sections
MORE

ഫെയ്‌സ്ബുക് യൂറോപ്പിലെ പ്രവര്‍ത്തനം നിർത്തിയേക്കുമെന്ന് ഭീഷണി; വന്‍ മാറ്റങ്ങള്‍ വരുമോ?

Mark-Zuckerberg-Facebook
മാർക്ക് സക്കർബർഗ്.
SHARE

സമീപകാലത്തു തന്നെ ഇന്റര്‍നെറ്റില്‍ ചില വന്‍ മാറ്റങ്ങള്‍ വന്നാല്‍ അദ്ഭുതപ്പെടേണ്ട എന്ന പ്രതീതിയാണ് പുതിയ സംഭവവികാസങ്ങള്‍ ജനിപ്പിക്കുന്നത്. അമേരിക്കയുമായി ഡേറ്റ പങ്കുവയ്ക്കുന്നതു വിലക്കിയാല്‍ ഫെയ്‌സ്ബുക് യൂറോപ്പിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കമ്പനി അറിയിച്ചു. അയര്‍ലൻഡിന്റെ ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മിഷണറാണ് പുതിയ നിയമം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. ഇതാകട്ടെ, ഈ വര്‍ഷം ജൂലൈയില്‍ ഒരു യൂറോപ്യന്‍ കോടതിയുടെ ചരിത്രപ്രധാനമായ വിധിയെ കേന്ദ്രീകരിച്ചാണ്. കോടതി പറഞ്ഞിരിക്കുന്നത് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് യൂറോപ്പിലെ ആളുകളുടെ ഡേറ്റയിലേക്ക് ഒളിഞ്ഞു നോക്കാനാകാത്ത വിധത്തിലുള്ള മുന്‍കരുതലുകളൊന്നും എടുത്തിട്ടില്ല എന്നാണ്. ഇന്ത്യയുടെ പുതിയ ഡേറ്റാ പ്രൊട്ടക്ഷന്‍ നിയമത്തില്‍ എന്തെല്ലാം മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തിലേക്കും ലോകമെമ്പാടുമുള്ള കമ്പനികള്‍ ഉറ്റുനോക്കിയിരിക്കുകയാണ്.

അമേരിക്കയുമായി ഡേറ്റ പങ്കുവയ്ക്കുന്നതു നിരോധിച്ചാല്‍ കമ്പനിക്ക് തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നേക്കുമെന്നാണ് ഫെയ്‌സ്ബുക്കിന്റെ അസോസിയേറ്റ് ജനറല്‍ കൗണ്‍സില്‍ യൊവാനെ ക്യുനാനെ നല്‍കിയ കത്തില്‍ പറയുന്നത്. അങ്ങനെ വന്നാല്‍ യൂറോപ്യന്‍ യൂണിയനില്‍ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനം നിർത്തേണ്ടതായി വരും. എന്നാല്‍, തങ്ങള്‍ ഭീഷണിപ്പെടുത്തുകയായിരുന്നില്ല എന്നാണ് ഫെയ്‌സ്ബുക് പിന്നീടു നല്‍കിയ വിശദീകരണം. എന്നാല്‍, അതാണ് യാഥാര്‍ഥ്യമെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.

അയര്‍ലൻഡിലെ കോടതിക്കു മുൻപില്‍ സമര്‍പ്പിച്ച രേഖകള്‍ സമര്‍ഥിക്കുന്നത് ഫെയ്‌സ്ബുക്കും, മറ്റു പല കമ്പനികളും, സേവനങ്ങളും, അവരുടെ പ്രവര്‍ത്തനത്തിനായി യൂറോപ്പിനും അമേരിക്കയ്ക്കുമിടയില്‍ ഡേറ്റാ കൈമാറ്റം നടത്തുന്നു എന്നാണ്. എന്നാല്‍, വിശ്വസനീയവും സുരക്ഷിതവും നിയമപരവുമല്ലാതെയുള്ള ഡേറ്റാ കൈമാറ്റം യൂറോപ്യന്‍ യൂണിയനിലെ ഡേറ്റാ-കേന്ദ്രീകൃത ബിസിനസുകളെ മുരടിപ്പിക്കും. അതിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്‌തേക്കും. പല ബിസിനസ് സ്ഥാപനങ്ങളും കോവിഡ്-19ല്‍ നിന്ന് കരകയറി വരുന്നതേയുള്ളുവെന്നും രേഖകളില്‍ കാണാം. എന്നാല്‍, യൂറോപ്പും അമേരിക്കന്‍ കമ്പനികളുമായുള്ള ഡേറ്റാ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് ഇപ്പോഴൊന്നുമല്ല. ഓസ്ട്രിയന്‍ നിയമജ്ഞനായ മാക്‌സ് സ്‌ക്രേംസ് ആണ് 2011ല്‍ ഈ നിയമ യുദ്ധത്തിനു തുടക്കമിട്ടത്. ഫെയ്‌സ്ബുക്കിന്റെ ഡേറ്റാ കടത്തലിനെതിരെ ഐറിഷ് ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കിയത് അദ്ദേഹമാണ്.

രണ്ടു വര്‍ഷത്തിനു ശേഷം അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ) പ്രിസം പ്രോഗ്രാമിലൂടെ വിവരങ്ങള്‍ ഗാര്‍ഡിയന്‍ പുറത്തുവിട്ടതോടെ ഇതിന് ആക്കംകൂടുകയായിരുന്നു. ഗൂഗിള്‍, ഫെയ്‌സ്ബുക്, ആപ്പിള്‍ തുടങ്ങിയ അമേരിക്കന്‍ കമ്പനികളുടെ ഡേറ്റാ ശേഖരത്തിലേക്ക് നേരിട്ട് കടക്കാനുള്ള അനുമതി നേടിയിരിക്കുന്നു എന്ന അതിഗുരുതരമായ ആരോപണമാണ് അന്ന് ഉന്നയിക്കപ്പെട്ടത്. അമേരിക്കന്‍ ടെക്‌നോളജി ഭീമന്മാരെ കേന്ദ്രീകരിച്ച് വന്‍ നിരീക്ഷണവലയമാണ് അമേരിക്ക യൂറോപ്പിനുമേല്‍ തീര്‍ത്തിരിക്കുന്നത് എന്നതായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് സ്‌ക്രേംസ് പുതിയ പരാതി യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസിന് അയച്ചു. ആ കോടതി 2015ല്‍ അമേരിക്കന്‍ കമ്പനികള്‍ സെയ്ഫ് ഹാര്‍ബര്‍ കരാര്‍ മറയാക്കി അമേരിക്കന്‍ കമ്പനികള്‍ ഡേറ്റാ കടത്തുന്നത് നിയമപരമല്ലെന്നു കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് പ്രൈവസി ഷീല്‍ഡ് എന്ന പേരില്‍ പുതിയൊരു ഡേറ്റാ കരാര്‍ നടപ്പാക്കാന്‍ ശ്രമിച്ചുവെങ്കിലും അതും നടപ്പില്‍ വന്നില്ല. കോടതി പറയുന്നത് അമേരിക്ക അതിന്റെ നിരീക്ഷണം യൂറോപ്യന്‍ പൗരന്മാരില്‍ ഒതുക്കുന്നില്ല എന്നതാണ്. സെപ്റ്റംബറില്‍ അയര്‍ലൻഡിന്റെ ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മിഷണര്‍ പുതിയ വിധി നടപ്പിലാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി അവര്‍ ഒരു പ്രാഥമിക വിധി പുറപ്പെടുവിച്ചു-വിദേശത്തേക്ക് ഡേറ്റ അയയ്ക്കുന്നത് താത്കാലികമായി നിർത്തിവയ്ക്കണം എന്നായിരുന്നു നിര്‍ദേശം. രാജ്യാന്തര ഡേറ്റാ ട്രാന്‍സ്ഫര്‍ ഇന്നത്തെ ആഗോള സമ്പദ്‌വ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യാവശ്യമാണെന്നായിരുന്നു ഫെയ്‌സ്ബുക്കിന്റെ ആഗോളകാര്യ മേധാവി നിക് ക്ലെഗ് വാദിച്ചത്.

പുതിയ നിബന്ധനകളുമായി മുന്നോട്ടുപോയാല്‍, യൂറോപ്യന്‍ രാജ്യങ്ങളിലെ ടെക്‌നോളജി സ്റ്റാര്‍ട്ട്-അപ്പുകള്‍ക്ക് അമേരിക്ക കേന്ദ്രീകൃതമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരാമെന്നാണ് മുന്നറിയിപ്പ്. യൂറോപ്യന്‍ കമ്പനികള്‍ ആഗോള തലത്തില്‍ നടത്തി വരുന്ന കച്ചവടങ്ങളും താറുമാറാകാമെന്നും പറയുന്നു. തങ്ങള്‍ ആഗോള തലത്തിലുള്ള നിയമങ്ങളാണ് പാലിക്കുന്നതെന്നാണ് ഫെയ്‌സ്ബുക്കിന്റെ വാദം.

അതേസമയം, യൂറോപ്പില്‍ നിന്ന് പുതിയൊരു ഗൂഗിളോ, ഫെയ്‌സ്ബുക്കോ വളര്‍ന്നുവരുമെന്ന ‘വെള്ളം വാങ്ങിവച്ചേക്കാനും’ ക്ലെഗ് പറഞ്ഞു. യൂറോപ്പിലെ രാജ്യങ്ങള്‍ തമ്മിലുള്ള ഐക്യമില്ലായ്മയാണ് ഇതിനു കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു. അമേരിക്കയിലൊ ചൈനയിലൊ ഉണ്ടായതരം ടെക്‌നോളജി ഭീമന്മാര്‍ വളരാത്തതിനു കാരണം ഐക്യമില്ലായ്മയാണെന്നും അദ്ദേഹം വാദിച്ചു. ബിസിനസുകാര്‍ക്ക് ഓരോ സ്ഥലത്തുമുള്ള നിയന്ത്രണങ്ങള്‍ അനുസരിച്ചു വേണം പ്രവര്‍ത്തിക്കാനെന്നത് വലിയൊരു പ്രശ്‌നമാണ്. യൂറോപ്പിലെ നയതന്ത്രജ്ഞര്‍ ഡിജിറ്റല്‍ സ്വാതന്ത്ര്യം നേടുന്നതിനെക്കുറിച്ചും, പുതിയ അമേരിക്കന്‍ കമ്പനികള്‍ക്കു മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും എല്ലാം സംസാരിക്കുന്നു. അതൊക്കെ നല്ലതിനു വേണ്ടിത്തന്നെയാണെന്ന് സമ്മതിക്കുന്നു. എന്നാല്‍, ചൈനയ്‌ക്കൊ അമേരിക്കയ്‌ക്കൊ എതിരെ എണീറ്റു നില്‍ക്കാനുള്ള ത്രാണി ഇല്ല എന്നതാണ് സത്യം. യൂറോപ്പു മുഴുവന്‍ ഒറ്റ വിപ‍ണിയല്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ക്ലെഗിന്റെ ഈ വാദങ്ങളൊക്കെ യൂറോപ്പിലെ രാഷ്ട്രീയക്കാരെ കൂടുതല്‍ പ്രകോപിപ്പിക്കാനേ വഴിയുള്ളു എന്നും പറയുന്നു.

ചൈന ഡേറ്റ കടത്തുന്ന കാര്യത്തെക്കുറിച്ചു മാത്രമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ചര്‍ച്ച. അമേരിക്കന്‍ കമ്പനികള്‍ ഡേറ്റ ഊറ്റുന്നു എന്ന ആരോപണം ഉയര്‍ന്നാല്‍ അതിനെ ന്യായീകരിക്കാന്‍ നില്‍ക്കുമോ, അതോ അതിനും തടയിടുമോ എന്നതും അറിയേണ്ട കാര്യമാണ്. ഇന്ത്യയില്‍ അണിയറയിലൊരുങ്ങുന്ന പുതിയ ഡേറ്റാ സംരക്ഷണ നിയമങ്ങള്‍ ആര്‍ക്കു ഗുണം ചെയ്യുമെന്ന കാര്യം കാത്തിരുന്നു കാണാം. ഫെയ്‌സ്ബുക്കും ഗൂഗിളുമൊക്കെ മുകേഷ് അംബാനിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതിനു പിന്നില്‍ എന്താണെന്നു ലക്ഷ്യമെന്നും നോക്കാം. സ്വച്ഛന്ദവിഹാരിയായ ഇന്റര്‍നെറ്റ് എന്ന സ്വപ്‌നം അവസാനിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ചൈനയും റഷ്യയും തങ്ങളുടെ രാജ്യത്തു നിന്ന് വിദേശ കമ്പനികളെ പുറത്താക്കുകയോ, അതതു രാജ്യങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയോ ചെയ്യാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞല്ലോ.

English Summary: Facebook says it may quit Europe over ban on sharing data with US

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA