ADVERTISEMENT

മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല, ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ ടിക്‌ടോകിന്റെയും മേധാവിയാകുമോ? ടിക് ടോക് തിരിച്ചെത്തുമോ? അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹം. അമേരിക്കയിലും കാനഡയിലുമടക്കം വന്‍ ജനപ്രീതി നേടിയ ടിക്‌ ടോക് മൈക്രോസോഫ്റ്റ് അടക്കമുള്ള ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാനാണ് ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് ശ്രമിക്കുന്നതെന്നു ദി ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ വിലക്ക് നീക്കിയേക്കുമെന്നും നേരത്തെ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിച്ചേക്കുമെന്നും ചർച്ചകൾ നടക്കുന്നുണ്ട്.

 

എന്നാൽ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആകട്ടെ താന്‍ ടിക്‌ടോക് നിരോധിക്കുകയാണെന്നു പ്രഖ്യാപിച്ചും കഴിഞ്ഞു. ഇതിനാൽ ചെറിയ രാജ്യങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ആപ്പും കെട്ടിപ്പിടിച്ചിരിക്കുന്നതിനേക്കാള്‍ അതു വിറ്റ് കാശുവാങ്ങാനായിരിക്കും ബൈറ്റ്ഡാന്‍സിനും ഇനി താത്പര്യം. അമേരിക്കയും കൂടെ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ആപ് പ്രവര്‍ത്തിക്കുന്നതില്‍ വലിയ അർഥമൊന്നും ഉണ്ടാവില്ല. ഒന്നൊന്നായി അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കുന്ന രാജ്യങ്ങളും ടിക്‌ടോകിനെ പുറത്താക്കും.

 

എന്നാല്‍, തങ്ങള്‍ ടിക്‌ടോക് വാങ്ങാനൊരുങ്ങുകയാണെന്ന് മൈക്രോസോഫ്റ്റ് ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല. പക്ഷേ, ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തീര്‍ച്ചയായും ഗൂഗിളും, ഫെയ്‌സ്ബുക്കും ടിക്‌ടോക് വാങ്ങിക്കാന്‍ താത്പര്യം കാണിച്ചേനെയെങ്കിലും അവര്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ കാരണം ചിലപ്പോള്‍ അതിനു മുതിര്‍ന്നേക്കില്ല. എന്നാല്‍, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വൈറല്‍ ആപ്പുകളൊന്നുമില്ലാതിരിക്കുന്ന മൈക്രോസോഫ്റ്റിന് ഇത് തിരിച്ചുവരവിനുള്ള ഒരു നല്ല അവസരവുമാകും. ലോകമെമ്പാടും ഇത്രയേറെ ജനപ്രീതി നേടിയ മറ്റൊരു ചൈനീസ് ആപ്പുമില്ല. പല രാജ്യങ്ങളിലും ടിക്‌ടോക് ഉപയോക്താക്കള്‍ അനുദിനം വര്‍ധിക്കുകയായിരുന്നു. പല ജനപ്രിയ അമേരിക്കന്‍ ആപ്പുകള്‍ക്കും ഒപ്പം പ്രചാരം നേടിയതും ടിക്‌ടോകിനോടുള്ള വിരോധത്തിനു കാരണമാണെന്നു വിശ്വസിക്കുന്നവരും ഉണ്ട്.

 

തങ്ങളുടെ ആസ്ഥാനം ചൈനയില്‍ നിന്നു മാറ്റുന്ന കാര്യവും ബൈറ്റ്ഡാന്‍സ് പരിഗണിക്കുന്നുണ്ട്. എന്നാല്‍, അതൊന്നും ഇനി ഏശിയേക്കില്ല എന്നാണ് കരുതുന്നത്. അതേസമയം, ടിക്‌ടോകിന്റെ പുതിയ മേധാവി കെവിന്‍ മേയര്‍ പറയുന്നത് ടിക്‌ടോക് ഇപ്പോൾ എല്ലാവര്‍ക്കും കൊട്ടാന്‍ പറ്റിയ ചെണ്ടയായിരിക്കുകയാണ് എന്നാണ്. പക്ഷേ, തങ്ങള്‍ ശത്രുക്കളല്ല. ആവശ്യപ്പെടുന്ന നടപടികള്‍ ഓരോന്നായി എടുക്കാന്‍ തയാറാണെന്നും കമ്പനി പറയുന്നു.

 

∙ ടിക്‌ടോക് ഇന്ത്യയില്‍ തിരിച്ചെത്തുമോ?

 

ടിക്‌ടോക് ഏതെങ്കിലും അമേരിക്കന്‍ കമ്പനി ഏറ്റെടുത്തു കഴിഞ്ഞാല്‍ അത് ഇന്ത്യയിലും തിരിച്ചെത്താനുള്ള സാധ്യതയും നിലനില്‍ക്കുന്നു. എന്നാല്‍, ബൈറ്റ്ഡാന്‍സ് അതിന്റെ അമേരിക്കന്‍ അവകാശം മാത്രമായിരിക്കുമോ വില്‍ക്കുക എന്ന കാര്യത്തിലും തീര്‍ച്ചയില്ല. ടിക്‌ടോകിന്റെ അമേരിക്കയിലെ അവകാശം അമേരിക്കന്‍ കമ്പനിക്കു വില്‍ക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ഇന്ത്യയിലും അത്രമേല്‍ ജനപ്രീയമായിരുന്ന ആപ്, ഒരു ടെക്‌നോളജി കമ്പനിയാകാന്‍ ഉറപ്പിച്ചു നീങ്ങുന്ന റിലയന്‍സ് ഏറ്റെടുത്തിരുന്നെങ്കില്‍ എന്നായിരിക്കും രാജ്യത്തെ ടിക്‌ടോക് പ്രേമികള്‍ ആഗ്രഹിക്കുക. അമേരിക്കയും ടിക്‌ടോക് നിരോധിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ പറഞ്ഞാണ്.

 

ബൈറ്റ്ഡാന്‍സ് അമേരിക്കന്‍ കമ്പനിയായ മ്യൂസിക്കല്‍.ലി (Musical.ly) വാങ്ങിയ ശേഷം ടിക്‌ടോകുമായി ഒരുമിപ്പിച്ചാണ് അവിടെ ജനങ്ങള്‍ക്ക് ഹരംപകര്‍ന്ന ആപ്പായി വളര്‍ന്നത്. എന്നാല്‍, ആപ്പിൽ സൃഷ്ടിക്കപ്പെടുന്ന ഡേറ്റ ചൈനീസ് സർക്കാരിന്റെ കൈകളിലെത്തുന്നുണ്ട് എന്ന ആരോപണം ഉയര്‍ന്നതിനു ശേഷമാണ് ടിക്‌ടോകിന്റെ അധോഗതി തുടങ്ങിയത്. വാവെയ് കമ്പനിയെ പോലെ ടിക്‌ടോകും അമേരിക്ക-ചൈനാ വടംവലിയ്ക്കിടയില്‍ പെട്ട പാവകളാണെന്നു വാദിക്കുന്നവരും ഉണ്ട്. മൈക്രോസോഫ്റ്റ് ടിക്‌ടോക് വാങ്ങാനുള്ള സാധ്യത പാടെ തള്ളിക്കളയാനാവില്ലെങ്കിലും, ഇപ്പോഴത്തെ നിലയില്‍ അമേരിക്കയിലും നിരോധനം നിലവില്‍ വരാനുള്ള സാധ്യതയാണ് ഉള്ളത്.

English Summary: Microsoft said to be in talks to buy TikTok in the US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com