sections
MORE

ടിക്ടോക് നിരോധിക്കാൻ ഇന്ത്യയെ പോലെ അമേരിക്കയ്ക്ക് ധൈര്യമില്ല, ട്രംപിന് തോൽവി ഭയം?

tiktok
SHARE

താനിപ്പോള്‍ ടിക്‌ടോക് നിരോധിക്കുമെന്നു പറഞ്ഞു നിന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മനംമാറ്റം പലര്‍ക്കും അദ്ഭുതമായിരിക്കികുകയാണ്. ടിക്‌ടോക് ആപ്പിന്റെ ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിന് മൈക്രോസോഫ്റ്റുമായി വില പേശാന്‍ 45 ദിവസം കൂടെ നീട്ടി നല്‍കിയിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. അമേരിക്കന്‍ ഉപയോക്താക്കളുടെ ഡേറ്റ കൈകാര്യം ചെയ്യുന്നതില്‍ വേണ്ടത്ര ജാഗ്രത ടിക്‌ടോക് പാലിക്കുന്നില്ലെന്നും അത് ചൈനീസ് സർക്കാരിന്റെ കൈകളിലെത്തിക്കുന്നുവെന്നും ഉള്ള നിലപാടായിരുന്നു അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അടുത്തകാലത്തായി സ്വീകരിച്ചുവന്നത്. ട്രംപ് ആപ് നിരോധിക്കാന്‍ തീരുമാനിച്ചുകഴിഞ്ഞു എന്നു വാര്‍ത്ത വന്നപ്പോൾ തന്നെ ബൈറ്റ്ഡാന്‍സുമായി മൈക്രോസോഫ്റ്റ് നടത്തിവന്ന ചര്‍ച്ചകളും അവസാനിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുകയും അതിനു ശേഷം തങ്ങള്‍ സെപ്റ്റംബര്‍ 15 വരെ ബൈറ്റ്ഡാന്‍സുമായി ധാരണയിലെത്താനായി ചര്‍ച്ചകള്‍ തുടരുമെന്നും അറിയിക്കുകയായിരുന്നു.

ട്രംപിന് എങ്ങനെയാണ് മനംമാറ്റം വന്നതെന്നത് അതിലേറെ രസകരമായ കാര്യമാണ്. ടിക്‌ടോക് നിരോധിച്ചാല്‍ യുവ വോട്ടര്‍മാരുടെ വെറുപ്പിനു കാരണമാകുമെന്ന് ചില ഉപദേശകര്‍ അദ്ദേഹത്തെ പറഞ്ഞു മനസിലാക്കിയതിന്റെ ഫലമാണിത്. ഇത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പു വര്‍ഷമാണ്. ട്രംപ് വീണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുമുണ്ട്. അമേരിക്കന്‍ യുവജനങ്ങള്‍ക്കിടയില്‍ ഒരു ജ്വരമായി പടര്‍ന്ന ആപ്പാണ് ടിക്‌ടോക്. അതു നിന്ന നില്‍പ്പില്‍ അങ്ങു നിരോധിച്ചാല്‍ അതിന്റെ ഭവിഷ്യത്തും അനുഭവിച്ചോളണമെന്നാണ് ഉപദേശകര്‍ ട്രംപിനെ പറഞ്ഞു ബോധ്യപ്പെടുത്തിയത്. അതു കൂടാതെ, നിരോധിച്ചാല്‍ തന്നെ ഇന്ത്യയില്‍ സംഭവിച്ചതുപോലെ ടിക്‌ടോക് അത്ര പെട്ടെന്ന് അമേരിക്ക വിട്ടങ്ങു പോകുകയൊന്നുമല്ല ചെയ്യുക. അവര്‍ നിയമ പോരാട്ടത്തിനിറങ്ങുകയായിരിക്കും ചെയ്യുക. അതു വളരെ കാലത്തേക്ക് നീണ്ടു നില്‍ക്കാം. അതിനാല്‍, ബൈറ്റ്ഡാന്‍സ് മൈക്രോസോഫ്റ്റിന് ടിക്‌ടോക് വില്‍ക്കുന്നുണ്ടെങ്കില്‍ വില്‍ക്കട്ടെ. തത്കാലം ഒന്നടങ്ങ് എന്നു പറഞ്ഞ് നിരവധി മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കള്‍ കഴിഞ്ഞ രണ്ടു ദിവസമായി ട്രംപിനോട് അഭ്യര്‍ഥിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ ടിക്‌ടോകിന് 45 ദിവസത്തെ ആയുസ് നീട്ടിക്കിട്ടിയിരിക്കുന്നത്. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രെയാം അടക്കമുള്ളവരാണ് മൈക്രോസോഫ്റ്റ് ടിക്‌ടോക് ഏറ്റെടുക്കുകായാണെങ്കില്‍ അതല്ലെ നല്ലതെന്ന് ട്രംപിനെ പറഞ്ഞു മനസിലാക്കിയത്.

ബൈറ്റ്ഡാന്‍സും മൈക്രോസോഫ്റ്റും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത് കമ്മറ്റി ഓണ്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ദി യുണൈറ്റഡ് സ്‌റ്റെയ്റ്റ്‌സ് ആണ്. തങ്ങള്‍ക്കു ഗുണകരമല്ലാത്ത രീതിയിലാണ് ചര്‍ച്ചകള്‍ നീങ്ങുന്നതെങ്കില്‍ അത് അവസാനിപ്പിക്കാനുള്ള അധികാരം കമ്മറ്റിക്ക് ഉണ്ടുതാനും. ഇതിനാല്‍ തന്നെ ബൈറ്റ്ഡാന്‍സുമായി ഒരു ധാരണയിലെത്തുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു ഉറപ്പുമില്ലെന്ന് മൈക്രോസോഫ്റ്റും അറിയിച്ചുകഴിഞ്ഞു. പ്രസിഡന്റ് ടിക്‌ടോകിനെതിരെ ഉയര്‍ത്തിയ പ്രശ്നങ്ങളുടെ ഗൗരവം തങ്ങള്‍ പൂര്‍ണമായും മനസിലാക്കുന്നു. എന്നാല്‍, ആപ്പിന്റെ സുരക്ഷയെക്കുറിച്ചുള്ള കാര്യങ്ങള്‍ വിലയിരുത്തിയ ശേഷവും അമേരിക്കയ്ക്കും അമേരിക്കന്‍ ട്രഷറിക്ക് അടക്കം ഗുണകരമാകുമെന്ന് ഉറപ്പാക്കിയ ശേഷവുമായിരിക്കും അതു വങ്ങുന്നെങ്കില്‍ വാങ്ങുക എന്നതാണ് കമ്പനി നിലപാട്. ഇതേക്കുറിച്ച് ബൈറ്റ്ഡാന്‍സും വൈറ്റ് ഹൗസും പ്രതികരിച്ചില്ല. എന്നാല്‍, തങ്ങള്‍ അമേരിക്കയില്‍ സങ്കീര്‍ണ്ണവും അവിചാരിതവുമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് ബൈറ്റ്ഡാന്‍സ് പറഞ്ഞിരുന്നു. ഫെയ്‌സ്ബുക്കിലൂടെയടക്കം ചില കമ്പനികള്‍ തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ചൈന–അമേരിക്കാ വാണിജ്യ പ്രശ്‌നങ്ങള്‍ക്കിടയില്‍ പെട്ട ആദ്യ കമ്പനി വാവെയ് ആയിരുന്നു. വാവെയെ ചുരുട്ടിക്കൂട്ടിയ ശേഷം ട്രംപ് അടുത്തതായി ടിക്‌ടോകിനു നേരെ തിരിയുകയായിരുന്നു. ഹോങ്കോങിന്റെ സ്വയംഭരണാവകാശം, സൈബര്‍ സുരക്ഷ, കൊറോണാവൈറസിന്റെ വ്യാപനം തുടങ്ങി പല പ്രശ്‌നങ്ങളും സാമ്പത്തികവും സൈനികവുമായി ലോകത്തെ ഏറ്റവും വലിയ ശക്തികളായ ചൈനയ്ക്കും അമേരിക്കയ്ക്കും ഇടയ്ക്കുണ്ട്. ചൈനയുടെ ദേശീയ ദിനപ്പത്രമായ ചൈനാ ഡെയ്‌ലി പറഞ്ഞത് ടിക്‌ടോക് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഇരയാകുകയായിരുന്നു എന്നാണ്. ടിക്‌ടോക് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് എന്ന് ആവര്‍ത്തിക്കുകയല്ലാതെ ഇതുവരെ ഒരു തെളിവും അമേരിക്കയ്ക്ക് എടുത്തു കാണിക്കാനായിട്ടില്ലെന്ന് പത്രം പറയുന്നു.

ടിക്‌ടോക് സ്വന്തമായാല്‍ മൈക്രോസോഫ്റ്റ് സമൂഹമാധ്യമ രംഗത്ത് സജീവമാകും. അത് ഫെയ്‌സ്ബുക് തുടങ്ങിയ കമ്പനികള്‍ക്ക് വെല്ലുവിളിയ ഉയര്‍ത്തിയേക്കാമെന്നതിനാല്‍ ബൈറ്റ്ഡാന്‍സും മൈക്രോസോഫ്റ്റുമായുള്ള ഇടപാടിനു തുരങ്കംവയ്ക്കാനുള്ള നീക്കങ്ങളും അണിയറയില്‍ രൂപംകൊണ്ടേക്കാം. അമേരിക്കയില്‍ മാത്രം ടിക്‌ടോകിന് 10 കോടി ഉപയോക്താക്കളാണ് ഉള്ളത്. എന്നാല്‍, കാനഡാ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ഉടമസ്ഥതാവകാശവും തങ്ങള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. മറ്റൊരു സങ്കീര്‍ണ്ണമായ പ്രശ്‌നം ചൈനയിയ്ക്കു വെളിയില്‍ ബൈറ്റ്ഡാന്‍സ് സമാഹരിച്ച നിക്ഷേപത്തിന്റെ 70 ശതമാനവും അമേരിക്കക്കാരുടേതാണ്. അതും ഉള്‍പ്പെടുത്തി മാത്രമായിരിക്കും മൈക്രോസോഫ്റ്റിന് മുന്നോട്ടു നീങ്ങാന്‍ സാധിക്കുക. ബൈറ്റ്ഡാന്‍സുമായി ധാരണയിലെത്താനായാല്‍ പോലും ടിക്‌ടോക് മൈക്രോസോഫ്റ്റിന്റേതു മാത്രമാകണമെന്നില്ല.

തങ്ങള്‍ പ്രതീക്ഷിക്കുന്നത് 5000 കോടി ഡോളറാണ് എന്ന് ബൈറ്റ്ഡാന്‍സ് സൂചിപ്പിച്ചാതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, അമേരിക്കന്‍ സർക്കാരിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അതു കുറയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരായേക്കും. എന്നാല്‍, മറ്റൊരു സാങ്കേതികപ്രശ്‌നവും ഉണ്ട്. ബൈറ്റ്ഡാന്‍സ് ഉണ്ടാക്കിയ അടിസ്ഥാനസൗകര്യത്തിന്മേലാണ് ഇപ്പോള്‍ ടിക്‌ടോക് പ്രവര്‍ത്തിക്കുന്നത്. ബൈറ്റ്ഡാന്‍സിന് ഡോയിന്‍ (Douyin) എന്ന പേരില്‍ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ആപ്പും ഉണ്ട്. അതും ടിക്‌ടോകിന്റെ അതേ കോഡാണ് ഉപയോഗിക്കുന്നത്. ഇതെല്ലാം തമ്മില്‍ വേലികെട്ടിത്തിരിക്കാനായില്ലെങ്കില്‍ അമേരിക്ക പറയുന്ന തരം ഡേറ്റാ സുരക്ഷ മൈക്രോസോഫ്റ്റിനും നല്‍കാനായേക്കില്ല. ഇതിനാല്‍ തന്നെ, ഇരു കമ്പനികള്‍ക്കും ധാരാളം സമയം നല്‍കിയാല്‍ മാത്രമായിരിക്കും ടിക്‌ടോകിന്റെ കൈമാറ്റം പൂര്‍ണമാകുക.

അടുത്തകാലത്തായി ആപ് ഡെവലപ്പര്‍മാര്‍ എങ്ങനെയാണ് സ്വകാര്യ ഡേറ്റ കൈകാര്യം ചെയ്യുന്നത് എന്ന കാര്യം വളരെ സൂക്ഷ്മതയോടെയാണ് അമേരിക്ക പരിശോധിച്ചു വരുന്നത്. അമേരിക്കന്‍ സൈന്യം, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നൊക്കെ ആപ്പുകള്‍ ശേഖരിക്കുന്ന ഡേറ്റ ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചുവരികയാണ്. ഇതിനാല്‍, സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട കാര്യമാണ് ടിക്‌ടോക് ഏറ്റെടുക്കല്‍ എന്ന് മൈക്രോസോഫ്റ്റിനും നന്നായി അറിയാം.

അപ്‌ഡേറ്റ്: ഒരു അമേരിക്കന്‍ കമ്പനിക്കും ടിക്‌ടോക്ക് ഏറ്റെടുക്കാനാകുന്നില്ലെങ്കില്‍ സെപ്റ്റംബര്‍ 15 മുതല്‍ അത് അമേരിക്കയില്‍ നിരോധിച്ചിരിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

English Summary: Would TikTok ban have defeated Trump?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA