ADVERTISEMENT

സ്‌കൂളില്‍ ബെല്ലടിക്കുന്നതിന് തൊട്ടു മുൻപാണ് തന്റെ അര്‍ദ്ധനഗ്നചിത്രം പ്രചരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരം കാസിഡി (ശരിയായ പേരല്ല) അറിയുന്നത്. ഹൃദയം നിലക്കുന്നതുപോലെ തോന്നിയെന്നാണ് പിന്നീട് ഒരു അഭിമുഖത്തില്‍ കാസിഡി പറഞ്ഞത്. ഇപ്പോള്‍ 23 വയസ്സുള്ള കാസിഡിക്ക് അന്നത്തെ അനുഭവം ഓര്‍ത്തെടുക്കാന്‍ വര്‍ഷങ്ങള്‍ക്കുശേഷവും ബുദ്ധിമുട്ടാണ്. പ്രണയ പ്രതികാരത്തിന്റെ പേരില്‍ എട്ടുവയസു പോലും പ്രായമാകാത്ത കുട്ടികള്‍ പോലും ഇത്തരം ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് വിരല്‍ചൂണ്ടുന്നതാകട്ടെ ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവത്തിലേക്കും.

 

കാമുകനുമായി പിരിഞ്ഞ് മാസങ്ങള്‍ക്ക് ശേഷമാണ് സിയാറ്റില്‍ സ്വദേശിയായ കാസിഡിയുടെ രണ്ട് അര്‍ധനഗ്ന ചിത്രങ്ങള്‍ പഠിക്കുന്ന സ്‌കൂളിലെ കുട്ടികള്‍ക്കിടയില്‍ പ്രചരിച്ചത്. കാസിഡിക്ക് 17 വയസുള്ളപ്പോഴായിരുന്നു അവര്‍ ഒരിക്കലും ഓര്‍ക്കാനിഷ്ടപ്പെടാത്ത ആ ദുരനുഭവമുണ്ടായത്. മികച്ച രീതിയില്‍ പഠിക്കുന്ന, അഭിനേത്രിയായിരുന്ന, സ്റ്റുഡന്റ് കൗണ്‍സിലില്‍ അംഗമായിരുന്ന മിടുക്കിയായിരുന്നു കാസിഡി. എന്നാല്‍ ഈ ചിത്രം പ്രചരിച്ച സംഭവത്തിന് ശേഷം ഒരിക്കലും കാര്യങ്ങള്‍ പഴയതുപോലെയായില്ല. 

 

സ്‌കൂളിലെ വേറെയും ചില പെണ്‍കുട്ടികളുടെ സ്വകാര്യ ചിത്രങ്ങള്‍ ഇതുപോലെ പ്രചരിച്ചിരുന്നു. ഏതാണ്ട് ഒരു ഡസനോളം പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് ആണ്‍കുട്ടികള്‍ പരസ്പരം പങ്കുവെച്ചിരുന്നത്. ഇക്കാര്യം അറിഞ്ഞ പെണ്‍കുട്ടികളില്‍ ഒരാളുടെ മാതാവ് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ശരിയാണ്... പ്രണയ പരാജയത്തെ തുടര്‍ന്ന് പങ്കാളികളുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും പരസ്യമാക്കുന്ന 'റിവെഞ്ച് പോണ്‍' കുറ്റകൃത്യങ്ങള്‍ കൂടി വരികയാണ്. ബ്രിട്ടനില്‍ മാത്രം കഴിഞ്ഞ വര്‍ഷം ഇത്തരം കുറ്റകൃത്യങ്ങളില്‍ പ്രതിയായ പ്രായപൂര്‍ത്തിയാവാത്തവരുടെ എണ്ണം 541 വരുമെന്നാണ് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു സംഭവത്തില്‍ എട്ട് വയസുള്ള കുട്ടി വരെ ഉള്‍പ്പെട്ടിട്ടുണ്ട്. 

 

കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ സ്മാര്‍ട് ഫോണുകള്‍ ലഭിക്കുന്നത് പലപ്പോഴും ദുരുപയോഗത്തിനിടയാവുന്നുവെന്നാണ് ചൈല്‍ഡ്‌നെറ്റ് ഇന്റര്‍നാഷണല്‍ സിഇഒ വില്‍ ഗാര്‍ഡ്‌നര്‍ പറയുന്നത്. കുട്ടികള്‍ക്കിടയിലെ ലൈംഗിക കുറ്റകൃത്യങ്ങളും ഗാര്‍ഹിക ലൈംഗിക അക്രമങ്ങളും തടയുകയെന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ചൈല്‍ഡ്‌നെറ്റ് ഇന്റര്‍നാഷണല്‍. 

ഇത്തരം അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവരില്‍ വലിയ പങ്കും പെണ്‍കുട്ടികളാണ്. പലരും അപമാനഭാരത്തെ തുടര്‍ന്ന് സ്‌കൂള്‍ പഠനം തന്നെ അവസാനിപ്പിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങളില്‍ ഇരകളാവുന്നവര്‍ അനുഭവിക്കുന്ന മാനസികാഘാതം വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ്. അവരുടെ വ്യക്തിത്വ രൂപീകരണത്തെ പോലും ഇത് ബാധിക്കുന്നുണ്ട്. പ്രണയ പ്രതികാരത്തിന്റെ ഭാഗമായി പങ്കാളികളുടെ സ്വകാര്യ ചിത്രങ്ങള്‍ ഓൺലൈനിലും സോഷ്യൽമീഡിയകളിലും പങ്കുവെക്കുന്നവരില്‍ മൂന്നിലൊന്നുപേരും പതിനെട്ട് വയസിന് താഴെയുള്ളവരാണെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടിലുണ്ട്. 

 

കണക്കും ഭാഷയും പഠിപ്പിക്കുന്നതുപോലെ തന്നെ ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യമാണ് ഇത് കാണിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ തമാശയോ ക്ലാസ് റൂമിലെ കളികള്‍ പോലെയോ കണക്കാക്കാനാവില്ലെന്നും അതൊരു ക്രിമിനല്‍ കുറ്റമാണെന്നും കുട്ടികള്‍ക്ക് മനസിലാക്കികൊടുക്കുകയാണ് വേണ്ടത്. കുട്ടിക്കളികളുടെ പരിധി ഏതാണെന്ന ബോധ്യം അവര്‍ക്ക് തന്നെ ഉണ്ടാക്കിക്കൊടുക്കും വിധമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് വേണ്ടതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

 

English Summary: Children as young as 8 are becoming victims of revenge porn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com