sections
MORE

പാർലമെന്റ് പാനലിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ ഫെയ്സ്ബുക് എക്സിക്യൂട്ടീവ് അങ്കി ദാസ് രാജിവച്ചു

facebook-bjp
പ്രധാനമന്ത്രി മോദിക്കൊപ്പം അങ്കി ദാസ്
SHARE

രാഷ്ട്രീയക്കാരുടെ വിദ്വേഷ പ്രസംഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സോഷ്യൽ നെറ്റ്‌വർക്കിങ് ഭീമൻ പക്ഷപാതപരമായി പെരുമാറിയെന്ന ആരോപണത്തിൻമേൽ ഫെയ്സ്ബുക് എക്സിക്യൂട്ടീവ് അങ്കി ദാസ് രാജിവെച്ചു. ചൊവ്വാഴ്ച വൈകീട്ട് ഫെയ്സ്ബുക് ഇന്ത്യ മാനേജിങ് ഡയറക്ടർ അജിത് മോഹൻ പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: ‘പൊതുജനസേവനത്തോടുള്ള താൽപര്യം തുടരുന്നതിന് അങ്കി തന്റെ റോളിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു... അവരുടെ സേവനത്തിന് ഞങ്ങൾ നന്ദിയുള്ളവരാണ്’.

കഴിഞ്ഞ ഒൻപത് വർഷമായി കമ്പനിയുടെയും സേവനങ്ങളുടെയും വളർച്ചയിൽ മിസ് ദാസ് ഒരു പ്രധാന പങ്കുവഹിച്ചുവെന്നും ‘വളരെയധികം സംഭാവനകൾ’ നൽകിയിട്ടുണ്ടെന്നും മോഹൻ പ്രസ്താവനയിൽ പറഞ്ഞു. ജനപ്രിയമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ രാഷ്ട്രീയ ഉള്ളടക്കം എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിനെക്കുറിച്ച് കമ്പനിയിലെ ജീവനക്കാരിൽ നിന്നും സർക്കാരിൽ നിന്നും ചോദ്യങ്ങൾ നേരിട്ടതിന് ശേഷമാണ് അങ്കി ദാസിന്റെ രാജി. ഇന്ത്യയിൽ മാത്രം 300 ദശലക്ഷത്തിലധികം ഉപയോക്താക്കളാണ് ഫെയ്സ്ബുക്കിനുള്ളത്.

ഫെയ്സ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി വാൾ സ്ട്രീറ്റ് ജേണലാണ് രംഗത്തുവന്നിരുന്നത്. രണ്ടു തവണയാണ് വാൾ സ്ട്രീറ്റ് ജേണൽ അങ്കി ദാസിനെതിരെ ആരോപണവുമായി രംഗത്തുവന്നത്.

ബിജെപിയെ ഉയർത്തിക്കാണിക്കാനും പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാനും നിർദേശിച്ച് വർഷങ്ങളായി കമ്പനിക്കുള്ളിൽ അങ്കി ദാസ് ഇടപെടലുകൾ നടത്തിയെന്നും ജീവനക്കാർക്കായി പ്രത്യേകം പോസ്റ്റ് തയാറാക്കിയിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിനെതിരെ കമ്പനിയിലെ ജീവനക്കാർ തന്നെ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന കമ്പനിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അങ്കി ദാസിന്റെ നീക്കമെന്ന് ജീവനക്കാർ ആരോപിച്ചിരുന്നു.

‘സമൂഹമാധ്യമ പ്രചാരണത്തിൽ നമ്മൾ അദ്ദേഹത്തിന് വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം’ - 2014 ലെ തിരഞ്ഞെടുപ്പിൽ മോദി വിജയം കൊയ്യുന്നതിന് ഒരു ദിവസം മുൻപ് അങ്കി ദാസ് പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. 30 വർഷമായി അടിത്തട്ടിൽ നടത്തിയ പ്രവർത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായി മോദിയെ പുകഴ്ത്തിക്കൊണ്ട് അങ്കി ദാസ് കുറിച്ചു. ഫെയ്സ്ബുക്ക് ആഗോള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ കാറ്റി ഹർബത് മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴും അങ്കി ദാസ് ഇവർക്കൊപ്പമുണ്ടായിരുന്നു.

ബിജെപി പ്രവർത്തകർക്കെതിരെ നടപടിയെടുത്താൽ ബിസിനസിനെ ബാധിക്കുമെന്ന് ഫെയ്സ്ബുക്ക് ഉദ്യോഗസ്ഥൻ പറഞ്ഞതായും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണകക്ഷിയായ ബിജെപി പ്രവർത്തകരുടെ വിദ്വേഷ പ്രസംഗങ്ങൾ നീക്കാൻ തയാറായില്ല എന്നതായിരുന്നു വാൾ സ്ട്രീറ്റ് ജേണൽ ആദ്യം ചൂണ്ടിക്കാണിച്ചത്.

English Summary: Facebook India Policy Head Quits Days After Parliament Panel Questioning

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN SOCIAL MEDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA