ADVERTISEMENT

കൊറോണക്കാലത്ത് വീടുകള്‍ ഓഫിസുകളാകുകയാണ്. ഇനി വീടുവയ്ക്കുന്നവര്‍ പറ്റുമെങ്കില്‍ ഓഫിസ് മുറികള്‍ കൂടെ ഉണ്ടാക്കുമെന്ന കാര്യവും ഉറപ്പാണ്. ഒരു പക്ഷേ സവിശേഷമായ രീതിയില്‍ ലൈറ്റുകള്‍ പിടിപ്പിക്കാനുള്ള ഭാഗം വരെ ഒരുക്കിയേക്കാം. വാങ്ങി വയ്ക്കാവുന്ന ഓഫിസ് ക്യാബിനുകളും കൂടുതലായി ലഭ്യമായേക്കും. പക്ഷേ, അതൊക്കെ പിന്നീടു നടക്കുന്ന കാര്യമണ്. ഇതൊന്നും ഇല്ലെങ്കില്‍ തന്നെ നമുക്കിത് പരിഹരിക്കാമെങ്കിലോ? പല ഉദ്യോഗസ്ഥര്‍ക്കും മറ്റും ഇന്ന് വിഡിയോ കോളിലൂടെ സംവാദിക്കേണ്ടതായി വരുന്നുണ്ട്. സൗഹാര്‍ദ്ദ പരമായ കൂട്ട വിഡിയോ കോളുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. അപ്പോള്‍ അലങ്കോലപ്പെട്ടു കിടക്കുന്ന മുറികള്‍ ബാക്ഗ്രൗണ്ടില്‍ പ്രത്യക്ഷപ്പെടുക പതിവാണ്. മിക്കവരും അതിപ്പോള്‍ എന്തു ചെയ്യാനാണെന്ന് കരുതുകയാണ്. എന്നാല്‍, വിഡിയോ കോളിങ് ആപ്പുകള്‍ തന്നെ ഇതിനുള്ള സൗകര്യം സോഫ്റ്റ്‌വെയറിലൂടെ ഒരുക്കിയിട്ടുണ്ടെന്ന കാര്യം അറിയാവുന്ന ധാരാളം പേരും ഇക്കാലത്തുണ്ട്. അതില്ലാത്തവര്‍ തുടര്‍ന്നു വായിക്കുക.

 

സൂം

 

വെറുതെയല്ല ലോക്ഡൗണുകള്‍ തുടങ്ങുന്ന കാലത്ത് സൂമിന് പ്രശസ്തി ലഭിച്ചത്. അവരുടെ ചില ഫീച്ചറുകള്‍ ഉപയോക്താക്കളെ ആകര്‍ഷിച്ചു നിർത്തുകയായിരുന്നു. അതില്‍ പ്രശസ്തമാണ് ബാക്ഗ്രൗണ്ട് മാറ്റല്‍, അല്ലെങ്കില്‍ മറയ്ക്കല്‍. ഇത് പിന്നീട് മറ്റ് മിക്ക ആപ്പുകളും കോപ്പിയടിക്കുകയും ചെയ്തു. ആദ്യമായി ഈ ഫീച്ചര്‍ അവതരിപ്പിച്ച ചില ആപ്പുകളുടെ കൂട്ടത്തിലാണ് സൂമിന്റെ സ്ഥാനം. കടുത്ത നിറങ്ങളുള്ള ഒരു ബാക്ഗ്രൗണ്ട് നമുക്ക് പശ്താത്തലമായി സജ്ജീകരിക്കാം. സൂമിന്റെ കളക്ഷനിലുള്ള ചിത്രങ്ങളോ, ഉപയോക്താവിന്റെ ഗ്യാലറിയിലുള്ളതോ ആയ ചിത്രങ്ങളും ഉപയോഗിക്കാം. ഇതെങ്ങനെചെയ്യാമെന്നു നോക്കാം.

 

ഉപയോക്താക്കള്‍ ആദ്യമായി സൂമിന്റെ വെബ് പോര്‍ട്ടലിലേക്ക് സൈന്‍-ഇന്‍ ചെയ്ത്, അക്കൗണ്ട് സെറ്റിങ്‌സ് എഡിറ്റു ചെയ്യാനുള്ള പെര്‍മിഷനുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ആകണം. തുടര്‍ന്ന് അക്കൗണ്ട് സെറ്റിങ്‌സില്‍ ക്ലിക്കു ചെയ്യുക. അവിടെ നിന്ന് മീറ്റിങ്‌സ് ടാബിലുള്ള വെര്‍ച്വല്‍ബാക്ഗ്രൗണ്ട് ഓപ്ഷനിലെത്തി ഈ ഫീച്ചര്‍ എനേബിൾ ചെയ്തു കിടക്കുകയാണോ എന്നു പരിശോധിക്കുക. അല്ലെങ്കില്‍ സ്റ്റാറ്റസ് ടോഗിളില്‍ ക്ലിക്കു ചെയ്ത് ടേണ്‍ ഓണ്‍ ഓപ്ഷന്‍ സ്വീകരിച്ച് അത് എനേബിൾ ചെയ്യുക. തന്നോടൊപ്പം വിഡിയോ കോളിലെത്തുന്ന മറ്റുള്ളവര്‍ക്കും ഇത് എനേബിൾ ചെയ്യാന്‍ ലോക് ഐക്കണില്‍ ക്ലിക്കു ചെയ്ത ശേഷം ലോക് ഐക്കണില്‍ തന്നെ വീണ്ടും ക്ലിക്കു ചെയ്ത് ഈ സെറ്റിങ്‌സ് കണ്‍ഫേം ചെയ്യുക.

 

മൈക്രോസോഫ്റ്റ് ടീംസ് 

 

സൂം ഉപയോഗിക്കാന്‍ പേടിയുണ്ടെന്ന് പറയുന്നവരുണ്ട്. അവര്‍ക്ക് മറ്റ് വിഡിയോ കോളിങ് ആപ്പുകള്‍ ഉപയോഗിക്കാം. പുതിയ കാലത്തിനായി ലോകത്തെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനികളിലൊന്നായ മൈക്രോസോഫ്റ്റും തങ്ങളുടെ ഗ്രൂപ് വിഡിയോ കോള്‍ ആപ് ആയ മൈക്രോസോഫ്റ്റ് ടീംസില്‍ പുതിയ ഫീച്ചറകള്‍ ചേര്‍ത്തുകൊണ്ടിരിക്കുകയാണ്. സൂമിലേതു പോലെ നമുക്ക് ബാക്ഗ്രൗണ്ട് പരിപൂര്‍ണ്ണമായി മാറ്റുകയോ നിലവിലുള്ള പശ്ചാത്തലം അസ്പഷ്ടമായി കാണിക്കാനുള്ള സൗകര്യമോ ആണ് ഒരുക്കിയിരിക്കുന്നത്. ബാക്ഗ്രൗണ്ട് ബ്ലേര്‍ ചെയ്യാനാണ് താത്പര്യമെങ്കില്‍ ബാക്ഗ്രൗണ്ട് എഫക്ട്‌സ് ഫീച്ചറിലെത്തി അവിടെ നിന്ന് ബ്ലേര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. മൈക്രോസോഫ്റ്റ് നല്‍കിയിരിക്കുന്ന ചിത്രങ്ങളില്‍ ഒന്ന് ഉപയോഗിച്ച് ബാക്ഗ്രൗണ്ട് പൂര്‍ണമായും മാറ്റുകയും ചെയ്യാം.

 

അതല്ല സ്വന്തം ഫോട്ടോകള്‍ ഉപയോഗിക്കാനാണ് താത്പര്യമെങ്കില്‍, 'ആഡ് ന്യൂ' ഓപ്ഷനില്‍ ക്ലിക്കു ചെയ്യുക. ഇനി കംപ്യൂട്ടറിലോ ഫോണിലോ ഉള്ള ഒരു ചിത്രം അപ്‌ലോഡ് ചെയ്യുക. എന്നാല്‍, ചിത്രങ്ങളുടെ ഫയല്‍ ഫോര്‍മാറ്റ് ജെപെഗ്, പിഎന്‍ജി, ബിഎംപി എന്നിവയിലേതെങ്കിലുമാണ് എന്ന് ഉറപ്പാക്കണം. ഇപ്പോള്‍ ആപ്പിളിന്റെ ഐഫോണിലും സാംസങിന്റെ ഉപകരണങ്ങളിലുമൊക്കെ കിട്ടുന്ന ഹെയ്ക് (HEIC, HEIF എന്നും പേരുണ്ട്) ചിത്രങ്ങള്‍ മുകളില്‍ പറഞ്ഞ ഫോര്‍മാറ്റിലേക്ക് കണ്‍വേര്‍ട്ട് ചെയ്യണം. ഐഫോണിലും സാംസങിന്റെ ഫോണുകളിലും ജെപെഗ് ചിത്രങ്ങള്‍ എടുക്കാനുള്ള ഓപ്ഷനുമുണ്ട്. അങ്ങനെ ചെയ്താലും മതിയാകും. വിഡിയോ കോള്‍ തുടങ്ങുന്നതിനു മുൻപ് പശ്ചാത്തലം എങ്ങനെയാണ് ഇരിക്കുന്നതെന്ന് സ്വയം പരിശോധിക്കാനും വേണമെങ്കില്‍ മാറ്റം വരുത്താനുമുള്ള ഓപ്ഷനും നല്‍കിയിട്ടുണ്ട്.

 

സ്‌കൈപ്

 

ആധുനിക വിഡിയോ കോളിങിലെ മുത്തശി ആപ്പുകളിലൊന്നാണ് മൈക്രോസോഫ്റ്റിന്റെ തന്നെ സ്‌കൈപ്. മുകളില്‍ പറഞ്ഞ ആപ്പുകളെ പോലെ പിസി മുതല്‍ സ്മാര്‍ട് ഫോണ്‍ വരെ വിവിധ പ്ലാറ്റ്‌ഫോമുകളില്‍ സുഗമമായി ഇതും പ്രവര്‍ത്തിക്കും. ഇതില്‍ ബാക്ഗ്രൗണ്ട് മാറ്റാന്‍ വിഡിയോ ബട്ടണില്‍ ക്ലിക്കുചെയ്യുക. തുടര്‍ന്ന് 'മോര്‍' ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ ചൂസ് ബാക്ഗ്രൗണ്ട് എഫക്ട്‌സ് തിരഞ്ഞെടുക്കുക. ഇവിടെ ബ്ലേര്‍ ദി റൂം ഓപ്ഷന്‍ ലഭ്യമാണ്. പശ്ചാത്തലം അവ്യക്തമാക്കിയാല്‍ മതിയെങ്കില്‍ ഇത് ഉപയോഗിക്കുക. അല്ലെങ്കില്‍ ആഡ് ന്യൂ ഇമേജ് സെലക്ട് ചെയ്ത് അത് ബാക്ഗ്രൗണ്ട് ആക്കാം. കോള്‍ നടന്നു കൊണ്ടിരിക്കുമ്പോള്‍ തന്നെ ഇതു ചെയ്യാം. വിഡിയോ കോള്‍ തുടങ്ങുന്നതിനു മുൻപാണ് പശ്ചാത്തലം മാറ്റേണ്ടതെങ്കില്‍ നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്ന് സെറ്റിങ്‌സ് തെരഞ്ഞെടുക്കുക. തുടര്‍ന്ന് ഓഡിയോ ആന്‍ഡ് വിഡിയോ ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ, ബാക്ഗ്രൗണ്ട് എഫെക്ട് സെലക്ട് ചെയ്ത്, ആഡ് ഇമേജ് ആ്ന്‍ഡ് സെറ്റ് ആസ് കോള്‍ ബാക്ഗ്രൗണ്ട് തിരഞ്ഞെടുക്കുക.

 

ഫെയ്‌സ്ബുക് മെസഞ്ചര്‍, ഗൂഗിള്‍ ഡൂവോ, വാട്‌സാപ് മെസഞ്ചര്‍ തുടങ്ങി നരവധി വിഡിയോ കോളിങ് ആപ്പുകളും ലഭ്യമാണ് എന്ന് മിക്കവര്‍ക്കും അറിയാം. ഒരു പക്ഷേ അറിയില്ലാത്ത ഒരു വിഡിയോ കോളങ് ആപ് ആമസോണ്‍ അലക്‌സ ആയിരിക്കും. വീട്ടില്‍ ഡിസ്‌പ്ലെയുള്ള 'എക്കോ ഷോ' സ്മാര്‍ട് സ്പീക്കറുണ്ടെങ്കില്‍ മുത്തശ്ശനെയും മുത്തശ്ശിയേയും മറ്റും കൂട്ടി വിഡിയോ കോള്‍ നടത്താം. അല്ലെങ്കില്‍ ആപ്പിളിന്റെ ആപ് സ്റ്റോറിലോ ഗൂഗിള്‍ പ്ലേയിലോ എത്തി അലക്‌സാ ആപ് ഡൗണ്‍ലോഡ് ചെയ്താലും വിഡിയോ കോള്‍ നടത്താം.

English Summary: How to change background in a video call, as home turns office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com