌സ്ബുക്കിനെ അറിയിച്ചുവെങ്കിലും ഫെയ്‌സ്ബുക്കിന്റെ ഡേറ്റാ ദുരുപയോഗം മാത്രമേ തങ്ങള്‍ പരിശോദിക്കുന്നുള്ളൂവെന്ന മറുപടിയാണ് കമ്പനി നല്‍കിയത്.

 

എന്നാല്‍, ഇക്കാര്യം കമ്പനിക്ക് എളുപ്പത്തില്‍ പരിഹരിക്കാവുന്നതെയുളളുവെന്ന് അതുല്‍ പറയുന്നു. ഉപയോക്താക്കളുടെ മൊബൈല്‍ നമ്പര്‍ എന്‍ക്രിപ്റ്റു ചെയ്യുക, ബോട്ടുകള്‍ (bots) തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ ചുറ്റിത്തിരിഞ്ഞു നടക്കുന്നത് ഒഴിവാക്കാനായി ഒരു ഫയല്‍ (robots.txt) ഇടുക തുടങ്ങിയ ചില മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ മാത്രം മതി ഇത് ഒഴിവാക്കാനെന്നാണ് അതുലിന്റെ നിരീക്ഷണം. ഇത്രമാത്രം ഉപയോക്താക്കള്‍ ഉള്ളതിനാല്‍, വാട്‌സാപില്‍ നിന്ന് മൊബൈല്‍ നമ്പര്‍ ചോര്‍ത്തിയെടുക്കാനുള്ള ശ്രമം നടക്കും. ഇക്കാലത്ത് പലരും തങ്ങളുടെ നമ്പര്‍ ആധാറുമായും, ബിറ്റ്‌കോയിന്‍ വോലറ്റുമായും, ബാങ്ക് അക്കൗണ്ടുകളുമായും, യുപിഐകളുമായും, ക്രെഡിറ്റ് കാര്‍ഡുകളുമായും എല്ലാം ബന്ധിപ്പിച്ചിട്ടുമുണ്ടാകും. ഇങ്ങനെ ലഭിക്കുന്ന നമ്പറിലൂടെ സിംകാര്‍ഡ് സ്വോപ്പിങ്, ക്ലോണിങ് തുടങ്ങിയ ആക്രമണങ്ങള്‍ നടത്താനും സാധ്യതയുണ്ടെന്ന് പറയുന്നു.

 

പ്രശ്‌നം ക്ലിക്ക് റ്റു ചാറ്റ് ഫീച്ചര്‍

 

വാട്‌സാപിന്റെ 'ക്ലിക്ക് റ്റു ചാറ്റ്' ഫീച്ചര്‍ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം സംഭവിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന ലിങ്കിനൊപ്പം വ്യക്തികളുടെ മൊബൈല്‍ നമ്പറും ചേര്‍ക്കുന്നു; ഉദാ (https://wa.me/&#8221). ഇവിടെ മൊബൈല്‍ നമ്പര്‍ എന്‍ക്രിപ്റ്റു ചെയ്യുന്നില്ല. അതിനാല്‍ ഈ ലിങ്ക് എവിടെയല്ലാം ഷെയര്‍ ചെയ്യപ്പെടുന്നുണ്ടോ അവിടെയല്ലാം ഉപയോക്താവിന്റെ മൊബൈല്‍ നമ്പര്‍ പ്ലെയിന്‍ ടെക്സ്റ്റായി ലഭിക്കുമെന്ന് അതുല്‍ പറയുന്നു. ഉദാഹരണത്തിന് വാട്‌സാപ് ഉപയോക്താക്കള്‍ ക്ലിക്ക് റ്റു ചാറ്റ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന ലിങ്ക് തന്റെ ട്വിറ്ററിലുള്ള സുഹൃത്തിനുഷെയര്‍ ചെയ്തു എന്നു കരുതുക. ഇത് ട്വിറ്ററില്‍ പോസ്റ്റു ചെയ്യപ്പെട്ടാല്‍ ആ പോസ്റ്റ് കാണുന്ന ആര്‍ക്കും നമ്പര്‍ വായിച്ചെടുക്കാം. ഇതിനു കാരണം https://wa.me ലിങ്കിന്റെ സേര്‍വര്‍ റൂട്ടില്‍ (root) ഒരു robots.txt ഫയല്‍ ഇല്ല. എന്നു പറഞ്ഞാല്‍ ഗൂഗിള്‍ അടക്കമുള്ള കമ്പനികളുടെ ക്രോളിങില്‍ (crawling), നമ്പര്‍ ചെന്നു പെടാതിരിക്കാന്‍ സാധ്യമല്ല. അവ wa.me ലിങ്കുകള്‍ ഇന്‍ഡക്‌സ് ചെയ്യുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ വെബില്‍ വാസം തുടങ്ങുന്നു. ഈ പേജുകള്‍ക്ക് നോ ഇന്‍ഡക്‌സ് മെറ്റാ ടാഗുകളും (noindex meta tags) ഇല്ല. ഇതുണ്ടായിരുന്നെങ്കിലും സേര്‍ച് എൻജിനുകളുടെ വലയില്‍ കുരുങ്ങില്ലായിരുന്നുവെന്ന് അതുല്‍ പറയുന്നു.

 

അപ്പോള്‍ നമ്പര്‍ സൈബര്‍ ക്രിമിനലുകളുടെ കൈയ്യില്‍ എത്താതിരിക്കാന്‍ എന്തു ചെയ്യണം?

 

വാട്‌സാപിന്റെ ക്ലിക്ക് റ്റു ചാറ്റ് ഫീച്ചര്‍ ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് യുആര്‍എലുകളും (URLs) ക്യൂആര്‍കോഡുകളും സൃഷ്ടിച്ച് അവ എളുപ്പത്തില്‍ ഷെയര്‍ ചെയ്യാന്‍ സാധിക്കും. ഇത് വളരെ സൗകര്യപ്രദമായ ഫീച്ചറാണെങ്കിലും ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആര്‍ക്കും ഗൂഗിള്‍ സേര്‍ച്ചിലൂടെ കണ്ടുപിടിക്കാന്‍ സാധിച്ചേക്കും. ഇത് ആഗോള ടെക്‌നോളജി ഭീമന്മാരായ ഫെയ്‌സ്ബുക്കും ഗൂഗിളും തമ്മില്‍ നടത്തിയ ഒരു ഗൂഢാലോചനയുടെ ഭാഗമാണോ എന്നു പോലും ചില ചര്‍ച്ചകള്‍ നടന്നിരുന്നു. ഗൂഗിളിന്റെ അല്‍ഗോറിതങ്ങൾ, ക്ലിക്ക് റ്റു ചാറ്റ് ലിങ്കിലെ നമ്പര്‍ അടര്‍ത്തിയെടുത്ത് വെബിന്റെ ഭാഗമായി (ഗൂഗിള്‍ സേര്‍ച്ച് ഇന്‍ഡക്‌സില്‍) സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇതേക്കുറിച്ച് ഇരു കമ്പനികളുടെ പ്രതിനിധികളോടും സംസാരിച്ചുവെങ്കിലും അവര്‍ നല്‍കിയ മറുപടി ഇതൊക്കെ പ്രതീക്ഷിക്കാവുന്ന കാര്യം മാത്രമാണെന്നാണ്.

 

ഇതൊരു ലീക്ക് ഒന്നുമല്ല എന്നതാണ് ഇക്കാര്യത്തില്‍ ഓര്‍ക്കേണ്ട കാര്യം. ക്ലിക്ക് റ്റു ചാറ്റ് ഫീച്ചര്‍ ഉപയോഗിക്കുന്ന വാട്‌സാപ് ഉപയോക്താക്കള്‍ക്ക് അറിയില്ല തങ്ങളുടെ നമ്പര്‍ ഇന്റര്‍നെറ്റിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്ന്. തങ്ങളുടെ നമ്പര്‍ പരസ്യപ്പെടുത്താന്‍ ആരും തന്നെ ആഗ്രഹിക്കുന്നുണ്ടാവില്ലല്ലോ. ഇരു കമ്പനികളും ചേര്‍ന്ന് ഇതിനു പരിഹാരം കാണുക എന്നതാണ് ഏറ്റവും ഉചിതമായ മാര്‍ഗം. എന്നാല്‍ അതൊരിക്കലും നടന്നേക്കില്ലെന്നു പറയുന്നു. ഇതിനാല്‍, നിങ്ങളുടെ നമ്പര്‍ ഗൂഗിള്‍ സേര്‍ച്ചില്‍ ലഭിക്കരുതെങ്കില്‍, വാട്‌സാപിലെ ക്ലിക്റ്റു ചാറ്റ് ഫീച്ചര്‍ ഉപയോഗിക്കാതിരിക്കുക എന്ന ഒരു പ്രതിവിധി മാത്രമേ നിലവിലുള്ളുവെന്ന് ഗവേഷകര്‍ പറയുന്നു. ഇതു നിങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് ഏതെല്ലാം വെബ്‌സൈറ്റുകളില്‍ പോസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ടോ അവയെല്ലാം ഓരോന്നോരോന്നായി നീക്കം ചെയ്യുക എന്നും പറയുന്നു.

 

English Summary: How to keep your WhatsApp number out of Google Search

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com