sections
MORE

വാട്സാപ് ഉപയോഗിക്കാൻ പാടില്ല, എന്തുകൊണ്ട്? അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ

INDIA-US-INTERNET-FACEBOOK
SHARE

കൊറോണവൈറസ് ഭീതികാരണം എല്ലാവരും വീട്ടിലിരിക്കുകയാണ്. ജോലിയും പഠനവും എല്ലാം ഇപ്പോൾ വീട്ടിലിരുന്ന് തന്നെയാണ് നടക്കുന്നത്. ഇതിനായി ഒരുകൂട്ടം സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിൽ പ്രധാനപ്പെട്ടതാണ് വാട്സാപ്. എന്നാൽ, ഈ സമയത്ത് വാട്സാപ് ഉപയോഗിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. വിശ്വപ്രഭയുടെ ഫെയ്സബുക് പോസ്റ്റും ഇക്കാര്യം തന്നെയാണ് പറയുന്നത്.

എന്തുകൊണ്ടാണ് വാട്സാപ് ഉപയോഗിക്കാൻ പാടില്ലാത്തത്? (പ്രത്യേകിച്ച് ഓൺലൈൻ അക്കാദമിക് പഠനത്തിന്):

എന്തെങ്കിലും വഴിയുണ്ടെങ്കിൽ വാട്സാപ് ഉപയോഗിക്കാനേ പാടില്ല. അതാണ് ആദ്യത്തെ ശരി. അതിനു പകരം ആർക്കും ഉപയോഗിക്കാവുന്നതും വാട്സാപ്പിനേക്കാൾ എല്ലാ തരത്തിലും എല്ലാ പോയിന്റുകളിലും മികച്ചതുമാണു് ടെലഗ്രാം എന്ന ആപ്.

ഓൺലൈൻ പഠനത്തിനു മാത്രമല്ല. ഔദ്യോഗികകാര്യങ്ങൾക്ക് സർക്കാർ ഉദ്യോഗസ്ഥർ വരെ വളരെ അശ്രദ്ധമായി ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പല കാര്യങ്ങൾക്കും വാട്സാപ്പിനേക്കാൾ ഉപകാരപ്രദവും യുക്തവുമാണ് ടെലഗ്രാം. ടെലഗ്രാം എന്ന ആപ്പിലെ ഒരു ഫീച്ചർ (സൗകര്യം) ആണ് ചാനലുകൾ. ഒരു കൂട്ടം വിദ്യാർഥികൾക്ക് നിരന്തരമായി മെസേജുകളും നോട്ടുകളും ചോദ്യപേപ്പറുകളും മറ്റും അയക്കണമെങ്കിൽ അതിന് ഏറ്റവും യോജിച്ചത് ടെലഗ്രാം ചാനലാണ്.

ഗ്രൂപ്പുകളിൽ നിന്നു വ്യത്യസ്തമായി, ചാനലുകളിൽ എല്ലാ അംഗങ്ങൾക്കും മെസേജ് അയക്കാൻ പറ്റില്ല. ഗ്രൂപ്പിന്റെ അഡ്മിനു മാത്രം (അല്ലെങ്കിൽ കൂടുതലായി പ്രത്യേകം നിയമിക്കപ്പെട്ട മോഡറേറ്റർമാർക്കു മാത്രം) ആണ് സന്ദേശങ്ങൾ അയക്കാനുള്ള അവകാശമുള്ളത്.

വാട്സാപ് എന്തുകൊണ്ട് നല്ലതല്ല?

അതിനുള്ള കാരണങ്ങൾ ചുരുക്കിപ്പറയാം:

1. വാട്സാപ് ഒരു നെറ്റ്‌വർക്കിങ് ആപ് അല്ല

മനുഷ്യവംശം സമൂഹങ്ങളായിത്തീർന്നതു മുതൽ ഇന്നു വരെ കൂടുതൽ കൂടുതൽ വലിയ സംഘങ്ങൾ (നെറ്റ്‌വർക്കുകൾ) ആവുന്നതായിരുന്നു പുരോഗമനത്തിന്റെ ലക്ഷണം. ഗോത്രങ്ങളും ഗ്രാമങ്ങളും പട്ടണങ്ങളൂം മതങ്ങളും ഒക്കെ അങ്ങനെയാണു സംഭവിച്ചത്. അച്ചടിയും റേഡിയോയും ടെലഫോണും ടെലിവിഷനും ഇന്റർനെറ്റും എല്ലാം ഒറ്റപ്പെട്ടു കിടക്കുന്ന ആളുകളേയും ചെറുസംഘങ്ങളേയും കൂടുതൽ വലിയ നെറ്റ്‌വർക്കുകളാവാൻ സഹായിക്കുകയാണു ചെയ്തത്.

ഇന്റർനെറ്റിൽ തന്നെ വേൾഡ് വൈഡ് വെബ് ( HTTP - HTML വെബ് സൈറ്റുകളും വെബ് പേജുകളും) ഇത്തരം നെറ്റ്‌വർക്ക് വികാസത്തിന്റെ പരമകോടിയാണെന്നു പറയാം. ഈ ഫെയ്സ്‌ബുക്കും അതിനുള്ളിലുള്ള ഗ്രൂപ്പുകളും പേജുകളൂം പോലും അത്തരം വിശാലമായ നെറ്റ്‌വർക്കുകളാണ്. (എന്നാൽ ഈ-മെയിൽ, ചാറ്റ് പ്രോഗ്രാമുകൾ, ആപ്പുകൾ തുടങ്ങിയവ കൃത്യമായ അർഥത്തിൽ ഇതിൽ പെടില്ല.

വികാസോന്മുഖമായ (Network-centered) ആപ്പുകളുടെ വലിയ പ്രത്യേകത എന്താണെന്നു വച്ചാൽ, അവയ്ക്ക് എൻഡ് യൂസർ ഡിവൈസ് ഡിപെൻഡൻസി മിക്കവാറും ഒട്ടും തന്നെ ഇല്ല എന്നുള്ളതാണ്. അതായത് ഏതെങ്കിലും മൊബൈൽ ഫോൺ അല്ലെങ്കിൽ ഒരു സിം കാർഡ് നമ്പർ സദാ കയ്യിലുണ്ടെങ്കിലേ ആ ആപ് ഉപയോഗിക്കാനാവൂ എന്ന പോരായ്മ ഇല്ല. പകരം ഒരു ലോഗ് ഇൻ ഐഡിയും അതിന്റെ പാസ്‌വേർഡും ഉണ്ടെങ്കിൽ ഏതു കംപ്യൂട്ടറിൽ നിന്നും ഏതു സാഹചര്യത്തിലും നമുക്ക് ആ ആപ് ഉപയോഗിക്കാം.

(ഒരു കാരണവശാലും ഒരു മെസേജ് ഉദ്ദേശിച്ച ആളല്ലാതെ മറ്റൊരാളും കാണരുതെന്ന് നിർബന്ധമുള്ള ചില അവസരങ്ങൾ ഉണ്ടാവാം. അതിന് അയാളുടെ മൊബൈലിൽ മാത്രം ലഭിക്കുന്നതല്ലേ സൗകര്യമെന്നും തോന്നാം. പക്ഷേ അതിലും വലിയ കഥയില്ല. എന്തുകൊണ്ടെന്നു വേറെ വിവരിക്കാം).

വ്യക്തികൾ തമ്മിലുള്ള താൽകാലികവും ലളിതവുമായ വിനിമയത്തിന് വാട്സാപ് ഏറെക്കുറെ ഉപയോഗപ്രദമാണെന്നു പറയാം. ആ നിലയ്ക്ക് എസ്എംഎസ്, എംഎംഎസ് തുടങ്ങിയ ചാനലുകൾക്കുള്ള ഒരു പകരം ആപ്ലിക്കേഷനായാണ് വാട്സാപ് തുടങ്ങിയതും. യാത്ര ചെയ്യുമ്പോഴും മറ്റും വല്ലപ്പോഴും മാത്രം ഞാനും വാട്സാപ് ഉപയോഗിക്കുന്നത് ഈ ഒരാവശ്യത്തിനാണ്. (അതിനും കാരണം മറ്റേ തലയ്ക്കലുള്ള ആളുകളുടെ ശീലവുമായി താൽക്കാലികമായെങ്കിലും പൊരുത്തം കാണിക്കണമല്ലോ എന്നുള്ളതാണ്.)

എന്നാൽ നാം മലയാളികളും ഇന്ത്യക്കാരും (കൂടാതെ നമ്മുടെത്തന്നെ നാട്ടുകാരായ, ലോകമൊട്ടുക്കുമുള്ള പ്രവാസികളും) എന്തുകൊണ്ടോ വാട്സാപ്പിനെ ഒരു നെറ്റ്‌വർക്കിങ് ആപ്പായാണ് കണക്കാക്കുന്നത്. അതായത് വളരെ അധികം അംഗങ്ങൾക്ക് കൂടുതൽ മെസേജുകൾ (പലപ്പോഴും വലിയ ഫയൽ സൈസുള്ളവ) ഒറ്റയടിയ്ക്ക് ഫോർവേഡ് ചെയ്യാനുള്ള ഒരു എളുപ്പവിദ്യ.

ഇതു ശുദ്ധ വിഡ്ഢിത്തരമാണ്.

ദൗർഭാഗ്യവശാൽ സർക്കാരിലെ ഏറ്റവും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരും ഐടി രംഗത്തുതന്നെ മികച്ച വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളും അടക്കം ജനങ്ങളിൽ ഭൂരിപക്ഷവും വാട്സാപ് ആണ് ഇപ്പോൾ ഉപയോഗിക്കുന്നത്. (ഈ അസുഖം ഇന്ത്യക്കാർക്കാണ് കൂടുതൽ എന്നു പറയേണ്ടതില്ലല്ലോ).

സർക്കാർ ജോലിക്കാരെ പറഞ്ഞിട്ടുകാര്യമില്ല. ഡേറ്റ എന്നും കമ്യൂണിക്കേഷൻ എന്നും പറഞ്ഞാൽ അവരിപ്പോഴും ശിലായുഗത്തിലാണ്. കോളേജിലേയും സ്കൂളിലേയും ടീച്ചർമാരാവട്ടെ അതിനേക്കാൾ പിന്നെയും രണ്ടു മൈൽ പിന്നിലും.

ഇതിന് അവർ പറയുന്ന എക്സ്ക്യൂസുകൾ:

∙ വാട്സാപ് വളരെ എളുപ്പമാണ്. (അല്ല).
.∙ കൂടെയുള്ളവരെല്ലാം വാട്സാപ് ആണ് ഉപയോഗിക്കുന്നത്. (കുറേയധികം പേർ ഒരു കാര്യം ചെയ്യുന്നതുകൊണ്ട് ആ കാര്യം ശരിയായിരിക്കണമെന്നില്ല).
∙ വാട്സാപ് മൊബൈലിൽ പെട്ടെന്നു റൺ ചെയ്യും. (തെറ്റ്)
∙ വേറെ ആർക്കും മെസേജ് കാണാനാവില്ല. (തെറ്റ്)

2. വാട്സാപ് ഒരു ആന്റി-മുതലാളിത്ത, ആന്റി-പ്രൈവസി ബ്രീച്ചിങ് ആന്റി-സാമ്രാജ്യത്വ ആപ് അല്ല.

ഫെയ്സ്‌ബുക് ആണ് വാട്സാപ്പിന്റെ ഉടമസ്ഥർ. കോർപ്പറേറ്റ് തലത്തിൽ ഫെയ്ബുക്കിൽ ലഭിക്കാത്ത പ്രൈവസിയും വിവരസുരക്ഷയും വാട്സാപ്പിൽ പ്രതീക്ഷിച്ചുകൂടാ.

3. വാട്സാപ്പിൽ മൂലസ്രോതസ്സുമായി സ്വതേ ഉള്ള കണ്ണിപ്പൊരുത്തം സ്വയമേവ സാധ്യമല്ല. (Automatic hyperlinking to the source)

4. വാട്സാപ്പിൽ ഗ്രൂപ്പിലെ ഒരു പുതിയ മെമ്പർക്ക് മുൻചരിത്രം അറിയാൻ സാധ്യമല്ല.

ഇത് വലിയ ദോഷമാണ്. കാരണം, പുതുതായി ചേർന്ന ഒരു മെമ്പർക്ക് അതുവരെ ഗ്രൂപ്പിൽ നടന്ന ചർച്ചയോ സംഭവങ്ങളോ അറിയില്ല. ഇക്കാര്യം അനാവശ്യമായ ഗോസ്സിപ്പുകൾ, തെറ്റിദ്ധാരണകൾ, ഗ്രൂപ്പു പിളരലുകൾ തുടങ്ങിയവയ്ക്കു വഴിവെക്കുന്നത് സാധാരണയാണ്. കൂടാതെ മുൻപ് വലിയ സൈസുള്ള ഫയലുകളടക്കം വല്ലതും പങ്കുവെക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവയെല്ലാം വീണ്ടും ഗ്രൂപ്പിലൂടെത്തന്നെ ആവർത്തിക്കേണ്ടിയും വരാം.

5. വാട്സാപ്പിലെ സന്ദേശങ്ങൾ ഫോണിൽ തന്നെയാണ് സേവ് ചെയ്യപ്പെടുന്നത്. ഇങ്ങനെ ഫോൺ മെമ്മറി വളരെ പെട്ടെന്നുതന്നെ നിറയുന്നു. സെറ്റിംഗ്സ് ശരിയല്ലെങ്കിൽ നമ്മുടെ സമ്മതമോ അറിവോ ഇല്ലാതെത്തന്നെ ആരെങ്കിലും വലിയ വിഡിയോ ഫയലുകളും മറ്റും ഫോർവേഡ് ചെയ്താൽ വളരെ കൂടുതൽ ഡേറ്റ ‘വലിയ്ക്കുന്നു’. പ്രസക്തമായതും അല്ലാത്തതുമായ ഏതുതരം മെസേജുകളും ആർക്കും അയക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു.

ഇനിയുമുണ്ട് വാട്സാപ്പിനോട് അത്യാവശ്യം സാമാന്യബുദ്ധിയും ഇന്റർനെറ്റ് സംവിധാനങ്ങളെക്കുറിച്ചു് സാമാന്യം മികച്ച അറിവുമുള്ള ഒരാൾക്കു് കലിപ്പു തോന്നാൻ പല കാരണങ്ങളും. പക്ഷേ അവയെല്ലാം ഒറ്റയടിയ്ക്കു് എഴുതി പോസ്റ്റ് വലിച്ചുനീട്ടുന്നില്ല. താഴെയുള്ള കമന്റുകളിൽ ചോദ്യങ്ങളും മറുപടികളുമായി ചർച്ച തുടരാം.

വിശ്വപ്രഭയുടെ പോസ്റ്റിന്റെ പൂർണരൂപം ഇവിടെ വായിക്കാം 

English Summary: Why not use WhatsApp and why? Some things to know

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA