ADVERTISEMENT

ടിക്‌ ടോക്കിനെ പോലെ ചൈനയില്‍ നിന്നെത്തി ലോകത്താകമാനം ഇത്രയധികം അംഗീകാരം ലഭിച്ച മറ്റൊരു ആപ്പില്ല. പടിഞ്ഞാറന്‍ ടെക് കമ്പനികളും ആപ് ഡെവലപ്പര്‍മാരും ടിക്‌ ടോക്കിന്റെ തേരോട്ടത്തില്‍ അസൂയ പൂണ്ടിരുന്നു. വാട്‌സാപ്, യുട്യൂബ്, ഇൻസ്റ്റാഗ്രാം തുടങ്ങിയ ലോകോത്തര ആപ്പുകള്‍ക്കെതിരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു ടിക് ടോക്ക് കാഴ്ചവച്ചത്. ലോക്ഡൗണ്‍ കാലത്തെ ജീവിതത്തെ ഇത്ര ഭംഗിയായി മറ്റൊരു ആപ്പും വെളിച്ചത്തുകൊണ്ടുവന്നില്ലെന്നു വരെ വിദേശ പത്രങ്ങള്‍ പുകഴ്ത്തുകയുണ്ടായി. എന്നാല്‍, ഔന്നത്യങ്ങളിലേക്ക് ഉയരുന്ന ആപ്പുകള്‍ക്ക് വേണ്ട ചില ഗുണങ്ങള്‍ ഇല്ലാതെ പോയി എന്നതാണ് ടിക്‌ടോക്കിന്റെ പതനത്തിന്റെ ആഘാതം വര്‍ധിപ്പിക്കുന്നത്.

 

ടിക്‌ ടോക്ക് ആപ് തങ്ങളുടെ സൈനികര്‍ ഉപയോഗിക്കരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയെ അപേക്ഷിച്ച് അവിടെയും താരതമ്യേന കുറച്ച് എതിര്‍പ്പുകളെ നേരിട്ടുള്ളു. ഇന്ത്യ അടക്കം ചില രാജ്യങ്ങളാണ് ടിക്‌ ടോക്കിനെ അടിച്ചൊതുക്കിയത്. കുട്ടികള്‍ക്കെതിരെയുള്ള കണ്ടെന്റിന്റെ പേരില്‍ ഏകദേശം 14 മാസം മുൻപാണ് ഇന്ത്യ ആദ്യമായി ടിക്‌ ടോക്കിനെതിരെ വാളെടുത്തത്. ആപ്പിളിനോടും ഗൂഗിളിനോടും ആപ് സ്റ്റോറുകളില്‍ നിന്ന് ടിക്‌ ടോക്ക് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, അമേരിക്കയില്‍ ടിക്‌ ടോക്കിന് ഡേറ്റാ ദുരുപയോഗം ചെയ്തതിന്റെ പേരില്‍ ചെറിയൊരു പിഴ വീഴുക മാത്രമാണ് ചെയ്തത്. ഇന്ത്യ അന്നേര്‍പ്പെടുത്തിയ നിരോധനം ചെറിയകാലം മാത്രമേ നീണ്ടുനിന്നുളളു. എന്നാല്‍, ഇന്ത്യ ഇപ്പോള്‍ ഏര്‍പ്പെടുത്തിയരിക്കുന്ന നിരോധനം കടുത്തതാണ്. അറുപതോളം ആപ്പുകള്‍ക്കൊപ്പം ടിക്‌ ടോക്കും പടിക്കു പുറത്താകുകയാണ്. ഗൂഗിളും ആപ്പിളും ഇവ തങ്ങളുടെ ആപ് സ്റ്റോറുകളില്‍ നിന്ന് നീക്കം ചെയ്യേണ്ടതായും വന്നു. കമ്പനിക്കും ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ടിക്‌ ടോക്ക് ഉപയോക്താക്കള്‍ക്ക് ഇതു തിരിച്ചടിയാണ്. ഇനി ഡൗണ്‍ലോഡ് ചെയ്യാനായേക്കില്ല എങ്കിലും നിലവിലുള്ള ഉപയോക്താക്കള്‍ അതുപയോഗിക്കരുതെന്നുള്ള ഉത്തരവിറങ്ങിയിട്ടില്ല എന്നുള്ളത് മാത്രമാണ് ടിക്‌ ടോക്കിന് താത്കാലികാശ്വാസം നൽകുന്നത്.

 

നിരോധിക്കപ്പെട്ട ആപ്പുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്നാണ് ഇന്ത്യ പറഞ്ഞിരിക്കുന്നത്. ആന്‍ഡ്രോയിഡിലും, ഐഓഎസിലുമുള്ള ഈ ചൈനീസ് ആപ്പുകള്‍ ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി ശേഖരിക്കുകയും അവ അനുവാദമില്ലാതെ ചൈനീസ് സെര്‍വറുകളിലേക്ക്കൊണ്ടു പോകുകയും ചെയ്യുന്നുവെന്ന ഗുരുതരമായ ആരോപണമാണ് ഗവണ്‍മെന്റ് ഉന്നയിച്ചിരിക്കുന്നത്. നിരോധനം അംഗീകരിച്ച ടിക്‌ ടോക്ക് ഇതിനെതിരെയുള്ള പ്രതികരണത്തില്‍ പറഞ്ഞത്, ഇന്ത്യാ ഗവണ്‍മെന്റ് 59 ആപ്പുകളെ നിരോധിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിറക്കയിരിക്കുകയാണ്. തങ്ങളുടെ രണ്ടായിരത്തോളം വരുന്ന ജോലിക്കാര്‍ സർക്കാരിനോട് സഹകരിച്ച്, ഉപയോക്താക്കളുടെ സുരക്ഷയും, ഇന്ത്യയോട് മൊത്തത്തില്‍ തങ്ങള്‍ക്കുള്ള അര്‍പ്പണബോധവും തെളിയിക്കാന്‍ തയാറാണ് എന്നുമാണ്.

 

TikTok

കഴിഞ്ഞയാഴ്ച ടിക്‌ ടോക്ക് ഐഫോണ്‍ ഉപയോക്താക്കളടെ ക്ലിപ്‌ബോര്‍ഡ് രഹസ്യമായി നിരീക്ഷിക്കുന്നതായി ആപ്പിള്‍ കണ്ടെത്തിയിരുന്നു. ടിക്‌ ടോക്ക് പറയുന്നത് അത് തങ്ങള്‍ മനപ്പൂര്‍വ്വം ചെയ്തതല്ല. സാങ്കേതിക തകരാര്‍മൂലം ആന്റി-സ്പാം ഫില്‍റ്ററാണ് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നാണ്. പക്ഷേ, ഇന്ത്യയില്‍ ഈ വാര്‍ത്തയും കമ്പനിക്കു തിരിച്ചടിയായി. ഒന്നിലേറെ രാഷ്ട്രീയക്കാര്‍ കമ്പനിക്കെതിരെ ചാടിവീണു സർക്കാരിലും രാജ്യത്തിന്റെ ഐടി വകുപ്പിലും സമ്മര്‍ദ്ദം ചെലുത്തി.

 

എന്നാല്‍, അറുപതോളം ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കിന് സ്വകാര്യത മാത്രമൊന്നുമല്ല കാരണം. ഇന്ത്യാ-ചൈനാ അതിര്‍ത്തിയില്‍ ഉരുത്തിരിഞ്ഞുവന്ന സംഘര്‍ഷമാണ് അതിലേറെ ഗൗരവകരമായ കാരണം. അടുത്തിടെ ഇന്ത്യയിലെ പ്ലേസ്റ്റോറിലെത്തിയ 'റിമൂവ് ചൈനാ ആപ്‌സ്' എന്ന ആപ് ചൈനീസ് ആപ്പുകളെ ആന്‍ഡ്രോയിഡ് ഫോണുകളിലെ ചൈനീസ് ആപ്പുകളെ വേരോടെ പിഴുതുകളയാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിയാകട്ടെ, തങ്ങളുടെ ഇന്ത്യന്‍ 'പൈതൃകത്തിന്' ഊന്നല്‍ നല്‍കുകയും ചെയ്തുവരികയായിരുന്നു. സമ്പൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ച ഫോണുകളാണ് തങ്ങള്‍ വില്‍ക്കുന്നതെന്ന കാര്യം അവര്‍ ഉപയോക്താക്കളെ അറിയിച്ചുകൊണ്ടിരുന്നു.

 

ടിക്‌ ടോക്കിനെ ഭയപ്പെടുത്തുന്ന പ്രധാനപ്പെട്ട കാര്യം ഇന്ത്യയാണ് തങ്ങളുടെ ഏറ്റവും വലിയ വിപണി എന്നതുമാത്രമല്ല, കൂടുതല്‍ തിരച്ചടി അധികം താമസിയാതെ തങ്ങള്‍ നേരിട്ടേക്കുമെന്നതു കൂടിയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമ്പോള്‍ സുരക്ഷാ വീഴ്ചയെക്കാള്‍ മറ്റു കാര്യങ്ങള്‍ പറഞ്ഞ് തങ്ങളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കിയേക്കാമെന്ന് അവര്‍ ഭയക്കുന്നു. ഐഫോണിലെ ക്ലിപ്‌ബോര്‍ഡ് പ്രശ്‌നം അറിയിച്ചപ്പോഴെ തന്നെ പരിഹരിച്ചു എന്നാണ് ടിക്‌ ടോക്ക് പറയുന്നത്. എന്നാല്‍, ഈ വീഴ്ച ഏറ്റവും മോശം സമയത്താണ് സംഭവിച്ചത് എന്നതാണ് അവര്‍ക്ക് കൂടുതല്‍ വിനയായത്. ഇന്ത്യയില്‍ ടിക്‌ ടോക്കിന്റെ ചിറകുകള്‍ കൂട്ടിക്കെട്ടിക്കഴിഞ്ഞു.

 

അമേരിക്കന്‍ സർക്കാരും ടിക്‌ടോക്കിന്റെ പ്രവര്‍ത്തനത്തില്‍ ഉല്‍കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ധാരാളം യുവാക്കള്‍ അതുപയോഗിക്കുന്നു എന്നതാണ് അമേരിക്കയെ ഭയപ്പെടുത്തുന്നത്. അമേരിക്കയില്‍ ടിക്‌ ടോക്ക് അടുത്തിടെ നടത്തിയ അപ്രതീക്ഷിത കടന്നുകയറ്റം ഈ ആപ്പിന്റെ ഉടമയായ ബൈറ്റ്ഡാന്‍സിന് ആഹ്ലാദിക്കാൻ വക നൽകിയിരുന്നു. ഇതു തുടരണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍, അടുത്തുവരുന്ന അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കാനായി ടിക്‌ ടോക്ക് വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നുവെന്ന ആരോപണം ഒന്നുകൊണ്ടുമാത്രം അമേരിക്കയും ഇന്ത്യയുടെ പാത പിന്തുടര്‍ന്നേക്കുമെന്നും ബൈറ്റ്ഡാന്‍സ് ഭയക്കുന്നു. ചൈനയ്ക്കു വെളിയില്‍ ആദ്യമായി പിടിച്ചുകെട്ടാനാവില്ല എന്നു തോന്നിച്ച തരത്തിലുളള വളര്‍ച്ചയായിരുന്നു ടിക്‌ടോക്കിന്റെത്.

English Summary: New TikTok Ban Suddenly Hits Millions Of Users As Serious Problems Get Worse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com