sections
MORE

കൊച്ചു പെണ്‍കുട്ടികളെ ചൂഷണം ചെയ്തവനെ പിടികൂടാന്‍ സഹായിച്ചത് ഫെയ്‌സ്ബുക്

child-abuse
SHARE

ഒരു കാലിഫോര്‍ണിയക്കാരന്‍ ഇന്റര്‍നെറ്റിന്റെ മറപറ്റി ചിട്ടയോടെ ചാറ്റ് ആപ്പുകളിലൂടെയും ഇമെയിലിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും കൊച്ചു പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും വധഭീഷണി വരെ മുഴക്കുകയും ചെയ്തിരുന്നു. നിഷ്‌കളങ്കരായ കുട്ടികളുടെ നഗ്നചിത്രങ്ങളും ഭീഷണിയിലൂടെ വിഡിയോയും സ്വന്തമാക്കി ഇയാള്‍ കുട്ടികളെ വധിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഈ കുറ്റവാളിയെ ഫെയ്സ്ബുക് ടൂളിന്റെ സഹായത്തോടെ പിടികൂടി.

നഗ്ന ചിത്രങ്ങളും വിഡിയോയും നല്‍കിയില്ലെങ്കില്‍ അവര്‍ പഠിക്കുന്ന സ്‌കൂളുകളല്‍ കയറി എല്ലാവരെയും വെടിവച്ചു വീഴ്ത്തുമെന്നും സ്‌കൂളുകളില്‍ ബോംബിടുമെന്നുമെല്ലാം ഭീഷണിപ്പെടുത്തിയിരുന്നു. അയാള്‍ ഇടപെട്ടിരുന്ന കുട്ടികളുടെ അറിവില്ലായ്മയാണ് ഇയാള്‍ ഹീനമായി ചൂഷണം ചെയ്തു വന്നത്. ഇയാള്‍ ആരാണെന്നറിയാന്‍ എഫ്ബിഐ നടത്തി വന്ന ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ആ സമയത്താണ് ഫെയ്‌സ്ബുക് രംഗത്തെത്തി ഒരു സ്വകാര്യ സുരക്ഷാ ഏജന്‍സിക്ക് ആറക്ക സംഖ്യ പ്രതിഫലം നല്‍കി ഇയാള്‍ ആരാണെന്ന വിവരം എഫ്ബിഐക്ക് കൈമാറിയത്. കൊച്ചുകുട്ടികളെ സ്വതന്ത്രമായി ഇന്റര്‍നെറ്റില്‍ വിലസാന്‍ വിടുന്നവര്‍ക്കുള്ള അതിശക്തമായ താക്കീതുകൂടെയാണ് ഈ സംഭവമെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ പറയുന്നു.

ഓണ്‍ലൈനില്‍ ബ്രയന്‍ കില്‍ (Brian Kil) എന്ന് അറിയപ്പെട്ടിരുന്ന ബുസ്റ്റര്‍ ഹെര്‍ണാണ്ടെസിനെയാണ് ഫെയ്‌സ്ബുക്കിന്റെ ഇടപെടലിലൂടെ എഫ്ബിഐ അറസ്റ്റു ചെയ്തത്. കൊച്ചു പെണ്‍കുട്ടികളെ നിരന്തരം ഭീഷണിപ്പെടുത്തി വന്ന ഇയാള്‍ ടെയ്ല്‍സ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഉപയോഗിച്ചുവന്നത്. അയാളുടെ ഐപി അഡ്രസ് മറച്ചുവയ്ക്കാന്‍ ഇതു സഹായിച്ചിരുന്നു. ഇയാളുടെ വിളയാട്ടം ഫെയ്‌സ്ബുക്കിലൂടെയും നടക്കുന്നുവെന്നു മനസിലാക്കിയ കമ്പനി ഒരു തേഡ്പാര്‍ട്ടി സുരക്ഷാ ടീമുമായി ഒപ്പം പ്രവര്‍ത്തിച്ചാണ് വല വിരിച്ചത്. തങ്ങളുടെ കണ്ടെത്തല്‍ എഫ്ബിഐയുടെ കയ്യിലെത്തിച്ചത് ഫെയ്‌സ്ബുക് നേരിട്ടല്ലെന്നും പറയുന്നു. കമ്പനിയുടെ ഇടപെടലിലനെ പറ്റി ഒരുപക്ഷേ എഫ്ബിഐക്ക് അറിയില്ലായിരുന്നിരിക്കാമെന്നും പറയുന്നു. 

ഇയാള്‍ക്കെതിരെ ഫെബ്രുവരിയില്‍ നിലനിന്നിരുന്നത് 41 കേസുകളാണ്. അവയില്‍ വധ ഭീഷണി, തട്ടിക്കൊണ്ടുപോകല്‍ ഭീഷണി, പരിക്കേല്‍പ്പിക്കുമെന്ന ഭീഷണി എന്നിവ അടക്കമുള്ള കുറ്റങ്ങളാണ് ഉള്ളത്. ഇയാള്‍ ഇടപെട്ടുവന്ന കൊച്ചുകുട്ടികളുടെ സമനില തെറ്റിക്കാന്‍പോലും പാകത്തിനുള്ള ഭീഷണികളാണ് ഇവയെല്ലാം. ഹെര്‍ണാണ്ടെസിന്റെ അറസ്റ്റിനെ തുടര്‍ന്ന് ഇതിനായി തങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം ഫെയ്‌സ്ബുക്കും സമ്മതിക്കുകയായിരുന്നു.

ഇതൊരു വളരെ സമാനതകളില്ലാത്ത കേസായിരുന്നു. കുറ്റവാളി വളരെ സങ്കീര്‍ണ്ണമായ സോഫ്റ്റ്‌വെയര്‍ വലയത്തിനുള്ളില്‍ സ്വയം സുരക്ഷയൊരുക്കി ഇരുന്നാണ് തന്റെ പ്രവൃത്തികളിലേര്‍പ്പെട്ടത് എന്നതാണ് കേസ് എഫ്ബിഐക്കു പോലും കീറാമുട്ടിയായത്. കൊച്ചുപെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയതിന്റെ ഉത്തരവാദിത്വത്തിന് അയാളുടെ മേല്‍ കുറ്റും ചുമത്തുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ഫെയ്‌സ്ബുക് പറയുന്നു. ഇതാദ്യമായാണ് കമ്പനി ഒരു കുറ്റകൃത്യം കണ്ടെത്താനായി നിയമപാലകരുമായി ഈ രീതിയില്‍ ഒത്തുപ്രവര്‍ത്തിക്കുന്നതെന്ന് ഫെയ്‌സ്ബുക് ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു.

എന്‍ക്രിപ്റ്റു ചെയ്ത സന്ദേശങ്ങളും മറ്റും ഒഴിവാക്കേണ്ടതാണെന്ന് നിയമപാലകര്‍ നേരത്തെ മുതല്‍ ആവശ്യപ്പെടുന്നതാണ്. എന്നാല്‍, അങ്ങനെ ചെയ്താല്‍ അധികാരികള്‍ ഭിന്ന ശബ്ദവുമായി എത്തുന്ന ആരുടെയും - പ്രതിപക്ഷത്തിന്റെയടക്കം - നീക്കങ്ങള്‍ മുളയിലേ നുള്ളുമെന്നും നിഷ്‌കളങ്കര്‍വരെ പിടിയാലാകാമെന്നും ഈ വാദത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. കേസിന്റെ കാര്യത്തിലേക്കു തിരിച്ചുവന്നാല്‍ ഫെയ്‌സ്ബുക്കിനു വേണ്ടി പ്രവര്‍ത്തിച്ച തേഡ്പാര്‍ട്ടി ഹാക്കര്‍മാര്‍ ടെയ്ല്‍ ഓഎസിലെ വിഡിയോ പ്ലെയര്‍ ഹാക്കു ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഹെര്‍ണാണ്ടെസിന്റെ ഇരകളിലൊരാളെക്കൊണ്ട് എഫ്ബിഐ അയാള്‍ക്ക് ഒരു വിഡിയോ അയച്ചു കൊടുപ്പിക്കുക ആയിരുന്നു. ഇതു തുറന്ന അയാളുടെ യഥാര്‍ഥ ഐപി പുറത്താകുകയും അയാളെ അധികാരികള്‍ പൊക്കുകയുമായിരുന്നു.

English Summary: Facebook turned to hacking to help FBI catch a child predator

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA